2 Wednesday
July 2025
2025 July 2
1447 Mouharrem 6

ശീആഇസത്തിന്റെ അപകടങ്ങള്‍

പി കെ മൊയ്തീന്‍ സുല്ലമി


ശീഅത്തു അലി (അലിയുടെ കക്ഷി) എന്ന പേരില്‍ അറിയപ്പെടുന്ന സംഘടനയെയാണ് ശീആഇസം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഈ കക്ഷിയുടെ നിര്‍മിതിയുടെ അടിത്തറ മുസ്‌ലിംകളെ ഭിന്നിപ്പിച്ച് ക്ഷീണിപ്പിക്കുകയെന്നതാണ്. അതിനു വേണ്ടിയാണ് അബ്ദുല്ലാഹിബ്‌നു സബഅ് എന്ന യഹൂദി നേതാവ് മുസ്‌ലിമായത്. അദ്ദേഹം മുനാഫിഖായിരുന്നു. നബി(സ)ക്കു ശേഷം ഖലീഫയായി വന്നത് അബൂബക്കര്‍(റ) ആയിരുന്നു. പിന്നീട് ഉമറും(റ) ശേഷം ഉസ്മാനും(റ). അലി(റ) വന്നത് നാലാം ഖലീഫയായിട്ടാണ്. അദ്ദേഹം വിവാഹം കഴിച്ചത് പ്രവാചകപുത്രി ഫാതിമ(റ)യെ ആയിരുന്നുവല്ലോ. നബി(സ)യുടെ സംരക്ഷകനും പിതൃവ്യനുമായിരുന്ന അബൂത്വാലിബിന്റെ പുത്രനായിരുന്നു അലി(റ).
കഅ്ബുബ്‌നു അശ്‌റഫ് എന്ന വ്യക്തി പ്രവാചകനു ശേഷം ഖിലാഫത്ത് അടക്കമുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും ലഭിക്കേണ്ടത് അലി(റ)ക്കാണെന്ന് വാദിക്കുകയും ഈ വിഷയത്തില്‍ നബി(സ)യുടെ പേരില്‍ ഹദീസ് നിര്‍മിച്ചുണ്ടാക്കുകയും ചെയ്തു. അതിപ്രകാരമാണ്: ”നബി(സ) പറഞ്ഞു: എല്ലാ പ്രവാചകന്മാര്‍ക്കും വസ്വിയ്യുത്തുണ്ട് (ചുമതലപ്പെടുത്തപ്പെട്ടവന്‍.) എന്റെ വസ്വിയ്യ് അലിയാകുന്നു.”
ഇപ്രകാരം അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും നിരവധി ഹദീസുകള്‍ നിര്‍മിച്ചിട്ടുണ്ട്. നബി(സ)യുടെ പിതൃവ്യപുത്രനും മരുമകനുമായ അലി(റ)ക്ക് ലഭിക്കേണ്ട അധികാരങ്ങളും അവകാശങ്ങളും അബൂബക്കറും(റ) ഉമറും(റ) ഉസ്മാനും(റ) തട്ടിയെടുത്തിരിക്കുന്നു എന്നതായിരുന്നു ഇവരുടെ വാദം. അതുകൊണ്ടുതന്നെ ഈ മൂന്ന് ഖലീഫമാരെയും ശപിക്കുന്ന ഏര്‍പ്പാടാണ് ശീഅകള്‍ക്കുള്ളത്. ഇവര്‍ ഏറ്റവുമധികം വിരോധം വെക്കുന്നത് അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരോടാണ്.
സൂഫിസവാദികളും ത്വരീഖത്തുകാരും സമ്പൂര്‍ണമായും സമസ്തക്കാരുടെ തൊണ്ണൂറ് ശതമാനം വിശ്വാസവും ശീഅകളുമായി ബന്ധപ്പെടുന്നതാണ്. കേരളത്തിലെ സമസ്തക്കാര്‍ പള്ളികളെക്കാള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് മഖ്ബറകളെയാണ്. ഈ സമ്പ്രദായം അവര്‍ക്ക് പാരമ്പര്യമായി ലഭിച്ചത് ശീഅകളില്‍ നിന്നാണ്.
