വിവാദമൊഴിയാതെ മലബാര്‍ സമരം
ഡോ. ഫുക്കാര്‍ അലി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമടക്കം മലബാര്‍ സമരനായകരും സേനാനികളുമായ 387 ആളുകളുടെ പേരുകള്‍ സ്വാതന്ത്ര്യസമര നായകന്മാരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ശിപാര്‍ശ ചെയ്തത് ഏറെ വിവാദമായിരിക്കുന്നു.
മലബാര്‍ സമരത്തിന് ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തില്‍ ചരിത്രത്തില്‍ കടന്നു കയറി ആ മഹത്തായ പ്രക്ഷോഭത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. മലബാര്‍ സമരത്തെ വര്‍ഗീയവത്കരിക്കാനും അതിനു ഭീകരതയുടെ നിറം നല്‍കാനും സംഘപരിവാര്‍ ശക്തികള്‍ എക്കാലവും ഉത്സാഹിച്ചിട്ടുണ്ട്. ബി ജെ പി കേന്ദ്രഭരണം കയ്യാളുമ്പോള്‍ ചരിത്ര കൗണ്‍സില്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങളെ ഉപയോഗിച്ച് മലബാര്‍ സമരത്തെ അവമതിക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഈ വിവാദം ഒരിക്കല്‍ കൂടി, മലബാര്‍ സമരത്തിന്റെ വ്യത്യസ്ത വായനകളെ കുറിച്ചും ദേശീയ പ്രസ്ഥാനത്തില്‍ അതിന്റെ പങ്കിനെ കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിന് അവസരമൊരുക്കിയിരിക്കുന്നു.
ആധുനിക കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ച ചരിത്ര സംഭവമാണ് 1921-ലെ മലബാര്‍ സമരം. അതുകൊണ്ട് തന്നെ സമരത്തിന്റെ കാരണം, സ്വഭാവം, ഫലങ്ങള്‍ എന്നിവ സംബന്ധിച്ച് വൈിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. സമരത്തെ കുറിച്ചുള്ള വിവാദങ്ങളുടെ മൗലികകാരണവും പരസ്പരം ഇടഞ്ഞു നില്‍ക്കുന്ന ഈ വ്യഖ്യാനങ്ങളാണ്.
മലബാര്‍ സമരം:
ഭിന്ന സമീപനങ്ങള്‍
മലബാര്‍ സമരത്തെ കുറിച്ച് പ്രധാനമായും മൂന്ന് സമീപനങ്ങള്‍ ചരിത്രകാരന്മാര്‍ പുലര്‍ത്തുന്നുണ്ട്. കൊളോണിയല്‍വാദപരം, ദേശീയവാദപരം, മാര്‍ക്‌സിസ്റ്റ് വിശകലനം എന്നിവയാണവ.
കൊളോണിയല്‍ പക്ഷവായനകള്‍ മലബാര്‍ സമരത്തെ വര്‍ഗീയവും മതപരവുമായി വ്യാഖ്യാനിക്കുന്നു. ‘രാഷ്ട്രീയത്താല്‍ ഉദ്ദീപിപ്പിക്കപ്പെട്ട മതവികാരമാണ്’ 1921-ലെ സമരത്തിന്റെ മുഖ്യ കാരണമെന്നാണ് കൊളോണിയല്‍ പക്ഷവായന. 1836-നും 1921-നും ഇടയ്ക്ക് മലബാറിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ബ്രിട്ടീഷ് വിരുദ്ധ മാപ്പിള പോരാട്ടങ്ങളെ ലഹളകള്‍, പൊട്ടിത്തെറികള്‍ എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ വിശേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് എച്ച് വി കനോലി, ടി എല്‍ സ്‌ട്രെയ്ഞ്ച്, വില്യം ലോഗന്‍ തുടങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ മാപ്പിള ഭ്രാന്തായും വര്‍ഗീയമായും അവതരിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ടുകളാണ് കൊളോണിയല്‍പക്ഷ വായനക്ക് അടിസ്ഥാനമായത്.
