1 Tuesday
July 2025
2025 July 1
1447 Mouharrem 5

താലിബാനുമായി ലോകരാഷ്ട്രങ്ങള്‍ നേരിട്ട് ചര്‍ച്ച നടത്തണം: മുന്‍ ഖത്തര്‍ പ്രധാനമന്ത്രി


താലിബാന്‍ നേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ലോകരാഷ്ട്രങ്ങളും നേതാക്കളും തയാറാകണമെന്ന് മുന്‍ ഖത്തര്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം അല്‍താനി പറഞ്ഞു. താലിബാന്‍ രാജ്യതലസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം, അഫ്ഗാനിസ്താനിലെ നിലവിലെ അവസ്ഥയെ ബഹുമാനിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ”ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം താലിബാന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതിനാല്‍, അവരോട് നേരിട്ട് സംസാരിക്കണം, അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത കാണിക്കുമെന്ന് അവര്‍ അറിയിച്ചതിനാല്‍ അവരെ അംഗീകരിക്കുമെന്നും അവരുമായി സഹകരിക്കുമെന്നും അന്താരാഷ്ട്ര സമൂഹം അവര്‍ക്ക് പ്രത്യാശ നല്‍കണം. അവര്‍ക്കെതിരെ നിയന്ത്രണ നടപടികള്‍ സ്വീകരിക്കരുത്” – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍, ന്യൂനപക്ഷ അവകാശങ്ങള്‍, വിദ്യാഭ്യാസം, അന്താരാഷ്ട്ര സമൂഹവുമായി ഇടപഴകല്‍ എന്നിവ പോലുള്ള ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രസ്ഥാനം അതിന്റെ പ്രത്യയശാസ്ത്രത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാം എന്നതിന് അനുകൂലമായ സൂചനകളുണ്ടെന്നും അല്‍താനി അഭിപ്രായപ്പെട്ടു. എന്നാല്‍ വരും ദിവസങ്ങളില്‍ മാത്രമേ അവര്‍ ഈ പ്രശ്‌നങ്ങളെ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് തെളിയിക്കുകയുള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Back to Top