തുര്‍ക്കിയുടെ പുതുമുഖം

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്സ്പേര്‍ട്ട്. ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്പെഷ്യലിസ്റ്റ്. ഹിജാബ് ധരിച്ച ഈ പെണ്‍കുട്ടിയ്ക്ക് പിന്നില്‍ ഒരു പഴയ ഫ്ളാഷ്ബാക്കുണ്ട്. വര്‍ഷം 1999. ലിബറലിസം തകര്‍ത്ത തുര്‍ക്കിയുടെ അന്നത്തെ പാര്‍ലമെന്റിലേക്ക് ഇസ്ലാമിക് വിര്‍ച്ച്യു പാര്‍ട്ടിയുടെ പ്രതിനിധിയായി മുപ്പതു വയസ്സുള്ള വനിത ജയിച്ചുവന്നു. പേരു മര്‍വ കവാകി. വിശ്വാസത്തിന്റെ ഭാഗമായുള്ള ഹിജാബ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാനെത്തിയ മര്‍വയെ ലിബറലിസ്റ്റുകള്‍ ശബ്ദിക്കാന്‍ സമ്മതിച്ചില്ല. സെക്കുലര്‍ തുര്‍ക്കിയുടെ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യണമെങ്കില്‍ ഹിജാബ് അഴിക്കണമെന്നായി അവരുടെ വിചിത്രമായ ആവശ്യം. തന്റെ വിശ്വാസത്തിന്റെ ഭാഗമാണിതെന്നും വിശ്വാസത്തേക്കാള്‍ വലുതല്ല എം പി സ്ഥാനമെന്നും പറഞ്ഞ് അവര്‍ പാര്‍ലമെന്റില്‍ നിന്നും പടിയിറങ്ങി. തുര്‍ക്കിഷ് പാര്‍ലമന്റ് ഒരു നിമിഷം നിശ്ശബ്ദമായി. ആ ഇറങ്ങിപ്പോക്ക് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. അന്നത്തെ അധികാരികള്‍ അവിടം കൊണ്ടു നിര്‍ത്തിയില്ല. തുര്‍ക്കിയുടെ സെക്കുലര്‍ പാരമ്പര്യത്തെ നിന്ദിച്ച മര്‍വയുടെ പൗരത്വം റദ്ദാക്കണമെന്നായി ആവശ്യം. അങ്ങനെ പൗരത്വം നഷ്ടപ്പെട്ട മര്‍വ താല്‍ക്കാലികമായി യു എസില്‍ കുടുംബസമേതം താമസം തുടങ്ങി. അവരുടെ മക്കള്‍ അവിടെ പഠിച്ചുവളര്‍ന്നു. കാലം മുന്നോട്ടുപോയി. ലിബറലിസം അതിന്റെ പത്തിമടക്കി. ഉര്‍ദുഗാന്റെ അധികാരത്തോടെ തുര്‍ക്കി വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. ഇടക്കാലത്ത് ഭരണകൂടം റദ്ദുചെയ്ത വിശ്വാസചിഹ്നങ്ങള്‍ പരസ്യമായി വീണ്ടും അനുവദിക്കപ്പെട്ടു. 2017-ല്‍ മര്‍വയുടെ പൗരത്വം ഭരണകൂടം തിരിച്ചു നല്കി. അവര്‍ തുര്‍ക്കിയിലെത്തി. മര്‍വയെ മലേഷ്യയിലെ തുര്‍ക്കിഷ് അംബാസഡറായി നിയമിച്ച് ആദരിക്കുകയും ചെയ്തു. ആ മര്‍വയുടെ മകളാണു ഫാത്തിമ അബുശനബ് എന്ന പെണ്‍കരുത്ത്. അതെ, ബൈഡനൊപ്പവും ഇമ്രാനൊപ്പവും അന്താരാഷ്ട്ര നേതാക്കള്‍ക്കൊപ്പവും ഇപ്പോള്‍ കാണുന്ന തുര്‍ക്കിയുടെ പുതിയ മുഖം.