സമരാനന്തരം ജി ആര്‍ എഫ് ടോട്ടന്‍ഹാം (മദ്രാസ് ഗവണ്മെന്റിലെ അണ്ടര്‍ സെക്രട്ടറി), ആര്‍ എച്ച് ഹിച്ച് കോക്ക് (മലബാറിലെ ജില്ലാ സൂപ്രണ്ട്) എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ സമരത്തെ കുറിച്ച് തയ്യാറാക്കിയ ഔദ്യോഗിക ചരിത്രത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയിലുള്ള മതപരമായ വിഭാഗീയത രൂക്ഷമായിരുന്നുവെന്നും, മതഭ്രാന്ത് സ മരത്തിന്റെ മുഖ്യ കാരണമായിരുന്നുവെന്നും വ്യാഖ്യാനിക്കുന്നു. സമരത്തിന്റെ കുറ്റം കോണ്‍ഗ്രസിന് മേല്‍ ചുമത്തി ഗവണ്‍മെന്റിനെ കുറ്റവിമുക്തമാക്കുകയും ചെയ്യുന്നു. ബ്രിട്ടീഷുകാരോടുള്ള തന്റെ കൂറ് സമരത്തെ മതപരമായും വര്‍ഗീയമായും വ്യാഖ്യാനിച്ച് പ്രകടമാക്കുകയാണ് റിട്ട. ഡെപ്യൂട്ടി കലക്ടറായിരുന്ന സി ഗോപാലന്‍ നായര്‍. തന്റെ കൃതിയിലെ വലിയൊരു ഭാഗം മലബാറിലെ മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ‘ക്രൂരകൃത്യങ്ങളെ’ വ്യാഖ്യാനിക്കാന്‍ അദ്ദേഹം നീക്കിവെച്ചിരിക്കുന്നു. ഏറനാട്ടിലെ ഹിന്ദുക്കളെ മുസ്ലിംകളില്‍ നിന്ന് രക്ഷപ്പെടുത്തിയ ക്യാപ്റ്റന്‍ മാക്ക് എന്‍ റോയിയെ മലബാറിലെ വീരനായകനായി വാഴ്ത്തുകയും ചെയ്യുന്നു.
സമീപ കാലത്ത് നടന്ന പഠനങ്ങളും വിശകലനങ്ങളും ‘മതകേന്ദ്രീകൃതം’ തന്നെയാണ്. സ്റ്റീഫന്‍ എഫ് ഡേല്‍ ജന്മിമാരുടെ ചൂഷണവും ഗ്രാമീണ കര്‍ഷകരുടെ ദാരിദ്ര്യത്തെയും പരിഗണിക്കുന്നുണ്ടെങ്കിലും സമരത്തിന്റെ മുഖ്യഘടകം മതപരം തന്നെയാണെന്ന് വ്യഖ്യാനിക്കുന്നു. എന്നാല്‍ സാമ്പത്തികാസംതൃപ്തിയും കര്‍ഷക ദാരിദ്ര്യവും മാപ്പിളമാരെ കലാപകാരികളാക്കിയെന്ന് വ്യഖ്യാനിക്കുന്ന കോണ്‍റാഡ് വുഡ്, മാപ്പിളമാരെ സംഘടിപ്പിക്കുന്നതിന് സഹായിച്ച ഒരു ഘടകം മാത്രമാണ് മതമെന്ന് നിരീക്ഷിക്കുന്നുണ്ട്. നിഷ്പക്ഷമായ ഒരു പഠനവും ഗവേഷണവും സമരത്തെ ‘വര്‍ഗീയ കലാപം’ എന്ന് വിശേഷിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കൊളോണിയല്‍ ആഖ്യായികക്ക് ഒരു തിരുത്തായി രംഗത്തു വന്നവരാണ് ദേശീയവാദ പക്ഷക്കാര്‍. മലബാര്‍ സമരത്തെ കുറിച്ച് ദേശീയവാദ പക്ഷത്ത് നിന്നുള്ള ആദ്യ വായനയാണ് കെ മാധവന്‍ നായരുടെ മലബാര്‍ കലാപം. 1921-ലെ സമരത്തെ കലാപം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. സ മരത്തിന്റെ കുറ്റം ബ്രിട്ടീഷുകാരില്‍ ചുമത്തി കോണ്‍ഗ്രസിനെ കുറ്റവിമുക്തമാക്കുകയാണ് മാധവന്‍ നായര്‍. അതോടൊപ്പം മതം, മതനേതൃത്വം, അജ്ഞത തുടങ്ങിയവ കലാപത്തിന് ആക്കം കൂട്ടിയെന്നും മാധവന്‍ നായര്‍ നിരീക്ഷിക്കുന്നുണ്ട്.
സൗമ്യേന്ദ്ര നാഥ ടാഗോര്‍, ഇ എം എസ്, എം എന്‍ റോയ്, കെ എന്‍ പണിക്കര്‍, കെ കെ എന്‍ കുറുപ്പ് തുടങ്ങിയ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ മലബാര്‍ സമരത്തെ ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച കാര്‍ഷിക സമരമായി വ്യാഖ്യാനിക്കുന്നു. കര്‍ഷക അസംതൃപ്തിയാണ് സമരത്തിന്റെ മുഖ്യകാരണമെന്നാണ് മാര്‍ക്‌സിസ്റ്റ് വിശകലനം. മലബാര്‍ സമരാഖ്യാനങ്ങള്‍ക്ക് പുതുമാനം പ്രദാനം ചെയ്യുന്ന കീഴാള പഠനങ്ങളും നിഷ്പ ക്ഷ വായനകളും ഈയിടെയായി വളര്‍ന്നുവന്നിട്ടുണ്ട്.
