2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഇസ്‌ലാമിക പ്രമാണങ്ങളും ത്വരീഖത്തുകളും

പി കെ മൊയ്തീന്‍ സുല്ലമി


ശിആഇസം, സൂഫിസം, ത്വരീഖത്തുകള്‍ എന്നിവയുടെയെല്ലാം ആദര്‍ശം ഒന്നാണ്. സമസ്തക്കാരുടെയും അവരെ അനുകരിക്കുന്ന യാഥാസ്ഥിതികരുടെയും മുഖ്യ ആദര്‍ശവും ഇതു തന്നെ.
സൂഫിസം നടപ്പില്‍ വരുത്താനുള്ള മാര്‍ഗങ്ങളാണ് ത്വരീഖത്തുകള്‍. ത്വരീഖത്ത് എന്ന പദത്തിന്റെ അര്‍ഥം മാര്‍ഗം, വഴി എന്നൊക്കെയാണ്. നടപ്പില്‍ വരുത്തുന്ന യാതൊരു ആദര്‍ശവും ത്വരീഖത്തുകാരുടെ പക്കലില്ല. എല്ലാം അനുമാനങ്ങളും ഊഹാപോഹങ്ങളുമാണ്. ദുര്‍വ്യാഖ്യാനങ്ങളും ദിവാസ്വപ്‌നങ്ങളും അസംഭവ്യങ്ങളായ ദര്‍ശനങ്ങളും മാത്രമാണ് ഇവരുടെ പ്രമാണങ്ങളും വിശ്വാസ ആചാരങ്ങളും.
വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യല്‍ ഇവരുടെ സ്ഥിരം തൊഴിലാണ്. ത്വരീഖത്തിന് തെളിവായി ഉദ്ധരിക്കാറുള്ള ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക: ”നമ്മുടെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരാരോ അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്.” (അന്‍കബൂത്ത് 69)
ഇവിടെ പറഞ്ഞ ‘നമ്മുടെ വഴികളിലേക്ക്’ എന്ന പദത്തിനാണ് അവര്‍ ‘ത്വരീഖത്ത്’ എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. മറിച്ച്, പ്രസ്തുത ആയത്തു കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് ‘യഥാര്‍ഥ വിശ്വാസികള്‍ ഏത് കര്‍മങ്ങളില്‍ ഏര്‍പ്പെട്ടാലും അല്ലാഹു തൃപ്തിപ്പെടുന്ന മാര്‍ഗത്തില്‍ അവന്‍ അവരെ നയിക്കും’ എന്നാണ്.
ഇന്ന് ലോകത്ത് നാല്‍പത്തിരണ്ടോളം ത്വരീഖത്തുകളുണ്ടെന്നാണ് അറിവ്. നഖ്ശബന്ദീ ത്വരീഖത്തിന്റെ നേതാവായ അഹ്മദുല്‍ ഖശ്മഖാനി അദ്ദേഹത്തിന്റെ ജാമിഉല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥത്തില്‍ നാല്‍പതോളം ത്വരീഖത്തുകളുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നഖ്ശബന്ദീ ത്വരീഖത്ത് മുതല്‍ ഹുവൈസിയ ത്വരീഖത്തു വരെ ഉണ്ട്. പിന്നീട് രൂപം കൊണ്ട നൂരിഷാ ത്വരിഖത്തും ശംസിയാ ത്വരീഖത്തും കൂടി ചേര്‍ന്നാല്‍ 42 ത്വരീഖത്തുകള്‍ ആയി. ഈ ത്വരീഖത്ത് ഇമാമുമാരുടെ അവകാശവാദം അവരുടെ മുരീദന്മാരെ (പിന്തുടരുന്നവരെ) മുഴുവന്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും എന്നാണ്.
സത്യവിശ്വാസികളെ ഈമാനിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന രീതി ഇസ്‌ലാമിലില്ല. ഖുര്‍ആനില്‍ മുസ്്‌ലിം, മുഅ്മിന്‍, കാഫിര്‍, മുശ്‌രിക്ക്, മുനാഫിഖ് എന്നീ പദവികളാണുള്ളത്. എന്നാല്‍ ത്വരീഖത്ത് പ്രസ്ഥാനത്തില്‍ ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത്ത് എന്നീ മൂന്ന് മര്‍തബകള്‍ (സ്ഥാനം) ആണ് ഉള്ളത്. ഈ മര്‍തബകളിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗം അസംഭവ്യവും ഊഹാപോഹങ്ങളിലധിഷ്ഠിതവുമാണ്.
