2 Wednesday
July 2025
2025 July 2
1447 Mouharrem 6

മുസ്ലിംകള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുമോ?

സി പി ഉമര്‍ സുല്ലമി


മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരുടെ അനുയായികളെല്ലാം മുസ്‌ലിംകളായിരുന്നു. അവരിലേക്ക് ക്രമേണ ബഹുദൈവാരാധന കടന്നു കൂടിയതാണ് മുന്‍ ലേഖനങ്ങളില്‍ സൂചിപ്പിച്ചത്.
ഇന്നത്തെ മുസ്‌ലിംകള്‍ മുഹമ്മദ് നബിയുടെ അനുയായികളാണ്. അവരില്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ ഉണ്ടാവുമോ? അങ്ങനെ സംഭവിക്കുമെങ്കില്‍ അത് ആരാണ്. അതെങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്ന് ചിന്തിക്കേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിലേക്ക് ബഹുദൈവാരാധന കടന്നുകൂടിയതിന്റെ തിക്തഫലമാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ അധാര്‍മികതകള്‍ക്കു തിരുത്തു നിര്‍ദേശിക്കാനായി ഒരു പ്രവാചകന്റെ ആഗമനം ഇനി ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല.
മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണ്. അതുകൊണ്ടുതന്നെ നബിയുടെ അനുയായികളായ മുസ്‌ലിം സമുദായം ഒന്നിച്ചു ബഹുദൈവാരാധനയിലേക്ക് പോവുകയില്ല. എന്നാല്‍ അവരില്‍ ഒരു വിഭാഗം ബഹുദൈവാരാധനയിലേക്ക് പോവുകയും ഭൗതികതയില്‍ മത്സരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി തന്റെ ദൗത്യം നിര്‍വഹിച്ച് ഇഹലോകവാസം വെടിയാന്‍ സമയമായിരിക്കുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കണം ആ സംഭവം ഉണ്ടായത്.
നബി ഒരുദിവസം പുറത്തുവന്നു അങ്ങനെ ഉഹ്ദ് യുദ്ധത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി മയ്യത്ത് നിസ്‌കാരം നിര്‍വഹിച്ചു. അതുകഴിഞ്ഞ് നബി പ്രസംഗ പീഠത്തിലേക്ക് തിരിഞ്ഞു ഇങ്ങനെ പ്രവചിച്ചു, ‘തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ മുന്‍പേ പോകുന്നവനാണ്. ഞാന്‍ നിങ്ങളുടെ മേല്‍ സാക്ഷിയായിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിനെ തന്നെയാണ് സത്യം ഞാന്‍ ഇതാ ഇപ്പോള്‍ എന്റെ ഹൗള്‍ കണ്ടുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ഭൂമിയിലെ ഖജാനകള്‍ എനിക്ക് നല്‍കപ്പെട്ടിട്ടുണ്ട്. എന്റെ ശേഷം നിങ്ങള്‍ ബഹുദൈവാരാധകര്‍ ആയി തീരും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ നിങ്ങള്‍ അതില്‍ മത്സരിക്കുന്നവര്‍ ആയിത്തീര്‍ന്നിരിക്കുന്നു ഞാന്‍ നിങ്ങളുടെ മേല്‍ ഭയപ്പെടുന്നു’ (ബുഖാരി: 1344)
ഈ ഹദീസ് വിവരിച്ചു കൊണ്ട് ഹാഫിദ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നു: ‘നിങ്ങള്‍ ഒന്നിച്ച് ബഹുദൈവാരാധകര്‍ ആവുകയില്ല. എന്നാല്‍ ചിലരില്‍ അത് സംഭവിച്ചിട്ടുണ്ട്. അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ. ഈ ഹദീസില്‍ പ്രവാചകന്റെ ഒരു ദൃഷ്ടാന്തം കൂടിയുണ്ട്. അതായത് ഈ പ്രവചനം മുസ്‌ലിം സമുദായത്തില്‍ ഇന്ന് സാക്ഷാത്കരിച്ചിട്ടുണ്ട്’ (ഫത്ഹുല്‍ ബാരി)
മുസ്‌ലിം സമുദായത്തില്‍ ബഹുദൈവാരാധകര്‍ ഉണ്ടാവും എന്നാണ് പ്രവാചകന്‍ വ്യക്തമായി സൂചിപ്പിച്ചത്. അതുകൊണ്ടാണല്ലോ നിങ്ങള്‍ ഏഴ് മഹാപാപങ്ങള്‍ ഉപേക്ഷിക്കണം അതില്‍ ഒന്നാമത്തേത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണെന്ന് നബി ഉദ്‌ബോധിപ്പിച്ചത്. എന്നാലും നബിയുടെ അനുയായികളായ മുസ്‌ലിംകളില്‍ ഒരിക്കലും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ ഉണ്ടാവുകയില്ല എന്ന് മുസ്‌ലിംകളെ പഠിപ്പിച്ച് എന്ത് തോന്നിവാസവും ചെയ്യാന്‍ പ്രചോദനം നല്‍കുന്ന തരത്തില്‍ പണ്ഡിതന്മാരും പണ്ഡിത സംഘടനകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് എത്ര ദുഃഖകരമാണ്. അതുകൊണ്ട് തന്നെ മുസ്‌ലിം സമുദായം ഇന്ന് അധാര്‍മികതയിലേക്ക് കൂപ്പുകുത്തി വീണിരിക്കുന്നു.
