ഖുദ്സ്; പോരാട്ടങ്ങളും വീണ്ടെടുക്കലുകളും
എം എസ് ഷൈജു
കുരിശ് യുദ്ധം ഏകമുഖമുള്ള ഒരു പോരാട്ടമായിരുന്നില്ല. ഒറ്റ ദിശയില്‍ മാത്രമായിരുന്നില്ല അത് നടന്നത്. ഒരു മുഖ്യ ലക്ഷ്യത്തിനൊപ്പം അനവധി ഉപ ലക്ഷ്യങ്ങളും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ശക്തമായ ഒരു വൈകാരികതയുടെ പിന്‍ബലത്തിലാണ് അത് നടന്നത്. ആ വൈകാരികത ജറൂസലം എന്ന വിശുദ്ധ ദേശവുമായി ബന്ധപ്പെട്ടതായിരുന്നു. ഖലീഫ ഉമറിന്റെ സേനക്ക് മുന്നില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങേണ്ടി വന്ന പാത്രിയാര്‍ക്കീസിന്റെ ആത്മവേദനയെ ഉള്‍വഹിച്ചായിരുന്നു ഓരോ കാലത്തെയും മാര്‍പ്പാപ്പമാര്‍ കുരിശ് യുദ്ധങ്ങള്‍ക്കായി ആഹ്വാനം നടത്തിക്കൊണ്ടിരുന്നത്.
മുസ്‌ലിംകളുടെ പക്കല്‍ നിന്ന് ജറൂസലമിനെ പിടിച്ചെടുത്ത് ക്രിസ്ത്യന്‍ അധീനതയില്‍ കൊണ്ടുവരുന്ന ഒരു ദിനവും സ്വപ്‌നം കണ്ടാണ് മാര്‍പ്പാപ്പമാര്‍ യുദ്ധത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിച്ചിരുന്നത്. ഇങ്ങനെയൊരു മതകീയ താത്പര്യത്തിന്റെ പിന്‍ബലത്തിലാണ് കുരിശ് യുദ്ധങ്ങള്‍ അരങ്ങേറിയതെങ്കിലും രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ ഒട്ടേറെ മാനങ്ങളും ഇതിലെ ഓരോ യുദ്ധങ്ങള്‍ക്കും പിന്നിലുണ്ടായിട്ടുണ്ട് എന്ന് നമുക്ക് നിരീക്ഷിക്കാന്‍ സാധിക്കും. സമ്പത്തിലും വിഭവങ്ങളിലും ഭൂപ്രദേശങ്ങളിലും കണ്ണ് വെച്ച പല യൂറോപ്യന്‍ ഭരണാധികാരികളും കുരിശ് സേനക്കൊപ്പം കൂടിയിരുന്നു.
എന്നാല്‍ മുസ്‌ലിം ഭരണകൂടങ്ങളെ സംബന്ധിച്ചേടത്തോളം മുഖ്യമായ ലക്ഷ്യം പ്രതിരോധവും അധികാരവും തന്നെയായിരുന്നു. മത മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഭരണം നടത്തുന്നവരായിരുന്നില്ല അക്കാലഘട്ടത്തിലെ മിക്ക ഭരണാധികാരികളും. പല ഗവര്‍ണര്‍മാരും പിന്നീട് സ്വയം പ്രഖ്യാപിത ഖലീഫമാരായി മാറി. ഓരോ ഖിലാഫത്തുകളും പരസ്പരം നടത്തിയ യുദ്ധങ്ങളുടെ കെടുതികള്‍ കൂടി സാധാരണ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നു. ചില്ലറ വിട്ടുവീഴ്ചകള്‍ക്ക് പോലും തയാറാകാതെ ഭരണകര്‍ത്താക്കള്‍ പരസ്പരം കാലുഷ്യം പുലര്‍ത്തി. സല്‍ജൂഖികളെ പരാജയപ്പെടുത്താന്‍ കുരിശ് സേനയുടെ സഹായം സ്വീകരിക്കാനും അവരോടൊപ്പം ചേരാനും വരെ ഫാതിമി ഖിലാഫത്ത് ഒരു ഘട്ടത്തില്‍ തയാറായി. ബാഗ്ദാദിലെ അബ്ബാസി ഗവര്‍ണര്‍ പോലും വിമോചനപ്പോരാട്ടങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ചു. ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍ ഉണ്ട്. പ്രധാനമായും ഒന്‍പത് യുദ്ധങ്ങളാണ് പല ഘട്ടങ്ങളിലായി ക്രിസ്ത്യാനികളും മുസ്ലിം ഭരണ കര്‍ത്താക്കളും തമ്മില്‍ കുരിശ് യുദ്ധത്തിന്റെ ഭാഗമായി നടന്നത്. ഇതില്‍ മതാഭിനിവേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് മുസ്ലിംകള്‍ ഇടപെട്ടത് രണ്ടോ മൂന്നോ യുദ്ധങ്ങളില്‍ മാത്രമായിരുന്നു.
