22 Tuesday
October 2024
2024 October 22
1446 Rabie Al-Âkher 18

ആശയ സംവാദങ്ങളാണ് അറിവിനെ വികസിപ്പിക്കുന്നത്‌

ഡോ. ശശി തരൂര്‍ എം പി


? കോവിഡ് മഹാമാരി ലോകത്തെയാകെ മാറ്റി മറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ എല്ലാ രീതികളും ഓണ്‍ലൈനായി മാറി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇത് എങ്ങനെയാണ് സ്വാധീനിച്ചത്?
കോവിഡ് മഹാമാരിയുടെ കാലത്ത് ബദല്‍ മാര്‍ഗമെന്ന നിലയിലാണ് സ്‌കൂളുകളും കോളജുകളും യൂണിവേഴ്‌സിറ്റികളുമെല്ലാം ഓണ്‍ലൈന്‍ മാധ്യമത്തിലേക്ക് മാറിയത്. എന്നാല്‍ ഭാരതത്തില്‍ പല പ്രശ്‌നങ്ങളുമുണ്ട്. ഞാന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് തന്നെ ഓണ്‍ലൈന്‍ വഴിയും വിഡിയോ കോണ്‍ഫറന്‍സ് വഴിയും കൂടിക്കാഴ്ചകള്‍ നടത്താറുണ്ടായിരുന്നു. ആ സമയത്ത് ഓണ്‍ലൈന്‍ കോഴ്‌സ് ഭാരതത്തില്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതിയില്ലാത്തതും വൈഫൈ ലഭ്യതയില്ലാത്തതും വലിയ വെല്ലുവിളിയായി. നമ്മുടെ രാജ്യത്ത് പല സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കിട്ടാനുള്ള സൗകര്യമില്ല എന്നത് ഒരു വസ്തുതയാണ്.
പണക്കാരെപ്പോലെ പാവപ്പെട്ടവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭിക്കുമോ എന്ന് സംശയം ഉണ്ട്. കാരണം നിങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സ് എടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടറോ ലാപ്‌ടോപോ മിനിമം ഒരു ഐപാഡ് എങ്കിലും ഉണ്ടാകണ്ടേ. അതില്‍ മതിയായ ഡാറ്റ ഉണ്ടാകണ്ടേ? ആ ഡാറ്റാപാക്ക് റിന്യൂവല്‍ ചെയ്യാനുള്ള പണം വേണ്ടേ? അതിലെല്ലാമുപരി വിദ്യാര്‍ഥിക്കു പ്രയോരിറ്റി നല്‍കാന്‍ സാധിക്കുന്ന ഒരു കുടുംബമാവണ്ടേ?
ഒരു താഴ്ന്ന കുടുംബത്തില്‍ ഒരൊറ്റ കമ്പ്യൂട്ടറേ ഉണ്ടാവുകയുള്ളൂ. അത് അച്ഛന്‍ കൈകാര്യം ചെയ്യുന്നതായിരിക്കും. കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് മാത്രമേ അതുപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എല്ലാ മാസവും ഡാറ്റാ റിന്യൂവല്‍ പാക്കിന്റെ ചിലവ് ചെറിയ കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ ഭാരം തന്നെയാണ്. പിന്നെ പാവപ്പെട്ട കുടുംബമാണെങ്കില്‍ അവര്‍ക്ക് അതു അപ്രാപ്യവുമാകും, ചിലപ്പോള്‍ വീട്ടില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൂടെ ഉണ്ടാവില്ല. കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഐപാഡോ ഒരു സ്മാര്‍ട്ട്‌ഫോണ്‍ പോലുമില്ലാത്ത കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് ഇതുമായി എങ്ങനെ പൊരുത്തപ്പെടാന്‍ സാധിക്കും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
2020-ന്റെ തുടക്കത്തില്‍ കേരളത്തില്‍ ഈ വിഷയങ്ങളൊക്കെ പരസ്യപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണ്‍ലൈനായി പഠിപ്പിക്കുന്ന കോഴ്‌സുകള്‍ സൗജന്യമായി വിക്‌ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യാമെന്നേറ്റു. പക്ഷേ നമ്മുടെ രാജ്യത്ത് ഇതുപോലും പ്രാപ്യമല്ലാത്ത സമൂഹങ്ങള്‍ ഉണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്.