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് എന്ത് പാപവും ചെയ്യാന്‍ മടി ഉണ്ടാവുകയില്ല തങ്ങളുടെ പാപങ്ങളെല്ലാം ആരാധ്യന്‍മാര്‍ ഏറ്റെടുക്കുമെന്നും തങ്ങള്‍ ഒരിക്കലും നരകത്തില്‍ പോകില്ല എന്ന് അവര്‍ ഉറപ്പു തന്നിട്ടുണ്ട് എന്നുമുള്ള അന്ധവിശ്വാസം അവര്‍ക്ക് തെറ്റിലേക്ക് നീങ്ങാന്‍ പ്രചോദനം നല്‍കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാം പുണ്യമാണെന്നാണ് ഈ പണ്ഡിതന്മാരും സംഘടനകളും ചെറുപ്പം മുതലേ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ പശ്ചാത്തപിച്ചു മടങ്ങാനുള്ള സാധ്യതയും വളരെ വിരളമാണ്. മുസ്‌ലിം സമുദായത്തിന് അല്ലാഹു വാഗ്ദാനം ചെയ്ത മഹത്വം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.
സൗബാന്‍ (റ) നബിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സുദീര്‍ഘമായ ഒരു ഹദീസിലെ ചില വാചകങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്. നബി പറഞ്ഞു ‘എന്റെ സമുദായത്തില്‍ ചില വിഭാഗങ്ങള്‍ ബഹുദൈവാരാധകന്‍മാരോട് ചേരുകയും അങ്ങനെ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നതു വരെ അന്ത്യസമയം സംഭവിക്കുകയില്ല’ (അബൂദാവൂദ്: 4252). വിഗ്രഹങ്ങള്‍ എന്നുപറയുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഖബറുകളും ആ കൂട്ടത്തില്‍ പെട്ടതാണ്. അതുകൊണ്ടുതന്നെ നബി മക്കാവിജയ സമയത്ത് പരിസരത്തുള്ള വിഗ്രഹങ്ങള്‍ തച്ചുടക്കാന്‍ പറഞ്ഞപ്പോള്‍ ആ കൂട്ടത്തില്‍ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന ഖബറുകളും തട്ടി നിരത്തി സമം ആക്കുവാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
അലി(റ) പറയുന്നു: ‘എന്നോട് നബി പറഞ്ഞു, ഒരു വിഗ്രഹത്തെ തട്ടി മാറ്റാതെയും പൊന്തി നില്‍ക്കുന്ന ഒരു ഖബറിനെ തട്ടി നിരത്താതെയും വിട്ടേക്കരുത്, അതിനുവേണ്ടി നബി എന്നെ നിയോഗിക്കുകയുണ്ടായി” (അഹമ്മദ്-694). പൊന്തിനില്ക്കുന്ന ഖബറിനെയും വിഗ്രഹത്തെയും ഒരുപോലെയാണ് നബി കണക്കാക്കിയത്. മാത്രമല്ല നബി ഇങ്ങനെ പ്രാര്‍ഥിച്ചിട്ടുണ്ട്. അല്ലാഹുവേ എന്റെ ഖബര്‍ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കി തീര്‍ക്കരുതേ (മുവത്ത). എന്റെ ഖബറിടം ഒരു ഉത്സവ സ്ഥലമായി മാറ്റരുതേ എന്നും പ്രവാചകന്‍ പ്രാര്‍ഥിക്കുകയുണ്ടായി. വിഗ്രഹങ്ങളെയും ആരാധിക്കപ്പെടുന്ന ഖബറുകളേയും പ്രവാചകന്‍ ഒരേ ഗണത്തിലാണ് ഉള്‍പ്പെടുത്തിയത് എന്നു കാണാനൊക്കും. വഴിപാടുകളുമായി വിഗ്രഹങ്ങളുടെ അടുത്ത് ചെല്ലുന്നതുപോലെ തന്നെ വഴിപാടുകളുമായി ഖബറിന് അടുത്തേക്കും മുസ്‌ലിം സമുദായത്തില്‍ പലരും പോയിക്കൊണ്ടിരിക്കുന്നു. വിഗ്രഹങ്ങളുടെ അടുത്ത് ഉത്സവങ്ങള്‍ നടത്തുന്നത് പോലെ ഖബറിടങ്ങളില്‍ ആണ്ടുനേര്‍ച്ചകളും ഉത്സവങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലിന്റെ പ്രാര്‍ഥന കൊണ്ടായിരിക്കണം ഇതുവരെ നബിയുടെ ഖബറിനടുത്ത് ഇത് എത്താതിരുന്നത്.