ഇബ്‌നുതൈമിയ്യ(റ) പറയുന്നു: ”പള്ളികളില്‍ വെച്ച് പ്രാര്‍ഥിക്കുന്നതിനേക്കാള്‍ ഉത്തരം ലഭിക്കാന്‍ സാധ്യത മഖ്ബറകളില്‍ വെച്ചുള്ള പ്രാര്‍ഥനകള്‍ക്കാണ് എന്നതാണ് ശീഅകളുടെ വാദം. ഹജ്ജിനേക്കാള്‍ പുണ്യം അവരുടെ മതനേതാക്കളുടെ ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നതിനാണ് എന്ന വാദമുള്ളവരും അവരിലുണ്ട്.” (മിന്‍ഹാജുസ്സുന്നത്തി വന്നബവിയ്യത്തി 1:301)
എന്നാല്‍ പള്ളികള്‍ നിര്‍മിക്കാന്‍ അല്ലാഹു കല്പിച്ചതു തന്നെ അവനെ മാത്രം ആരാധിക്കാനും അവനോട് മാത്രം പ്രാര്‍ഥിക്കാനും സ്മരിക്കാനും വേണ്ടിയാണ്. അല്ലാഹു പറയുന്നു: ”എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും നിങ്ങളുടെ മുഖങ്ങളെ ചൊവ്വായ വിധം അവനിലേക്ക് തിരിച്ചു നിര്‍ത്തുകയും കീഴ്‌വണക്കം അവനു മാത്രമാക്കിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുവീന്‍.” (അഅ്‌റാഫ് 29)
”തീര്‍ച്ചയായും ആരാധനാലയങ്ങള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം നിങ്ങള്‍ ഒരുവനോടും വിളിച്ചു തേടരുത്.” (ജിന്ന് 18)
ഖബ്‌റാരാധന തുടങ്ങിവെച്ചത് യഹൂദികളാണ്. അവരില്‍ നിന്നാണ് ശീഅകള്‍ അത് സ്വീകരിച്ചത്. സമസ്തക്കാര്‍ ഈ വിഷയത്തില്‍ പിന്തുടരുന്നത് ശീഅകളെയാണ്. പ്രാര്‍ഥന ഇബാദത്താണെന്നും അല്ലാഹുവോട് മാത്രമേ അത് പാടുള്ളൂവെന്നും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെന്നും സൂറത്ത് ഗാഫിര്‍ 60-ാം വചനത്തിലും സൂറത്ത് ഫാത്വിര്‍ 14-ാം വചനത്തിലും സൂറത്തുല്‍ ജിന്ന് 20-ാം വചനത്തിലും അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്.
അവിടെയൊന്നും പ്രാര്‍ഥന ഇബാദത്തായിത്തീരാന്‍ അത് ഇലാഹ് (ദൈവം) ആണെന്ന വിശ്വാസത്തോടു കൂടി പ്രാര്‍ഥിച്ചെങ്കിലേ പ്രാര്‍ഥന ഇബാദത്താകൂ എന്ന നിബന്ധന അല്ലാഹു വെച്ചിട്ടില്ല. ഹദീസുകളിലും അപ്രകാരമുള്ള നിബന്ധനകളൊന്നുമില്ല. പ്രാര്‍ഥന ഇബാദത്തായിത്തീരാന്‍ അത് പ്രാര്‍ഥിക്കപ്പെടുന്ന ശക്തി ഇലാഹാണെന്ന് വിശ്വസിച്ചുകൊണ്ട് പ്രാര്‍ഥിച്ചെങ്കിലേ അത് അവര്‍ക്കുള്ള ഇബാദത്താകൂ എന്ന നിബന്ധന വെച്ചത് ശീഅകളാണ്. അവരുടെ ആത്മീയ നേതാവായ ഖുമൈനിയുടെ കശ്ഫുല്‍ അസ്‌റാര്‍ (പേജ് 59) നോക്കുക.
