8 Sunday
February 2026
2026 February 8
1447 Chabân 20

ഇസ്‌ലാമിലെ അവസാനത്തെ പ്രവാചകന്‍

സി പി ഉമര്‍ സുല്ലമി


ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയില്‍ പെട്ട ആളായിരുന്നു ഈസാ നബി അഥവാ യേശുക്രിസ്തു. മര്‍യമിന്റെ മകന്‍ യേശു (ഈസബ്‌നു മറിയം) എന്നാണ് ഖുര്‍ആന്‍ യേശുവിനെ പറ്റി വിശേഷിപ്പിച്ചത്. യേശുവിന്റെ ജനനം അസാധാരണ വിധത്തിലായിരുന്നു. ആദ്യ മനുഷ്യന്റെ പ്രവേശവും അങ്ങനെ ആയിരുന്നുവല്ലോ. മാതാപിതാക്കളൊന്നും ഇല്ലാതെ അല്ലാഹു മണ്ണില്‍ നിന്ന് ഒരു പ്രത്യേക സൃഷ്ടി ഉണ്ടാക്കി, അതാണ് ആദ്യത്തെ മനുഷ്യന്‍ ആദം. ആദമില്‍ നിന്ന് തന്നെ ഇണയെയും സൃഷ്ടിച്ചു. ഈ ഇണകളുടെ സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യ തലമുറ രൂപപ്പെട്ടു വന്നത്.
മാതാവും പിതാവും ഇല്ലാത്ത ആദമിനെ ആരും ദൈവപുത്രനെന്ന് വിളിച്ചിരുന്നില്ല. മാതാവ് ഇല്ലാത്ത പുരുഷനില്‍ നിന്ന് സൃഷ്ടിച്ച ഹവ്വയെ ദൈവപുത്രിയായും ആരും വിളിച്ചിട്ടില്ല. അങ്ങനെ സംവത്സരങ്ങള്‍ പലതും കഴിഞ്ഞതിന് ശേഷം ഒരു സ്ത്രീയില്‍ നിന്ന് ഒരു പുരുഷനെ സൃഷ്ടിക്കാനായിരുന്നു അല്ലാഹുവിന്റെ തീരുമാനം. ഇതെല്ലാം അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവത്തിന്റെ ദൃഷ്ടാന്തമാണ്. ഓരോ കാര്യത്തിനും ഓരോ കാരണമുണ്ടാവും. ആ കാരണമുണ്ടാക്കുന്നവനാണ് അല്ലാഹു. അതിലെ പല കാരണങ്ങളും മനുഷ്യന് ചിന്തിച്ച് മനസ്സിലാക്കാന്‍ സാധിക്കും. ചിലത് അത്ഭുതാവഹമായിരിക്കും. മനുഷ്യന് മനസ്സിലാകാത്തത് അല്ലാഹുവിലേക്ക് ചേര്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. അതെല്ലാം അല്ലാഹുവിന്റെ സൃഷ്ടി എന്ന നിലക്കായിരിക്കണം. എന്നാല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ബഹുദൈവാരാധകന്മാര്‍ അല്ലാഹുവിന് സന്താനങ്ങളെ സങ്കല്‍പിച്ച് ആരാധിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ സന്താനങ്ങള്‍ സ്വാഭാവികമായും ദൈവങ്ങളായിരിക്കുമല്ലോ. അങ്ങനെ ഈ മുസ്‌ലിംകളായ പ്രവാചകന്മാരുടെ അനുയായികള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ബഹുദൈവാരാധകന്മാരായി തീര്‍ന്നു.
