2 Wednesday
July 2025
2025 July 2
1447 Mouharrem 6

പ്രകൃതി സംരക്ഷണം ആഘോഷമാക്കുന്നവര്‍

ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി ഇത്തവണയും നാം കെങ്കേമമായിത്തന്നെ കൊണ്ടാടി. കോവിഡ് വ്യാപനം സൃഷ്ടിച്ച അടച്ചിടലിനിടയിലും ഒറ്റയ്ക്കും ചെറുസംഘങ്ങളായും മറ്റു ചിലര്‍ കുടുംബത്തോടെയും വൃക്ഷത്തൈകള്‍ നടുകയും ചിത്രങ്ങളെടുത്ത് ഫേസ്ബുക്ക്, വാട്‌സ്ആപ് തുടങ്ങി സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റു ചിലര്‍ പത്രദ്വാരാ വഴിയും പ്രചരിപ്പിച്ച് ആഘോഷത്തിന് കൊഴുപ്പേകുകയും ചെയ്തു. ആഘോഷം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരിക്കുന്നു. അന്നു നട്ട വൃക്ഷത്തൈകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് പിന്നീട് തിരിഞ്ഞുനോക്കിയ എത്ര പേരുണ്ടാവും നമുക്കിടയില്‍.
മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമായ പ്രകൃതി സംരക്ഷണ ചിന്തയെ കേവലം ആഘോഷത്തിനപ്പുറത്തേക്ക് ഗൗരവത്തോടെ കാണാത്ത പ്രഹസനങ്ങളുടെ ഘോഷയാത്ര ഒരു വശത്ത്. ഇനി ഇതേ സമയത്തു തന്നെ കേരളത്തില്‍ തിമര്‍ത്താടിക്കൊണ്ടിരിക്കുന്ന മറ്റൊരു വിവാദത്തിലേക്ക് നമുക്ക് നോക്കാം. പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ നടന്ന വ്യാപക വനംകൊള്ളയാണിത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ വിവാദമായി കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണിത്. വനംമുറിക്കു പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോ ള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ വനം – റവന്യൂ വകുപ്പുകളി ല്‍ ഇതിന്റെ ഉത്തരവാദികളെ തിരയുന്ന ജോലിയിലാണ് ഭരണപ ക്ഷം. ഏതായാലും വനംകൊള്ള നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ ക്കും തര്‍ക്കമില്ല. ഉത്തരവാദികളുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്.
ഇനി കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ കണക്കൂകൂടി പരിശോധിക്കാം. പ്രകൃതി സംരക്ഷണ കാര്യത്തില്‍ മലയാളി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഇരട്ടത്താപ്പ് കൂടി ഇതിലൂടെ ബോധ്യപ്പെടും. ലോകമെങ്ങും പരിസ്ഥിതി സംരക്ഷണബോധം ആഴത്തി ല്‍ വേരോടിത്തുടങ്ങിയ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മാത്രമുള്ള വനനശീകരണത്തിന്റെ കണക്കാണിത്. 2002 മുതല്‍ 2020 വരെ 3044 ഹെക്ടര്‍ വനം കേരളത്തില്‍ വെട്ടി നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആകെ വനസമ്പത്തിന്റെ 4.8 ശതമാനം വരുമിത്. 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ നഷ്ടമാണ് ഇത് പ്രകൃതിക്ക് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതല്‍ വനനശീകരണമുണ്ടായിട്ടുള്ളത് ഇടുക്കി മലയോര മേഖലയിലാണെ ന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ മുട്ടിലില്‍ നടന്ന മരംമുറിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദമാണ് ഇന്ന് സംസ്ഥാനമാകെ നടന്ന വനംകൊള്ളയുടെ വാര്‍ത്തയായി പരിണമിച്ചുകൊണ്ടിരിക്കുന്നത്. ഇതിലും ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് വയനാട്, ഇടുക്കി ജില്ലകളിലാണ്. പട്ടയ ഭൂമിയിലെ തേക്ക്, ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ചില ഭൂവുടമകള്‍ നല്‍കിയ അപേക്ഷകളിന്മേല്‍ നല്‍ കിയ അനുമതിയുടെ മറവിലാണ് ഇത്രയും വലിയ കൊള്ള അരങ്ങേറിയിരിക്കുന്നത്. മരംവെട്ട് തടയാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മന്ത്രിയുടെ കുറിപ്പ് കൂടി ചേര്‍ത്താണ് ഉത്തരവിറക്കിയിരിക്കുന്നത്. ആസൂത്രിതമായ വനംകൊള്ളയാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണിത്. ഇതേ മന്ത്രിമാര്‍ തന്നെയാണ് പരിസ്ഥിതി ദിനത്തില്‍ വനസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കിടയില്‍ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ.
പ്രകൃതിയിലെ അനേകം ജീവസമ്പത്തുകളില്‍ ഒന്ന് മാത്രമാണ് മനുഷ്യന്‍. പ്രകൃതി മനുഷ്യനു വേണ്ടി മാത്രമോ മനുഷ്യന്‍ പ്രകൃതിക്കു വേണ്ടി മാത്രമോ സൃഷ്ടിക്കപ്പെട്ടതല്ല. എല്ലാം പരസ്പര പൂരകങ്ങളാണ്. പരസ്പരം കൊണ്ടും കൊടുത്തും മാത്രമേ പ്രകൃതിയില്‍ ജീവിക്കാനാവൂ. വെട്ടിപ്പിടിക്കലിന്റേ യും കീഴടക്കലിന്റേയും ധൂര്‍ത്തിന്റേയും മനോനില പ്രകൃതിയില്‍ പരീക്ഷിച്ചാല്‍ പതിന്മടങ്ങായി തിരിച്ചടികള്‍ നേരിടേണ്ടിവരും. അതിന് അനുഭവ പാഠം തേടി നമുക്ക് മറ്റെവിടേയും പോകേണ്ടിവരില്ല. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ കേ രളം അനുഭവിച്ച പ്രളയങ്ങള്‍ മാത്രം മതി.
പശ്ചിമഘട്ട മലനിരകളുടെ മേല്‍ മലയാളി നടത്തിക്കൊണ്ടിരിക്കുന്ന കൈയേറ്റങ്ങള്‍ എന്ത് പ്രത്യാഘാതം സൃഷ്ടിക്കുമെന്നറിയാ ന്‍ നിങ്ങളുടേയോ എന്റേയോ കാലമൊന്നും കഴിയേണ്ടി വരില്ലെന്ന മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍ മലയാളിക്ക് ഏറ്റവും നല്ല പാഠമാണ്. പ്രകൃതിയിലേക്ക് മടങ്ങുക മാത്രമാണ് പോംവഴി. അതിന് ഇപ്പോള്‍ നടത്തുന്നതു പോലുള്ള പ്രഹസനങ്ങള്‍ മതിയാവില്ല. ആത്മാ ര്‍ഥമായ ഇടപെടലുകളാണ് വേണ്ടത്. പ്രകൃതിയോട് കരുതല്‍ വേണം. എങ്കില്‍ പ്രകൃതി അതേ കരുതല്‍ നമുക്കും തിരിച്ചുതരും. അതിന് പകല്‍മാന്യന്മാരായ കാട്ടുകൊള്ളക്കാരുടെ കൈകളില്‍ കൈയാമം വീഴുക തന്നെ വേണം.

Back to Top