എ പി വിഭാഗം സമസ്തയുടെ പണ്ഡിതന്‍ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ രേഖപ്പെടുത്തുന്നു: ”ഞാന്‍ ദുആ ചെയ്യുന്നതും സഹായം ചോദിക്കുന്നതും എന്റെ ആരാധന അര്‍ഹിക്കുന്നവരോടാണെന്നോ, അവന് ദിവ്യത്വമുണ്ടെന്നോ വിശ്വസിച്ചു കൊണ്ടാണ് അര്‍ഥിക്കുന്നതെങ്കില്‍ ആ അര്‍ഥനയ്ക്ക് ദുആ എന്ന് പേരിട്ടാലും ആരാധന തന്നെയാണ്.” (ഫതാവാ മുഹ്‌യിസ്സുന്ന: പേജ് 379)
വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന മറ്റൊരു കാര്യമാണ് അദൃശ്യമായ കാര്യങ്ങള്‍ അല്ലാഹു മാത്രമേ അറിയൂ എന്നത്. സൂറത്ത് അന്‍ആം (വചനം 50, 59), തൗബ (105), നഹ്‌ല് (77), ഹൂദ് (31) സൂറത്തുകളില്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇനി അവര്‍ ആര്‍ക്കെങ്കിലും അദൃശ്യം അറിയിച്ചു കൊടുക്കുകയാണെങ്കില്‍ തന്നെ അവന്‍ ഉദ്ദേശിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്ക് മാത്രമേ അവന്‍ അറിയിച്ചു കൊടുക്കുകയുള്ളൂ. ഇക്കാര്യം സൂറത്ത് ആലു ഇംറാന്‍ 179-ാം വചനത്തിലും സൂറത്തുല്‍ ജിന്ന് 26-ാം വചനത്തിലും അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ശീഅകള്‍ വിശ്വസിച്ചു പോരുന്നത് അവരുടെ ഇമാമുമാര്‍ അല്ലാഹുവെ പോലെ ദൃശ്യവും അദൃശ്യവും അറിയുന്നവരാണ് എന്നാണ്. സഹ്‌റാനി പറയുന്നു: ”അവരുടെ അടുക്കല്‍ ആകാശ ഭൂമികളില്‍ നടക്കുന്ന സകല കാര്യങ്ങളും ഉണ്ടായിരിക്കും. വന്നതും വരാന്‍ പോകുന്നതുമായ സകല കാര്യങ്ങളും അവരുടെ പക്കലുണ്ട്. സമയാസമയങ്ങളിലായി രാവിലും പകലിലും നടന്നുകൊണ്ടിരിക്കുന്ന സകല കാര്യങ്ങളും അവരുടെ പക്കലുണ്ട്. പ്രവാചകന്മാരെക്കാള്‍ അധികരിച്ച അറിവ് അവര്‍ക്കുണ്ട്.” (ഉസ്വൂലുദ്ദീന്‍, 56,57).
പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, ഔലിയാക്കള്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തിക്കൊണ്ടാണ്. അല്ലാഹു സൂറത്തുല്‍ ജിന്ന് 26-ാം വചനത്തില്‍ പറയുന്നു: ”അവന്‍ ഇഷ്ടപ്പെടുന്ന പ്രവാചകന്മാര്‍ക്ക് (മാത്രമേ) അറിയിച്ചു കൊടുക്കൂ”. അത് ഒഴിവാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ദുര്‍വ്യാഖ്യാനം ശ്രദ്ധിക്കുക: ”അല്ലാഹു ഗൈ്വബുകളെ അറിയുന്നവനാണ്. അവന്റെ എല്ലാ ഗൈബുകളെയും ഒരു വ്യക്തിക്കും അവന്‍ അറിയിച്ചുകൊടുക്കുകയില്ല. അവന്‍ ഇഷ്ടപ്പെട്ട വ്യക്തികള്‍ക്കൊഴിച്ച്.” (ഫതാവാ മുഹ്‌യിസ്സുന്ന: പേജ് 473).
അജ്മീര്‍ ശൈഖ് മുതല്‍ മടവൂര്‍ ശൈഖ് വരെയും കാന്തപുരം മുസ്‌ലിയാര്‍ മുതല്‍ ബായാര്‍ തങ്ങള്‍ വരെയും അദൃശ്യകാര്യങ്ങള്‍ അറിയും എന്ന് സ്ഥാപിക്കാനാണ് മുസ്‌ല്യാര്‍ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞ ‘അവന്‍ ഇഷ്ടപ്പെട്ട പ്രവാചകന്മാര്‍’ എന്ന അര്‍ഥം മാറ്റി ‘അവന്‍ ഇഷ്ടപ്പെട്ട വ്യക്തികള്‍ക്ക്’ എന്നവിധം ദുര്‍വ്യാഖ്യാനം ചെയ്തത്.
