28 Tuesday
October 2025
2025 October 28
1447 Joumada I 6

ചരിത്ര വൈകല്യങ്ങളെ തിരുത്തി എഴുതിയ പണ്ഡിതന്‍

ഹാറൂന്‍ കക്കാട്‌


ഇന്ത്യയില്‍ ചരിത്ര ഗവേഷണ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ചരിത്രകാരനായിരുന്നു ഡോ. സി കെ കരീം. സര്‍വകലാശാലകള്‍ ചെയ്യേണ്ട ഭാരിച്ച ജോലികള്‍ ഒറ്റയ്ക്ക് നിര്‍വഹിച്ച അതി നിപുണനായ പ്രതിഭയായിരുന്നു അദ്ദേഹം. മഹാ ചരിത്രമാണെന്ന് പലരും കൊട്ടിഘോഷിച്ച പല കാര്യങ്ങളും രചനകളും ബ്രിട്ടീഷുകാരാലും കക്ഷി താല്‍പര്യത്താലും എഴുതപ്പെട്ടതാണെന്ന് അദ്ദേഹം വസ്തുനിഷ്ഠമായ തെളിവുകളിലൂടെ സമര്‍ഥിച്ചു. ചരിത്രത്തിലെ ഒട്ടേറെ പിഴവുകള്‍ തിരുത്തിയ ചരിത്രകാരനായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയിലെ കായലോര ഗ്രാമമായ എടവനക്കാട് ചുള്ളിപ്പറമ്പില്‍ സി കെ കൊച്ചു ഖാദറിന്റെയും സി എം കൊച്ചലീമയുടെയും മകനായി 1929 മെയ് അഞ്ചിനാണ് ഡോ. സി കെ കരീമിന്റെ ജനനം. ഒമ്പതാം വയസ്സില്‍ പിതാവും പത്താം വയസ്സില്‍ മാതാവും മരിച്ചതോടെ, സഹോദരന്മാരുടെ പരിലാളനയിലാണ് വളര്‍ന്നത്. ബാല്യത്തിലേ പൊതുജീവിതം ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. നാട്ടിലെ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച മുസ്ലിം ബാലജന സംഘത്തില്‍ വളരെ സജീവമായി അദ്ദേഹം പ്രവര്‍ത്തിച്ചു. എടവനക്കാട് ഐ എസ് സ്‌കൂള്‍, ചെറായി ആര്‍ വി യു ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. ഈ കോളേജിലെ യൂണിയന്‍ കൗണ്‍സിലറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നാണ് ചരിത്രത്തില്‍ ബിരുദം നേടിയത്. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മൂന്നാം റാങ്കോടെ എം എയും പിന്നീട് എല്‍ എല്‍ ബിയും വിജയിച്ചു. 1969-ല്‍ ഇതേ സ്ഥാപനത്തില്‍ നിന്ന് പി എച്ച് ഡി നേടി. കേന്ദ്ര വിദ്യാഭ്യാസ മ ന്ത്രിയായിരുന്ന ഡോ. എസ് നൂറുല്‍ ഹസന്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്. ചരിത്ര വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ മലയാളി എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനാ യി. പിന്നീട് ന്യൂഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ നിന്ന് ആര്‍ക്കൈവ്‌സ് കീപ്പിംഗ് കോഴ്‌സില്‍ ഡിപ്ലോമ നേടി.
1958 മുതല്‍ 1965 വരെയുള്ള കാലയളവില്‍ ഫാറൂഖ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ ലക്ചറായി സേവനമനുഷ്ഠിച്ചു. പിന്നീട് പെരിങ്ങ മലയില്‍ ഇഖ്ബാല്‍ കോളജ് പ്രിന്‍സിപ്പല്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക ചരിത്ര വകുപ്പ് മേധാവി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. 1982-ല്‍ ചരിത്ര വിഭാഗം ഫസ്റ്റ് ഗ്രേഡ് പ്രൊഫസറായിരിക്കേ വോളന്ററി റിട്ടയര്‍മെന്റ് വാങ്ങുകയായിരുന്നു.