അല്ലാഹുവിന്റെ കല്‍പനകളെല്ലാം നടപ്പിലാക്കാന്‍ അല്ലാഹു തന്നെ പ്രത്യേകമായി സൃഷ്ടിച്ച സൃഷ്ടികളാണ് മലക്കുകള്‍. അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കാന്‍ മാത്രമുള്ള ഒരു പ്രകൃതിയാണ് മലക്കുകള്‍ക്ക് അല്ലാഹു നല്‍കിയിരിക്കുന്നത്. അവരുടെ ഇഷ്ടാനുസരണം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ല. എന്നാല്‍ ബഹുദൈവാരാധകര്‍ ഈ മലക്കുകള്‍ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് വിളിച്ച് ആരാധിക്കാന്‍ തുടങ്ങി. അവര്‍ക്കാണെങ്കില്‍ പുത്രിമാരെ ഇഷ്ടവുമല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹുവിന് അവര്‍ പെണ്‍മക്കളെ സ്ഥാപിച്ചു. അവര്‍ക്കാണെങ്കില്‍ ഇഷ്ടപ്പെടുന്നത് ആണ്‍മക്കളും” (വി.ഖു. 16:57). ”പരമകാരുണികന്റെ ദാസന്മാരായ മലക്കുകളെ അവര്‍ സ്ത്രീകളാക്കി” (വി.ഖു. 43:19). ”പരലോകത്ത് വിശ്വാസമില്ലാത്ത അവര്‍ മലക്കുകള്‍ക്ക് സ്ത്രീകളുടെ പേരുകളാണ് സ്വീകരിച്ചിരുന്നത്.” (വി.ഖു. 53:27)
എന്നാല്‍ ബഹുദൈവാരാധകരെന്ന് അറിയപ്പെടുന്നത് ഇഷ്ടപ്പെടാത്ത വേദക്കാര്‍ തന്നെ അല്ലാഹുവിന് സന്താനങ്ങളെ സങ്കല്‍പ്പിച്ചു. മൂസാ നബിക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥമായിരുന്നു തൗറാത്ത്. ശത്രുക്കളുമായുണ്ടായ ഒരു യുദ്ധത്തില്‍ തൗറാത്തിന്റെ യഥാര്‍ഥ ഗ്രന്ഥം നഷ്ടപ്പെട്ടു പോയി. അല്ലാഹു നല്‍കിയ ഒരു അത്ഭുത സന്ദേശത്തിലൂടെ ഉസൈര്‍ എന്നൊരാള്‍ ആ വേദഗ്രന്ഥം വീണ്ടെടുത്തു. ഇങ്ങനെ ഒരു അത്ഭുതമുണ്ടായത് കൊണ്ട് അദ്ദേഹത്തെ ജൂതന്മാര്‍ ദൈവപുത്രനായി സങ്കല്‍പിച്ചു. ”ജൂതന്മാര്‍ പറഞ്ഞു: ഉസൈര്‍ അല്ലാഹുവിന്റെ പുത്രനാകുന്നു.” (വി.ഖു. 9:30)
ഈസാ നബി(അ)യുടെ അനുയായികളായ ക്രിസ്ത്യാനികള്‍ മര്‍യമിന്റെ മകന്‍ യേശുവിനെയും ദൈവപുത്രനാക്കി. ഇവയെ സൂചിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു: ”ഒരു മുന്‍ മാതൃകയില്ലാത്ത ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ചവന്‍, അവന് എങ്ങനെ സന്താനമുണ്ടാവും? അവനൊരു സഹധര്‍മിണിയില്ലല്ലോ, എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍, എല്ലാ കാര്യത്തെപറ്റി അറിയുന്നവനുമാണ് അവന്‍.” (വി.ഖു. 6:101)
എന്നാല്‍ ഈ ജൂതന്മാരും ക്രിസ്ത്യാനികളുമെല്ലാം ഏക ദൈവ വിശ്വാസികളായിട്ടാണ് അറിയുന്നത്. അവര്‍ വേദഗ്രന്ഥത്തിന്റെ അനുയായികളാണ്. വേദഗ്രന്ഥത്തില്‍ നിന്ന് വ്യതിചലിച്ച് ബഹുദൈവാരാധനയിലേക്ക് പോയ ഇവരെ പറ്റി ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും വേദക്കാരില്‍ ബഹുദൈവ വിശ്വാസത്തില്‍ പെട്ട സത്യനിഷേധികള്‍ നരകാഗ്‌നിയില്‍ ആകുന്നു.” (വി.ഖു.98.6)
ഇസ്‌റാഈലിലെ അവസാനത്തെ പ്രവാചകനായിരുന്നു യേശു. യേശുവിന് സന്താനങ്ങള്‍ ഇല്ല. അതുകൊണ്ടു തന്നെ ദിവ്യത്വം അവകാശപ്പെടാനുള്ള പിന്‍തലമുറ അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല. മൂസാനബിക്ക് ഇറക്കപ്പെട്ട തൗറാത്ത് അംഗീകരിച്ചു കൊണ്ടുതന്നെയാണ് ഈസാ നബിയെയും നിയോഗിച്ചത്. അതിനുപുറമെ അദ്ദേഹത്തിന് ഇന്‍ജീല്‍ അഥവാ ബൈബിള്‍ നല്‍കുകയും ചെയ്തു.