നഖ്ശബന്ദീ ത്വരീഖത്തിന്റെ ഇമാമായ അഹ്മദുല്‍ ഖശ്മഖാനി പറയുന്നു: ”മുരീദ് ശൈഖിന്റെ മുന്നില്‍ മയ്യിത്തു പോലെയാണ്. ആദ്യം പുക്കിളിലൂടെ ശ്വാസം വലിച്ചെടുത്ത് പുറത്തു വിടുക. അനന്തരം ‘ലാ’ എന്നും ‘ഇലാഹ’ എന്നും ‘ഇല്ലല്ലാഹ്’ എന്നും പറയുക. അങ്ങനെ ഒരു ശ്വാസത്തിനിടയില്‍ 1000 പ്രാവശ്യം ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയാന്‍ ശീലിച്ചാല്‍ അവന്‍ ത്വരീഖത്തില്‍ മെമ്പറായി. അത്തരക്കാര്‍ക്ക് പിന്നീട് നമസ്‌കാരത്തിന്റെ ബാഹ്യരൂപം ആവശ്യമില്ല.
അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: തീര്‍ച്ചയായും നമസ്‌കാരം എന്നെ സ്മരിക്കാനുള്ളതാണ്. ഒരു ശ്വാസത്തിന്നിടയില്‍ 2000 പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയാന്‍ ശീലിച്ചാല്‍ അവന്‍ ഹഖീഖത്തിന്റെ പദവിയിലെത്തി എന്നാണ് സങ്കല്പം. അതോടെ അല്ലാഹു അയാളുടെ ശരീരത്തില്‍ ലയിച്ചു എന്നാണ് ഊഹിക്കപ്പെടുന്നത്. ഒരു ശ്വാസത്തിന്നിടയില്‍ 5000 പ്രാവശ്യം ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയാന്‍ ശീലിച്ചാല്‍ അയാള്‍ മഅ്‌രിഫത്തിന്റെ സ്ഥാനത്തെത്തി. അതോടെ അയാളും അല്ലാഹുവും തുല്യരായി. പിന്നീട് അയാള്‍ക്ക് ആരാധനാ കര്‍മങ്ങളുടെ ആവശ്യമില്ല.” (ജാമിഉല്‍ ഉസ്വൂല്‍ പേജ് 5)
ഇത്തരക്കാര്‍ അറിയപ്പെടുന്നത് സാദത്തുല്‍ ഔലിയാഅ് (ഔലിയാക്കളുടെ നേതാക്കള്‍) എന്ന പേരിലാണെങ്കിലും ഇവരെല്ലാം ദൈവികമായ ദൗത്യങ്ങള്‍ ഓരോ ഭാഗത്തും നിര്‍വഹിക്കുവാന്‍ ചുമതലപ്പെട്ട അവതാരങ്ങളാകുന്നു. ഹിന്ദുമതത്തിലെ അവതാരങ്ങളായ ശിവന്‍, വിഷ്ണു, പാര്‍വതി, കൃഷ്ണന്‍ എന്നീ ശക്തികള്‍ക്ക് തുല്യമായി ഇസ്്‌ലാമിലും ചില ദൈവികമായ അവതാരങ്ങള്‍ ഉണ്ടെന്നതാണ് ത്വരീഖത്തുകാരുടെ സങ്കല്പം. അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളത് താഴെ വരുന്ന നാമങ്ങളാണ്. ഖുത്വുബ് (അച്ചുതണ്ട്), ഗൗസ് (സഹായി), ഔതാദ് (ആണികള്‍), നുജബാഅ് (ഉന്നതകുലജാതര്‍), അബ്ദാല് (പകരക്കാര്‍) എന്നിവരാണവര്‍. ഇവരെക്കുറിച്ച് ജലാലുദ്ദീനുസ്സുയൂഥി(റ) അല്‍ഹാവീലില്‍ ഫതാവാ എന്ന ഗ്രന്ഥത്തില്‍ (2:455-473) വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
മേല്‍ അവതാരങ്ങളില്‍ ഒരാള്‍ മരണപ്പെടുന്ന പക്ഷം പകരക്കാരനെ നിശ്ചയിക്കാത്ത പക്ഷം ആ ഭാഗം തന്നെ തകര്‍ന്ന് തരിപ്പണമായിപ്പോകും എന്നാണ് ത്വരീഖത്തുകാരുടെ സങ്കല്പം. ഇത്തരം അവതാരങ്ങളെക്കുറിച്ച് ഇബ്‌നുതൈമിയ്യ(റ) പറയുന്നു: ”ഗൗസ്, ഖുത്വുബ്, ഔതാദ്, നുജബാഅ് തുടങ്ങിയ പദങ്ങളോ നാമങ്ങളോ നബി(സ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ സ്വഹീഹായ പരമ്പരയോടു കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസുകളെല്ലാം ദുര്‍ബലങ്ങളാണ്.” (മിന്‍ഹാജു സുന്നത്തിന്നബവിയ്യ 1:59).
