മാസപ്പിറവിയും ശാസ്ത്രവും
സി എം സി കാദര്‍ പറവണ്ണ
ഈ വര്‍ഷത്തെ (2021) ബലിപെരുന്നാള്‍, കലണ്ടറുകളില്‍ രേഖപ്പെടുത്തിയത് ജൂലൈ 20-നാണ്. അതായത് ജൂലൈ 11-ന് അറബ് മാസമായ ദുല്‍ഹിജ്ജ ഒന്ന്. പത്താമത്തെ ദിവസമായ ജൂലൈ 20-ന് (ദുല്‍ഹിജ്ജ പത്ത്) ബലിപെരുന്നാള്‍. എന്നാല്‍ മാസപ്പിറവി കാണാത്തതിനാല്‍ ജൂലൈ 12-ന് ദുല്‍ഹിജ്ജ ഒന്നായികണക്കാക്കി ജൂലൈ 21-ന് ബലിപെരുന്നാള്‍ ആയി ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. മുജാഹിദ് വിഭാഗത്തിന് ജൂലൈ 10-ന് ദുല്‍ഖഅദ് മുപ്പത് ആണ്. അതനുസരിച്ച് ജൂലൈ 20-ന് തിങ്കള്‍ ആണ് ബലിപെരുന്നാള്‍ ആഘോഷിക്കേണ്ടത്. എന്നാല്‍ ഭിന്നിപ്പ് ഒഴിവാക്കി സാമൂഹ്യ ആഘോഷമായ പെരുന്നാള്‍ ജനങ്ങളോടൊപ്പം ആഘോഷിക്കുമെന്ന് മുജാഹിദ് വിഭാഗം അറിയിച്ചു. അറഫാദിനം ജൂലൈ 19 തിങ്കള്‍ ആയതിനാല്‍ (ദുല്‍ഹിജ്ജ-9) പെരുന്നാള്‍ ജൂലൈ 20-ന് (ദുല്‍ഹിജ്ജ-10) തന്നെ ആഘോഷിക്കേണ്ടതല്ലേ?
എന്നാല്‍ ഒരു ദിവസം ഗ്യാപ്പ്കൊടുത്ത് സാമൂഹ്യ ആഘോഷം എന്ന് പറഞ്ഞ് ജൂലൈ 21-ന് (ദുല്‍ഹിജ്ജ-11) പെരുന്നാള്‍ ആഘോഷിക്കുന്നത് ശരിയാണോ? സാമൂഹ്യ ആഘോഷമാണ് പെരുന്നാള്‍ എന്നതിനാല്‍ സഊദിയിലെ അതേ ദിവസം (ജൂലൈ 20) ഇവിടെയും ആഘോഷിക്കേണ്ടതല്ലേ? ഒന്നുകൂടി വിശദമയി പറഞ്ഞാല്‍, ശാസ്ത്രീയമായി നിര്‍മിച്ച കലണ്ടര്‍ പ്രകാരമല്ല ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ മുജാഹിദ് വിഭാഗം ആഘോഷിച്ചത്.
ഇത്തരത്തില്‍ ശാസ്ത്രീയമായി നിര്‍മിക്കുന്ന കലണ്ടറുകളെ വിശ്വസിക്കാമോ, ഇല്ലയോ എന്ന തര്‍ക്കം അല്ലെങ്കില്‍ സംശയം മുസ്‌ലിം സമൂഹത്തില്‍ സാധാരണയായി ഉണ്ടാകുന്നത് നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണ്. ഇവ ഒഴിച്ചു നിര്‍ത്തിയാല്‍ കലണ്ടറിന് യാതൊരു കുഴപ്പവുമില്ല. അഞ്ച് നേര നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതും, നോമ്പ് തുറക്കുന്നതും എല്ലാം കൃത്യമായി ആധുനിക ഗോളശാസ്ത്രത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന കലണ്ടര്‍ പ്രകാരമാണ്. അപ്പോള്‍ കലണ്ടര്‍ സമയത്തോട് ആര്‍ക്കും യാതൊരു സംശയവുമുണ്ടാകാറില്ല. സുബഹി നമസ്‌കാരത്തിനും (പ്രഭാതനമസ്‌കാരം) മഗ്രിബ് നമസ്‌കാരത്തിനും ആരും സൂര്യനെയോ ചന്ദ്രനെയോ ആശ്രയിക്കുന്നില്ല. ഇവിടെയെല്ലാം കലണ്ടര്‍ വിശ്വസ്തനാണ്.
