മുഹര്‍റവും നഹ്‌സും
പി കെ മൊയ്തീന്‍ സുല്ലമി
അല്ലാഹു ചില മനുഷ്യര്‍ക്ക് പവിത്രത നല്‍കിയിട്ടുണ്ട്. അത് അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രവാചകന്മാര്‍, സത്യസന്ധര്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരാകുന്നു അവര്‍. ചില സ്ഥലങ്ങള്‍ക്കും അല്ലാഹു പരിശുദ്ധി നല്‍കിയിട്ടുണ്ട്. മക്ക, മദീന എന്നിവ അതിലുള്‍പ്പെടുന്നു. ചില രാപ്പകലുകള്‍ക്ക് ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ദിവസം, ലൈലതുല്‍ ഖദ്ര്‍ എന്നിവ അവയില്‍ പെട്ടതാണ്.
ചില മാസങ്ങള്‍ക്കും അല്ലാഹു പവിത്രത നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് മുഹര്‍റം. ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രങ്ങളാകുന്നു.” (തൗബ 36).
മേല്‍ പറഞ്ഞ പവിത്ര മാസങ്ങള്‍ മുഹര്‍റം, ദുല്‍ഹിജ്ജ, ദുല്‍ഖഅ്ദ്, റജബ് എന്നിവയാകുന്നു. ഒരു മാസം പവിത്രമാണെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ഏത് നല്ല കാര്യവും ചെയ്യാന്‍ അനുയോജ്യമായ മാസം എന്നാണ്. പക്ഷെ, യാഥാസ്ഥിതികരായ ആളുകളുടെ അടുക്കല്‍ മുഹര്‍റം മാസം മോശപ്പെട്ടതും ശകുനപ്പിഴയുള്ള മാസവുമാകുന്നു. പ്രത്യേകിച്ച് മുഹര്‍റം ഒന്നു മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍.
പ്രസ്തുത ദിവസങ്ങളില്‍ കച്ചവടം തുടങ്ങാനോ കല്യാണം നടത്താനോ ഗള്‍ഫിലേക്ക് പോകാനോ മറ്റു കാര്യങ്ങള്‍ ചെയ്യാനോ അവര്‍ തയ്യാറാകാറില്ല. അപ്രകാരം ചെയ്യുന്ന പക്ഷം അത് പരാജയമായിരിക്കും എന്നാണ് അവരുടെ വിശ്വാസം. ദുര്‍ബലവും നിര്‍മിതവുമായ ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വാദം.
മുഹര്‍റം അല്ലാഹു ആദരിക്കുകയും പവിത്രമാക്കുകയും ചെയ്ത മാസമാണ്. അതുകൊണ്ടാണ് അറബ് മാസം മുഹര്‍റം മുതല്‍ തുടക്കം കുറിച്ചത്. അല്ലാഹു ആദരിച്ച ഒന്നിനെയും നാം അനാദരിക്കരുത് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മത ചിഹ്‌നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്ര മാസങ്ങളെയും.” (മാഇദ 2)
ദുര്‍ബലവും നിര്‍മിതങ്ങളുമായ ചില റിപ്പോര്‍ട്ടുകളാണ് അടിസ്ഥാനരഹിതങ്ങളായ അന്ധവിശ്വാസങ്ങള്‍ക്ക് അടിസ്ഥാനം. ഇബ്‌നു അബ്ബാസില്‍(റ) നിന്ന് ഉദ്ധരിക്കപ്പെടുന്ന ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക: അല്ലാഹു ചില ദിവസങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് സൗഭാഗ്യം എന്ന നിലയിലും മറ്റു ചില ദിവസങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ശകുനപ്പിഴയിലുമാണ്. അത് അല്ലാഹു ചിലരെ നരകത്തിനു വേണ്ടിയും മറ്റു ചിലരെ സ്വര്‍ഗത്തിനു വേണ്ടിയും സൃഷ്ടിച്ചതു പോലെയാണ്.
ഏഴു ദിവസങ്ങള്‍ ശകുനപ്പിഴ ഇല്ലാത്തതായി ഒരു മാസവും ഇല്ല. അതില്‍ പെട്ടതാണ് ചൊവ്വാഴ്ച. അന്നാണ് ഖാബീല്‍ ഹാബീലിനെ കൊന്നത്. അഞ്ചാം ദിവസമാണ് (വ്യാഴം) ആദം(അ) സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. യൂസുഫ് നബി(അ) കിണറ്റില്‍ എറിയപ്പെട്ടതും അന്നേ ദിവസം തന്നെയാണ്.
