കാട്ടുതീ: ഇസ്രായേലിന്റെ സഹായം നിരസിച്ച് തുര്‍ക്കി

കഴിഞ്ഞ ഒരാഴ്ചയായി തുര്‍ക്കിയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ അണയുന്നില്ല. ഇതിനകം 35 പ്രവിശ്യകളിലായി നൂറുകണക്കിന് ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. അതേസമയം, കാട്ടുതീ അണയ്ക്കാന്‍ ഇസ്രായേല്‍ വാഗ്ദാനം ചെയ്ത സഹായം തുര്‍ക്കി നിരസിച്ചു. തുര്‍ക്കിയിലെ ഇസ്രായേലി എംബസിയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഈ ആരോപണം തുര്‍ക്കി നിരസിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ പ്രതിനിധി തുര്‍ക്കി പ്രതിനിധിയുമായി സംസാരിച്ചപ്പോള്‍ തങ്ങളുടെ സഹായ വാഗ്ദാനം അറിയിച്ചെന്നും എന്നാല്‍ ഇപ്പോള്‍ ആവശ്യമില്ലെന്നുമാണ് അറിയിച്ചതെന്നും ഇസ്രായേല്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കാട്ടുതീ ഇപ്പോള്‍ നിയന്ത്രണാതീതമായെന്നാണ് തുര്‍ക്കി അറിയിച്ചത്. തങ്ങളുടെ സഹായം ഇനിയും ആവശ്യപ്പെടുകയാണെങ്കില്‍ നല്‍കാമെന്നും ഇസ്രായേല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂലൈ 28ന് ആരംഭിച്ച തീപിടുത്തത്തിന്റെ 138 എണ്ണത്തില്‍ 129 ഉം നിയന്ത്രണവിധേയമായിട്ടുണ്ടെന്നും നാല് പ്രവിശ്യകളിലായി ഒന്‍പത് വനമേഖല കൂടിയാണ് ഇനി തീ കെടുത്താനുള്ളതെന്നും തുര്‍ക്കി അറിയിച്ചു. അടിയന്തര സഹായം വൈകുന്നതും തീയണക്കാന്‍ വ്യോമസഹായം അപര്യാപ്തമായതും ജനങ്ങളെ പ്രകോപിച്ചിട്ടുണ്ട്.
അതേസമയം ഗ്രീസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുട സഹായവും തുര്‍ക്കി നിരസിച്ചുവെന്നും റഷ്യ, യുക്രൈന്‍, അസര്‍ബൈജാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സഹായം മാത്രമാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