ഹൃദയസ്പൃക്കായ ഒരു കഥയുണ്ട്. പത്താംക്ലാസില്‍ പഠിക്കുന്ന ഒരു ദളിത് വിദ്യാര്‍ഥി. എല്ലാ വിഷയങ്ങളിലും ഒന്നാംറാങ്കുകാരി. ഓണ്‍ലൈന്‍ കോഴ്‌സ് വന്നതോടെ എല്ലാം പിറകോട്ടായി. ഈ വിദ്യാര്‍ഥിയുടെ അച്ഛന്‍ ദിവസവേതന ജോലിക്കാരനായിരുന്നു. മഹാമാരി കാരണം വരുമാനം നിലച്ചു. ഭക്ഷണത്തിനു തന്നെ ബുദ്ധിമുട്ടുന്ന കുടുംബത്തില്‍ എങ്ങനെ പണം ചിലവാക്കി ടി വി വാങ്ങും? ഇതോടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെട്ടു. ക്ലാസില്‍ എന്താണ് സംഭവിക്കുന്നതെന്നു പോലും അറിയാന്‍ സാധിക്കാതെ, മാനസിക വിഷമം സഹിക്കാന്‍ കഴിയാതെ അവള്‍ ജീവിതം അവസാനിപ്പിച്ചു. ഇത് നമ്മുടെ നാട്ടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.
മേല്‍പറഞ്ഞ വൈദ്യുതി, ഇന്റര്‍നെറ്റ്, ഗാഡ്‌ജെറ്റ് സംവിധാനങ്ങള്‍ എല്ലാം ഉണ്ടെന്ന് വിചാരിക്കുക. എന്നാലും ഓണ്‍ലൈന്‍ ക്ലാസില്‍ പഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിക്കാന്‍ കഴിവുള്ള എത്ര പേരുണ്ട്? ആ തരത്തില്‍ പഠിപ്പിക്കാന്‍ എത്ര പേര് തയ്യാറാകും? ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നത് നിലവിലെ ക്ലാസ് റൂമുകളിലേക്ക് ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തി കൂടുതല്‍ വൈജ്ഞാനിക വിഭവങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്ന രീതി ആയിരുന്നു. ഇന്ന് അതെല്ലാം കടന്നുപോയിരിക്കുന്നു. തുടര്‍ച്ചയായി ഏഴ്, എട്ട് മണിക്കൂര്‍ ചെറിയ സ്‌ക്രീനില്‍ നോക്കിയിരിക്കുക എന്നത് സാധ്യമല്ല.
വിദ്യാഭ്യാസ മേഖലയില്‍ പഠനമെന്നത് ക്ലാസ്സില്‍ നിന്നും ടെക്സ്റ്റ്ബുക്കില്‍ നിന്നും മാത്രം ലഭിക്കുന്നതല്ലല്ലോ, ഒരു ക്യാമ്പസ് ജീവിതമെന്നാല്‍ മറ്റു വിദ്യാര്‍ത്ഥികളോടൊപ്പം ഇടപഴകിയും സഹകരിച്ചും ചര്‍ച്ച ചെയ്തും, ആശയ സംവാദത്തില്‍ ഏര്‍പ്പെട്ടുമെല്ലാം അനുഭവങ്ങളില്‍ കൂടെയാണ് നമ്മള്‍ അറിവ് സമ്പാദിക്കുന്നത്. ക്ലാസ്‌റൂമിന് പുറത്ത് അധ്യാപകരുമായി നടത്തുന്ന വൈകാരിക പങ്കുവെക്കലുകളും സംശയ നിവാരണങ്ങളുമെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തില്‍ സാധിക്കുമോ എന്നതും സംശയകരമാണ്. അതുകൊണ്ട് പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുള്ള അറിവുകള്‍ കൂടെ നേടുന്നതില്‍ ഓണ്‍ലൈന്‍ രീതി മാത്രം മതിയാകില്ലല്ലോ.