ഈ വിഷയത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”തീര്‍ച്ചയായും അബ്ദാലുകള്‍ (പകരക്കാര്‍) 40 പേരാണ്.” (ഇബ്‌നു അസാകീര്‍) ഈ ഹദീസ് നാസ്വിറുദ്ദീന്‍ അല്‍ബാനി(റ) രേഖപ്പെടുത്തുന്നു. (സില്‍സില 6:564)
മാലകളും മൗലിദുകളും ഖുത്വുബിയ്യത്ത് പോലുള്ള ശിര്‍ക്കന്‍ ബൈത്തുകളും ത്വരീഖത്തുകാരുടെ നിര്‍മിതിയാണ്. അവയില്‍ പലതും ഔലിയാക്കന്മാരെ അല്ലാഹുവെക്കാള്‍ ഉയര്‍ത്തിക്കാണിക്കുന്നവയാണ്. ചില വരികള്‍ അല്ലാഹുവോട് തുല്യപ്പെടുത്തുന്നതാണെങ്കില്‍ മറ്റു ചില വരികള്‍ അല്ലാഹുവെ പരിഹസിക്കുന്ന വിധത്തിലുള്ളവയാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ നമ്മെ പഠിപ്പിക്കുന്നത്, ”അവനെപ്പോലെ യാതൊരു വസ്തുവും ഇല്ല. അവന്‍ അറ്റമില്ലാതെ കേള്‍ക്കുന്നവനും കാണുന്നവനുമാണ്” (ശൂറാ 11) എന്നാണ്. അല്ലാഹു മറ്റൊരിടത്ത് പറയുന്നു: ”അവന് തുല്യനായി ആരും തന്നെയില്ല.” (ഇഖ്‌ലാസ് 4)
അല്ലാഹു പോലും ചില സന്ദര്‍ഭങ്ങളില്‍ മുഹ്‌യുദ്ദീന്‍ ശൈഖിനോട് സഹായം തേടിയിട്ടുണ്ട് എന്നാണ് ഖാളീ മുഹമ്മദ് കവിതയിലൂടെ രേഖപ്പെടുത്തിയിട്ടുള്ളത്. ”യാ ഗൗസുല്‍ അഅ്‌ളം എന്നല്ലാഹ് വിളിച്ചോവര്‍” (മുഹ്‌യുദ്ദീന്‍ മാല). അല്ലാഹു ശൈഖിനെ ‘ഹേ, ഏറ്റവും വലിയ സഹായി’ എന്ന് വിളിച്ചുവെന്നാണ് പറഞ്ഞത്. അല്ലാഹു എപ്പോഴാണ് ശൈഖിന്റെ സഹായം തേടിയത് എന്ന് വ്യക്തമാക്കുന്നില്ല.
ഖാദിരി ത്വരീഖത്തുകാരനായ ശത്വ്‌നൂഫി എന്നയാള്‍ അല്ലാഹുവിനെ പരിഹസിച്ചു കൊണ്ടാണ് ശൈഖിനെ പുകഴ്ത്തുന്നത്. ”വ അഅ്‌ലമു ഇല്‍മല്ലാഹി ഉഹ്‌സ്വിഹു റൂഹഹു -വ അഅ്‌ലമു മൗജല്‍ ബഹ്‌രി കം ഹുവ മൗജത്തി.” (ബഹ്ജത്തുല്‍ അസ്‌റാന്‍) അഥവാ അല്ലാഹുവിന് എത്ര അറിവുണ്ടെന്ന് എനിക്കറിയാം. അതിന്റെ അക്ഷരങ്ങള്‍ വരെ ഞാന്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. കടലിലെ തിരമാലകള്‍ എത്രയാണെന്നും ഞാനറിയും.
