6 Friday
September 2024
2024 September 6
1446 Rabie Al-Awwal 2

അവയവങ്ങള്‍ സാക്ഷി പറയുന്ന ദിനം

എം ടി അബ്ദുല്‍ഗഫൂര്‍


അനസിബ്‌നി മാലിക്(റ) പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ നബിയുടെ അരികെ ഉണ്ടായിരിക്കെ അവിടുന്ന് ചിരിച്ചു. എന്നിട്ട് ചോദിച്ചു: ഞാനിപ്പോള്‍ ചിരിച്ചത് എന്തിനാണെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് നന്നായി അറിയുന്നത്. നബി(സ) പറഞ്ഞു: അന്ത്യദിനത്തില്‍ അല്ലാഹുവും മനുഷ്യനുമിടയിലുണ്ടാവുന്ന സംഭാഷണം ഓര്‍ത്താണ് ഞാന്‍ ചിരിച്ചത്. മനുഷ്യന്‍ പറയും: റബ്ബേ നീയെനിക്ക് അക്രമത്തില്‍ നിന്നു സംരക്ഷണം നല്‍കിയിട്ടില്ലേ? അല്ലാഹു പറയും: അതെ. അപ്പോള്‍ മനുഷ്യന്‍ പറയും: എന്നാല്‍ എന്റെ കാര്യത്തില്‍ എന്റെ ഭാഗത്തുനിന്നുള്ള സാക്ഷികളെ മാത്രമേ ഞാന്‍ അംഗീകരിക്കുകയുള്ളൂ. അപ്പോള്‍ അല്ലാഹു പറയും: ഇന്ന് നിന്റെ കാര്യത്തില്‍ നിന്റെ ശരീരവും നിന്റെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ മാന്യന്മാരായ മാലാഖമാരും സാക്ഷികളായി മതിയാവുന്നതാണ്. ശേഷം അയാളുടെ വായ മുദ്രവെക്കപ്പെടുകയും അവയവങ്ങളോട് സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അപ്പോള്‍ അവന്റെ ചെയ്തികളെപ്പറ്റി അവ സംസാരിക്കും. പിന്നീട് അവന് സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെടും. അപ്പോള്‍ അവന്‍ തന്റെ അവയവങ്ങളെ ശപിക്കുകയും ഞാന്‍ നിങ്ങളെ പ്രതിരോധിച്ച് സംരക്ഷിച്ചിരുന്നില്ലേ, ഇപ്പോള്‍ നിങ്ങളെനിക്കെതിരില്‍ സംസാരിച്ചതിനാല്‍ നിങ്ങള്‍ക്ക് നാശം എന്ന് പറയുകയും ചെയ്യും. (മുസ്്‌ലിം)

ഇഹലോക ജീവിതം നശ്വരവും നൈമിഷികവുമാണ്. പരലോക ജീവിതമത്രെ യഥാര്‍ഥ ജീവിതം. പരലോക വിജയത്തിനായി പണിയെടുക്കാനുള്ള അവസരമാണ് ഇഹലോകത്ത് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നത്. ഇവിടെ ലഭിക്കുന്ന അവസരങ്ങളോരോന്നും കൃത്യവും സൂക്ഷ്മവുമായി ഉപയോഗപ്പെടുത്തുകയാണ് പാരത്രിക മോക്ഷത്തിനുള്ള വഴി.
മനുഷ്യരുടെ വാക്കും പ്രവൃത്തിയും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്. മാത്രവുമല്ല, അതിന് സ്വശരീരം തന്നെ സാക്ഷി പറയുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചാണ് ഈ തിരുവചനം സൂചിപ്പിക്കുന്നത്. ദൈവികമായ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് സ്വന്തം സുഖത്തിനും സ്വാര്‍ഥതാല്പര്യങ്ങള്‍ക്കുമായി ചെയ്തുകൊണ്ടിരിക്കുന്ന തിന്മകള്‍ തുറന്നുകാണിക്കപ്പെടുന്ന വേളയില്‍ ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം ശരീരാവയവങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും നാവുകൊണ്ട് സംസാരിക്കാന്‍ കഴിയാത്തവിധം വായ മുദ്രവെക്കപ്പെടുകയും ചെയ്യുന്നത് അത്യന്തം ഭീതിജനകമത്രെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x