മാസത്തിലെ പതിമൂന്നാം ദിവസമാണ് അയ്യൂബ് നബി(അ) പരീക്ഷിക്കപ്പെട്ടത്. പതിനാറാം ദിവസമാണ് സുലൈമാന്‍ നബിയുടെ(അ) ആധിപത്യം നശിപ്പിക്കപ്പെട്ടത്. ലൂത്വ് നബി(അ)യുടെ ജനത ഭൂമിയില്‍ നിന്ന് ആഴ്ത്തപ്പെട്ടത് ഇരുപത്തി ഒന്നാം ദിവസമാണ്. ഇരുപത്തിനാലാം ദിവസമാണ് ഫിര്‍ഔന്‍ ജനിച്ചത്. അന്നു തന്നെയാണ് നൂഹിന്റെ (അ) ജനത മുക്കിക്കൊല്ലപ്പെട്ടത്. ഇബ്‌റാഹീം നബി(അ) തീക്കുണ്ഠത്തില്‍ എറിയപ്പെട്ടത് ഇരുപത്തിയഞ്ചാം ദിവസമാണ്.
ബുധനാഴ്ച ദിവസം മാസത്തിന്റെ അവസാന ദിനമായി വരുന്ന പക്ഷം ആ ദിവസം ശകുനപ്പിഴ നിലനില്‍ക്കും. ആദ് സമുദായത്തിന്റെ മേല്‍ കാറ്റിനെ അയക്കപ്പെട്ടതും സമൂദ് സമുദായത്തിന്റെ മേല്‍ അട്ടഹാസം സൃഷ്ടിക്കപ്പെട്ടതും അതേ ദിവസം തന്നെയാണ്’ (ഇബ്‌നുല്‍ ജൗസി, തദ്കിറതുല്‍ മൗദ്വൂആത്തി)
നിര്‍മിത ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് തദ്കിറതുല്‍ മൗദ്വൂആത്തി. മേല്‍ പറഞ്ഞ ഹദീസ് നിര്‍മിതമാണെന്ന് അതിലെ അവ്യക്ത പ്രയോഗങ്ങള്‍ കൊണ്ട് തന്നെ മനസ്സിലാക്കാന്‍ കഴിയും. ഹദീസിന്റെ ആശയത്തിലും അവ്യക്തതകളുണ്ട്. ഉദാഹരണത്തിന് സുലൈമാന്‍ നബി(അ)യുടെ ആധിപത്യം എന്നത് അദ്ദേഹത്തിന്റെ മുഅ്ജിസത്ത് ആയിരുന്നു. അത് തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല.
നബി(സ)യുടെ പേരില്‍ നിര്‍മിക്കപ്പെട്ട മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”ശനിയാഴ്ച ദിവസം വഞ്ചനയുടെയും ചതിയുടെയും ദിനമാണ്. ഞായറാഴ്ച കൃഷിയുടെയും നിര്‍മാണത്തിന്റെയും ദിനമാണ്. തിങ്കളാഴ്ച യാത്രയുടെയും ഭക്ഷണം തേടുന്നതിന്റെയും ദിനമാണ്. ചൊവ്വാഴ്ച എതിര്‍പ്പിന്റെയും പ്രയാസത്തിന്റെയും ദിനമാണ്.” (താരീഖ് ദിമിശ്ഖ്)
ശകുനപ്പിഴയുടെ ആള്‍ക്കാര്‍ ശീഅകളാണ്. അലിയുടെ(റ) പുത്രന്‍ ഹുസൈന്‍(റ) കര്‍ബലയില്‍ വെച്ച് വധിക്കപ്പെട്ടത് മുഹര്‍റം പത്തിനായിരുന്നു. അതിനാല്‍ ശീഅകള്‍ മുഹര്‍റം പത്തിനെ നഹ്‌സുള്ള (ശകുനപ്പിഴയുള്ള) ദിവസമാക്കി. കേരളത്തിലെ സമസ്തക്കാര്‍ ഒരു പടിയും കൂടി മുന്‍കടന്ന് മുഹര്‍റം ഒന്നു മുതല്‍ പത്തുവരെ നഹ്‌സുള്ള ദിനങ്ങളാക്കി.