വിവാദങ്ങളും
വസ്തുതകളും
മാപ്പിളമാരുടെ മതഭ്രാന്ത് മലബാര്‍ സമരത്തിന്റെ മുഖ്യ കാരണമായിരുന്നു എന്ന വാദം എത്രത്തോളം വസ്തുതാപരമാണ് എന്ന അന്വേഷണം സമര ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് ആരംഭിക്കേണ്ടതുണ്ട്. 1792-ലെ ശ്രീരംഗപട്ടണം സന്ധി പ്രകാരമാണ് മലബാര്‍ ടിപ്പു സുല്‍ത്താനില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് ലഭിക്കുന്നത്. ടിപ്പു മലബാറില്‍ നടപ്പിലാക്കിയ കാര്‍ഷിക പരിഷ്‌ക്കാരം ജന്മിവിരുദ്ധവും കുടിയാന്‍ പക്ഷവുമായിരുന്നു. ബ്രിട്ടീഷുകാര്‍ ടിപ്പുവിന്റെ കാര്‍ഷിക പരിഷ്‌കരണത്തിന്റെ സ്ഥാനത്ത് ജന്മി മേധാവിത്വത്തിന് പിന്തുണ നല്‍കുന്ന പുതിയ രീതി നടപ്പിലാക്കി. ടിപ്പുവിന്റെ അധിനിവേശകാലത്ത് അധികാരാവകാശങ്ങള്‍ നഷ്ടപ്പെട്ട ഹിന്ദു ജന്മിമാര്‍ക്ക് ബ്രിട്ടീഷുകാര്‍ സംരക്ഷണം നല്‍കുകയും മലബാറിലുണ്ടായിരുന്ന മാപ്പിള ജന്മിമാരെ കുടിയൊഴിപ്പിക്കാന്‍ സഹായം നല്‍കുകയും ചെയ്തു. ഒരേസമയം മാപ്പിള ജന്മിയുടേയും കുടിയാന്റെയും വെറുപ്പിന് ഹിന്ദു ജന്മിമാരും ബ്രിട്ടീഷ് ഗവണ്‍മെന്റും പാത്രീഭൂതരായി. 1836 മുതല്‍ മലബാറിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സമരങ്ങളുടെ മുഖ്യകാരണം ഇതായിരുന്നു. ഈ സമര പരമ്പരയുടെ ക്ലൈമാക്‌സ് ആയിരുന്നു വാസ്തവത്തില്‍ 1921-ലെ സമരം. ഖിലാഫത്ത്- കോണ്‍ഗ്രസ് പ്രസ്ഥാനം അതിന് പശ്ചാത്തലമൊരുക്കുകയും ചെയ്തു.
ഖിലാഫത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം സൃഷ്ടിച്ച കൊടുങ്കാറ്റ് ബ്രിട്ടീഷ് ഭരണത്തിന്റെ അടിവേരുകളെ പിടിച്ചുകുലുക്കി. ഇന്ത്യക്കാരുടെ ഐക്യം തങ്ങളുടെ മരണമണിയായിരിക്കുമെന്ന് ബോധ്യപ്പെട്ട ബ്രിട്ടീഷുകാര്‍ വര്‍ഗീയതയുടെ വിത്ത് വിതറാന്‍ തുടങ്ങി. ആദ്യകാല കാര്‍ഷിക സമരങ്ങള്‍ക്ക് വര്‍ഗീയ നിറം നല്‍കി കുത്തിപ്പൊക്കിയതും അതിന്റെ ഭാഗമാണ്.
മത്രഭാന്ത് സമരത്തിന്റെ നായകശക്തിയാണ് എന്നത് ബ്രിട്ടീഷ് ചുവട് പിടിച്ചുള്ള വാദം മാത്രമാണ്. സി അച്യുത മേനോന്‍ എഴുതുന്നു: ”ബ്രിട്ടീഷുദ്യോഗസ്ഥന്മാരുടെ അഭിപ്രായം മതഭ്രാന്താണ് ഈ ലഹളയുടെ കാരണമെന്നാണ്. തീര്‍ച്ചയായും മതപരമായ ഒരു ഛായ ഈ ലഹളക്കുണ്ടായിരുന്നുവെന്നത് നിഷേധിക്കാന്‍ പറ്റുകയില്ല. പക്ഷെ അടിസ്ഥാന കാരണം സാമ്പത്തികമായിരുന്നുവെന്ന് ഇന്ന് ചരിത്രകാരന്‍മാര്‍ സമ്മതിക്കുന്നുണ്ട്. വധിക്കപ്പെട്ട ജന്മിമാര്‍ ഹിന്ദുക്കളായി എന്നത് മാപ്പിളമാരുടെ കുറ്റമല്ല. ആ പ്രദേശത്ത് ഹിന്ദു ജന്മിയും മാപ്പിള കുടിയാനുമാണ്. ഈ മാപ്പിള കൃഷിക്കാരുടെ ദയനീയ ദാരിദ്ര്യത്തേയും ഒഴിപ്പിക്കല്‍ സമ്പ്രദായത്തിന്റെ ക്രൂരതയേയും എല്ലാ ചരിത്രകാരന്മാരും ഊന്നിപ്പറയുന്നുണ്ട്.” (കിസാന്‍ പാഠപുസ്തകം 1960, പേജ്-84, ഉദ്ധരണം: സംവേദം സുവനീര്‍-95)
മാപ്പിള കലാപകാരികളുടെ ‘ടാര്‍ഗറ്റ്’ ഹിന്ദു ജന്മിമാരായിരുന്നു എന്ന വാദത്തിന്റെ അടിസ്ഥാനവും വിശകലനം ചെയ്യേണ്ടതുണ്ട്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു പ്രസംഗത്തില്‍ ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സമരത്തോടുള്ള ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നുണ്ട്: ”ഖിലാഫത്തിനും കോണ്‍ഗ്രസിനും എതിരില്‍ സര്‍ക്കാര്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ ഏതു വിഭാഗക്കാരാണെങ്കിലും തക്കതായ ശിക്ഷക്ക് വിധേയരാക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലിംകളും ഒറ്റക്കെട്ടായി കൈകോര്‍ത്ത് മുന്നോട്ട് നീങ്ങി നിസ്സഹകരണ പ്രസ്ഥാനത്തെ വിജയിപ്പിക്കണം. ആദര്‍ശ സംരക്ഷണത്തിനായി ആത്മാര്‍പ്പണത്തിന് നാം തയ്യാറാകേണ്ട കാലമാണിത്.”
