ഉന്നത വിജയത്തെ പരിഹസിക്കുന്ന തെന്തിന്?
എം ടി ബോവിക്കാനം
എസ് എസ് എല്‍ സി പരീക്ഷയില്‍ കേരളം വലിയ വിജയം കണ്ടിരിക്കുന്നു. ഈ വിജയത്തില്‍ പലരുടെയും വ്യാഖ്യാനങ്ങള്‍ കണ്ട് ഖേദം തോന്നുന്നു. വിജയികള്‍ക്ക് തികച്ചും അര്‍ഹിക്കുന്ന മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. പലരും രാഷ്ട്രീയമായും ഉദ്യോഗസ്ഥരെ പരിഹസിച്ചും ട്രോളുന്നു. ഇവരെ ഒക്കെ അന്ധരെന്ന് വിളിക്കാം. കാരണം വിദ്യാര്‍ഥികള്‍ക്ക് വെറും തുച്ഛം ദിവസങ്ങള്‍ മാത്രമാണ് ശരിയായ പഠനം നടത്താന്‍ സാധിച്ചത്. അതും പൂര്‍ണമായും എല്ലാ പരിഗണനയും അധ്യാപകരുടെ ഇടപെടലുകളും നന്നായി നടത്തി എന്നും പറയാന്‍ പറ്റില്ല. ഓണ്‍ലൈനില്‍ പഠനം നടത്തിയാല്‍ എത്രത്തോളം പഠിക്കാന്‍ പറ്റും? മുഴുവന്‍ സമയവും സ്‌ക്രീനിന്റെ മുമ്പില്‍ ഇരിക്കാന്‍ പറ്റാത്ത വിദ്യാര്‍ഥികളും ഉണ്ടാവാം. സ്വയം പഠിച്ച് നേടിയ വിജയമാണ് അവര്‍ക്ക് കിട്ടിയിരിക്കുന്നത്. എ പ്ലസ് കിട്ടിയവര്‍ക്ക് കിട്ടിയിട്ടുണ്ട്. ഇല്ലാത്തവര്‍ക്ക് കിട്ടിയിട്ടില്ല. എല്ലാവര്‍ക്കും കൊടുത്തിട്ടില്ല. മാര്‍ക്ക് കുറയേണ്ടവര്‍ക്ക് കുറഞ്ഞിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് പലരും തോന്നിയത് അഴിച്ചു വിടുന്നത്. ചില പ്രതേ്യക ഭാഗങ്ങള്‍ മാത്രം വീതിച്ചു കൊടുത്ത് അത് നോട്ട് ചെയ്ത് പഠിക്കാന്‍ അവരോട് കല്പിച്ചിരുന്നു. അത് അവര്‍ കഷ്ടപ്പെട്ട് പഠിച്ചിരിക്കുന്നു. അതിന്റെ ഫലമാണ് അവര്‍ കണ്ടത്. മാര്‍ക്ക് കുറയേണ്ടവര്‍ക്ക് നന്നായി കുറഞ്ഞിട്ടുമുണ്ട്. വിദ്യാര്‍ഥികള്‍ കഷ്ടപ്പെട്ട് നേടിയെടുത്ത വിജയത്തെ വിലകുറച്ചു കാണുന്ന രീതിയോട് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ല.