29 Sunday
June 2025
2025 June 29
1447 Mouharrem 3

ബഹുകോടികള്‍ വിലവരുന്ന ജീവന്‍ രക്ഷാമരുന്നുകള്‍


കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ നമുക്ക് ചുറ്റും ഇപ്പോഴും കണ്ണും കാതും തുറന്നിരിക്കുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു കണ്ണൂരിലെ മുഹമ്മദ് എന്ന ഒന്നര വയസ്സുകാരന്റെ ചികിത്സാ സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍. മഹാരോഗങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു വാക്കുകൊണ്ടും അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്ത അലിവിന്റെ മഹാപ്രവാഹമാണ് ഇത്തരം സഹായ ഹസ്തങ്ങള്‍. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിനുള്ള മരുന്നിനു വേണ്ടിയാണ് ഒന്നര വയസ്സുകാരന്റെ കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്. 18 കോടി രൂപയാണ് ഒരൊറ്റ ഡോസ് മരുന്നിന്റെ വില.
പക്ഷേ ആ ഒരു ഡോസ് മരുന്നിന് ആയുസ്സ് മുഴുവന്‍ അനുഭവിക്കേണ്ട നരകയാതനയില്‍ നിന്ന് ഒരാളെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് മരുന്നിന്റെ വിലയല്ല, ജീവന്റെ വിലയാണ്. സര്‍വ സമ്പാദ്യങ്ങളും വിറ്റഴിച്ചാലും തികയാത്ത ഭീമമായ ചികിത്സാ ചെലവിനു മുന്നില്‍ കുടുംബം കൈമലര്‍ത്തി നില്‍ക്കുമ്പോഴാണ് നാട്ടുകാര്‍ മുഹമ്മദ് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കുന്നത്. ചെറിയ ചെറിയ തുകകള്‍ സമാഹരിച്ച് തുടങ്ങിയ ആദ്യ ഉദ്യമം എല്ലാ പ്രതീക്ഷളേയും മറികടക്കുന്ന വിജയമായി മാറിയത് സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തതോടെയാണ്. സമാനമായ രോഗം തളര്‍ത്തിയ സഹോദരി അഫ്രയുടെ, അനിയനെയെങ്കിലും രക്ഷിക്കണമെന്ന തേട്ടം ജനം ഒന്നടങ്കം ഏറ്റെടുത്തു. കേവലം ഏഴു ദിവസം കൊണ്ടാണ് 18 കോടി എന്ന ഭീമമായ തുക ആ കുഞ്ഞുമോന്റെ ചികിത്സാ ഫണ്ടിലേക്ക് ഒഴുകിയെത്തിയത്. ടെലിവിഷന്റെ വരവോടെ സമൂഹം വീടിന്റെ സ്വീകരണ മുറിയിലേക്കും ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ മീഡിയയുടേയും വരവോടെ വീട്ടകങ്ങളില്‍ നിന്ന് വ്യക്തിസ്വകാര്യതയിലേക്കും ആളുകളുടെ ജീവിതം ചുരുങ്ങിപ്പോയെന്ന് പരിതപിക്കുമ്പോഴും ഇത്തരം ചില നന്മകള്‍ നവമാധ്യമങ്ങള്‍ തുറന്നുവെക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. സമാനമായ രോഗം നേരിടുന്ന മലപ്പുറം ജില്ലയിലെ ഇമ്രാന്‍ എന്ന ആറു വയസ്സുകാരനു വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരാഴ്ചകൊണ്ട് എട്ട് കോടിയോളം രൂപയാണ് ഇമ്രാന്‍ ചികിത്സാ നിധിയിലേക്ക് ഒഴുകിയെത്തിയത്. 