ഓണ്‍ലൈന്‍ വേണ്ട എന്നല്ല. എന്റെ അഭിപ്രായത്തില്‍ അത്യാവശ്യമായ ബഹുമുഖ വിദ്യാഭ്യാസം ഓണ്‍ലൈനായി ചെയ്യുന്നതോടൊപ്പം തന്നെ അധ്യാപകരോടൊപ്പമുള്ള അനുഭവം, ക്യാമ്പസ് ജീവിതം ഇതെല്ലാം നമ്മള്‍ നഷ്ടപ്പെടുത്താതിരിക്കുകയും വേണം.
സര്‍ക്കാരിന്റെ കീഴില്‍ നടത്തുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ വളര്‍ച്ച അത്യാവശ്യമാണ്. ഭാരതത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എന്നത് ഒരു സത്യമാണ്. നമ്മെക്കാള്‍ ചെറിയ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ്. അപ്പോള്‍ ആ സ്ഥിതിയില്‍ വലിയൊരു മാറ്റം കൊണ്ടുവന്നില്ലെങ്കില്‍ നമുക്ക് തോല്‍വിയെ അഭിമുഖീകരിക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ്.
? ഡിജിറ്റല്‍ ഡിവൈഡ്, സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ തുടങ്ങിയ സാമൂഹിക അവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ‘പുതിയ വിദ്യാഭ്യാസ നയം 2020’ ഇന്ത്യയെ ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമാണോ?
പുതിയ വിദ്യാഭ്യാസ നയത്തില്‍ പല വശങ്ങളും ഉണ്ട്. ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ ചെറിയൊരു ഭാഗമാണ്. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഓണ്‍ലൈന്‍ പഠനത്തെ കുറിച്ചുള്ള പരാമര്‍ശം കുറവാണ് എന്നതാണ് ഒരു വിമര്‍ശനം. ഈ പോളിസി എഴുതുന്നത് കോവിഡ് മഹാമാരിയുടെ മുമ്പാണ്. അതിന്റെ കരട് എം പിമാര്‍ക്ക് നല്‍കുന്നത് 2019-ലായിരുന്നു. 2020-ന്റെ ആരംഭത്തില്‍ ഇതിന്റെ പ്രഖ്യാപനം നടത്താനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. അതിനിടയില്‍ കോവിഡ് മഹാമാരി വന്നപ്പോള്‍ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല.
അതിലെ പല കാര്യങ്ങളും എനിക്കിഷ്ടപ്പെട്ടു. പ്രത്യേകിച്ച് മള്‍ട്ടി ഡിസിപ്ലിനറി സമീപനം. മുമ്പ് ഒരു വിഷയത്തില്‍ ഡിഗ്രി എടുത്താല്‍ ആ കോഴ്‌സിന്റെ 90 ശതമാനം അതേ വിഷയത്തില്‍ മാത്രമാകും ഫോക്കസ്. അങ്ങനെയാകുമ്പോള്‍ ഓരോ സബ്ജക്ട് അനുസരിച്ചും സങ്കുചിത ചിന്താഗതി വരാന്‍ സാധ്യതയുണ്ട്. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് യൂണിവേഴ്‌സിറ്റിയില്‍ എല്ലാം പഠിക്കാം. ഫിസിക്‌സില്‍ ഒരു കോഴ്‌സും സാഹിത്യത്തില്‍ ഒരു കോഴ്‌സും ഒരേ സമയം പഠിക്കാം. അതൊരു നല്ല കാര്യമാണ്. ഇത് ഹൈസ്‌കൂളിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. പക്ഷേ ഇതിലെ പ്രായോഗിക പ്രശ്‌നം, എല്ലാ സ്‌കൂളുകള്‍ക്കും ഇതുപോലെ ക്വാളിറ്റി ഓഫര്‍ ചെയ്യാനുള്ള റിസോഴ്‌സസ് ഉണ്ടാവില്ല എന്നതാണ്.