സി എച്ച് മുഹമ്മദ് കോയ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരിക്കേ, കേരള ഗസറ്റിയേഴ്‌സിന്റെ എഡിറ്ററായി ഡോ. സി കെ കരീമിനെയാണ് നിയമിച്ചത്. കേരള ഹിസ്റ്ററി അസോസിയേഷന്‍, സമസ്ത കേരള സാഹിത്യ പരിഷത്ത്, സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റ്, ആള്‍ ഇന്ത്യാ റേഡിയോ, ഗവണ്‍മെന്റ് എന്‍സൈക്ലോപീഡിയ തുടങ്ങിയവയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
കാലം അടയാളപ്പെടുത്തുന്ന മികച്ച ചരിത്രകാരനാവുക എന്നത് ഡോ. സി കെ കരീമിന്റെ വലിയ ആഗ്രഹമായിരുന്നു. ഈ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് നിമിത്തമായത് കൗമുദി ബാലകൃഷ്ണന്‍ എന്ന പ്രശസ്ത പത്രപ്രവര്‍ത്തകനാണ്. കഥയും കവിതയും നിരൂപണവും രാഷ്ട്രീയ വിമര്‍ശനവുമെല്ലാം കൊണ്ട് ശ്രദ്ധേയമായ കൗമുദി ആഴ്ചപ്പതിപ്പില്‍ ഡോ. സി കെ കരീമിന്റെ ചരിത്ര ലേഖനങ്ങള്‍ക്ക് ഇടം കിട്ടിയതോടെ അദ്ദേഹത്തിന്റെ പ്രതിഭാധനത കേരളം തിരിച്ചറിഞ്ഞു. കൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയാണ് ഇന്ത്യാ ചരിത്രത്തിനൊരു മുഖവുര എന്ന പേരില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. ഇന്ത്യാ ചരിത്രത്തിലുടനീളമുണ്ടായ അപ്രിയ സത്യങ്ങള്‍ തുറന്നെഴുതിയ ആധികാരിക പഠനമാണിത്. തമസ്‌കരിക്കപ്പെടുകയും വര്‍ഗീയവല്‍കരിക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആറു നൂറ്റാണ്ട് കാലത്തെ മുസ്ലിം ഭരണത്തിന്റെ യഥാര്‍ഥ ചരിത്രം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
മൂന്ന് വിവര്‍ത്തന കൃതികള്‍ ഉള്‍പ്പടെ 29 ഗ്രന്ഥങ്ങള്‍ ഡോ. സി കെ കരീം രചിച്ചിട്ടുണ്ട്. ഇതില്‍ പത്ത് കൃതികള്‍ ഇംഗ്ലീഷ് ഭാഷയിലാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം കേരള മുസ്ലിം ചരിത്രം: സ്ഥിതി വിവരക്കണക്ക് ഡയറക്ടറിയാണ്. മൂന്ന് വാള്യങ്ങളിലായാണ് ഇത് പ്രസിദ്ധീകരിച്ചത്.
കേരള മുസ്ലിംകളുടെ സമഗ്രമായ സംഭാവനകള്‍ ഉള്‍ക്കൊള്ളിച്ച അപൂര്‍വ ശേഖരമാണിത്. 1991-ല്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ചരിത്രം പബ്ലിക്കേഷന്‍സാണ് ഇത് പ്രസിദ്ധീകരിച്ചത്. കേരളീയ മുസ്ലിം ചരിത്രത്തെ അടയാളപ്പെടുത്തിയ പ്രഥമ സംരംഭം ഇതാണ്.
പ്രാചീനകേരളം, കേരളപ്പഴമ, ഇസ്ലാമിന്റെ ആഗമനം, ചരിത്ര പശ്ചാത്തലം, പ്രചാരണം, പെരുമാക്കന്മാരുടെ മതപരിവര്‍ത്തനം, പേര്‍ച്ചുഗീസ് ആഗമനം, കുഞ്ഞാലിമരക്കാരുടെ പോരാട്ടം, മൈസൂര്‍ ഭരണം, ഹൈദരലിയും ടിപ്പുസുല്‍ത്താനും, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, നവോത്ഥാന നായകന്മാര്‍, മുസ്ലിം സംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയാണ് ഇതിലെ പ്രതിപാദ്യ വിഷയങ്ങള്‍. കേരളത്തിലെ പള്ളികള്‍, അനാഥശാലകള്‍, മദ്‌റസകള്‍, അറബിക്കോളേജുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അക്കാദമിക തലങ്ങളില്‍ പോലും ചരിത്രത്തെ കുറിച്ച കേരളീയ കാഴ്ചപ്പാട് വികലവും അശാസ്ത്രീയവുമാണെന്ന അഭിപ്രായമായിരുന്നു ഡോ. സി കെ കരീമിന്. പരമ്പരാഗതമായ പല ചരിത്ര നിരീക്ഷണങ്ങളും രേഖകള്‍ നിരത്തി അദ്ദേഹം ശക്തമായി ഖണ്ഡിച്ചു. കേരളത്തിന്റെ ചരിത്ര രചനയില്‍ സവര്‍ണ പക്ഷം ഉണ്ടെന്ന വാദക്കാരനായിരുന്നു അദ്ദേഹം. പരമ്പരാഗത ചരിത്രകാരന്മാരുടെ പല നിരീക്ഷണങ്ങളെയും അദ്ദേഹം തിരുത്തി.
ചേരമാന്‍ പെരുമാക്കന്മാരുടെ ഇസ്ലാം സ്വീകരണം, കണ്ണൂരിലെ അറക്കല്‍ ആലി രാജവംശം, പറങ്കി-മാപ്പിള യുദ്ധം, ഹൈദരലി, ടിപ്പു സുല്‍ത്താന്മാരുടെ കേരളവാഴ്ച തുടങ്ങിയ വിഷയങ്ങളില്‍ പരമ്പരാഗത വീക്ഷണങ്ങള്‍ക്കെതിരായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍.