ഇസ്‌ലാമില്‍ അങ്ങനെ ഒരു ദിനമുണ്ടായിരുന്നെങ്കില്‍ അത് അബൂത്വാലിബോ ഖദീജ(റ)യോ മരണപ്പെട്ട ദിനങ്ങളായിരുന്നു ആകേണ്ടിയിരുന്നത്. നബി(സ) ഏറ്റവുമധികം വേദനിച്ച ദിനങ്ങളായിരുന്നു അവ. അല്ലെങ്കില്‍ ഉമര്‍(റ) കുത്തേറ്റു മരിച്ച ദിനമോ നബി(സ)യുടെ പിതൃവ്യന്‍ ഹംസ(റ) അടക്കം എഴുപതു പേര്‍ ദാരുണമായി വധിക്കപ്പെട്ട ഉഹ്ദ് ദിനമോ നബി(സ) നഹ്‌സുള്ള ദിനമായി പ്രഖ്യാപിക്കുമായിരുന്നു.
ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ഇസ്‌ലാം എതിരാണ്. കാലക്കേടു കൊണ്ടല്ല നമുക്ക് വിഷമങ്ങളും അപകടങ്ങളും ഉണ്ടായിത്തീരുന്നത്. മറിച്ച് നമ്മുടെ പ്രവര്‍ത്തന ദോഷം കൊണ്ടാണ്. അല്ലാഹു പറയുന്നു: ”മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു കാരണത്താല്‍ കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു.” (റൂം 41)
കാലത്തിന് വ്യത്യാസം വരുത്തുന്നത് അല്ലാഹുവാണ്. അതിനാല്‍ കാലത്തെ പഴിക്കല്‍ അല്ലാഹുവിനെ പഴിക്കുന്നതിന് തുല്യമാണ്. നബി(സ) പറയുന്നു: ”നിങ്ങള്‍ കാലത്തെ പഴിക്കരുത്. നിശ്ചയമായും കാലം എന്ന് പറയുന്നത് അല്ലാഹുവാണ്” (ബുഖാരി).
ശകുനം നോക്കലും ലക്ഷണം നോക്കലും വിശ്വാസപരമായി ശിര്‍ക്കില്‍ പെട്ടതാണ്. നബി(സ) മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു: ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്. (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍). ലക്ഷണം നോക്കല്‍ ശിര്‍ക്കന്‍ ആചാരമാണ്. അത് ശിര്‍ക്കാകാനുള്ള കാരണം ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ”ലക്ഷണം നോക്കപ്പെടുന്ന വസ്തു ഒരു ഉപകാരം വലിച്ചുകൊണ്ടുവരുമെന്നോ ഒരു ഉപദ്രവം തടുക്കുമെന്നോ ഉള്ള വിശ്വാസം അതിലുള്ളതുകൊണ്ടാണ് അത് ശിര്‍ക്കായിത്തീര്‍ന്നത്.” (ഫത്ഹുല്‍ബാരി 13: 130)
ലക്ഷണം നോക്കപ്പെടുന്ന വസ്തു ഉപകാരമോ ഉപദ്രവമോ ചെയ്യുമെന്നത് അദൃശ്യമായ നിലയിലായതു കൊണ്ടാണ് അത് ശിര്‍ക്കായിത്തീര്‍ന്നത്. അദൃശ്യമായ നിലയില്‍ ഖൈറും ശിര്‍ക്കും വരുത്താന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. ലക്ഷണം നോക്കി കാര്യങ്ങള്‍ വിലയിരുത്തല്‍ മുശ്‌രിക്കുകളുടെ സമ്പ്രദായമാണ്.
അന്താക്കിയ പട്ടണത്തില്‍ പ്രവാചകന്മാര്‍ വന്നപ്പോള്‍ ആ നാട്ടുകാരുടെ പ്രതികരണം അല്ലാഹു വിശദീകരിക്കുന്നു: ”അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങള്‍ ഇതില്‍ നിന്ന് വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും.” (യാസീന്‍ 18).
മൂസാ നബി(അ)യുടെ ജനതയുടെ പ്രതികരണവും അപ്രകാരമായിരുന്നു. അല്ലാഹു പറയുന്നു: ”ഇനി അവര്‍ക്ക് വല്ല തിന്മയും ബാധിക്കുന്ന പക്ഷം അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്.” (അഅ്‌റാഫ് 131).
