മനുഷ്യ മഹാസമ്മേളനത്തിലേക്ക്
എന്‍ജി. പി മമ്മദ് കോയ
പ്രഭാത സൂര്യന്റെ വരവിന് മുമ്പ് തന്നെ അറഫാ യാത്രക്ക് ഞങ്ങള്‍ തയ്യാറായി. മിനയില്‍ നിന്ന് മെട്രോ ട്രെയിനിലാണ് യാത്ര. ഇന്ത്യക്കാരുടെ തമ്പില്‍ നിന്ന് കേവലം 10 മിനിട്ട് നടന്നാലെത്തുന്ന ദൂരത്താണ് സ്റ്റേഷന്‍. മുമ്പ് മുതവ്വിഫ് ഒരുക്കിയ ബസ്സുകളിലായിരുന്നു അറഫ യാത്ര! മറ്റു സ്വകാര്യ വാഹനങ്ങളിലും കാല്‍ നടയായും ഹാജിമാര്‍ അറഫയിലേക്ക് പോകുന്നുണ്ട്. അറഫയിലേക്കുള്ള എല്ലാ റോഡുകളും അരിച്ചരിച്ച് പോകുന്ന വാഹനങ്ങളെ കൊണ്ടും കാല്‍നടക്കാരായ ഹാജിമാരെ കൊണ്ടും നിറഞ്ഞിരിക്കും.
ഇന്ത്യയിലെയും മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളിലെയും ഹാജിമാരുടെ യാത്ര മെട്രോ ട്രെയിനിലാണ്. ലക്ഷക്കണക്കിന് ഹാജിമാര്‍ മെട്രോ സ്റ്റേഷന്‍ പരിസരത്ത് തിങ്ങി നിറഞ്ഞു നില്‍ക്കുകയാണ്. നാലു മണിക്കൂറുകളോളം കാത്തിരിപ്പു തുടര്‍ന്നു. അത്യാവശ്യത്തിന് വെള്ളവും മറ്റും കരുതുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ ഉപകാരപ്പെടും.
ഓരോ ഇരുപത് മിനുട്ടിലും ട്രെയിന്‍ വരികയും ഹാജിമാരെ കയറ്റി പോകുകയും ചെയ്യുന്നുണ്ട്. കൊല്ലത്തില്‍ ഏഴു ദിവസം ഹാജിമാര്‍ക്ക് സര്‍വ്വീസ് നടത്താന്‍ വേണ്ടി മാത്രമാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. ഇതിന് മശാഇര്‍ ട്രെയിന്‍ എന്നാണ് പറയപ്പെടുന്നത്. മിനാ, മുസ്ദലിഫ, അറഫ എന്നീ സ്ഥലങ്ങളെ ബന്ധിച്ച് 18.2 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇതെടുക്കുന്ന സമയം കേവലം 15 മിനിട്ടില്‍ താഴെ മാത്രം. ഒരു കംപാര്‍ട്ട്‌മെന്റില്‍ 250 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോഗികളടങ്ങിയതാണ്. ഓരോ കംപാര്‍ട്ട്‌മെന്റിലും 50 യാത്രക്കാര്‍ക്ക് ഇരിക്കാന്‍ മാത്രമേ സീറ്റുകളുള്ളൂ. പ്രായമായവര്‍ക്കും അവശര്‍ക്കും അത് നല്കി മറ്റുള്ളവര്‍ നില്‍ക്കുകയാണ് ചെയ്യുക. മിനായിലും മുസ്ദലിഫയിലും അറഫയിലും മൂന്നു വീതം സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ സ്റ്റേഷനുകളിലും ഹാജിമാരെ ട്രെയിനിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരും വളണ്ടിയര്‍മാരുമുണ്ട്.