ചുരുക്കത്തില്‍ സമസ്തക്കാരുടെ ആദര്‍ശവും ശീആഇസവും തമ്മില്‍ വ്യത്യാസമില്ല. ഇസ്‌ലാം തൗഹീദിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്ത മതമാണ്. പ്രവാചകന്മാര്‍ അതത് കാലഘട്ടങ്ങളിലെ അനാചാരങ്ങളെയും അനീതികളെയും എതിര്‍ത്തിരുന്നുവെങ്കിലും ഏറ്റവുമധികം പ്രാധാന്യം കൊടുത്തിരുന്നത് തൗഹീദിനു തന്നെയായിരുന്നു. പ്രവാചകന്മാരുടെ പ്രബോധനം കൃത്യമായി നടന്നുവന്നിരുന്നത് ഭരണകൂടങ്ങള്‍ക്ക് വിരുദ്ധമായിരുന്നില്ല. മറിച്ച്, വിഗ്രഹാരാധനക്കും വ്യക്തി പൂജകള്‍ക്കും വിരുദ്ധമായിരുന്നു. അക്കാര്യം അല്ലാഹു ഉണര്‍ത്തുന്നു: ”ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന ബോധനം നല്‍കിക്കൊണ്ടല്ലാതെ താങ്കള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (അന്‍ബിയാഅ് 25)
നബി(സ)യും ഇപ്രകാരം പറയുന്നു: ”ഞാനും എനിക്ക് മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരും പറഞ്ഞ വാക്കുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ വചനം അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഒരുവനാണെന്നും അവന് യാതൊരു വിധ പങ്കുകാരനും ഇല്ല എന്നതുമാണ്.” (മുവത്വ 1:423)
എന്നാല്‍ ശീഅകള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കി വരുന്നത് ഇസ്‌ലാമിക ഭരണകൂടത്തിന്നാണ്. മറ്റ് ആരെയും ആരാധിക്കുകയെന്നത് അവര്‍ക്ക് ഒരു പ്രശ്‌നമേ അല്ല. ഇബ്‌നുതൈമിയ(റ) പറയുന്നു: ”ശീഅകള്‍ക്ക് ഏറ്റവും പ്രാധാന്യം നേതൃത്വ(ഭരണം)മാകുന്നു. ഏത് കാലത്തായിരുന്നാലും ദീനിന്റെ ഹുകുമുകളില്‍ ഏറ്റവും പ്രധാനം ഭരണത്തിന് തന്നെയാണ്.” (മിന്‍ഹാജുസ്സുന്നത്തി നബവിയ്യ 1:49)
മേല്‍പറഞ്ഞ ശീഅ ദര്‍ശനം അബുല്‍ അഅ്‌ലാ മൗദൂദിയെയും സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം പ്രവാചകന്മാരെ മാത്രമേ മഅ്‌സ്വൂമി(പാപസുരക്ഷിതര്‍)കളായി അല്ലാഹു സൃഷ്ടിച്ചിട്ടുള്ളൂ. തൗഹീദുള്ളവര്‍ക്കേ അല്ലാഹു ഭരണം പ്രദാനം നല്‍കൂ എന്ന നിബന്ധനയും അല്ലാഹു വെച്ചിട്ടുണ്ട്. ”നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതു പോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല.” (നൂര്‍ 55)
നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞതാണ് ശീആഇസം. പലതും ഊഹാപോഹാധിഷ്ഠിതവും അസംഭവ്യവുമാണ്. സ്വഹാബികളെ ശപിക്കല്‍ അവരുടെ സ്ഥിരം പതിവാണ്. ”അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചിരിക്കുന്നു” (മസദ് 1). ഇബ്‌നു തൈമിയ(റ) പറയുന്നു: ”അബൂലഹബിന്റെ ഇരുകരങ്ങളും എന്നതുകൊണ്ടുദ്ദേശിക്കുന്നത് അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരെയാണ്.” (അല്‍മജ്മൂഉല്‍ ഫതാവാ 13:237)
ഫറോവ സത്യവിശ്വാസിയാണെന്നാണ് അവരുടെ വാദം. ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയായിട്ടാണ് ഫിര്‍ഔനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ഇബ്‌നുതൈമിയ(റ) രേഖപ്പെടുത്തുന്നു: ”ഫറോവയെ നിഷേധികളുടെ പട്ടികയില്‍ നിന്നും പുണ്യവാന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നത് അവരുടെ ചര്യയില്‍ പെട്ടതാണ്. തീര്‍ച്ചയായും ഫറോവ സത്യവിശ്വാസികളില്‍ പെട്ടവനാണ്. അവന്‍ നരകത്തില്‍ പ്രവേശിക്കുന്നതല്ല എന്നാണവരുടെ വാദം.” (അല്‍മജ്മൂഉല്‍ ഫതാവാ 2:279)

Back to Top