1 Tuesday
July 2025
2025 July 1
1447 Mouharrem 5

കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട സുഹൃത്തുക്കള്‍

സി കെ റജീഷ്‌


രണ്ടു സുഹൃത്തുക്കള്‍ ഒരുമിച്ചുള്ള യാത്രയിലാണ്. ഒരാള്‍ക്ക് കാഴ്ച നന്നേ കുറവാണ്. മറ്റെയാള്‍ക്ക് കാലിനു സ്വാധീനക്കുറുണ്ട്. അവരുടെ യാത്ര ദിവസങ്ങള്‍ നീണ്ടു. അവരെത്തിയത് ഒരു കാട്ടിലായിരുന്നു. കാട്ടില്‍ താമസിക്കാന്‍ അവര്‍ ഒരു കുടിലുകെട്ടി. പെട്ടെന്നായിരുന്നു കാട്ടുതീ പടര്‍ന്നത്. കാലിനു സ്വാധീനക്കുറവുള്ളയാള്‍ സുഹൃത്തിന്റെ കൈപിടിച്ചു നടന്നു. പക്ഷേ ആ നടത്തത്തിന് വേഗത ഇല്ലായിരുന്നു. അപ്പോള്‍ കാഴ്ചത്തകരാര്‍ ഉള്ളയാള്‍ സുഹൃത്തിനോട് പറഞ്ഞു: ‘നീ എന്റെ തോളില്‍ കയറിക്കോളൂ. ഞാന്‍ ഓടിക്കൊള്ളാം. വഴിപറഞ്ഞു തന്നാല്‍ മതി.’ അങ്ങനെ അവര്‍ ഇരുവരും കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ടു. യാത്ര തുടര്‍ന്നു.
നമ്മുടെ ഈ ജീവിതവും ഒരുമിച്ചുള്ള യാത്രയാണ്. ഈ യാത്രക്കിടയില്‍ കാട്ടുതീ പോലെ പരക്കുന്ന അപായങ്ങളുണ്ടാവും. പരിധികളില്ലാത്ത ലോകത്ത് കൂടി നാം സഞ്ചരിക്കുമ്പോഴും നാമേറെ പരിമിതികളുള്ളവരാണ്. നമ്മുടെ പരിമിതിയെ മറ്റൊരാളുടെ സഹായം കൊണ്ട് മാത്രമേ നമുക്ക് മറികടക്കാനാവൂ. തനിച്ച് നിന്ന് തപസ്സ് ചെയ്ത് പ്രതിസന്ധികളെ പ്രതിരോധിക്കണമെന്ന് നാം നിര്‍ബന്ധം പിടിക്കരുത്. സ്വന്തം വഴികള്‍ക്ക് എല്ലാ ലക്ഷ്യങ്ങളും സാധൂകരിക്കാനാവില്ലയെന്ന് നാം തീര്‍ച്ചപ്പെടുത്തണം.
നമ്മുടെ ലക്ഷ്യങ്ങളുടെ സാഫല്യമുണ്ടാകുന്നത് കര്‍മവഴികളില്‍ കൂടെ നില്‍ക്കാന്‍ ആളുകളുണ്ടാവുമ്പോഴാണ്. ഒന്നിച്ച് നിന്നാല്‍ മാത്രമേ ചില കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. അരുവികളൊഴുകി പുഴയിലെത്തുന്നു. പുഴകളൊഴുകി കടലിലും എത്തുന്നു. പുഴകള്‍ തനിച്ചൊഴുകാന്‍ തീരുമാനിച്ചാല്‍ കടലിലെത്തുമോ? ചില കര്‍മപദ്ധതികളെങ്കിലും പാതിവഴിയില്‍ വീണു പോവുന്നത് എന്തുകൊണ്ടാണ്? താന്‍പോരിമയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ കര്‍മവഴികള്‍ ലക്ഷ്യത്തിലെത്തിക്കൊള്ളണമെന്നില്ല.
സ്വന്തം കഴിവുകളെ തിരിച്ചറിയുന്നതു പോലെ പരിമിതികളെക്കുറിച്ച് ബോധ്യവും വേണം. അവനവന്റെ കുറവുകളെക്കുറിച്ച് ബോധ്യമുള്ളവന് അപരന്റെ ശക്തിയെ അംഗീകരിക്കാനുള്ള സന്മനസ്സുണ്ടാവും. ചിന്തകളിലും ശേഷികളിലുമുള്ള വൈവിധ്യമാണ് നമ്മുടെ ജീവിത യാത്രയെ ചേതോഹരമാക്കുന്നത്. സഹയാത്രികരുടെ വൈവിധ്യ സിദ്ധികള്‍ കൊണ്ട് സൗന്ദര്യമുള്ളതാക്കാന്‍ സാധിച്ചാല്‍ ജീവിതയാത്രക്ക് അഴകും അര്‍ഥവും കൂടും. ഒരേ ചിന്തകളും ശേഷികളും ഉള്ളവരുടെ കൂടെ മാത്രമുള്ള യാത്ര വിരസമാവും.
വൈവിധ്യങ്ങളുടെ സാകല്യമാണ് സമൂഹം. വ്യക്തികള്‍ കൂടിച്ചേരുന്ന സമൂഹവൃത്തത്തില്‍ വൈവിധ്യങ്ങളുടെ അഴകിനെ അംഗീകരിക്കാന്‍ നമുക്കാവണം. ചിന്തകളില്‍, മനോഭാവങ്ങളില്‍, ശേഷികളില്‍ ഈ വൈവിധ്യം പ്രകടമാണ്. വൈവിധ്യങ്ങളെ വൈരുധ്യമായി കാണുമ്പോള്‍, അവനവനിലേക്ക് മാത്രം പരിമിതപ്പെട്ടുപോകുന്നു. അപരനെ നിസ്സാരമാക്കുന്നവന്‍ സദാ സങ്കുചിത മനസ്സിന്റെ ഇരുണ്ടവൃത്തത്തിലാവും. ഈ സമൂഹത്തിന് മഴവില്ലിന്റെ മനോഹാരിതയുണ്ട്. വര്‍ണവൈവിധ്യങ്ങള്‍ ഇഴുകിച്ചേരുമ്പോഴാണ് ഇണക്കവും ഇമ്പവുമുള്ള സമൂഹമായി അത് സൗന്ദര്യം തീര്‍ക്കുന്നത്. ഓട്ടക്കാരനും ചാട്ടക്കാരനും നീന്തല്‍ക്കാരനും ഒരുമിച്ചാകുമ്പോഴാണ് നമ്മുടെ ഈ ജീവിതയാത്ര സവിശേഷമാകുന്നത്. ലക്ഷ്യസാഫല്യത്തിലേക്ക് അവരൊക്കെ ചില ചുവടുകളാണ്. അറബിയില്‍ ഇങ്ങനെയൊരു തത്വവചനമുണ്ട്. ‘ആളുകള്‍ വംശങ്ങളാണ്. ആളുകള്‍ വെള്ളിയാണ്. ആളുകള്‍ ചെമ്പാണ്. പണം അളക്കുന്ന സ്വര്‍ണമാണ്. ആളുകള്‍ മുത്തും വജ്രവുമാണ്. ആളുകള്‍ ആളുകളാണ്.’

Back to Top