അറഫ സ്റ്റേഷനില്‍ നിന്ന് ട്രെയിനിറങ്ങി ജന സാഗരത്തിന്റെ ഒഴുക്കിലൂടെ താഴ്‌വര ലക്ഷ്യമാക്കി നടന്നു. അന്തരീക്ഷത്തിന്റെ ഊഷ്മാവ് കൂടി വരുന്നു. കയ്യില്‍ കരുതിയ വെളുത്ത കുടകള്‍ ചൂടിയാണ് യാത്ര! ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…. തല്‍ബിയത്തിന്റെ സംഗീതാത്മകമായ ധ്വനികളാല്‍ അന്തരീക്ഷത്തിലെ ചൂടും നടക്കുന്നതിന്റെ പ്രയാസവും അറിയുന്നില്ല.
അറഫയുടെ അതിര്‍ത്തി സൂചിപ്പിക്കുന്ന സൂചക ഫലകത്തിന്റെ അടുത്ത് തന്നെയാണ് ഞങ്ങളുടെ ഗ്രൂപ്പിന് സൗകര്യമൊരുക്കിയിരുന്നത്! താല്‍ക്കാലിക വേലികള്‍ കൊണ്ട് അതിരിട്ട ഒരു ക്യാമ്പ്. 30, 50 ഹാജിമാര്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള വ്യത്യസ്ത വലിപ്പമുളള ടഫ്‌ളോണ്‍ ടെന്റുകള്‍. അടിയില്‍ പരവതാനി വിരിച്ച് സൗകര്യപ്പെടുത്തിയ പ്രാര്‍ഥനാസ്ഥലം!
മുമ്പ് അറഫാ മൈതാനിയില്‍ തമ്പുകളോ തണല്‍ മരങ്ങളോ ഉണ്ടായിരുന്നില്ല. ലക്ഷോപലക്ഷം ഹാജിമാര്‍ ചൂടും വെയിലുമനുഭവിച്ച് കൈകളുയര്‍ത്തി പ്രാര്‍ഥനകളില്‍ മുഴുകുകയായിരുന്നു. ഇന്ന് പക്ഷെ വെയിലേല്‍ക്കാത്ത ടഫ്‌ളോണ്‍ ടെന്റുകളും പരുപരുത്ത കാര്‍പറ്റുകളുമുണ്ട്. ചൂടുകുറക്കാന്‍ വാട്ടര്‍ കൂളറുകളും ഹൈ സ്പീഡ് ഫാനുകളും സംവിധാനിച്ചിട്ടുണ്ട്. അറഫയിലുടനീളം തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. നടപ്പാതയിലും റോഡിന്നിരുവശവും തണുത്ത വെള്ളം സ്‌പ്രേ ചെയ്യുന്ന അനേകം യൂണിറ്റുകള്‍ സംവിധാനിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം വേപ്പു മരങ്ങള്‍ ഈ മരുഭൂമിയില്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ടെന്ന് ട്രെയ്‌നര്‍ പറഞ്ഞു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യ നല്കിയതാണ് ഈ മരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ദൂരെ ജബലുറഹ്മയും വെളുത്ത സ്തൂപവും കാണുന്നുണ്ട്. അതിനടുത്തു നമീറ മസ്ജിദുണ്ട്. മധ്യാഹ്ന പ്രാര്‍ഥനയോടനുബന്ധിച്ചാണ് അറഫയില്‍ നില്‌ക്കേണ്ടത്. ദ്വുഹര്‍, അസര്‍ എന്നിവ ഒന്നിച്ചും റക്അത്തുകളുടെ എണ്ണം കുറച്ചുമാണ് (ജംഉം കസറും) അറഫയില്‍ നമസ്‌കരിക്കേണ്ടത്. അതോടനുബന്ധിച്ച് നമീറ പള്ളിയില്‍ ഒരു പ്രഭാഷണവുമുണ്ടാകും. 10 ഭാഷകളില്‍ തര്‍ജമ ചെയ്യപ്പെടുന്ന ഈ പ്രസംഗം നിര്‍വഹിക്കുന്നത് സുഊദി ഉന്നത പണ്ഡിത സഭയിലെ ഒരുഅംഗമായിരിക്കും. റസൂലിന്റെ(സ) ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തിന്റെ സ്മരണകളുയര്‍ത്തുന്നതാണ് ഈ ഖുതുബ.