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈതമി(റ) നഹ്‌സ് നോക്കുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”അത് യഹൂദികളുടെ ചര്യയാണ്. സ്രഷ്ടാവില്‍ കാര്യങ്ങള്‍ ഭരമേല്പിക്കുന്ന മുസ്‌ലിംകളുടെ ചര്യയില്‍ പെട്ടതല്ല. ഈ വിഷയത്തില്‍ അലി(റ)യില്‍ നിന്നു ഉദ്ധരിക്കപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും അടിത്തറയില്ലാത്തതുമാണ്.” (ഫതാവല്‍ ഹദീസിയ്യ, പേജ് 23)
ഒരാള്‍ വെറുക്കുന്ന വല്ല കാര്യവും കണ്ടാല്‍ ഇപ്രകാരം പ്രാര്‍ഥിക്കേണ്ടതാണ്:
നബി(സ)യോട് ചോദിക്കപ്പെട്ടു: റമദാനിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് ഏതാണ്? നബി(സ) പറഞ്ഞു: നിങ്ങള്‍ മുഹര്‍റം എന്നു വിളിക്കുന്ന അല്ലാഹുവിന്റെ മാസമാണത്.” (അഹ്മദ്, മുസ്‌ലിം, അബൂദാവൂദ്)
മുഹര്‍റം പത്തിലെ നോമ്പ് (ആശൂറാഅ്) നബി(സ) നോല്‍ക്കുന്നതിന് മുമ്പ് തന്നെ ഖുറൈശികളും, മൂസാ നബി(അ) ഫിര്‍ഔനിന്റെ ശര്‍റില്‍ നിന്ന് രക്ഷപ്പെട്ടതിന് നന്ദിയായി യഹൂദികളും അനുഷ്ഠിച്ചിരുന്നു. ”ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ മുഹര്‍റം പത്ത് നോമ്പ് അനുഷ്ഠിച്ചിരുന്നു.” (ബുഖാരി, മുസ്‌ലിം).
”നബി(സ) മദീനയില്‍ നിന്ന് വന്നപ്പോള്‍ യഹൂദികള്‍ ആശൂറാഅ് നോമ്പ് അനുഷ്ഠിച്ചിരുന്നു. അതിനെക്കുറിച്ച് നബി(സ) അവരോട് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: മൂസാ നബി(അ)യെ അല്ലാഹു ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുത്തിയ ദിവസമായതുകൊണ്ടാണ് നോമ്പനുഷ്ഠിക്കുന്നത്. അപ്പോള്‍ നബി പറഞ്ഞു: നിങ്ങളേക്കാള്‍ മൂസാ(അ)യോട് കടപ്പെട്ടവന്‍ ഞാനാണ്. അങ്ങനെ നബി(സ) നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ കല്പിക്കുകയും ചെയ്തു.” (ബുഖാരി, മുസ്‌ലിം)
എന്നാല്‍ യഹൂദികള്‍ക്ക് വിരുദ്ധമായിക്കൊണ്ട് മുഹര്‍റം ഒമ്പതും കൂടി അനുഷ്ഠിക്കാന്‍ നബി തിരുമേനി തീരുമാനിക്കുകയുണ്ടായി. ”അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അടുത്ത വര്‍ഷം ഞാന്‍ മുഹര്‍റം ഒമ്പതിനും നോമ്പ് അനുഷ്ഠിക്കും. എന്നാല്‍ അടുത്ത വര്‍ഷം വരുന്നതിന് മുമ്പ് നബി(സ) മരണപ്പെടുകയുണ്ടായി.” (മുസ്‌ലിം, അബൂദാവൂദ്) ആ നിലയില്‍ മുഹര്‍റം ഒമ്പതില്‍ നോമ്പ് അനുഷ്ഠിക്കല്‍ സുന്നത്താണ്. മുഹര്‍റം പത്ത് അനുഷ്ഠിക്കല്‍ പ്രബലമായ സുന്നത്തുമാണ്. നബി(സ) ചെയ്തിട്ടില്ലെങ്കിലും ചെയ്യാന്‍ ഉദ്ദേശിച്ചതും സുന്നത്തില്‍ ഉള്‍പ്പെടും.
ഇബ്‌നുജഹര്‍(റ) സുന്നത്തിനെ വിശദീകരിക്കുന്നതു ശ്രദ്ധിക്കുക: ”നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകരിച്ചു കൊടുക്കുന്ന കാര്യങ്ങള്‍, നബി(സ) ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ എന്നിവയെല്ലാം സുന്നത്തില്‍ ഉള്‍പ്പെടുന്നതാണ്.” (ഫത്ഹുല്‍ബാരി 17:52).
നബി(സ) പറഞ്ഞു: ”ആശൂറാഅ് നോമ്പ്, കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങളെ പൊറുക്കുന്നതാണ്.” (അല്‍ജമാഅ: ബുഖാരി, തിര്‍മിദി ഒഴിച്ച്).