സിറിയക്കെതിരെ ആദ്യത്തെ ഉപരോധവുമായി ബൈഡന് ഭരണകൂടം

സിറിയന്‍ ഭരണകൂടത്തിനെതിരെ ആദ്യത്തെ ഉപരോധവുമായി യു എസിലെ ബൈഡന് ഭരണകൂടം. സിറിയയിലെ എട്ട് ജയിലുകള്‍ക്കും അവയുടെ മേല്‍നോട്ട ചുമതലയുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധത്തില്‍ രണ്ട് മിലിഷ്യ ഗ്രൂപ്പുകളും രണ്ട് മിലിഷ്യ നേതാക്കളും ഉള്‍പ്പെടുന്നുണ്ട്. സീസര്‍ നിയമപ്രകാരം ബൈഡന് ഭരണകൂടം സിറിയയ്ക്കെതിരെ ചുമത്തിയ ഉപരോധത്തിന്റെ ആദ്യ ഘട്ടമാണിതെന്നും യു എസ് പറഞ്ഞു.
സിറിയന്‍ ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റും സിറിയന്‍ മിലിട്ടറി ഇന്റലിജന്‍സും നടത്തുന്ന സയ്ദ്നയ മിലിട്ടറി ജയിലും മറ്റ് ഏഴ് ജയിലുകളുമാണ് ഉപരോധമേര്‍പ്പെടുത്തിയതില്‍ ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ വിരുദ്ധരായ ആയിരക്കണക്കിന് എതിരാളികളെയും വിമതരെയും പീഡിപ്പിക്കുകയും തടവിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപണം നേരിടുന്ന ജയിലുകളാണിവ. സിറിയയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രങ്ങളിലൊന്നായ സയ്ദ്നയ ജയില്‍ തലസ്ഥാനമായ ദമസ്കസിന് വടക്ക് 30 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അന്വേഷണം നടത്തിയിരുന്നു. തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ വിമത സംഘടനയായ അഹ്റര്‍ അല്‍ ശര്‍ഖിയ്യക്കെതിരെയും യു എസ് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.
