മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനാവകാശം ഹൈക്കോടതി വിധി ചരിത്രപരം – എം ജി എം
കോഴിക്കോട്: കോടതി കയറാതെ തന്നെ മുസ്‌ലിം സ്ത്രീക്ക് മതനിയമമനുസരിച്ച് വിവാഹ മോചനം നേടാന്‍ അവകാശം നല്‍കുന്ന കേരള ഹൈക്കോടതിയുടെ ഖുല്‍അ് വിധി ചരിത്രപരമാണെന്ന് എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ദാമ്പത്യ ജീവിതം തീര്‍ത്തും അസാധ്യമായിട്ടും വിവാഹ മോചനം നല്‍കാതെ മുസ്‌ലിം സ്ത്രീകളെ കഷ്ടപ്പെടുത്തുന്നതിന് അറുതി വരുത്തുന്ന വിധിപ്രസ്താവം നടത്തിയ ഹൈക്കോടതിയെ യോഗം അഭിനന്ദിച്ചു.
എല്ലാവിധ അനുരഞ്ജനങ്ങളും പരാജയപ്പെട്ടിട്ടും വിവാഹ മോചനം സാധ്യമാവാതെ വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങേണ്ട ഗതിയാണ് നിലവിലുണ്ടായിരുന്നത്. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം പുരുഷന് ത്വലാഖ് സ്വാതന്ത്ര്യം ഉള്ളതോടൊപ്പം തന്നെ സ്ത്രീക്ക് ഖുല്‍അ് (പുരുഷനെ വിവാഹ മോചനം) ചെയ്യാന്‍ അവകാശവുമുണ്ട്. എന്നാല്‍ ശരീഅത്ത് പ്രകാരമുള്ള ഖുല്‍ഇന് നിലവില്‍ നിയമസാധുത കല്പിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഖുല്‍അ് നിയമ വിധേയമാക്കി ഹൈക്കോടതി വിധി പ്രസ്താവം നടത്തിയത്. ഇസ്‌ലാമിക ശരീഅത്ത് സ്ത്രീക്ക് നല്കിയ അഭിമാനകരമായ അവകാശം വ്യക്തമാക്കുന്നത് കൂടിയാണ് കോടതി വിധിയെന്ന് എം ജി എം വിലയിരുത്തി.
പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. റുക്‌സാന വാഴക്കാട്, റാഫിദ ഖാലിദ്, കെ ജുവൈരിയ, അഫീഫ പൂനൂര്‍, സജ്‌ന പട്ടേല്‍താഴം, ഖദീജ കൊച്ചി, റൈഹാന കൊല്ലം, ഫാത്തിമ ചാലിക്കര, ഷരീഫ ആലപ്പുഴ, സനിയ്യ അന്‍വാരിയ്യ, ബുഷ്‌റ നജാത്തിയ്യ, സൈനബ ഷറഫിയ്യ, പാത്തേയ് കുട്ടി ടീച്ചര്‍, ഹസനത്ത് പരപ്പനങ്ങാടി, മറിയം കടവത്തൂര്‍ പ്രസംഗിച്ചു.