ഇത്രയും പറഞ്ഞത് എക്കാലത്തും മുസ്‌ലിം സമുദായത്തിലെ തര്‍ക്കം ചൂണ്ടിക്കാണിക്കാനാണ്. ഇതിനൊരു ശാശ്വതപരിഹാരം വേണ്ടേ? ദൈവത്തിന്റെ കണക്ക് ഒരിക്കലും പിഴക്കുകയോ തെറ്റുകയോ ചെയ്യില്ലെന്ന് എല്ലാവര്‍ക്കും നല്ല ബോധവുമുണ്ട്. നമസ്‌കാരം, ബാങ്ക്, വാവ്, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും വാച്ചിനേയും കലണ്ടറിനെയുമാണ് എല്ലാവരും ആശ്രയിക്കുന്നത്.
മതപരമായ വശം കൂടി പരിശോധിക്കാം: ‘മാസം കണ്ടാല്‍ നിങ്ങള്‍ നോമ്പ് അനുഷ്ഠിക്കുക’ എന്ന് പ്രവാചകന്‍ പറഞ്ഞതിന്റെ താല്‍പ്പര്യം ഗോളശാസ്ത്രം വികസിക്കാത്ത അക്കാലത്ത് മാസപ്പിറവിയെ ആസ്പദമാക്കാനേ പറ്റുകയുള്ളൂ എന്നായിരിക്കുമല്ലോ. അക്കാലത്ത് ഇത് ശരിയാണ് താനും.
ഇന്ന് ആ കാരണം നിലവിലില്ല. ചന്ദ്രനെ കണ്ടാലല്ലാതെ നോമ്പും പെരുന്നാളും കൊണ്ടാടാന്‍ പാടില്ലെങ്കില്‍ സൂര്യനെ കണ്ടാലല്ലാതെ നമസ്‌ക്കരിക്കാനും പാടില്ലെന്ന് പറയേണ്ടിവരും. ചന്ദ്രന്‍ ഇന്ന ദിവസം, ഇത്ര മണി, ഇത്ര മിനുട്ടില്‍ ഉദിക്കും, ഇത്ര മിനുട്ട് നേരം നില്‍ക്കും എന്നെല്ലാം വ്യക്തമയി പറയാന്‍ ശാസ്ത്രം പഠിച്ചവര്‍ക്ക് ഇന്ന് കഴിയുന്നുണ്ട്.
അക്ഷരജ്ഞാനമില്ലാത്ത കാലത്ത് അഥവാ ഗോളശാസ്ത്രം വികസിക്കാത്ത കാലത്ത് ജീവിച്ച അറബി സമൂഹത്തോട് പ്രവാചകന്‍ പറഞ്ഞതാണ്, ചന്ദ്രപിറവി നോക്കി നോമ്പും പെരുന്നാളും കൊണ്ടാടാന്‍. അക്കാലത്ത് അത് ശരിയുമാണ്. ഇതിനര്‍ഥം ഗോളശാസ്ത്രം വികസിച്ചാലും കണക്കുകളെ അടിസ്ഥാനമാക്കി പിറവി കണക്കാക്കാന്‍ പാടില്ല എന്നാകില്ലല്ലോ. ചന്ദ്രന്റെ ഉദയം സംഭവിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും കാരണത്താല്‍ മനുഷ്യന് ഉദയം ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദയമുണ്ടായിട്ടില്ല എന്ന് പറയുന്നത് ശരിയല്ലല്ലോ. ഇസ്‌ലാം മതം ഒരുപ്രായോഗിക മതവും കൂടിയാണല്ലോ.