അല്ലാഹുവിന്റെ അറിവിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക: ”ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിനു പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ സഹായിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുന്നതല്ല.” (ലുഖ്മാന്‍ 27) ”അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് (മനുഷ്യര്‍ക്ക്) നല്‍കപ്പെട്ടിട്ടില്ല.” (ഇസ്‌റാഅ് 85)
മുരീദുകളുടെ ശരീരവും സമ്പത്തും കര്‍മങ്ങളും ശൈഖിന് സമര്‍പ്പിക്കുകയെന്നതാണ് ത്വരീഖത്തിന്റെ അടിത്തറ. അതിന് പകരമായി ശൈഖ് ഇഹത്തിലും പരത്തിലും അവനെ സംരക്ഷിക്കുമെന്ന കരാറിന്മേലാണത്. ശത്വ്‌നൂഫി അക്കാര്യവും വ്യക്തമാക്കുന്നുണ്ട്. ”മുരീദീ തമസ്സുക്ക് ബീ വകുന്‍ ലീ വാസിഖന്‍ ഫഅഹ്മീക ഫിദ്ദുന്‍യാ വയൗമല്‍ ഖിയാമതി.” (ബഹ്ജത്തുല്‍ അസ്‌റാന്‍) അഥവാ ”മുരീദേ, നീ എന്നെ മുറുകെ പിടിക്കുകയും എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുക. നിന്നെ ഞാന്‍ ഇഹത്തിലും പരത്തിലും സംരക്ഷിക്കുന്നതാണ്.” ഇഹത്തിലും പരത്തിലും നമ്മുടെ സംരക്ഷകന്‍ അല്ലാഹു മാത്രമാണ് എന്ന ഖുര്‍ആനിക തത്വത്തിന് വിരുദ്ധമാണിത്.
യൂസുഫ് നബി(അ)യുടെ പ്രാര്‍ഥന ശ്രദ്ധിക്കുക: ”എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരുഭാഗം) നല്‍കുകയും സ്വപ്‌ന വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും നീ എനിക്ക് പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ആകാശഭൂമികളുടെ സൃഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു.” (യൂസുഫ് 101)
മൗലിദുകളില്‍ നിറഞ്ഞു കിടക്കുന്ന വസ്തുതയാണ് ശൈഖിനോട് പ്രാര്‍ഥിക്കാനുള്ള ആഹ്വാനങ്ങള്‍. ഉദാഹരണത്തിന് ”വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് വായ് കൂടാതുത്തിരം ചെയ്യും ഞാനെന്നോവര്‍” (മുഹ്‌യിദ്ദീന്‍ മാല). അല്ലാഹു പോലും അപ്രകാരം പറഞ്ഞിട്ടില്ല. സൂറത്ത് ജിന്ന് 20-ാം വചനത്തിലും സൂറത്ത് ഫാത്വിര്‍ 14-ാം വചനത്തിലും അല്ലാഹു അരുളിയത് ‘അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടല്‍ ശിര്‍ക്കാണ്’ എന്നാണ്.
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനിയും ഇപ്രകാരം പറഞ്ഞിട്ടില്ല. തൗഹീദ് മുറുകെ പിടിക്കുകയും അതിനുവേണ്ടി പ്രബോധനം നടത്തുകയും ചെയ്ത ഒരു വ്യക്തിയാണ് അദ്ദേഹം. അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടല്‍ ശിര്‍ക്കാണെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അദ്ദേഹം പറയുന്നു: ജീവിത വിഷമ പ്രതിസന്ധികള്‍ സംഭവിക്കുമ്പോള്‍ ഒരു സൃഷ്ടിയോടും നീ നിന്റെ വിഷമങ്ങള്‍ ആവലാതിപ്പെടരുത്. നിന്റെ റബ്ബിനെ ആന്തരികമായി നീ തെറ്റിദ്ധരിക്കരുത്. നീ ശമനം ലഭിക്കാന്‍ നിന്റെ മനസ്സുമായി ഒരു സൃഷ്ടിയിലേക്കും പോകരുത്. അത് ശിര്‍ക്കാണ്. അതിനാല്‍ അല്ലാഹുവോട് മാത്രം സഹായം തേടല്‍ നിനക്ക് നിര്‍ബന്ധമാണ്.” (ഫുതൂഹുല്‍ ഗൈബ് പേജ് 137). മനസ്സുകൊണ്ടുപോലും അല്ലാഹു അല്ലാത്ത അദൃശ്യശക്തികളുടെ സഹായം കാംക്ഷിക്കല്‍ ശിര്‍ക്കാണ് എന്നാണ് ശൈഖ് രേഖപ്പെടുത്തിയത്.
