ഭക്തിസാന്ദ്രമായി മിനായിലേക്ക്
എന്‍ജി. പി മമ്മദ് കോയ
അസീസിയയിലെ താമസ സ്ഥലത്ത് വെച്ചു തന്നെയാണ് ഹജ്ജിന്റെ ഇഹ്‌റാമില്‍ പ്രവേശിക്കുന്നത്. ഇഹ്‌റാമിന് മുമ്പ് ശാരീരികമായും മാനസികമായും തയ്യാറെടുക്കേണ്ടതുണ്ട്. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങളും നഖവും നീക്കം ചെയ്തു. അംഗസ്‌നാനം ചെയ്തു. ഇഹ്‌റാമിന്റെ സുന്നത്ത് കുളി നിര്‍വഹിച്ച് ഇഹ്‌റാം വേഷം ധരിച്ചു. രണ്ട് റക്അത്ത് നമസ്‌കരിച്ച് ലബ്ബയ്ക്കല്ലാഹുമ്മ ഹജ്ജന്‍ എന്ന് പറയുകയും അല്ലാഹുവേ, നിന്റെ ക്ഷണം സ്വീകരിച്ച് ഹജ്ജിന് വേണ്ടി ഞാനിതാ തയ്യാറായിരിക്കുന്നു എന്ന് മനസ്സില്‍ കരുതുകയും ചെയ്തു.
തുടര്‍ന്ന് മൂന്നുതവണ ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക്, ഇന്നല്‍ ഹംദ, വന്നിഅ്മത്ത്, ലക്ക വല്‍ മുല്‍ക്ക്, ലാ ശരീക്ക ലക്ക എന്ന് അല്പം ശബ്ദമുയര്‍ത്തി ഉരുവിട്ടു.
മിനായിലേക്കും ശേഷം അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കും ആവശ്യമായ സാധനങ്ങളടങ്ങിയ ഒരു ചെറിയ കിറ്റ് തയ്യാറാക്കി വെച്ചിരുന്നു. ധരിച്ചത് കൂടാതെ ഒരു ജോഡി ഇഹ്‌റാം തുണി, തോര്‍ത്ത്, മുടി മുറിക്കാനുള്ള കത്രിക, അണിഞ്ഞത് കൂടാതെ ഉറപ്പുള്ള ഒരു ജോടി ചെരുപ്പ്, ഒരു വിരിപ്പ് തുടങ്ങിയവയാണ് പുറത്ത് തുക്കിയിടാന്‍ കഴിയുന്ന ഒരു ചെറിയ കിറ്റില്‍ തയ്യാറാക്കിയത്. ഭക്ഷണ സാധനങ്ങള്‍ ഒന്നും കൊണ്ടു പോകേണ്ടതില്ല. ഭക്ഷണവും, ചായയും വെള്ളവും ജ്യൂസും എല്ലാം മിനയില്‍ മുതവ്വിഫ് ഒരുക്കിയിട്ടുണ്ടാവും.
മിനായിലെ ടെന്റ് നമ്പര്‍ രേഖപ്പെടുത്തിയ ഒരു ബാന്റ്, അറഫ, മിനാ, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് യാത്രക്കുള്ള മെട്രോ ടിക്കറ്റ്, ഭക്ഷണത്തിനുള്ള പ്രിന്റ് ചെയ്ത കൂപ്പണ്‍ എന്നിവ ഒരു ദിവസം മുമ്പ് തന്നെ മുതവ്വിഫ് താമസ സ്ഥലത്ത് എത്തിച്ചിരുന്നു.
മുതവ്വിഫിന്റെ 4-ാം നമ്പര്‍ ബസ്സ് കെട്ടിടത്തിന് മുന്നില്‍ ഞങ്ങളെ കാത്തിരിക്കുകയാണ്. മനസ്സില്‍ വല്ലാത്ത ഒരു വികാര വേലിയേറ്റം! ഹജ്ജ് ആരംഭിക്കുകയാണ്. എല്ലാവരും പ്രാര്‍ഥനാ നിരതരാണ്. സ്വീകാര്യമായ ഒരു ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കേണമേ എന്ന പ്രാര്‍ഥനയോടെ ബസ്സിലേക്ക് നടന്നു.