ഒരു സ്‌കൂളില്‍ എന്തുകൊണ്ട് ഗണിതവും സംഗീതവും കൂടെ ഉണ്ടായികൂടായെന്ന് ചോദിക്കുന്നു, എന്നാല്‍ മാത്തമാറ്റിക്‌സ് പഠിപ്പിക്കുന്ന ക്ലാസ്സുകളില്‍ ഹിസ്റ്ററിയും ഹിസ്റ്ററി പഠിപ്പിക്കുന്ന ക്ലാസുകളില്‍ മാത്തമാറ്റിക്‌സും പഠിപ്പിക്കാം. പക്ഷെ സംഗീതം അങ്ങനെയല്ലല്ലോ, അതിന് മ്യൂസിക് ടീച്ചറെ ആവശ്യമുണ്ട്, സംഗീത ഉപകരണങ്ങള്‍ ആവശ്യമുണ്ട്. വ്യത്യസ്ത സംഗീതങ്ങള്‍ക്ക് വ്യത്യസ്ത ഉപകരണങ്ങള്‍ ഉണ്ടാവണം, വെവ്വേറെ ടീച്ചര്‍മാര്‍ ഉണ്ടാവണം. ഇതാണ് ഇതിലെ പ്രായോഗിക ബുദ്ധിമുട്ട്. അതിന്റെ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ മേല്‍ വരുമ്പോള്‍ അവര്‍ ഫീസ് വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികളെ അത് ബാധിക്കാനും കാരണമാകും, തദ്ഫലമായി പണം ഉള്ളവര്‍ക്കേ ഇതെല്ലാം ഉപയോഗപ്പെടുത്താന്‍ സാധിക്കൂ എന്ന അവസ്ഥ വരും.
ഈ പുതിയ വിദ്യാഭ്യാസ നയത്തില്‍ എല്ലാത്തിനും പണം വെച്ച് ചെയ്യുകയാണെങ്കില്‍ നമ്മുടെ പാവപ്പെട്ടവരെ എന്ത് ചെയ്യും? നെഹ്‌റുവിന്റെ കാലം മുതല്‍ നമ്മുടെ വിദ്യാഭ്യാസ മേഖല എല്ലാവരെയും നന്നാക്കാന്‍ ഒരു അവസരം ആയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ 90% ഭാരതീയരും ദാരിദ്ര്യരേഖക്ക് താഴെയായിരുന്നു. അവരെയെല്ലാം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ട അത്യാവശ്യ കാര്യമായിരുന്നു വിദ്യാഭ്യാസം.
നിലവില്‍ നമ്മുടെ പഠനത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ് നമ്മള്‍ ഫീസ് ആയി നല്‍കുന്നത്. ബാക്കി പണം സര്‍ക്കാര്‍ യു ജി സി മുഖേന യുണിവേഴ്‌സിറ്റികള്‍ക്ക് നല്‍കുന്നു, പുതിയ നയം അനുസരിച്ച് അതിനെ നമ്മള്‍ മാറ്റാന്‍ പോവുകയാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. എങ്ങനെയാണ് ഇത്രയും വലിയ ഭാരവും പ്രയാസവും സ്ഥാപനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും അതുവഴി അവരെ കുട്ടികളില്‍ നിന്നും ഭാരിച്ച ഫീ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുക?

? പുതിയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയ്ക്ക് അമിതമായ പ്രാധാന്യം നല്‍കുകയും ഇംഗ്ലീഷ് പോലെയുള്ള പൊതു ഭാഷകള്‍ക്ക് പ്രാധാന്യം കുറയുകയും ചെയ്തു. ഇത് ഇന്ത്യക്കാരെ ലോക എക്കണോമിയില്‍ നിന്നും കരിയര്‍ ഫീല്‍ഡുകളില്‍ നിന്നും പുറംതള്ളുകയില്ലേ?
ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണ്. ഇതില്‍ രണ്ടു ഭാഗത്തും ടെന്‍ഷന്‍ ഉണ്ട്. കേരളത്തില്‍ കന്നട ഭാഷ സംസാരിക്കുന്ന ചിലരുണ്ട്. അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് കന്നടയില്‍ പഠിപ്പിക്കാന്‍ കേരളത്തിനകത്ത് ഒരു സംരക്ഷണം ഉണ്ടാക്കി കൊടുക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. അതുപോലെതന്നെ ഒരു ന്യൂനപക്ഷ ഭാഷക്കാര്‍ സ്വന്തം സ്‌കൂള്‍ സ്ഥാപിക്കാന്‍ ആഗ്രഹിച്ചാല്‍ അതിനു പിന്തുണ കൊടുക്കുകയും വേണം. അതൊക്കെയാണ് പുതിയ നയം.
നമുക്ക് നമ്മുടെ സ്വന്തം ഭാഷയില്‍ പഠിക്കാനുള്ള സൗകര്യം വേണമെന്നത് നല്ലത് തന്നെയാണ്. പക്ഷേ ആ ഭാഷ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എവിടെയാണ് ഉപയോഗിക്കാന്‍ സാധിക്കുക എന്നുകൂടി ആലോചിക്കണം. കേരളത്തിലെ കുട്ടികളുടെ വലിയൊരു പോരായ്മയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യക്കുറവ്. ഒരു കാലത്ത് കേരളം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് എഴുതാനും വായിക്കാനും കഴിവുള്ള കൂടുതല്‍ കുട്ടികള്‍ ഉള്ള നാട് എന്നതായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. 1990-ഓടെ നമ്മുടെ മാധ്യമങ്ങള്‍ മലയാളത്തില്‍ ലഭ്യമായി തുടങ്ങിയതോടെ അധികമാളുകളും ഇംഗ്ലീഷ് ഉപയോഗം കുറച്ചു എന്നതാണ് സത്യം.
മലയാളികളല്ലാത്ത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ അനുസരിച്ച് മലയാളികള്‍ ഓഫീസ് കാര്യങ്ങള്‍ ചെയ്യാനും കാര്യങ്ങള്‍ മനസ്സിലാക്കാനും സാങ്കേതിക വിജ്ഞാനത്തിലുമെല്ലാം മുന്‍പന്തിയിലാണ്. പക്ഷേ അവര്‍ക്ക് സംസാരിക്കാനുള്ള ധൈര്യമില്ല എന്നാണ്. ഒരു കമ്പനിയില്‍ അവര്‍ക്ക് മറ്റുള്ളവരോട് സംസാരിക്കാനോ മറ്റു ബ്രാഞ്ച് ഓഫീസര്‍മാരുടെ ഒപ്പമോ സംസാരിക്കാനുള്ള ഇംഗ്ലീഷും കൂടി അവര്‍ക്ക് ഇല്ലെങ്കില്‍ എങ്ങനെ നന്നായി ജോലി ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിന് മലയാളികള്‍ക്ക് മറുപടി ഇല്ലാത്തത് വലിയൊരു ബുദ്ധിമുട്ടാണ്.