ഇവിടെ സര്‍ക്കാര്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ എന്നതാണ് കുറ്റമായി കാണുന്നത്; ജാതിയോ മതമോ അല്ല. സമര ത്തില്‍ വിവിധ മുസ്ലിംകള്‍ കൊല്ലപ്പെട്ടതും ഈ നയത്തിന്റെ ഭാഗം തന്നെ. കോണ്‍സ്റ്റബിള്‍ മൊയ്തീന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഹൈദ്രോസ്, റിട്ട. പോലീസ് ഇന്‍സ്‌പെക്ടര്‍ ഖാന്‍ ബഹദൂര്‍, കൂരിമണ്ണില്‍ വലിയ മണ്ണില്‍ ചേക്കുട്ടി എന്നിവര്‍ ഉദാഹരണം. കളരിക്കല്‍ ഗോപാലപണിക്കര്‍. കെ പി കേശവമേനോന് എഴുതി കൊടുത്ത ഒരു സ്റ്റേറ്റ്‌മെന്റില്‍ ‘തന്റെ അളിയന്‍ വധിക്കപ്പെട്ടത് പട്ടാളക്കാരെ സഹായിച്ചതിനാല്‍’ എന്ന് പറയുന്നുണ്ട്.
മലബാര്‍ സമരം മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ വര്‍ഗീയ കലാപമായിരുന്നുവെങ്കില്‍ സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ എം പി നാരായണ മേനോന്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ചെര്‍പ്പുളശ്ശേരി ഗോവിന്ദമേനോന്‍, മണ്ണാര്‍ക്കാട് മൂപ്പില്‍ ഇളയ നായര്‍, കെ വി ബാലകൃഷ്ണ മേനോന്‍, കെ പി രാമന്‍ മേനോന്‍ തുടങ്ങിയവര്‍ ശിക്ഷിക്കപ്പെടുമായിരുന്നുവോ? പട്ടാളത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ പറ്റി വിമര്‍ശിച്ച് സരോജിനി നായിഡു ഇറക്കിയ പ്രസ്താവന പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിച്ചത് ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.
1973-ല്‍ കോഴിക്കോട് നടന്ന മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ സമരത്തില്‍ നിര്‍ബന്ധ മതപരിവര്‍ത്തനം വന്‍തോതില്‍ നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നു. എന്നാല്‍ ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് എതിരായിരുന്നു എന്നതാണ് ചരിത്രവസ്തുത. കെ മാധവന്‍ നായര്‍ രേഖപ്പെടുത്തുന്നു: ”മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പറയുന്നു: ജനങ്ങള്‍ പല സ്ഥലത്തും കൊള്ള നടത്തുന്നതായുള്ള റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ചില ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതംമാറ്റിയ വിവരവും പരന്നു. ഇത് നിര്‍ബന്ധം മൂലം നടന്നതാണെന്ന് തെളിഞ്ഞിട്ടില്ല. ജനങ്ങള്‍ ജീവിത വിഷമമനുഭവിക്കുന്നു. ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ കഷ്ടപ്പെടുന്നു.” (കെ എന്‍ പണിക്കര്‍, ജലമമെി േജൃീലേേെ മിറ ഞല്ീഹെേ ശി ങമഹമയമൃ, പേ. 354-55)
ചിലരുടെ ചെയ്തികളെ സ മരത്തിന്റെ പൊതു നയമായി പറയുന്നത് ചരിത്ര നിഷേധമാണ്. ”കലാപ സമയത്ത് ഹിന്ദുക്കളുടെ ജീവനും സ്വത്തും രക്ഷിക്കാനായി ആലി മുസ്ലിയാര്‍ പല ഇടങ്ങളിലും കാവല്‍ ഭടന്‍മാരെ നിര്‍ത്തിയിരുന്നു. കപ്പരാട് (തിരൂരങ്ങാടി), പൂഴിക്കല്‍ (നന്നമ്പ്ര), കുറ്റിപ്പുറം പണിക്കര്‍ (ഊരകം) എന്നീ പ്രധാന ഹിന്ദു തറവാടുകളെ രക്ഷിക്കാനായി അദ്ദേഹം പ്രത്യേകം ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. ആലി മുസ്‌ലിയാര്‍ ബന്ധിതനായ ശേഷം പൂഴിക്കല്‍ നായര്‍ തറവാട് ലഹളക്കാര്‍ കൊള്ളയടിക്കുകയും അവിടെ നിര്‍ത്തിയിരുന്ന ഞാറക്കാട്ടില്‍ കാദര്‍കുട്ടി ഹാജിയേയും മടപ്പള്ളി മൊയ്തീന്‍ കുട്ടിയേയും കൊലപ്പെടുത്തുകയും ചെയ്തു.” (അതേ പുസ്തകം)