ഭക്തി സാന്ദ്രമായി തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് എല്ലാവരും മിനായിലേക്ക് യാത്രയാവുകയാണ്! തമ്പുകളുടെ താഴ്‌വരയാണ് മിന. ബോര്‍ഡുകളിലെല്ലാം ‘മുനാ’ എന്നാണ് കാണുന്നത്. മിനയുടെ മറ്റൊരു പേരാണ് മുനാ എന്നത്. ഏതാണ്ട് ഇരുപത് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ താഴ്‌വരയില്‍ ഒരു ലക്ഷത്തിലധികം ശീതീകരണികള്‍ ഘടിപ്പിച്ച തമ്പുകളുണ്ട്. അഗ്നിബാധ ഏല്‍ക്കാത്ത ടെഫ്‌ലോണ്‍ കോട്ട് ചെയ്ത ഫൈബര്‍ ഷീറ്റുകള്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മുമ്പ് 64 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ടെന്റുകളുടെ സ്ഥാനത്ത് ഇന്ന് 250-300 ഹാജിമാരെ ഉള്‍ക്കൊള്ളാവുന്ന വലിയ ടെന്റുകളാണ് സംവിധാനിച്ചിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം വെള്ള നിറത്തിലുള്ള ഈ ടെഫ്‌ലോണ്‍ തമ്പുകള്‍ നിരന്ന് കിടക്കുകയാണ്. തലങ്ങും വിലങ്ങും റോഡുകള്‍! അവക്കിടയില്‍ നിരനിരയായി വിന്യസിക്കപ്പെട്ട തമ്പുകള്‍! ഇടയില്‍ നടവഴികളും കുടിവെള്ള സംവിധാനങ്ങളും! റോഡരികില്‍ നിരനിരയായി ശൗച്യാലയങ്ങള്‍! അംഗശുദ്ധി വരുത്താനുള്ള ടാപ്പുകള്‍, അതി വിപുലവും ആസൂത്രിതവുമായ സൗകര്യങ്ങള്‍!
ഓരോ വര്‍ഷവും മുപ്പത് ലക്ഷത്തോളം ഹാജിമാരാണ് മിനായില്‍ രാപ്പാര്‍ക്കാന്‍ എത്തുക. അതിന്റേതായ അസൗകര്യങ്ങള്‍ സ്വാഭാവികമായും മിനായില്‍ ഉണ്ടാകും! ത്യാഗോജ്ജ്വലമായ ഒരു മഹല്‍ ജീവിതത്തിന്റെ ഓര്‍മ ഓരോ ഹാജിയുടെയും മനസ്സിലുണ്ടായാല്‍ എന്തും തരണം ചെയ്യാവുന്നതേയുള്ളൂ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ടെന്റുകള്‍ സംവിധാനിച്ചിട്ടുണ്ട്.
ഞങ്ങളുടെ ടെന്റില്‍ ഏതാണ്ട് 300 പേര്‍ക്കാണ് സൗകര്യമൊരുക്കിയത്. ഒന്നര അടി വീതിയും അഞ്ചരയടി നീളവുമുള്ള കോസടിയും നമ്പറിട്ട ഒരു തലയണയുമാണ് ഓരോ ഹാജിക്കും അനുവദിച്ചത്. ഒന്നിനോടൊന്ന് തൊട്ട് തൊട്ടാണ് എല്ലാ കോസടിയും വിതാനിച്ചിരിക്കുന്നത്. ഇടയില്‍ നടക്കാനുള്ള വഴികളോ കോസടികള്‍ തമ്മില്‍ അകലമോ ഇല്ല. ടെന്റിന് പുറത്തേക്ക് പോകണമെങ്കില്‍ സഹ ഹാജിയുടെ വിരിപ്പില്‍ ചവിട്ടിക്കൊണ്ട് വേണം നടക്കാന്‍! മറ്റുള്ളവരെ ചാടിക്കടന്നും തലയിണയിലും കോസടിയിലും ചവിട്ടിയും ഓരോ ഹാജിയും പുറത്ത് പോകുകയും തിരിച്ചു വരികയും ചെയ്യുന്നുണ്ട്. ആര്‍ക്കും പ്രശ്‌നമില്ല. ആരും പരാതി പറയുകയും ചെയ്യുന്നില്ല. ഇബ്‌റാഹീം പ്രവാചകന്റെ ത്യാഗപൂര്‍ണമായ ജീവിതത്തെ ഓര്‍മ്മപ്പെടുത്തുന്ന താഴ്‌വരയാണല്ലോ മിന!