ഭാഷ ഓരോരുത്തരുടെയും അഭിമാനമാണ്. സാഹിത്യം വായിക്കാനോ സംസ്‌കാരം നിലനിര്‍ത്താനോ അത് അനിവാര്യമാണ്. പക്ഷേ ഈ ലോകത്ത് പ്രവര്‍ത്തിക്കാന്‍ ഇംഗ്ലീഷ് അറിയാനും സംസാരിക്കാനുമുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കണം. നമുക്ക് രണ്ടാം ഭാഷയായാലും മൂന്നാം ഭാഷയായാലും ഒരു നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍ നമ്മുടെ കൂടെയുള്ളവര്‍ മറ്റൊരു ഭാഷക്കാരനായിരിക്കാം. അവര്‍ അവരുടെ രണ്ടാം ഭാഷയായ ഇംഗ്ലീഷിലായിരിക്കും നമ്മോട് സംസാരിക്കുക.
ഇംഗ്ലീഷിനെ ഒരിക്കലും മാറ്റിവെക്കരുത്. 800 വര്‍ഷം നമ്മെ കീഴടക്കിയ ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയ ഒരു ഗുണം അവരുടെ ഭാഷയാണ്. അതിനെ നിസ്സാരമായി കാണാതെ, അതിന്റെ ഉപയോഗം മനസ്സിലാക്കി നമ്മുടെ മാതൃഭാഷക്ക് കൊടുക്കുന്ന അതേ പ്രാധാന്യം നല്‍കി, ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള ആത്മവിശ്വാസം നേടിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ നഷ്ടം നമുക്ക് തന്നെയായിരിക്കും.
? രാജ്യത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി തലവനായുള്ള അപെക്‌സ് ബോഡി രൂപീകരിച്ച വിദ്യാഭ്യാസത്തിന്റെ കേന്ദ്രവത്കരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
നമ്മുടെ രാഷ്ട്രീയത്തില്‍ തന്നെ ഒരു കേന്ദ്രീകൃത സ്വഭാവം ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി കൊണ്ടുവന്നിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും അവരുടെ രീതി അങ്ങനെയാണ്. അവരുടെ സങ്കല്പം തന്നെ ‘ഒരു ഇന്ത്യ ഒരു തെരെഞ്ഞെടുപ്പ്’, ‘ഒരു ഇന്ത്യ ഒരു നികുതി’, ‘ഒരു ഇന്ത്യ ഒരു വിദ്യാഭ്യാസ നയം’ എന്നിങ്ങനെയാണ്. എന്തിനേറെ ‘ഒരു ഇന്ത്യ ഒരു നേതാവ്’ എന്നതാണ് അവരുടെ ആവശ്യം. ഇങ്ങനെ രാഷ്ട്രീയം അടിസ്ഥാനമാക്കിയ ഒരു പാര്‍ട്ടി ഭരിക്കുമ്പോള്‍ ഇത് സ്വാഭാവികമായും ഉണ്ടാകും.
നമ്മുടെ ഭരണഘടന അനുസരിച്ച് വിദ്യാഭ്യാസം ഒരു സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിട്ടാണ് തുടങ്ങിയത്. ഇപ്പോള്‍ അതിന്റെ സന്തുലിതത്വം മാറിയിട്ടുണ്ട്. ചില കാര്യങ്ങള്‍ കേന്ദ്രത്തിനും ചില കാര്യങ്ങള്‍ സംസ്ഥാനത്തിനും ചെയ്യാം എന്നായി. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളും ഉണ്ട്. ഹൈസ്‌കൂളുകള്‍ ഭൂരിപക്ഷവും സ്റ്റേറ്റ് തന്നെയാണ്. അതേസമയം കേന്ദ്ര വിദ്യാലയം ഉണ്ട്. ഇങ്ങനെ വിദ്യാഭ്യാസത്തില്‍ അവര്‍ കേന്ദ്രത്തിന്റെ ഒരു സ്വാധീനം കൊണ്ടുവന്നുകഴിഞ്ഞു.