സഭ എന്ന ഒരു വലിയ മത സ്ഥാപനത്തിന്റെ പ്രേരണയിലോ നേരിട്ടുള്ള ഇടപെടലിലോ നിയന്ത്രണത്തിലോ മാത്രമാണ് ക്രിസ്ത്യാനികള്‍ യുദ്ധം നടത്തിയിരുന്നത്. സഭാധ്യക്ഷനായ മാര്‍പ്പാപ്പയുടെ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കാന്‍ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട രാജാക്കന്മാര്‍ക്കോ സൈന്യാധിപന്മാര്‍ക്കോ ഇങ്ങ് താഴെ തട്ടിലെ പടയാളികള്‍ക്ക് പോലുമോ ധൈര്യമുണ്ടായിരുന്നില്ല. അക്കാലത്തെ ക്രിസ്ത്യന്‍ മതനേതൃത്വത്തിന് ആ സമൂഹത്തില്‍ അത്രമാത്രം ശക്തിയും പ്രാധാന്യവുമുണ്ടായിരുന്നു. എന്നാല്‍ മുസ്‌ലിം പക്ഷത്തെ സംബന്ധിച്ചേടത്തോളം അങ്ങനെ ഒരു ആധികാരിക മത നേതൃത്വം ഉണ്ടായിരുന്നില്ല. ഭരണാധിപന്മാര്‍ക്കായിരുന്നു ഖിലാഫത്തില്‍ സര്‍വ അധികാരവും.
അവരുടെ നിയന്ത്രണത്തിലും താത്പര്യത്തിലുമാണ് മിക്കപ്പോഴും മതം നിന്നിരുന്നത്. രാജാക്കന്മാര്‍ക്കും ഖലീഫമാര്‍ക്കും വശംവദരാകാത്ത മതപണ്ഡിതരെ പീഡിപ്പിച്ച സംഭവങ്ങളും ചരിത്രത്തില്‍ കാണാം. തങ്ങളുടെ ഭരണ പ്രദേശങ്ങളിലെ ആരാധനാലയങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്താന്‍ ഖലീഫമാര്‍ മത നേതൃത്വത്തോട് നിര്‍ദേശിക്കാറുണ്ടായിരുന്നു.
ഒരു പള്ളിയിലെ ജുമുഅ ഖുതുബ കേട്ടാല്‍ അത് ഏത് ഖലീഫയുടെ അധീനതയിലുള്ള പള്ളിയാണെന്ന് മനസിലാക്കാന്‍ ഒരാള്‍ക്ക് വേഗത്തില്‍ കഴിയുമായിരുന്നു. യഥാര്‍ഥത്തില്‍ യുദ്ധം നടന്നത് ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിലായിരുന്നു എന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍ ശരി ക്രിസ്ത്യന്‍ മത നേതൃത്വവും പല കാലത്തായുള്ള മുസ്ലിം രാഷ്ട്രീയ നേതൃത്വവും തമ്മിലായിരുന്നു എന്ന് പറയുന്നതായിരിക്കും.