18 കോടിയെന്ന ലക്ഷ്യത്തിലേക്ക് ഇനിയുമേറെ വഴിദൂരമുണ്ട്. എങ്കിലും പ്രതീക്ഷയില്‍ തന്നെയാണ് കുടുംബം. സര്‍ക്കാറുകള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ ഒരു ഉത്തരവാദിത്തവുമില്ലേ എന്നാണ് ഇമ്രാന്‍ വിഷയത്തില്‍ ഹൈക്കോടതി ചോദിച്ചത്. കോടതി അനുമതിയോടെയാണ് ഇമ്രാനു വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ് നടക്കുന്നതും. എത്ര അഭിനന്ദിച്ചാലും തീരാത്ത മലയാളത്തിന്റെ ഈ നന്മമനസ്സ് പ്രളയ കാലത്തും ഓഖി ദുരന്തമുണ്ടായപ്പോഴുമെല്ലാം നാം കണ്ടതാണ്. വര്‍ഷത്തില്‍ 365 ദിവസവും തുടരുന്ന കാരുണ്യത്തിന്റെ മഹാപ്രവാഹങ്ങളുണ്ട്. സി എച്ച് സെന്ററും ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്ററും പോലെ. പലപ്പോഴും ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും ആരും അറിയാറില്ലെന്ന് മാത്രം. അത്രമേല്‍ നിശ്ശബ്ദവും എന്നാല്‍കനപ്പെട്ടതുമാണ് അവരുടെ സേവനങ്ങള്‍. മുഹമ്മദിന്റേയും ഇമ്രാന്റേയും കുടുംബം അനുഭവിച്ച വേദന കുറേ ചോദ്യങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. അതിലൊന്ന് ഹൈക്കോടതി ഉന്നയിച്ചതു തന്നെയാണ്. ഇത്തരം ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ലേ. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിക്കുള്ള മരുന്നിന് ഇറക്കുമതി തീരുവ ഒഴിവാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ചരക്കു സേവന നികുതി(ജി എസ് ടി) ഇനത്തില്‍ മാത്രം 90 ലക്ഷം രൂപയോളം (18 കോടിയുടെ അഞ്ചു ശതമാനം) ബാധ്യത വരും. പ്രത്യേക കേസുകളില്‍ ഇത് ഒഴിവാക്കി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നാണ് ധനമന്ത്രി 2021 മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി. കേരളത്തിലെ രണ്ട് കേസുകളും എന്തുകൊണ്ടും ഈ ഇളവിന് അര്‍ഹമാണ്. ക്രൗഡ് ഫണ്ടിങിലേയും ചാരിറ്റി പ്രവര്‍ത്തനങ്ങളിലേയും സുതാര്യതയാണ് ഉയര്‍ന്നു വരുന്ന ചര്‍ച്ചകളില്‍ മറ്റൊന്ന്. മനുഷ്യന്റെ കണ്ണീരുപോലും വില്‍പനച്ചരക്കാക്കി വെട്ടിപ്പ് നടത്തുന്ന മനസ്സാക്ഷി മരവിച്ചവര്‍ സമൂഹത്തിലുണ്ട് എന്നത് യാഥാര്‍ഥ്യം തന്നെയാണ്. ഇത്തരക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാനുള്ള ഭരണകൂട ജാഗ്രത അനിവാര്യമാണ്. അതിനു പകരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ നിയന്ത്രണം കൊണ്ടുവരണമെന്ന തലത്തിലേക്ക് ചര്‍ച്ചകള്‍ കാടുകയറുന്നത് അപകടമാണ്. നിസ്സഹായരായ മനുഷ്യരുടെ അതിജീവന ശ്രമത്തിലെ അവസാന കച്ചിത്തുരുമ്പായിരിക്കും ഒരു പക്ഷേ ഇത്തരം സഹായഹസ്തങ്ങള്‍. സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ ചുവപ്പുനാടയില്‍ അവ കുരുക്കിയിടപ്പെട്ടാലുള്ള നിസ്സഹായാവസ്ഥ പറയേണ്ടതില്ലല്ലോ. ഒരു കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. ലോകത്തിനു മാതൃകയാണ് മലയാളിയുടെ ഈ കൂട്ടായ്മ. ആരെന്നറിയാത്ത ഒരു പിഞ്ചു പൈലതിന്റെ വേദനയെ, ജീവിക്കാനുള്ള കൊതിയെ, അവരുടെ മാതാപിതാക്കളുടെ സങ്കടങ്ങളെ സ്വന്തമെന്ന് കരുതി കണ്ണീര്‍വാര്‍ക്കാനുള്ള, സഹായഹസ്തം നീട്ടാനുള്ള ഈ സന്മനസ്സിന് 18 കോടിയുടെയല്ല, നൂറു നൂറായിരം കോടിയുടെ വിലയുണ്ട്.

Back to Top