”ഒരു ദിവസം രാത്രി കിഴക്കരും വടക്കരുമായ ഏതാനും മാപ്പിളമാരും തിയ്യരും സംഘടിച്ച് കൊള്ളക്കാരായി ഊരകം പണിക്കരുടെ വീട്ടിലെത്തി. കാവല്‍ക്കാരായ മുസ്‌ലിംകള്‍ അവരെ സമാധാന വാക്കുകള്‍ പറഞ്ഞ് തിരിച്ചയച്ചു. കൊള്ള നടന്നില്ല. അക്കൂട്ടത്തില്‍ ലഹളക്ക് ഏതാനും വര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ച പുതു മമ്മദ് എന്നയാള്‍ ‘നിങ്ങളെ ഞങ്ങള്‍ തൊപ്പിയിടിക്കും’ എന്ന് ഭീഷണിപ്പെടുത്തിയത്രെ. ഇതറിഞ്ഞപ്പോള്‍ ഇസ്‌ലാം പഠിച്ച് സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നത് മാത്രമേ സാധുവാകുകയുള്ളു എന്നും കേമം കാണിച്ചും ആയുധം എടുത്തും മതംമാറ്റം നടത്തുന്നതായി അറിവ് കിട്ടിയാല്‍ അത്തരക്കാര്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്നും ആലി മുസ്‌ലിയാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.” (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, പേജ് 80)
സമര സമയത്ത് പുറത്തിറക്കിയ ദ ഹിന്ദു പത്രം മതപരിവര്‍ത്തനത്തെ കുറിച്ചും വിഭാഗീയതയെ കുറിച്ചും തെറ്റായ ചില വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതിനെതിരെ വാരിയന്‍കുന്നത്ത് പത്രാധിപര്‍ക്കയച്ച കത്ത് യാഥാര്‍ഥ്യം വെളിവാക്കുന്നു: ”ബഹുമാനപ്പെട്ട പത്രാധിപര്‍, നിങ്ങളുടെ പത്രത്തില്‍ ഇത് പ്രസിദ്ധീകരിക്കാനപേക്ഷ. പ്രത റിപ്പോര്‍ട്ടില്‍ കാണുന്നത് ഹിന്ദു മുസ്‌ലിം ഐക്യം തീരെ നശിച്ചിരിക്കുന്നുവെന്നാണ്. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മുസ്ലിംകള്‍ മതം മാറ്റുന്നുവെന്നത് കളവാണ്. ഇങ്ങനെയുള്ള മതം മാറ്റം ഗവണ്‍മെന്റ് പക്ഷക്കാരും സാധാരണ നടക്കുന്ന റിസര്‍വ് പോലീസുകാരും ലഹളക്കാരെന്ന ഭാവേന ചെയ്യുന്ന കൃത്യങ്ങള്‍ മാത്രമാണ്. എന്നാല്‍ ചില ഹിന്ദു സഹോദരങ്ങള്‍ പട്ടാളത്തെ സഹായിക്കേണ്ടതിലേക്ക് നിരപരാധികളായ മുസ്ലിംകളെ ഒളിവ് സ്ഥലങ്ങളില്‍ നിന്ന് പിടിച്ച് കൊടുത്തതിനാല്‍ അവരോട് പ്രതികാരം ചെയ്തുവെന്നേയുള്ളു. കൂടാതെ ലഹളക്ക് കാരണഭൂതരായ നമ്പൂതിരിയും ഇതേ പോലെ ക്ലേശിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ മിലിട്ടറി കമാണ്ടര്‍ താലൂക്കുകളില്‍ നിന്ന് ഹിന്ദുക്കളെ മാറ്റി പാര്‍പ്പിക്കുന്നു. നിസ്സഹായരായ മുസ്ലിം സ്ത്രീകളേയും ഇസ്ലാമിന്റെ കുട്ടികളേയും അവര്‍ക്ക് യാതൊരു സ്വത്തുമില്ലെങ്കിലും സ്ഥലം വിടാന്‍ അനുവദിക്കുന്നില്ല.” (അതേ പുസ്തകം) ”ഒരൊറ്റ ക്ഷേത്രവും നശിപ്പിച്ചിട്ടില്ല. ദരിദ്ര ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല.” (അതേ പുസ്തകം)
കോണ്‍ഗ്രസിന്റെ അഹിംസ, അക്രമരാഹിത്യം തുടങ്ങിയ ആശയങ്ങളെ മാപ്പിളമാര്‍ കാറ്റില്‍ പറത്തിയെന്നതാണ് മറ്റൊരു വാദം. ടോട്ടന്‍ഹാം പറയുന്നു: ”മഹാത്മാവിന്റെ അഹിംസാ സിദ്ധാന്തപരമായ ഹിന്ദു വാളുറയില്‍ ഇസ്‌ലാമിന്റെ അക്രമമായ വാള് കിലുങ്ങുന്ന ശബ്ദം കേള്‍ക്കാം.” ”ഭ്രാന്ത് പിടിച്ച മാപ്പിളയെ പട്ടാളക്കാരന്റെ ഉടുപ്പുടുവിച്ച് അയാളോട് നൂല് നൂറ്റാണ് ലക്ഷ്യത്തിലെത്തേണ്ടത് എന്ന് പറയുന്നതില്‍പരം പരിഹാസ്യമായി എന്തുണ്ട്?” എന്നാണ് ഖിലാഫത്ത് വളണ്ടിയര്‍മാര്‍ യൂണിഫോം ഉപയോഗിച്ചിരുന്നതിനെക്കുറിച്ച് ഹിച്ച്‌കോക്ക് ചോദിക്കുന്നത്.