പ്രധാനമായും മൂന്ന് ഘട്ടങ്ങളായി കുരിശ് യുദ്ധങ്ങളെ വേര്‍തിരിക്കാം. എ ഡി 1095-ല്‍ ആരംഭിച്ച് 1099-ല്‍ അവസാനിച്ച ആദ്യഘട്ട യുദ്ധത്തില്‍ കുരിശ് സേന വന്‍ വിജയം നേടി. കീഴടക്കിയ മുസ്ലിം ഭൂപ്രദേശങ്ങള്‍ അവര്‍ ചവിട്ടി മെതിച്ചു. സേന കടന്ന് പോയ വഴികളിലെല്ലാം വന്‍ അക്രമണങ്ങള്‍ നടന്നു. ക്രിസ്ത്യന്‍ പക്ഷപാതികളായ ചരിത്രമെഴുത്തുകാര്‍ പോലും ആ ആക്രമണങ്ങളുടെ ഭയാനകതകളെ സംബന്ധിച്ച് എഴുതിയിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ പ്രഭുക്കന്മാരുടെ പിന്തുണയില്ലാതെ തീവ്ര മതാഭിമാനികളായ സന്യാസികളുടെ നേതൃത്വത്തിലാണ് കുരിശ് സേനയെ സജ്ജമാക്കിയിരുന്നത്. പ്രധാനമായും ഫ്രാന്‍സിലെ ആമിയാനില്‍ നിന്നുള്ള പീറ്റര്‍ ഹെര്‍മിറ്റ് എന്ന പുരോഹിതന്റെ നേതൃത്വത്തിലാണ് മുഖ്യ സേന സജ്ജമായത്. തുര്‍ക്കികളായ സല്‍ജൂക്കികളോടാണ് അവര്‍ ആദ്യം ഏറ്റുമുട്ടിയത്. ആ ഏറ്റുമുട്ടല്‍ ഒരു പരാജയമായിരുന്നു. തുടര്‍ന്ന് യൂറോപ്പിലെ വിവിധ ക്രിസ്ത്യന്‍ നാടുകളിലെ ഭരണാധികാരികളോട് യുദ്ധത്തിനിറങ്ങാന്‍ മാര്‍പ്പാപ്പ കല്പിച്ചു. അതോടെ സര്‍വ സജ്ജമായ ഒരു വന്‍ സൈന്യം കുരിശ് യുദ്ധത്തിനായി തയാറായി. കടലിലൂടെയും കരയിലൂടെയും അവര്‍ തുര്‍ക്കി ലക്ഷ്യമാക്കി നീങ്ങി. ഘോരമായ യുദ്ധത്തിനൊടുവില്‍ സല്‍ജൂഖീകളുടെ തലസ്ഥാനമായ ഖൂനിയ അവര്‍ കീഴടക്കി. തുടര്‍ന്ന് അന്ത്യാക്യ, ഹിംസ്, റൂഹാ, മൗസില്‍, ഹമാത് എന്നീ സ്ഥലങ്ങളും അവര്‍ കീഴടക്കി. യുദ്ധത്തിലാകമാനം കുരിശ് സേന നടത്തിയ അതിഭീകരമായ ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രം ‘അറബ് ഹിസ്റ്റോറിയന്‍സ് ഓഫ് ദി ക്രൂസേഡ്സ്’ പോലെയുള്ള അനേകം ചരിത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. കീഴടക്കിയ സ്ഥലങ്ങളില്‍ അവര്‍ ക്രൈസ്തവ ഭരണകൂടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഒടുവില്‍ അവര്‍ ഖുദ്സില്‍ എത്തി. ഖുദ്‌സിന് ചുറ്റുമുള്ള മിക്കവാറും ഭൂപ്രദേശങ്ങളെ അപ്പോഴും ഭരിച്ച് കൊണ്ടിരുന്നത് സുശക്തരായ മുസ്ലിം ഭരണാധികാരികളായിരുന്നു. പക്ഷെ അവരില്‍ പലരും കുരിശ് യോദ്ധാക്കളെ നേരിടാന്‍ വിമുഖത കാണിച്ചു. ജറുസലേം മാത്രം വിട്ട് തന്നാല്‍ ഫലസ്തീന്റെ മറ്റ് ഭാഗങ്ങള്‍ കീഴടക്കാന്‍ സഹായിക്കാമെന്ന വ്യവസ്ഥ പോലും ഫാതിമി ഭരണകൂടം കുരിശ് സേനക്ക് മുന്നില്‍ വെച്ചിരുന്നു. ഈ ചരിത്രങ്ങളിലൂടെയൊക്കെ കടന്ന് പോകുമ്പോള്‍ എത്ര മാത്രം നിസംഗതയായിരുന്നു മുസ്ലിം ഭരണാധികാരികളില്‍ പലരും കുരിശ് പോരാളികളോട് കാണിച്ചിരുന്നതെന്ന് നമുക്ക് മനസിലാകും.
