തണലായി മാറുക
സി കെ റജീഷ്
അധികം ആള്‍ത്താമസമില്ലാത്ത മലമുകളിലാണ് അയാളുടെ വീട്. അവധിക്കാലം ചെലവഴിക്കാന്‍ മാ്രതമേ അയാള്‍ അവിടെ വരാറുള്ളൂ. ഒരിക്കല്‍ അവധി കഴിഞ്ഞ് തിരിച്ചുപോകാന്‍ ഒരുങ്ങുകയായിരുന്നു അയാള്‍. താഴ്‌വാരത്ത് പരിചയമുള്ള ഒരു വയോധികയുണ്ട്. യാത്ര പറയാന്‍ അവരുടെ കുടിലില്‍ എത്തിയപ്പോള്‍ ആ അമ്മൂമ്മയുടെ മുഖം വാടി. അവര്‍ പറഞ്ഞു: ഓരോ രാത്രിയിലും നിങ്ങള്‍ ഉമ്മറത്ത് തൂക്കി വെച്ചിരുന്ന വിളക്ക് എനിക്ക് ആശ്വാസമായിരുന്നു. അത് ഞാന്‍ ഒറ്റക്കല്ല എന്നൊരു തോന്നലുണ്ടാക്കും. ഈ വാക്ക് കേട്ട് അയാളുടെ കണ്ണ് നിറഞ്ഞു. അമ്മൂമ്മയ്ക്കു വേണ്ടി തന്റെ ഉമ്മറത്ത് എന്നും വിളക്കു തൂക്കാന്‍ ആളെ ഏല്പിച്ച് അയാള്‍ യാത്ര പറഞ്ഞു.
തനിക്കു വേണ്ടി കത്തുന്ന ഒരു വിളക്കില്‍ ആശ്രയിച്ചാണ് ഓരോ മനുഷ്യന്റെയും നിലനില്പ്. ആ വിളക്ക് അച്ഛനാകാം, അമ്മയാകാം, സുഹൃത്തുക്കളാകാം. ആയുസ്സിന്റെ ഓരോ പടവിലും പല ആളുകളായിരിക്കാം വെളിച്ചമേകുന്നത്. പരാതിയും പ്രതീക്ഷയും ഇല്ലാതെ പ്രകാശം ചൊരിഞ്ഞവരാണവര്‍. ഒരു നന്ദിവാക്ക് പോലും ലഭിച്ചില്ലെങ്കിലും അവരില്‍ പലര്‍ക്കും പരിഭവമുണ്ടാകില്ല. നമ്മുടെ ജീവിതത്തിന്റെ ഇരുള്‍ വഴികളില്‍ ഇങ്ങനെയുള്ളവര്‍ കൊളുത്തിയ ഇത്തിരി വെട്ടമാണ് അന്തസ്സാര്‍ന്ന നിലനില്പ് നമുക്ക് സമ്മാനിച്ചത്.
എത്ര വലുതായാലും ഭൂതകാലവഴികളില്‍ പ്രകാശം ചൊരിഞ്ഞവരെ മറക്കരുത്. തണലേകിയവര്‍ക്ക് തുണലാകേണ്ടത് കാലത്തിന്റെ ചാക്രികതയില്‍ അനിവാര്യമാണ്. ആയുസ്സുള്ളിടത്തോളം കാലം അറുത്തു മാറ്റാനാവാത്ത അത്തരം ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കാതെ കാക്കണം. വേരുകളെ മറന്നിട്ട് ശിഖരങ്ങള്‍ക്ക് നിലനില്പില്ല. കാറ്റിനൊപ്പം സഞ്ചരിച്ച് മാത്രം ഒരു പട്ടത്തിന്് ഉയരങ്ങള്‍ താണ്ടാനാകില്ല. കൂടെ നൂലുമായുള്ള ബന്ധം അറ്റുപോകാതിരിക്കുകയും വേണം.
ഇന്നലെകളില്‍ നടന്നുതീര്‍ത്ത വഴികളെ ഓര്‍ക്കുന്നവര്‍ക്കാണ് നാളെകളില്‍ നന്ദിബോധമുള്ളവരായി ജീവിക്കാനാകുന്നത്. തിരുദൂതരുടെ ഭൂതകാല ജീവിതത്തെ ഓര്‍മിപ്പിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: നിന്നെ അവന്‍ ഒരു അനാഥനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് നിനക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു. (93:68)
വെളിച്ചമുള്ളിടത്ത് നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയും. നില്‍ക്കുന്നിടത്ത് വെളിച്ചം പകരാന്‍ ഉള്ളില്‍ അണയാത്ത ജ്വാലയുള്ളവര്‍ക്കേ കഴിയൂ. സൂര്യപ്രകാശത്തില്‍ മെഴുകുതിരിയുടെ ആവശ്യമില്ല. പകല്‍ കത്തുന്ന വിളക്കുകളല്ല വേണ്ടത്. ഇരുളില്‍ തെളിയാന്‍ കെല്പുള്ള നാളമാണ് പ്രതീക്ഷ. തണലിലേക്ക് മാറി നില്‍ക്കാന്‍ എളുപ്പമാണ്. തണലായി മാറാനും വെളിച്ചം പകരാനും നന്മയുടെ ഉറവ വറ്റാത്ത സന്മനസ്സ് വേണം. നന്മയുടെ കര്‍മവസന്തം തീര്‍ത്ത് മറ്റുള്ളവര്‍ക്ക് തണലായ് മാറാനാവട്ടെ നമ്മുടെ യൗവനം.
വെളിച്ചം പകരുന്ന കര്‍മങ്ങള്‍ കൊണ്ട് തെളിച്ചമുള്ളതായി ഈ ജീവിതം അടയാളപ്പെടുണം. വെളിപാടിന്റെ വേളയില്‍ പരിഭ്രാന്ത ചിത്തനായി വീടണഞ്ഞ തിരുദൂതര്‍ക്ക് ഭാര്യ ഖദീജബീവി(റ) നല്‍കിയ ആശ്വാസ വാക്കുകളാകട്ടെ നമുക്കുള്ള പ്രചോദനം.
‘ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കയില്ല. കാരണം താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു. ദുരിതമനുഭവിക്കുന്നവന്റെ ഭാരം ഏറ്റെടുക്കുന്നു. അതിഥിയെ ആദരിക്കുന്നു. പരാധീനത അനുഭവിക്കുന്നവനെ സഹായിക്കുന്നു.’ തണലായി മാറുന്നവര്‍ക്ക് തുണയായി ദൈവം എപ്പോഴും കൂടെയുണ്ടാകുമെന്നത് ആശ്വാസത്തിന്റെ കുളിര്‍ തെന്നലായാണ് നബി(സ)ക്ക് അനുഭവപ്പെട്ടത്.