ത്വരീഖത്തിന്റെ ശൈഖുമാര്‍ അവരുടെ മുരീദുകളുടെ പാപവും കൂടി ഏറ്റെടുക്കും എന്നാണ് അവരുടെ അവകാശവാദം. അതിനെയും അല്ലാഹു ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. അത് സത്യനിഷേധികളുടെ അവകാശവാദമായിട്ടാണ് അല്ലാഹു ഖുര്‍ആനില്‍ വിശദീകരിക്കുന്നത്. ”നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ. നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ വഹിച്ചു കൊള്ളാം എന്ന് സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറഞ്ഞു. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ നുണ പറയുന്നവരാകുന്നു.” (അന്‍കബൂത്ത് 12)
നാട്ടില്‍ നടന്നു വരുന്ന ഒരനാചാരമാണ് റാത്തീബ്. അതിന്റെ വക്താക്കളും ത്വരീഖത്തുകാര്‍ തന്നെ. ഖുര്‍ആന്‍ ഷോര്‍ട്ടാക്കലാണത്രെ റാത്തീബ്. ഉദാഹരണത്തിന് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ഷോര്‍ട്ടാണ് ‘ലാഹു’ എന്ന ദിക്ര്‍. മുഹ്‌യുദ്ദീന്‍ റാത്തീബിലെ ചില ദിക്‌റുകള്‍ ഇപ്രകാരമാണ്. ‘ഹാ ഹൂ ഹീ ഹയ്യുന്‍’ 111 വട്ടം. ‘ഹൂ ഹൂ ഹൂയാമാന്‍ ഹൂ’ 111 വട്ടം. റിഫാഈ റാത്തീബിലെ ദിക്‌റുകള്‍ ‘ഇല്ലാഹു’ 303 വട്ടം. ‘യാഹൂ’ 303. ‘അല്ലാഹു’ 303 വട്ടം. ‘ഹൂഹൂ’ 303 വട്ടം. ‘ആഹ്’ 303 വട്ടം. ‘ഹാഹം’ 3030 വട്ടം. ‘ഹീഹം’ 303 വട്ടം. ‘ലാലാ’ 3030 വട്ടം. ‘ഇല്ല ഇല്ല’ 3030 വട്ടം. ‘അല്ല അല്ല’ 3030 വട്ടം.
ആരാണ് ഖുര്‍ആന്‍ ഷോര്‍ട്ടാക്കാന്‍ ഇവര്‍ക്ക് അനുവാദം നല്‍കിയത്? അല്ലാഹു പറയുന്നു: ”നമ്മുടെ വചനങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവര്‍ നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല, തീര്‍ച്ച. അപ്പോള്‍ നരകത്തില്‍ എറിയപ്പെടുന്നവനാണോ ഉത്തമന്‍ അതല്ല ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ നിര്‍ഭയനായിട്ട് വരുന്നവനോ?” (ഫുസ്സ്വിലത്ത് 40)
ഇസ്‌ലാമില്‍ ഒരു ത്വരീഖത്ത് മാത്രമേയുള്ളൂ. അത് ഖുര്‍ആനിന്റെ വിശദീകരണമായി അല്ലാഹുവിന്റെ റസൂല്‍ (സ) പഠിപ്പിച്ച മാര്‍ഗം മാത്രമാണ്. അല്ലാഹു പറയുന്നു: ഇതാകുന്നു എന്റെ നേരായ മാര്‍ഗം. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍തുടരരുത്. അവയൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും നിങ്ങളെ ഭിന്നിപ്പിച്ചു കളയുന്നതാണ്.” (അന്‍ആം 153)

Back to Top