കാര്യമായ പ്രതിരോധങ്ങളൊന്നുമില്ലാതെ കുരിശ് സേനക്ക് ഖുദ്സിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചു. വലിയ അക്രമണങ്ങളും കൊലകളും അവര്‍ അവിടെ നടത്തിയതിന്റെ ചരിത്രം സഭാ പ്രസിദ്ധീകരണാലയങ്ങള്‍ വഴി അച്ചടിച്ച ഗ്രന്ഥങ്ങളില്‍ വരെ വായിക്കാന്‍ സാധിക്കുമെന്നതില്‍ നിന്ന് അന്നത്തെ നരനായാട്ടിന്റെ ബീഭത്സത നമുക്ക് ഊഹിക്കാം. മസ്ജിദുല്‍ അഖ്‌സയും മറ്റ് ഇസ്ലാമിക കേന്ദ്രങ്ങളും കുരിശ് സേന പിടിച്ചെടുത്തു. യൂറോപ്പിലിരുന്ന് കൊണ്ട് മാര്‍പ്പാപ്പ വിവരങ്ങള്‍ അറിഞ്ഞ് കൊണ്ടേയിരുന്നു. ഒടുവില്‍ കിംങ്ഡം ഓഫ് ജറുസലേം എന്ന പേരില്‍ അവിടെ ഒരു ക്രിസ്തീയ രാജ്യം സ്ഥാപിക്കപ്പെട്ടു. ധാരാളം മുസ്ലിംകള്‍ ബാഗ്ദാദ് പട്ടണത്തിലേക്ക് അഭയാര്‍ഥികളായി ഓടിപ്പോയി. ഖുദ്സ് മുസ്ലിംകളില്‍ നിന്ന് ക്രിസ്ത്യാനികളുടെ അധീനതയിലേക്ക് മാറി. കുരിശ് യുദ്ധത്തിന്റെ ഒന്നാം ഘട്ടം അങ്ങനെ പരിസമാപിച്ചു.
എ ഡി 1145ല്‍ ആരംഭിച്ച് 1149ല്‍ അവസാനിച്ച ഒരു യുദ്ധ കാലഘട്ടമാണ് രണ്ടാം കുരിശ് യുദ്ധം. ഖുദ്സ് നഷ്ടപ്പെട്ട വാര്‍ത്ത ഒരു നടുക്കത്തോടെയാണ് ചുറ്റുപാടുമുള്ള ഭരണാധികാരികള്‍ ഉള്‍ക്കൊണ്ടത്. ബാഗ്ദാദില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ അബ്ബാസിയാ ഖലീഫയെ ഒരു പോരാട്ടത്തിനായി സമ്മര്‍ദ്ദപ്പെടുത്തിക്കൊണ്ടിരുന്നു. ഖുദ്സ് ഏത് വിധേനയും തിരിച്ച് പിടിക്കണമെന്ന ആഗ്രഹം പല ഭരണാധികാരികള്‍ക്കുമുണ്ടായിരുന്നെങ്കിലും ഒരു സൈനിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാനുള്ള തന്റേടം ആരും കാണിച്ചില്ല. ഖുദ്സ് വിമോചനത്തിനുള്ള എല്ലാ ഉദ്യമങ്ങളും മുളയിലേ തന്നെ വാടിത്തളര്‍ന്ന് പോകുന്ന ഒരു സ്ഥിതിയിലായിരുന്നു ഓരോയിടത്തെയും രാഷ്ട്രീയ അന്തരീക്ഷം. പിന്നീട് വിമോചന ചരിത്രത്തിലേക്ക് കടന്ന് വരുന്നത് മൗസിലിലെ തുര്‍ക്കി വംശജനായ ഗവര്‍ണര്‍ ഇമാമുദ്ദീന്‍ സങ്കിയാണ്.
ഖുദ്‌സ് വിമോചനത്തിനുള്ള ഒരു പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചു. വിവിധ നാടുകളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കുമായി അദ്ദേഹം സന്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മിക്കവാറും ഭരണകര്‍ത്താക്കളും ഈ നിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞു. എന്നാല്‍ പണ്ഡിതരും സാമാന്യ ജനങ്ങളും ആവേശ പൂര്‍വം ഇമാമുദ്ദീന്‍ സങ്കിക്ക് പിന്നില്‍ അണിനിരന്നു. ഒരു മികച്ച സൈന്യത്തെ സജ്ജമാക്കിയ ഇമാമുദ്ദീന്‍ റൂഹായിലേക്ക് തന്റെ ആദ്യ സൈനിക നീക്കം നടത്തി. അതിശക്തമായ ഒരു പോരാട്ടത്തിനൊടുവില്‍ മുസ്ലിം സൈന്യം റൂഹാ പട്ടണം തിരിച്ച് പിടിച്ചു. ഖുദ്സ് വിമോചന പോരാട്ടങ്ങളുടെ ഒരു വലിയ അധ്യായത്തിന്റെ ആരംഭം ചരിത്രത്തില്‍ സംഭവിക്കുകയായിരുന്നു. ആദ്യ വിജയത്തിന്റെ ആവേശം മുസ്ലിം സൈന്യത്തില്‍ തിളച്ച് മറിഞ്ഞു. യൂറോപ്പില്‍ ഈ വാര്‍ത്ത മാര്‍പ്പാപ്പയെ അസ്വസ്ഥനാക്കി.
