8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

സ്്ത്രീകളോട് നന്നായി പെരുമാറുന്നവനാണ് നിങ്ങളില്‍ മാന്യന്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: സത്യവിശ്വാസികളില്‍ ഈമാന്‍ പൂര്‍ണമായവര്‍ ഉത്തമമായ സ്വഭാവമുള്ളവരാകുന്നു. നിങ്ങളില്‍ ഉത്തമര്‍ നിങ്ങളുടെ സ്ത്രീകളോട് നന്നായി പെറുമാറുന്നവരാണ്. (തിര്‍മിദി)

വിശ്വാസത്തിന്റെ പൂര്‍ത്തീകരണം വാക്കുകളിലൂടെ ഉയരേണ്ടതും പ്രവൃത്തിയിലൂടെ തെളിയേണ്ടതുമാണ്. നല്ല വാക്കും നല്ല പ്രവൃത്തിയും ഒരാളുടെ മാന്യതയുടെ ലക്ഷണമാകുന്നു. ഒരാളുടെ വിശ്വാസത്തിന് പൂര്‍ണതയുണ്ടാവുന്നതില്‍ സല്‍സ്വഭാവത്തിന് മഹത്തായ സ്ഥാനമുണ്ട്. പരുഷതയും കോപവും വെടിഞ്ഞ് വിനയവും വിട്ടുവീഴ്ചയും കാണിക്കുന്നത് മനസ്സടുപ്പമുണ്ടാവുന്നതിനുള്ള വഴിയാകുന്നു.
ഏതൊരു മനുഷ്യന്റെയും സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും ഇടപഴകലിന്റെയും നന്മകള്‍ നന്നായി അനുഭവിക്കേണ്ടതും ആസ്വദിക്കേണ്ടതും അവന്റെ കൂടെയുള്ളവര്‍ തന്നെയാണ്. ഒരു മനുഷ്യന്റെ കൂടെ അവന്റെ നിഴലായി ജീവിക്കുന്ന സഹധര്‍മിണിയാണ് ഈ നന്മകള്‍ക്ക് ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളവള്‍. അത് ഒരു മനുഷ്യന്റെ മാന്യതയുടെ അടയാളമാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു.
ഒരു സമൂഹത്തിന്റെ സാംസ്‌കാരികമായ ഔന്നത്യത്തിന്റെ അടയാളമാണ് ആ സമൂഹത്തിലെ സ്ത്രീസുരക്ഷ. സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനും സാധിക്കുന്ന സ്ഥിതി ആ സമൂഹത്തിന്റെ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നു.
യുദ്ധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കെടുതികള്‍ മാത്രമല്ല ഗാര്‍ഹികവും സാമൂഹികവുമായി ഉണ്ടാവുന്ന ഏതൊരു പ്രശ്‌നത്തിന്റെയും ആദ്യ ഇര സ്ത്രീകളും കുട്ടികളുമായിരിക്കും. അതുകൊണ്ടു തന്നെയാണ് അവരുടെ സുരക്ഷയ്ക്ക് സമൂഹം അതീവ ശ്രദ്ധ പുലര്‍ത്തുന്നത്.
ഗാര്‍ഹിക പീഡനങ്ങളും അതിന്റെ പേരിലുള്ള ആത്മഹത്യകളും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് മാന്യതയുടെ അടയാളമായി നബിതിരുമേനി പഠിപ്പിച്ച ഈ സന്ദേശം ഏറെ പ്രസക്തമത്രെ. സ്വാര്‍ഥ താല്പര്യങ്ങളോ സാമ്പത്തിക ലാഭങ്ങളോ ഉദ്ദേശിക്കാതെ നിഷ്‌ക്കളങ്കമായ സ്‌നേഹവും അര്‍ഹമായ അംഗീകാരവും നല്‍കിക്കൊണ്ട് തന്റെ ഇണയെ സംരക്ഷിക്കുകയെ ന്നതാണ് പൗരുഷവും ഉല്‍കൃഷ്ടതയുമെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു.
തന്റെ സ്വഭാവത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏറ്റവും അര്‍ഹത തന്റെ ഇണയ്ക്കാണ് എന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്കും അവളോട് മോശമായി പെരുമാറാന്‍ കഴിയില്ല. ഇന്ന് കാണുന്ന സ്ത്രീധന മരണങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും പരിഹാരവും ഈ സ്വഭാവഗുണം വളര്‍ത്തിയെടുക്കുക എന്നതുതന്നെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x