എന്നാല്‍ സമരം അക്രമാസക്തമായി എന്നത് ശരിയാണ്. അതിന്റെ കാരണവും പശ്ചാത്തലവും സമരത്തില്‍ പങ്കെടുത്തവരും സാക്ഷിയായവരും തന്നെ പറയുന്നതാവും ശരി. ആലി മുസ്‌ലിയാര്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോടും കെ പി കേശവമേനോനോടും പറഞ്ഞത് ഇ മൊയ്തു മൗലവി രേഖപ്പെടുത്തുന്നു: ”ഞാന്‍ യാതൊരക്രമത്തിനും മുതിര്‍ന്നിട്ടില്ല. തികച്ചും അക്രമരാഹിത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. നിരപരാധികളെ ഉറങ്ങിക്കിടക്കുമ്പോള്‍ അര്‍ധരാത്രിക്കു ശേഷം വീട്ടില്‍ ആക്രമിച്ചു പ്രവേശിച്ച് അറസ്റ്റ് ചെയ്തതെന്തിനാണെന്ന് ചോദിക്കാനായിരുന്നു ഞാന്‍ ഉദ്യോഗസ്ഥന്മാരെ സമീപിച്ചത്. എന്റെ കയ്യില്‍ കുത്തിപ്പിടിച്ചിരിക്കുന്ന ഈ വടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അക്രമത്തിന്റെ നേരെ ഒരു പിടി മണ്ണുവാരിയിടാനേ സാധിക്കുകയുള്ളൂവെങ്കില്‍ അത് ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ വിധി.” (മൗലവിയുടെ ആത്മകഥ, പേജ് 44)
അക്രമരാഹിത്യത്തിനും അഹിംസക്കും വേണ്ടി നിലകൊണ്ടവരായിരുന്നു ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നതിന് ഒട്ടനവധി തെളിവുകളുണ്ട്. തിരൂരങ്ങാടി പള്ളി പട്ടാളം വളഞ്ഞു എന്ന കിംവദന്തി പരന്നതോടെ രോഷാകുലരായി ‘ജിഹാദിന്’ ഇറങ്ങി തിരിച്ച കലാപകാരികളെ വഴിമധ്യേ തടഞ്ഞ് നിര്‍ത്തി ഏറനാട് ഖിലാഫത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന കെ എം മൗലവി ഉപദേശിച്ചു:
”സഹകരണ ത്യാഗ സമരം അക്രമമല്ല; സഹന സമരമാണ്. നമ്മെ എത്രതന്നെ അധികാരിവര്‍ഗം ആക്രമിച്ചാലും സഹിക്കുകയല്ലാതെ നാം പകരം ചെയ്യാന്‍ മുതിരരുത്. അതു വലിയ നാശനഷ്ടത്തിനും ഖേദത്തിനും കാരണമാവും. കോണ്‍ഗ്രസും ഖിലാഫത്തും ഇത്തരം അക്രമങ്ങള്‍ക്ക് ഒരിക്കലും കൂട്ടുനില്‍ക്കുകയില്ല. ഇവിടെ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് സാരമില്ല. അവരെ വിട്ടയക്കുന്നത് വരെ നാം ക്ഷമിക്കണം. ഇനിയും അറസ്റ്റുകള്‍ പല ഭാഗങ്ങളിലും നടന്നേക്കും. അതിനൊന്നും പകരം ചോദിക്കാന്‍ പാടില്ല. ഖിലാഫത്തിനും കോണ്‍ഗ്രസിനും ഈ മാര്‍ഗവുമായി യോജിക്കാന്‍ നിര്‍വാഹമില്ല.” (കെ കെ മുഹമ്മദ് അബ്ദുല്‍കരീം, കെ എം മൗലവി ജീവിതചരിത്രം, പേജ് 67)
പ്രസംഗം കേട്ട ഒരു ശ്രോതാവ് ചോദിച്ചു: ”പള്ളി അപമാനിച്ചതിന് പകരം ചോദിക്കാത്തതിനെക്കുറിച്ച് അല്ലാഹു നാളെ പരലോകത്ത് വെച്ച് ചോദ്യം ചെയ്യുമ്പോള്‍ ആര് ഉത്തരം പറയും?” മൗലവി പ്രതിവചിച്ചു: ”അല്ലാഹുവോട് അക്കാര്യത്തെക്കുറിച്ച് ഞാന്‍ ഉത്തരം പറയാം. നിങ്ങള്‍ ഭയപ്പെടേണ്ട.” ഇതുകേട്ട് ക്ഷുഭിതരായ ജനങ്ങള്‍ പിരിഞ്ഞുപോയി. (അതേ പുസ്തകം, പേജ് 68)