മുമ്പ് വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ ബോര്‍ഡും ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എല്ലാം പ്രധാനമന്ത്രിയായി മാറി. ഇതില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രാധാന്യം എന്തായിരിക്കും, അവര്‍ക്ക് എന്ത് അവകാശത്തോടെ സംസാരിക്കാന്‍ സാധിക്കും, അവരുടെ ബഡ്ജറ്റ് എന്തായിരിക്കും എന്നതെല്ലാം ചോദ്യ ചിഹ്നങ്ങളാണ്.
യു പി എ സര്‍ക്കാരിന്റെ സമയത്ത് ഞങ്ങള്‍ സ്റ്റേറ്റിന് കൂടുതല്‍ പണം കൊടുത്തിരുന്നു. ഇതിനെ ഇപ്പോഴത്തെ സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്റ്റേറ്റ് ബഡ്ജറ്റില്‍ അത്ര പണമില്ല. അവര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ എത്ര പണം ചെലവഴിക്കാന്‍ സാധിക്കും. അതോ അതോറിറ്റിയും പണവും രണ്ടും കേന്ദ്രത്തിന്റെ കയ്യില്‍ മാത്രമായിരിക്കുമോ എന്നതെല്ലാം അവ്യക്തമാണ്. ഇത് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയമാണ.്

? യൂണിവേഴ്‌സിറ്റികള്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും കേന്ദ്രങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യം, അക്കാദമിക സ്വാതന്ത്ര്യം എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പുതിയ അറിവ് നിര്‍മിക്കാന്‍ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികള്‍ എത്രത്തോളം പര്യാപ്തമാണ്?
നമ്മുടെ രാജ്യത്തെ വലിയൊരു ചിന്തയാണ് അക്കാദമിക സ്വാതന്ത്ര്യം എന്നത്. ഇത് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ കാണാന്‍ കഴിയുന്നു. ആദ്യം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും ഗവ. യൂണിവേഴ്‌സിറ്റികളിലുമെല്ലാം അവര്‍ ലീഡര്‍ഷിപ്പ് മാറ്റി. അവരുടെ രാഷ്ട്രീയവിശ്വാസം അവരുടെ ഐഡിയോളജിയുടെ ആളുകളാണ് വെച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പണ്ടുമുതലേ മാറ്റം കൊണ്ടുവന്നു. രാജ്യസുരക്ഷ എന്ന പേരില്‍ കാമ്പസ് സ്വാതന്ത്രത്തെ തടയിടുന്നു. ചില വിഷയങ്ങളില്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത വിദ്യാര്‍ഥികളെ ആക്രമിക്കുന്നു, അവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തുന്നു.
50 വര്‍ഷം മുമ്പ് സര്‍ക്കാറിനെതിരെ സംസാരിച്ച പോലെ ഇപ്പോള്‍ സംസാരിച്ചാല്‍ അവര്‍ക്കെതിരെ ജയിലും രാജ്യദ്രോഹ കുറ്റവുമാണ് ചുമത്താന്‍ പോകുന്നത്. വിദ്യാര്‍ഥി ജീവിതം അവന്റെ വളര്‍ച്ചയുടെ സമയമാണ്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം പര്യവേക്ഷണം ചെയ്യുന്ന ഒരു കാലമാണ്. എന്തുവേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് കൊടുക്കണം, ഒരു ബൗദ്ധികന്റെ വളര്‍ച്ചയില്‍ അതാണ് ഒരു യൂണിവേഴ്‌സിറ്റിയുടെ റോള്‍.
അതിന്റെയൊപ്പം നമ്മള്‍ കാണുന്നത് ഒരുതരം അസഹിഷ്ണുതയാണ്. ഒരു പ്രസംഗകന്റെ പേര് പ്രഖ്യാപിച്ച ഉടനെ ഇയാളെ ഇവിടെ സംസാരിക്കാന്‍ സമ്മതിക്കില്ല എന്ന് ഒരു വിഭാഗം അസഹിഷ്ണുത കാണിക്കുമ്പോഴേക്ക് യൂണിവേഴ്‌സിറ്റി ഉടനെ ആ ഇന്‍വിറ്റേഷന്‍ റദ്ദ് ചെയ്യുന്നു. ഇങ്ങനെ കാണിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ അപകടമാണ്.