നമസ്‌കാരം നിര്‍വഹിക്കാനും ഖുതുബ ശ്രവിക്കാനും നമീറ പള്ളിയില്‍ വിശ്വാസികളുടെ വന്‍ തിരക്കാണ്! ഏതാണ്ടെല്ലാ ഹാജിമാരും നമീറ പള്ളി പരിസരത്തേക്കും ജബലു റഹ്മയിലേക്കും എത്താനാണ് ശ്രമിക്കുക. ആ ഭാഗത്തേക്ക് അടുക്കാന്‍ കഴിയാത്ത തിരക്കായിരിക്കും. അറഫയുടെ അതിരിന്നുള്ളില്‍ എവിടെ നിന്നും നമസ്‌കരിക്കാവുന്നതും പ്രാര്‍ഥിക്കാവുന്നതുമാണ്. നമീറ പള്ളിയില്‍ നിന്ന് തന്നെ നമസ്‌കരിക്കേണ്ടതില്ല. നമീറ മസ്ജിദിന്റെ ചില ഭാഗങ്ങള്‍ അറഫയുടെ അതിരിന് പുറത്താണെന്ന് പറയപ്പെടുന്നുണ്ട്. അതുകൊണ്ട് പള്ളിയില്‍ കയറാന്‍ അവസരം കിട്ടിയാലും നമസ്‌കാരം കഴിഞ്ഞാല്‍ അറഫയുടെ അതിരിനുള്ളില്‍ അല്പ സമയം നില്ക്കുന്നതാണ് സൂക്ഷ്മതക്ക് നല്ലത്.
ഞങ്ങള്‍ അനുവദിക്കപ്പെട്ട ടെന്റിനുള്ളിലും പുറത്തുമായി പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി. പ്രാര്‍ഥനക്ക് ഉത്തരം നല്കുമെന്ന് ഉറപ്പായ സ്ഥലമാണ് അറഫ. ‘പ്രാര്‍ഥനകളില്‍ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥന അറഫാദിനത്തിലെ പ്രാര്‍ഥനയാണെന്ന്’ റസൂല്‍ അരുളിയിട്ടുണ്ട്. ഒരു വര്‍ഷത്തിലെ ദിവസങ്ങളില്‍ പ്രാര്‍ഥനക്ക് ഏറ്റവും അനുയോജ്യമായ ദിവസം അറഫ ദിനമാണെന്ന് ഇമാം ഗസ്സാലിയെ പോലുള്ള പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്നതും അവന്റെ മഹത്വത്തെ പ്രകീര്‍ത്തനം ചെയ്യുന്നതുമായ ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു…….. ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു യുഹ്‌യീ വയുമീതു വഹുവ അലാ കുല്ലി ശൈഇന്‍ കദീര്‍ (അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ ഏകനാണ്. അവന് ഒരു പങ്കാളിയുമില്ല. എല്ലാ ആധിപത്യവും സ്തുതിയും അവന് അവകാശപ്പെതാണ്. അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ!) എന്നീ കീര്‍ത്തനങ്ങളാണ് അറഫ മൈതാനിയിലെത്തിയാല്‍ ഉരുവിടേണ്ടത്.