സമരം അക്രമോത്സുകമായത് പട്ടാളം അക്രമം അഴിച്ചുവിടുകയും നിരപരാധികളെ ശിക്ഷിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ്. അത്തരം സമയങ്ങളില്‍ നിരവധി സമാധാന ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളുടെ പൂര്‍ണരൂപം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ബോംബെ ഖിലാഫത്ത് കമ്മിറ്റിക്കയച്ച കത്തില്‍ പറയുന്നുണ്ട്: ”ഞങ്ങള്‍ ജനങ്ങളോട് സമാധാനത്തിന് ആഹ്വാനം ചെയ്തപ്പോള്‍ അവരുടെ മറുപടി, മനുഷ്യരെ പോലെ ധീരതയോടെ മരിക്കണമെന്നും നായ്ക്കളെപ്പോലെ ഉപദ്രവമേറ്റു കൊണ്ടുള്ള മരണം ശരിയല്ലെന്നുമായിരുന്നു. ഞങ്ങള്‍, വീണ്ടും, സൈന്യത്തിന് അക്രമത്തിന് ഇട നല്‍കരുതെന്ന് ഉപദേശിച്ചു. പല ഗ്രാമങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടങ്ങളില്‍ ഹിന്ദുക്കളും മുസ്‌ലിംകളും യോജിച്ച് തങ്ങളുടെ ഗ്രാമങ്ങളെ രക്ഷിക്കാന്‍ മുതിര്‍ന്നതായും കണ്ടു. ഒരു യോഗത്തില്‍ ഇരു മതസ്ഥരും ഹാജരായിരുന്നു. അവരോട് സമാധാനപ്പെടാനും ഹിന്ദു-മുസ്‌ലിം മൈത്രി നിലനിര്‍ത്താനും ഉപദേശിച്ചു.” (അതേ പുസ്തകം)
1921-ലെ മലബാര്‍ സമരം ഒരു കാര്‍ഷിക സമരമായിരുന്നുവെങ്കില്‍ ഹിന്ദുക്കളായ കര്‍ഷകര്‍ ജന്മിമാര്‍ക്കും സാമ്രാജ്യത്വത്തിനും എതിരായി എന്ത്‌കൊണ്ട് ആയുധമെടുത്തില്ല എന്ന ചോദ്യം പ്രസക്തമാണ്. ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ് പറയുന്നു: ”ഹിന്ദുക്കളായ കര്‍ഷകര്‍ 1921-ല്‍ പോലും ഫ്യൂഡല്‍ ബന്ധങ്ങള്‍ക്കെതിരായി മുന്നേറാന്‍ പറ്റിയ സ്ഥിതിയിലായിരുന്നില്ലെന്ന് കാണാം. ഭൂദേവനായ ബ്രാഹ്മണനും അമ്പലവും ജന്മിത്തവുമെല്ലാമുള്‍കൊണ്ട് ഒരു വ്യവസ്ഥിതിയുടെ ചട്ടക്കൂട്ടിലായിരുന്നു ഹൈന്ദവ കര്‍ഷകര്‍. ജന്മിമാര്‍ക്ക് അവരെ സമൂഹത്തില്‍ നിന്ന് പുറത്താക്കാനും അങ്ങനെ നീചമായ വിധം ശിക്ഷിക്കാനും കഴിഞ്ഞിരുന്നു. അവനെ പിന്താങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളോ ആശയങ്ങളോ വളര്‍ന്നു വന്നിരുന്നില്ല. മര്‍ദകനും മര്‍ദിതനും ഒരേ കപ്പലില്‍. പക്ഷേ, മാപ്പിളമാരായ കര്‍ഷകരെ സംബന്ധിച്ച് പള്ളിയും സമൂഹവും (സ്വജനം) വേറെ തന്നെയായിരുന്നു. അതിനാല്‍ ജന്മികള്‍ മിക്കവാറും ഹിന്ദുക്കളായിരുന്ന പശ്ചാത്തലത്തില്‍ ഈ കര്‍ഷകരെ ബഹിഷ്‌കരിക്കുന്ന പ്രശ്‌നം തന്നെ ഉദിച്ചിരുന്നില്ല. കൂടാതെ മതത്തിന്റെ തത്വശാസ്ത്രപരമായ വശവും