അനുഗ്രഹം തേടി ചെല്ലലാണ് ആരാധനയുടെ തുടക്കം. നബി ജീവിക്കുന്ന കാലത്തുതന്നെ ഒരു സംഭവമുണ്ടായി. മക്കാവിജയത്തിന് ശേഷം പെട്ടെന്നുണ്ടായ ഒരു യുദ്ധമാണ് ഹുനൈന്‍ യുദ്ധം. ബദര്‍ യുദ്ധത്തിന് നേരെ വിപരീതമായിരുന്നു ഹുനൈന്‍ യുദ്ധത്തിന്റെ സ്വഭാവം. ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വളരെ ന്യൂനപക്ഷവും ശത്രുക്കള്‍ മഹാഭൂരിപക്ഷവും ആയിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ സഹായം കൊണ്ട് ബദറില്‍ വലിയ വിജയം ഉണ്ടായി. മക്കാവിജയത്തിന് ശേഷം ജനങ്ങളെ ഇസ്‌ലാമിലേക്ക് കൂട്ടംകൂട്ടമായി ഒഴുകി വന്ന ചെറിയൊരു ഗോത്രമാണ് മുസ്‌ലിംകളുടെ നേരെ എതിര്‍പ്പുമായി മുന്നോട്ടുവന്നത്. അവരെ നേരിടാന്‍ വലിയൊരു മുസ്‌ലിം സൈന്യം നീങ്ങുകയാണ്. സൈന്യം കണ്ട ചിലര്‍ പറഞ്ഞു, ഇന്ന് നമുക്ക് ഒരിക്കലും പരാജയം ഉണ്ടാവില്ല. അത്രമാത്രം വലുതാണ് നമ്മുടെ സൈന്യം. ബദറിനെ എടുത്തു പറഞ്ഞതുപോലെ ഹുനൈന്‍ യുദ്ധത്തെയും ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ എണ്ണത്തിന്റെ പെരുമ നിങ്ങള്‍ക്ക് യാതൊരു ഗുണവും ചെയ്തിട്ടില്ല എന്ന് ഖുര്‍ആന്‍ അവിടെ വ്യക്തമാക്കിയിരിക്കുന്നു. (വി.ഖു. 9:25)
ഈ സംഭവത്തിന്റെ ദിവസം നബി ഒരു മരത്തിന്റെ അടുക്കല്‍ കൂടി നടന്നു പോവുകയാണ്. അമുസ്‌ലിംകള്‍ അനുഗ്രഹം തേടി ചെല്ലാറുണ്ടായിരുന്ന ഒരു മരം ആണത്. യുദ്ധത്തിനു പോവുമ്പോള്‍ ആയുധങ്ങള്‍ അനുഗ്രഹത്തിന് വേണ്ടി അതിന്മേല്‍ കൊളുത്തി എടുക്കാറുണ്ടായിരുന്നു. അതു കൊണ്ടുതന്നെ കൊളുത്തു മരം (ദാത്തു അന്‍വാത്ത്) എന്ന് അതിന് പേരു പറയാറുണ്ടായിരുന്നു. ഈ മരം കണ്ട മുസ്‌ലിംകളില്‍ ചിലര്‍ നബിയോട് ആവശ്യപ്പെട്ടു അല്ലാഹുവിന്റെ ദൂതരെ ഇവര്‍ക്ക് ദാത്തു അന്‍വാത്ത് ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്തു അന്‍വാത്ത്് അങ്ങ് നല്‍കേണമേ. അത് കേട്ട ഉടനെ അത്ഭുതത്തോടെ നബി പറഞ്ഞു: ”സുബ്ഹാനല്ലാ മൂസാ നബിയുടെ ജനത അദ്ദേഹത്തോട് ചോദിച്ചതുപോലെ ആണല്ലോ ഇവര്‍ ആവശ്യപ്പെടുന്നത്.”