ഞാന്‍ ടെന്റില്‍ നിന്നിറങ്ങി ക്യാമ്പിന്റെ പ്രവേശന കവാടത്തിനടുത്തുള്ള മരത്തിന് ചുവട്ടില്‍ മുസല്ല വിരിക്കാന്‍ ഒരിടം കണ്ടെത്തി. അങ്ങിങ്ങായി ഓരോ ഹാജിമാര്‍ കണ്ണീരൊഴുക്കി ശബ്ദമുയര്‍ത്തി പ്രാര്‍ഥിക്കുന്നു. മുസല്ല ഖിബ്‌ലക്ക് അഭിമുഖമായി വിരിച്ച് അല്പം ഖുര്‍ആന്‍ പാരായണം ചെയ്ത് മനസ്സ് പാകപ്പെടുത്തി. പിന്നെ ഇരു കൈകളുമുയര്‍ത്തി പ്രാര്‍ഥിച്ചു. ചുറ്റു ഭാഗത്തുള്ളതൊന്നും കാണാത്ത രീതിയില്‍ എല്ലാം അല്ലാഹുവിലര്‍പ്പിച്ചു പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിച്ചു. കുടുംബത്തിന് വേണ്ടി, നാടിന് വേണ്ടി, പ്രാര്‍ഥനകൊണ്ട് ഒസ്യത്ത് ചെയ്തവര്‍ക്ക് വേണ്ടി മനമുരുകി പ്രാര്‍ഥിച്ചു.
പെട്ടെന്നാണ് കനത്ത മഴ വര്‍ഷിച്ചത്. മരുഭൂമിയില്‍ ഇത്ര ശക്തിയില്‍ മഴപെയ്യുമോ? ശക്തമായ കാറ്റും ഇടിയും. പെട്ടെന്ന് അന്തരീക്ഷം ഇരുണ്ട നിറമായി! മുസല്ലയും ഇരുന്ന സ്ഥലവും വെള്ളത്തിലായി. കാരുണ്യത്തിന്റെ മഴ വര്‍ഷം ഹാജിമാരുടെ ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കി.
മഴ ശമിച്ചപ്പോഴാണ് സലീനയെ കുറിച്ച് ഓര്‍ത്തത്. ടെന്റില്‍ സുരക്ഷിതമായിരിക്കുമെന്ന വിശ്വാസമായിരുന്നു. മഴയുടെ വരവോടെ മനസ്സ് കൂടുതല്‍ പ്രാര്‍ഥനാ നിര്‍ഭരമാകുകയും ദുനിയാവില്‍ നിന്ന് അക്ഷരാര്‍ഥത്തില്‍ വിട്ടുപോകുകയും ചെയ്തിരുന്നു. നനഞ്ഞ് കുതിര്‍ന്ന് ഇഹ്‌റാം ഡ്രസ്സും മുസല്ലയുമായി ടെന്റിനടുത്തെത്തിയപ്പോള്‍ അത്ഭുതവും തെല്ലൊരു ഭയവുമുണ്ടായി! ടെന്റ് മേഞ്ഞിരുന്ന ടെഫ്‌ളോണ്‍ ഷീറ്റ് കാറ്റില്‍ പാറിപ്പോയിരിക്കുന്നു. വെള്ളം നിറഞ്ഞു കാര്‍പ്പറ്റ് കുതിര്‍ന്നു കിടക്കുന്നു! വാട്ടര്‍ കൂളറും ഫാനും വീണുകിടക്കുന്നു.
ഭാര്യയെയും സഹഹാജിമാരെയും കാണുന്നില്ല. ഞങ്ങളുടെ തമ്പില്‍ നിന്ന് എല്ലാവരും കുറച്ചകലെയുള്ള സുരക്ഷിതമായ ടെന്റില്‍ അഭയം തേടിയിരിക്കുകയാണ്. സലീന എന്നെ കുറിച്ചുള്ള ഉല്‍കണ്ഠയിലായിരുന്നു!
ആരുടെ മുഖത്തും ഭയത്തിന്റെ ലക്ഷണമൊന്നുമില്ല. മഴ എല്ലാവരും വലിയ അനുഗ്രഹമായെടുത്തിരിക്കയാണ്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹ വര്‍ഷത്തിന്റെ അനുഭവ സ്മരണയില്‍ സൂര്യാസ്തമയം കാത്ത് ഞങ്ങള്‍ അല്പം നനവ് കുറഞ്ഞ സ്ഥലത്ത് മുസല്ല വിരിച്ചിരുന്നു വീണ്ടും പ്രാര്‍ഥനയില്‍ മുഴുകി.