പള്ളി, ജമാഅത്ത് തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളിലൂടെ വളര്‍ന്നു വരുന്ന ബന്ധങ്ങളും പ്രത്യേകിച്ച്, ജാതി വിഭജനമില്ലാത്ത ഒരവസ്ഥയില്‍ അവരെ ഒരു രാഷ്ട്രീയ സംഘടനയിലെന്ന പോലെ ഏകീകരിച്ചു. അതിനാല്‍ ഫ്യൂഡല്‍ ഘടകങ്ങളുമായി സംഘട്ടത്തില്‍ ഏര്‍പ്പെടാനുള്ള കഴിവ് കൂടുതലായും മാപ്പിളമാര്‍ക്കായിരുന്നു. എങ്കിലും കലാപത്തില്‍ ഹിന്ദുക്കളായ കര്‍ഷകരും പങ്കെടുത്തിരുന്നുവെന്ന് കാണാം.” (കെ കെ എന്‍ കുറുപ്പ്, ആധുനിക കേരളം: ചരിത്ര ഗവേഷണ പ്രബന്ധങ്ങള്‍, 1995, പേജ് 46)
അതേസമയം ”കലാപം വര്‍ഗീയമായിരുന്നെങ്കില്‍ മലബാറിന്റെ എല്ലാ ഭാഗങ്ങളിലും കലാപം വ്യാപിക്കേണ്ടതായിരുന്നു. കര്‍ഷക പങ്കാളിത്തം കുറഞ്ഞതാണ് പല സ്ഥലങ്ങളിലും വ്യാപിക്കാതിരിക്കാന്‍ കാരണം.” (അതേ പുസ്തകം, പേജ് 47)
ചരിത്ര വസ്തുതകള്‍ മലബാര്‍ സമരം മതഭ്രാന്തിന്റെയോ വര്‍ഗീയതയുടെയോ ഫലമല്ല എന്ന് ബോധ്യപ്പെടുത്തുന്നു. മതം നല്‍കിയ സ്വത്വ ബോധവും വിശ്വാസം നല്‍കിയ നിര്‍ഭയത്വവും മാപ്പിളമാരുടെ കരുത്തായിരുന്നു. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി കണ്ടിരുന്നവരായിരുന്നു മാപ്പിളമാര്‍. ഇന്ത്യയില്‍ വൈദേശികാധിപത്യത്തിന്റെ പ്രാരംഭം മുതല്‍ തന്നെ കോളനി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ മാപ്പിളമാര്‍ രംഗത്ത് വന്നത് അതു കൊണ്ടാണ്.
കെ എന്‍ പണിക്കര്‍ പറയുന്നു: ”ഉടമസ്ഥ വര്‍ഗത്തോടും അവരുടെ സംരക്ഷകരായിരുന്ന കോളനി ഭരണകൂടത്തോടുമുള്ള വിരോധമായിരുന്നു മലബാര്‍ കലാപം.” (കെ എന്‍ പണിക്കര്‍, മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ, പേജ് 215.)
അതിന് ”മതം ഒരു കാരണമേയല്ല; എന്നാല്‍ മതവിശ്വാസം, മതനേതൃത്വം, മത ആചാരങ്ങള്‍, ചടങ്ങുകള്‍ തുടങ്ങിയവ കലാപകാരികളെ ഉത്തേജിപ്പിക്കുകയും ഐക്യപ്പെടുത്തുകയും നിര്‍ഭയരാക്കുകയും ചെയ്തിട്ടുണ്ട്.” (അതേപുസ്തകം, പേജ് 216-218). ഇവിടെ ഒരു കാര്യം വ്യക്തമാണ്: ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ കാര്‍ഷിക സമരത്തെ വളച്ചൊടിക്കാന്‍ മതത്തെ ഒരു ഉപകരണമാക്കുകയായിരുന്നു.
”കലാപ പരമ്പരയുടെ പില്‍ക്കാലത്ത്, ബ്രിട്ടീഷ് ഭരണാധിപരും ഒപ്പം നിന്ന ഹിന്ദു ശിങ്കിടികളും ചേര്‍ന്ന് കര്‍ഷക തീവ്രവാദത്തിന്റെ സ്രോതസ്സ് മുസ്‌ലിം മതവെറിയിലാണ് കുടികൊള്ളുന്നത് എന്നു നുണ പ്രചാരണം നടത്തുന്നതോടു കൂടിയാണ് പ്രസ്ഥാനത്തിന് ഒരു സാമുദായിക മുഖം കൈവരുന്നത്.” (ഇ എം എസ് നമ്പൂതിരിപ്പാട്, നാഷണല്‍ ക്വസ്റ്റ്യന്‍ ഇന്‍ കേരള, പേജ് 121)