ചുറ്റുവട്ടങ്ങളിലെ ക്രിസ്ത്യന്‍ രാജ്യങ്ങളോട് ഇമാമുദ്ദീന്‍ സങ്കിക്കെതിരെ പട നയിക്കാന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. യൂജീനിയസ് മൂന്നാമന്‍ ആയിരുന്നു ഇക്കാലത്തെ മാര്‍പ്പാപ്പ. യൂറോപ്പില്‍ നിന്ന് പുറപ്പെട്ട ആ സൈന്യം പ്രഭുക്കന്മാരുടെ സൈന്യം എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെട്ടത്. ഈ ഘട്ടത്തില്‍ പോലും കുരിശ് പോരാളികളുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാമിക ഭരണാധികാരികള്‍ ഉണ്ടായിരുന്നു. ഇമാമുദ്ദീനോട് ശത്രുതയുണ്ടായിരുന്ന പല മുസ്ലിം ഭരണാധികാരികളും അദ്ദേഹത്തിനെതിരെ ഉപജാപങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ ഫാതിമികള്‍ അദ്ദേഹത്തെ വധിച്ചു.
ഇമാമുദ്ദീന് ശേഷം അദ്ദേഹത്തിന്റെ മകന്‍ നൂറുദ്ദീന്‍ സങ്കി ഭരണ സാരഥ്യമേറ്റെടുത്തു. കൂടുതല്‍ ആളുകള്‍ നൂറുദ്ദീന് പിന്തുണ നല്‍കി മുന്നോട്ട് വന്ന് കൊണ്ടിരുന്നു. പിതാവിന്റെ വിജയരഥം അതിഗംഭീരമായി നൂറുദ്ദീന്‍ മുന്നോട്ട് പായിച്ചു. ദമസ്‌ക്കസില്‍ നിന്ന് കുരിശ് സേനയെ തുരത്തിയ നൂറുദ്ദീന്റെ സേന ത്വറാബല്‍സ്, ബഅലബക്ക് എന്നീ പട്ടണങ്ങള്‍ അവരില്‍ നിന്ന് തിരിച്ച് പിടിച്ചു. അപ്പോള്‍ യൂറോപ്പില്‍ നിന്ന് പുറപ്പെട്ട പ്രഭുക്കന്മാരുടെ സൈന്യം ഡമസ്‌ക്കസ് ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. പക്ഷെ പ്രഭുക്കന്മാരുടെ സൈന്യത്തിന് നൂറുദ്ദീന്റെ സൈന്യത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. തോറ്റമ്പിയ സൈന്യം ഒടുവില്‍ യൂറോപ്പിലേക്ക് തന്നെ മടങ്ങാന്‍ നിര്‍ബന്ധിതരായി. ഖുദ്സ് പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുരിശ് പോരാളികളുടെ ആത്മവിശ്വാസത്തിന് മാരകമായ പരിക്കുകള്‍ ഏല്പിക്കാനും മുസ്ലിം പക്ഷത്തെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ കയറ്റി നിര്‍ത്താനും നൂറുദ്ദീന്‍ സങ്കിക്ക് സാധിച്ചു. പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബിയെന്ന ജേതാവിന് ഖുദ്സ് വീണ്ടെടുക്കാനുള്ള വിജയപാത തെളിച്ച് വെച്ച് കൊടുക്കുക മാത്രമല്ല, ആ ഇതിഹാസ നായകനെ ഒരു ജനതക്ക് വേണ്ടി കണ്ടെത്തി നല്‍കുക എന്ന ചരിത്രപരമായ വലിയ ദൗത്യം കൂടി നിര്‍വഹിച്ച വിപ്ലവ പോരാളിയായിരുന്നു നൂറുദ്ദീന്‍ സങ്കി.
(തുടരും)