നമ്മള്‍ ഇഷ്ടപ്പെടാത്ത ചിന്തകള്‍ കൂടി കേട്ട്, അതിനെ മനസ്സിലാക്കി, അതിനെ എതിര്‍ക്കാനുള്ള കഴിവ് നേടുക എന്നതാണ് നല്ല പൗരന്റെ അടയാളം. നമ്മള്‍ ഭാരതീയ പൗരന്മാരായി തന്നെ നമുക്ക് എതിരോ നമ്മുടെ രാജ്യത്തിന് എതിരോ നമ്മുടെ വിശ്വാസങ്ങള്‍ക്ക് എതിരോ ബുദ്ധിയുള്ള ആളുകള്‍ സംസാരിക്കുന്നത് കേട്ടാല്‍ മാത്രമേ നമ്മുടെ ചിന്തകളെയും ആദര്‍ശത്തെയും ശരിയായ രീതിയില്‍ മനസിലാക്കാനും മൂര്‍ച്ഛ കൂട്ടാനും സാധിക്കൂ. ഒരു അഭിപ്രായം മാത്രം കേട്ട് വളര്‍ന്ന വ്യക്തിക്ക് ഒരിക്കലും അതിന് സാധിക്കില്ല.
മുമ്പ് എല്ലാ ആഴ്ചകളിലും യൂണിവേഴ്‌സിറ്റിയില്‍ സംവാദങ്ങള്‍ നടക്കാറുണ്ടായിരുന്നു. നമ്മെ എതിര്‍ക്കുന്നവരുടെ സംസാരം കൂടി കേട്ട് മനസ്സിലാക്കി നമ്മള്‍ അവരോടൊപ്പം തര്‍ക്കിക്കുന്നതില്‍ -ഒരു പക്ഷെ ജയിച്ചാലും തോറ്റാലും- നമ്മള്‍ക്കറിയും എങ്ങനെയാണ് ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കേണ്ടത് എന്ന്. ആ സംവിധാനത്തെ തകിടംമറിച്ച് അസഹിഷ്ണുതയെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു രാഷ്ട്രീയം നമ്മുടെ രാജ്യത്ത് വന്നിരിക്കുന്നത് വളരെ സങ്കടകരമാണ്.
കുറച്ച് മുമ്പ് കാസര്‍കോട് സെന്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു അധ്യാപകന്‍ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസ്സില്‍ ഫാസിസത്തെ കുറിച്ച് പഠിപ്പിക്കുമ്പോള്‍, ഇപ്പോള്‍ നമ്മെ ഭരിക്കുന്ന പാര്‍ട്ടിയെ ഉദാഹരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഇതാണോ വിദ്യാഭ്യാസമേഖലയിലുള്ള അക്കാദമിക സ്വാതന്ത്ര്യം? പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുണ്ടായി.
ഇങ്ങനെ ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിടുമ്പോള്‍, ഈ ഭാവിയെക്കുറിച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍ ഈ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ മൂല്യം നമ്മള്‍ സംരക്ഷിച്ചിട്ടില്ലെങ്കില്‍ -ഓണ്‍ലൈന്‍ ആയാലും ഓഫ്ലൈന്‍ ആയാലും ശരി- ഇങ്ങനെയുള്ള വിദ്യാഭ്യാസത്തില്‍ എന്തായിരിക്കും വില, ഇന്ത്യയുടെ ഭാവി എന്തായിരിക്കും എന്ന പ്രസക്തമായ ചോദ്യം ചോദിക്കാനുള്ള സമയം അധികരിച്ചിരിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x