ചരിത്ര പണ്ഡിതനായിരുന്ന പി എ സെയ്ത് മുഹമ്മദ് നടത്തിയ ചരിത്രപഠനങ്ങളുടെ തുടര്‍ച്ചയായാണ് ഡോ. സി കെ കരീമിന്റെ ഗവേഷണങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അത്യന്തം ബുദ്ധിപൂര്‍വകമായ ഉത്സാഹം എന്നാണ് ഡോ. സി കെ കരീമിന്റെ പീഠനങ്ങളെ ശൂരനാട് കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ചത്.
നമ്മുടെ രാജ്യത്തെ ഹിന്ദു, മുസ്ലിം വിയോജിപ്പിന്റെ വേരുകള്‍ ബ്രിട്ടീഷുകാരുടെ ഇന്ത്യാ ചരിത്ര രചനയിലാണ് ചെന്നെത്തുന്നത്. അമ്പലങ്ങള്‍ തകര്‍ത്തു, നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി, ജിസ്‌യ എന്ന മതനികുതി ഏര്‍പ്പെടുത്തി, ഹിന്ദുക്കളെ തരം താഴ്ത്തി എന്നിവയാണ് ബ്രിട്ടീഷുകാര്‍ മുസ്ലിം ഭരണത്തെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിച്ചത്. ഇത്തരം നിരവധി ദുഷ്പ്രചാരണത്തെ വസ്തുതകള്‍ നിരത്തി ഡോ. സി കെ കരീം പൊളിച്ചെഴുതി.
ദേശീയ ചരിത്രകാരന്മാരും സവര്‍ണ ചരിത്രകാരന്മാരും ബ്രിട്ടീഷുകാരെ അന്ധമായി അനുകരിച്ചെഴുതിയ കള്ളക്കഥകളെ തെളിവുകള്‍ നിരത്തി അദ്ദേഹം ഖണ്ഡിച്ചു. ‘ഹൈദരലിയും ടിപ്പുസുല്‍ത്താനും കേരളത്തില്‍’ എന്നതായിരുന്നു ഡോ. സി കെ കരീമിന്റെ ഗവേഷണ പ്രബന്ധം.
വാട്ട് ഹാപ്പന്‍ഡ് ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി?, കേരള ആന്റ് ഹര്‍ കള്‍ച്ചര്‍: ആന്‍ ഇന്‍ട്രൊഡക്ഷന്‍, ഇന്ത്യന്‍ ഹിസ്റ്ററി (രണ്ട് വാള്യം), മുഹമ്മദ് തുഗ്ലക്ക് ഒരു പഠനം, ഇബ്നുബത്തൂത്തയുടെ കള്ളക്കഥകള്‍, കേരള ചരിത്രവിചാരം, ചരിത്രത്തിലെ ഗുണപാഠങ്ങള്‍, ഫ്രാന്‍സ് (ലോകരാഷ്ട്രങ്ങള്‍ പരമ്പര), പ്രാചീന കേരളവും മുസ്ലിം ആവിര്‍ഭാവവും, സീതി സാഹിബ് (നവകേരള ശില്പികള്‍), ബുക്കാനന്റെ കേരളം, മുസ്ലിം സമുദായവും സംസ്‌കാരവും, ചരിത്ര സംവേദനം, ചരിത്ര കഥകള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ രചനകളാണ്. ‘ചരിത്രം’ എന്ന പേരില്‍ ഒരു മാസികയും പ്രസാധനാലയവും അദ്ദേഹം നടത്തിയിരുന്നു.
മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു ഡോ. സി കെ കരീം. മുസ്ലിം സമൂഹത്തെ വൈജ്ഞാനിക മേഖലയില്‍ കര്‍മോത്സുകരാക്കുന്നതിന് മലബാര്‍ പ്രദേശങ്ങള്‍ ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്.1988ലെ ഏറ്റവും നല്ല മലയാള പുസ്തകത്തിനുള്ള സുവര്‍ണ കൈരളി അവാര്‍ഡ്, അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അവാര്‍ഡ്, എം എസ് എസ് അവാര്‍ഡ്, തിരുവനന്തപുരം സിറ്റിസണ്‍ കൗണ്‍സില്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ഡോ.സി കെ കരീമിന് ലഭിച്ചിട്ടുണ്ട്.
പാരമ്പര്യ സവര്‍ണ ചരിത്രബോധത്തെ തിരുത്തുകയും ന്യൂനപക്ഷത്തിന്റെ യഥാര്‍ഥ ചരിത്രം വീണ്ടെടുക്കുകയും ചെയ്യുക എന്ന സാഹസിക ദൗത്യം നിര്‍വഹിച്ച ഡോ. സി കെ കരീം എന്ന ധിഷണാശാലി 2000 സപ്തംബര്‍ 11ന് നിര്യാതനായി. ആ വിയോഗം രണ്ട് ദശാബ്ധങ്ങള്‍ പിന്നിടുമ്പോഴും ദീപ്തമായ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ചരിത്രത്തില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.

Back to Top