22 Wednesday
October 2025
2025 October 22
1447 Joumada I 0

സ്ത്രീധനത്തെ കുറിച്ച് തന്നെ!

ടി കെ മൊയ്തീന്‍ മുത്തനൂര്‍

ആറു പതിറ്റാണ്ട് കാലമായി സ്ത്രീധന നിരോധന നിയമം ഏട്ടിലെ പശുവായി കിടക്കുന്നുവെന്നതാണ് ഉല്‍ബുദ്ധ കേരളത്തിലെ സ്ത്രീധന പീഡന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ പുരോഗതിയില്‍ കുതിച്ചോട്ടം നടത്തുന്ന ദൈവത്തിന്റെ നാടായ കേരളത്തിലെ വിദ്യാഭ്യാസ സമ്പന്നരെന്നഭിമാനം കൊള്ളുന്നവരില്‍ നടന്നു വരുന്ന അതി ക്രൂരവും നീചവുമായ സ്ത്രീധന പീഡന സംഭവങ്ങള്‍ നടക്കുന്നതു കേരളത്തിന്നു നാണക്കേടാണ്. ഒറ്റപ്പെട്ടതാണെങ്കിലും സ്ത്രീധനവുമായി ബന്ധപെട്ട പ്രശ്‌നങ്ങളില്‍ വിവാഹ മോചന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്ത്രീധനകൊലപാതകങ്ങളും ആത്മഹത്യകളും വിരളമായിരുന്നു.
അന്നൊക്കെ വധൂവരന്മാരുടെ കുടുംബങ്ങള്‍ പറഞ്ഞുറപ്പിച്ച സ്ത്രീധന സംഖ്യ കല്ല്യാണ നിശ്ചയ ദിവസം സദസ്സില്‍ പ്രഖ്യാപിക്കുകയും ആ സംഖ്യയുടെ നോട്ടു കെട്ടുകള്‍ ആളുകളെ സാക്ഷി നിര്‍ത്തി സദസ്സിന് മുമ്പാകെ വെക്കുകയും ചെയ്യും. മഹ്‌റായി പറയുന്ന സ്വര്‍ണ നാണയത്തിന്റെ എണ്ണത്തിന്റെ തോതനുസരിച്ചു വധുവിന്ന് ഒന്നിന്നു പത്തു വീതം കൊടുക്കണമെന്നാണ് അലിഖിത നിയമം. ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ ഇസ്‌ലാഹീ പ്രസ്ഥാനം ശബ്ദിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തതിന്റെ ഫലം മുസ്‌ലിം സമുദായത്തില്‍ കാണാന്‍ തുടങ്ങി. എല്ലാ മതവിഭാഗങ്ങളിലും സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്നെതിരെ ബോധവത്കരണം നടത്തുകയും സ്ത്രീധന നിരോധനശിക്ഷ നടപ്പിലാക്കുകയും ചെയ്യുകയാണെങ്കില്‍ വിസ്മയമാരുടെ ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു പരിധി വരെ കഴിയുന്നതാണ്.

Back to Top