അഞ്ചടിയില്‍ കൂടുതല്‍ വീതിയും ആറടി നീളവുമുള്ള മാര്‍ദവമുള്ള സപ്രമഞ്ചത്തില്‍ വളരെ സൗകര്യത്തോടെ കിടക്കുന്നവരാണ് ഈ പരിമിത സൗകര്യത്തില്‍ കിടന്നും ഇരുന്നും സര്‍വ്വാധി നാഥനെ സ്തുതിക്കുന്നത്! ഒരു വീട്ടില്‍ ഓരോ കിടപ്പുമുറികള്‍ക്കും ഓരോ ബാത്ത്‌റൂം! പുറത്ത് അതിഥികള്‍ക്ക് ഉപയോഗിക്കാന്‍ മറ്റൊരു കുളിമുറിയും പണിത് ജീവിക്കുന്ന ഹാജിയാണ് മീനയിലെ പൊതു കുളിമുറിക്കു മുമ്പില്‍ പതിനഞ്ചും ഇരുപതും ആളുകള്‍ക്ക് പിന്നില്‍ ഊഴവും കാത്ത് നില്ക്കുന്നത്. അംഗശുദ്ധി വരുത്തുന്നതിനും ഭക്ഷണം വാങ്ങിക്കുന്നതിനും ഈ ക്യൂ സിസ്റ്റം പാലിച്ചേ പറ്റൂ.
എല്ലാ നമസ്‌കാരങ്ങളും മിനയില്‍ അതാതിന്റെ സമയത്ത് തന്നെയാണ് നമസ്‌കരിക്കേണ്ടത്. മിനയില്‍ ഒന്നിച്ച് ചേര്‍ത്ത് നമസ്‌കരിക്കാവതല്ല. പക്ഷെ ദുഹ്‌റും അസ്‌റും ഇശായും അതാതിന്റെ സമയത്ത് രണ്ട് റക്അത്തായി ചുരുക്കി നമസ്‌കരിക്കണം. ഈ രീതിയില്‍ ജമാഅത്തായി നമസ്‌കരിക്കുന്നതാണ് തിരുനബിയുടെ മാതൃക.
ചില ഗ്രൂപ്പുകള്‍ മറ്റുള്ളവരെ കൂടി ബോധവത്കരണം നടത്തി ജമാഅത്തായി ചുരുക്കാതെ നമസ്‌കരിക്കുന്നുണ്ട്. ‘നമുക്കിവിടെ വേറെ ജോലിയൊന്നുമില്ലല്ലോ’ എന്നാണ് അവരുടെ ഭാഷ്യം. അവര്‍ക്ക് അല്ലാഹു അനുവദിച്ച ഇളവുകളോ പുണ്യ റസൂലിന്റെ മാതൃകയോ സ്വീകാര്യമല്ല. പക്ഷെ ആരും ആരെയും തിരുത്താനോ വാദപ്രതിവാദങ്ങള്‍ക്കോ പോകുന്നില്ല, ഹജ്ജില്‍ തര്‍ക്കം പാടില്ലല്ലോ. ഓരോരുത്തരും അവരവരുടെ ആശയ പ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.
മിനയിലെ പകലും രാത്രിയും പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റുകളിലുമാണ് കഴിഞ്ഞുകൂടിയത്. ഓരോ നിമിഷവും പുണ്യം നേടാന്‍ ഉപയോഗിക്കേണ്ട ഇടമാണ് മിന. കഴിയുന്നിടത്തോളം പരസ്പരമുള്ള സംസാരം പോലും ഒഴിവാക്കണം. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് സമയം ഫലപ്രദമാക്കുകയാണ് വേണ്ടത്.
നാളെ ദുല്‍ഹിജ്ജ 9. അറഫാ ദിനമാണ്. രാത്രി ഇശാ നമസ്‌കാരാനന്തരം ഹൃദയം നൊന്തു പ്രാര്‍ഥിച്ചാണ് കിടന്നത്. അറഫയില്‍ എത്താനുള്ള അനുഗ്രഹത്തിനാണ് പ്രാര്‍ഥിച്ചത്. അറഫയാണ് ഹജ്ജ്! അറഫയില്‍ അല്പ സമയമെങ്കിലും നില്ക്കാത്തവര്‍ക്ക് ഹജ്ജ് ലഭിക്കുകയില്ല. ഹജ്ജിന് വന്നവര്‍ രോഗികളായി ആശുപത്രിയില്‍ അവശരായി കിടക്കുകയാണെങ്കില്‍ പോലും അവരെ ആബുലന്‍സില്‍ അറഫയില്‍ എത്തിക്കും. അവര്‍ ആസന്ന മരണരായാല്‍ പോലും!