ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല
എന്‍ജി. പി മമ്മദ് കോയ

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: ഒരു ഉംറ അടുത്ത ഉംറ വരെയുള്ള (ചെറിയ പാപങ്ങള്‍) പ്രായശ്ചിത്തമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല (ബുഖാരി, മുസ്്‌ലിം)
അതിമഹത്തായ ഒരു ആരാധനാ കര്‍മത്തിലേക്ക് എല്ലാ വര്‍ഷവും മുസ്്‌ലിം സമുദായം ശ്രദ്ധതിരിക്കുന്ന ഒരു സന്ദര്‍ഭം. വിശ്വാസികളുടെ ഹൃദയം തുടിക്കുന്ന, മുസ്്‌ലിം മനസ്സുകള്‍ സന്തോഷപുളകിതമാവുന്ന സമയം. അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി ആദ്യമായി നിര്‍മിക്കപ്പെട്ട പരിശുദ്ധ ഗേഹത്തിലേക്ക് വിവിധ ദിക്കുകളില്‍നിന്ന് വിശ്വാസികള്‍ എത്തിച്ചേരുന്ന നിര്‍ബന്ധ ഹജ്ജ് കര്‍മത്തിന്റെ കാലമാണത്.
മരുഭൂമികളും പീഠഭൂമികളും മുറിച്ചുകടന്നുകൊണ്ട് സമുദ്രങ്ങളും സമതലങ്ങളും താണ്ടിക്കടന്നുകൊണ്ടാണ് വിശ്വാസികള്‍ അവിടെയെത്തുന്നത്. ആ യാത്രയില്‍ എത്ര ക്ലേശങ്ങള്‍ സഹിക്കുവാനും ബുദ്ധിമുട്ടുകള്‍ ക്ഷമിക്കുവാനും അവര്‍ ഒരുക്കമാണ്. നാടും വീടും സമ്പത്തും സന്താനങ്ങളും മാറ്റിവെച്ചുകൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് ഒരേ ചിന്തയിലേക്ക് ഹാജിമാര്‍ നീങ്ങുന്ന സന്ദര്‍ഭമത്രെ അത്.
പ്രപഞ്ച സ്രഷ്ടാവിന്റെ ഏകത്വത്തെ പ്രഖ്യാപിക്കുകയാണ് ഓരോ ഹാജിയും. ആഗ്രഹസഫലീകരണവും ആവശ്യപൂര്‍ത്തീകരണവും പ്രയാസ ദൂരീകരണവും രോഗശമനവും അവനില്‍നിന്ന് മാത്രം പ്രതീക്ഷിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്യുന്ന തൗഹീദിന്റെ പ്രഖ്യാപനമാണ് ഹാജി നിര്‍വഹിക്കുന്നത്. യാതൊരു ലാഭേച്ഛയുമില്ലാതെ, ഭൗതികലോകത്ത് പ്രശസ്തിയോ പ്രശംസയോ ആഗ്രഹിക്കാതെ മനസ്സ് നിഷ്‌ക്കളങ്കമാക്കിക്കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടുകയാണ് അവന്റെ അതിഥികള്‍.
അല്ലാഹുവിന്റെ കല്പനകളും പ്രവാചക തിരുമേനി(സ)യുടെ നിര്‍ദേശങ്ങളും ചോദ്യം ചെയ്യാതെ അംഗീകരിച്ചുകൊണ്ട് അനുസരണത്തിന്റെ അനുപമമായ മാതൃകയായി ഹാജി മാറുന്നു.
പരിശുദ്ധമായ ആ പ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിക്കുന്നത് മനസ്സും ശരീരവും സമ്പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ടാണ്. പാപങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ എല്ലാമറിയുന്ന അല്ലാഹുവിന് മുന്നില്‍ ഇറക്കിവെക്കുമ്പോള്‍ പുതിയൊരു ജീവിതത്തിന് തിരശ്ശീല ഉയരുകയായി. ഇരുകൈകളും മേല്‍പോട്ടുയര്‍ത്തി കണ്ണീരൊഴുക്കിക്കൊണ്ട് പാപമോചനം തേടുന്നത് ഇതുവരെയുള്ള ജീവിതത്തെക്കാള്‍ മെച്ചപ്പെട്ട ജീവിതം നയിക്കുമെന്ന് മനസ്സില്‍ പ്രതിജ്ഞയെടുത്തുകൊണ്ടാണ്. ഹജ്ജ് പുണ്യകരമാവുന്നതിന്റെ അടയാളം ആ തീരുമാനമാണെന്നത്രെ മഹദ് വചനങ്ങള്‍ പഠിപ്പിക്കുന്നത്. ആ പ്രതിജ്ഞ പ്രാവര്‍ത്തികമാക്കുന്ന ഒരാള്‍ക്ക് അയാളുടെ ഹജ്ജിലൂടെ ലഭിക്കുന്ന പ്രതിഫലം സ്വര്‍ഗീയാരാമങ്ങളിലെ നിത്യതയാണെന്നാണ് ഈ തിരുവചനത്തിന്റെ സന്ദേശം.