ഫറോവയുടെ അടിമകളായി കഴിഞ്ഞ ഇസ്രായീല്യരെ അത്ഭുതാവഹമായി രക്ഷപ്പെടുത്തിയ സംഭവമായിരുന്നു അത്. അവിടെ ചെന്നപ്പോള്‍ ബിംബങ്ങളുടെ മുന്‍പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അവര്‍ക്ക് ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നിശ്ചയിച്ചു തരേണമേ’. മൂസാ നബി പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനതയാണ്’ (വി.ഖു. 7:138).
ഈ സംഭവമാണ് നബി തന്റെ അനുയായികളുടെ നേരെയും ഉദ്ധരിച്ചത്. ഇവിടെ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒന്ന്, ഒരു ദൈവത്തെ നിശ്ചയിച്ചു തരേണമേ എന്ന് നബിയുടെ അനുയായികള്‍ നബിയോട് പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു ദൈവത്തെ നിശ്ചയിച്ച് തരണമെന്ന് ഇസ്രായീല്യര്‍ പറഞ്ഞതുപോലെ തന്നെയാണ് തന്റെ അനുയായികളും പറയുന്നത് എന്നാണ് നബി പറഞ്ഞത്. മരമോ കല്ലോ ഖബറോ എന്തു തന്നെയായാലും അവയെ അനുഗ്രഹത്തിനു വേണ്ടി സമീപിക്കുന്നതും അതിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതും ബഹുദൈവാരാധന ആണെന്നാണ് നബി പറഞ്ഞതിന്റെ പൊരുള്‍.
രണ്ടാമത്, ഇതില്‍നിന്ന് ആദര്‍ശത്തിന് അപ്പുറം സാമുദായിക പക്ഷപാതം ആണ് മുസ്‌ലിം സമുദായത്തില്‍ പ്രകടമായി കൊണ്ടിരുന്നത്. അമുസ്‌ലിംകള്‍ അനുഗ്രഹം തേടി ചെല്ലുന്ന ആ വൃക്ഷം പറ്റുകയില്ല. അതുകൊണ്ടാണല്ലോ വേറെ ഒരു വൃക്ഷം വേണമെന്ന് നബിയോട് പറഞ്ഞത്. ആദര്‍ശവും പ്രവര്‍ത്തനവും ഒന്നുതന്നെ. എന്നാല്‍ സാമുദായിക വ്യത്യാസം മാത്രമാണ് ജനത കണ്ടത്. അതുകൊണ്ടാണല്ലോ ആദ്യത്തെ മരം വിട്ട് ഒരു പുതിയ മരത്തിന് നബിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ അനുഗ്രഹം തേടലും വിഗ്രഹാരാധനയും ഒരുപോലെയാണ് എന്നാണ് നബി വ്യക്തമാക്കിയത്.
കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ മമ്പുറം മഖാമില്‍ പോകുന്നതും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്നതും തുല്യമാണെന്ന് വ്യക്തമായി ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഇത് രണ്ടും ഒരുപോലെയാണെന്ന് പഠിപ്പിക്കുവാന്‍ പ്രവാചകന്‍ ഇന്ന് നമ്മുടെ ഇടയില്‍ ഇല്ല. എന്നാല്‍ ആ പ്രവാചകന്റെ അനുയായികള്‍ ആ ദൗത്യം നിര്‍വ്വഹിക്കേണ്ടതുണ്ട്. ആ കടമ നിര്‍വഹിക്കുവാന്‍ കൂടിയാണ് ഇത് നാം ശ്രദ്ധയില്‍പ്പെടുത്തുന്നത്.

Back to Top