ഉസൈര്‍ ദൈവപുത്രനാണ് എന്ന് പറയുന്നവര്‍ മര്‍യമിന്റെ മകന്‍ യേശുവിനെ ജാരസന്താനം ആണെന്നാണ് വിശേഷിപ്പിച്ചത്. ഏകദൈവവിശ്വാസം പ്രബോധനം ചെയ്ത അദ്ദേഹത്തെ ശത്രുവായി കൊണ്ട് ക്രൂശിക്കാന്‍ ശ്രമിക്കുകയും കുരിശില്‍ ഏറ്റുകയും ചെയ്തു. പക്ഷേ യേശു ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരായിരുന്നു യേശുവാണെന്ന് കരുതി സദൃശ്യനായ മറ്റൊരാളെ ക്രൂശിച്ചത്. അതുകൊണ്ട് യേശു ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു ജൂതന്മാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ”വാസ്തവത്തില്‍ അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ യാഥാര്‍ഥ്യം അവര്‍ക്ക് തിരിച്ചറിയാതെ ആവുകയാണ് ഉണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അവര്‍ അദ്ദേഹത്തെ (യേശുവിനെ) കൊലപ്പെടുത്തിയിട്ടില്ല.” (വി.ഖു. 4:157)
ദൈവദൂതന്മാരും അനുയായികളായി വന്നവരും അക്കാലത്തെ മുസ്‌ലിംകളായിരുന്നു. അവരില്‍ ആയിരുന്നു ഈ വിശ്വാസം കടന്നുവന്നത്. ഇത് ഈ കാലഘട്ടത്തിലെ മുസ്‌ലിംകളായ നാം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. ഇബ്രാഹീം നബിയുടെ പുത്രനായ ഇസ്മായില്‍(അ) ന്റെ സന്താന പരമ്പരയില്‍ പെട്ട ഖുറൈശി കുടുംബത്തിലാണ് മുഹമ്മദ് നബി (സ) ജനിച്ചത്. അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടി ഇസ്മാഇല്‍ നബി(അ)യും ഇബ്രാഹീം നബി (അ)യും കൂടി പടുത്തുയര്‍ത്തിയ കഅ്ബാലയത്തിന്റെ പരിസരത്ത് 360 ഓളം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നിരുന്നു. നബി (സ) വളര്‍ന്നു വരുന്ന കാലത്ത് തന്നെ ഈ വിഗ്രഹാരാധനയുടെ അര്‍ഥ ശൂന്യത അദ്ദേഹത്തിന് മനസ്സിലായിരുന്നു. എന്നാല്‍ ഇതിനെ എങ്ങനെ തിരുത്തണമെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. അക്ഷരജ്ഞാനം ഇല്ലാതെ വളര്‍ന്നു വന്ന ബുദ്ധിമാനും ചിന്തകനും വിശ്വസ്തനുമായ ഒരു നല്ല യുവാവായി അദ്ദേഹം വളര്‍ന്നു വന്നു. വിശ്വസ്തന്‍ (അല്‍അമീന്‍ ) എന്ന പേരിലാണ് അദ്ദേഹം അവര്‍ക്കിടയില്‍ അറിയപ്പെട്ടത്. ഇബ്‌റാഹീം നബിയുടെ മതക്കാരായിട്ടാണ് തങ്ങള്‍ ജീവിക്കുന്നത് എന്നായിരുന്നു അന്നത്തെ ബഹു ദൈവാരാധകരുടെ ന്യായം. എന്നാല്‍ ഇബ്‌റാഹീം നബി(അ) വിഗ്രഹത്തിന് ഒന്നിനും സാധിക്കുകയില്ലാ എന്ന് അവയെ തകര്‍ത്ത് കൊണ്ട് ബോധ്യപ്പെടുത്തിയ പ്രവാചകനായിരുന്നു. എന്നാല്‍ ആ ഇബ്‌റാഹീം നബി(അ)നെയും അവര്‍ വിഗ്രഹമായി പ്രതിഷ്ഠിച്ചു, ഒപ്പം മകന്‍ ഇസ്മാഇല്‍ നബി(അ)ന്റെയും പ്രതിമ ഉണ്ടായിരുന്നു.
ബഹുദൈവാരാധകന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് തോന്നിയ ഏതൊന്നിനേയും അവര്‍ ദൈവമായി സങ്കല്‍പ്പിച്ചാരാധിച്ചിരുന്നു. ക്രിസ്ത്യാനികളുടെ പ്രവാചകനായ യേശുവിന്റെയും മാതാവായ മര്‍യമിന്റേയും ചിത്രങ്ങള്‍ കഅബാലയത്തില്‍ ഉണ്ടായിരുന്നു. അതിനു പുറമെ മരിച്ചു പോയ മഹാത്മാക്കളുടെ പലരുടെ, പേരിലും അവര്‍ വിഗ്രഹങ്ങള്‍ വെച്ച് ആരാധിച്ചിരുന്നു. അതിനു പുറമെ ഉയര്‍ത്തപെട്ട ഖബറുകളും അവരുടെ ആരാധന വസ്തുക്കള്‍ ആയിരുന്നു. ഈ കാലഘട്ടത്തിലാണ് ഏകനായ ആരാധ്യന്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരും തന്നെ ഇല്ല (ലാഇലാഹ ഇല്ലാഹു) എന്ന സന്ദേശവുമായി മുഹമ്മദ് നബി(സ) നിയോഗിക്കപ്പെട്ടത്.
വിഗ്രഹാരാധനയോടും അന്ധവിശ്വാസങ്ങളോടും മുമ്പേ യോജിപ്പില്ലാ എങ്കിലും അത് പ്രഖ്യാപിക്കാനുള്ള ഒരു വിവരം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അങ്ങനെ ആണ് നാല്‍പതാമത്തെ വയസ്സില്‍ അദേഹത്തിന് ദിവ്യ സന്ദേശം ലഭിച്ചത്. മുമ്പ് കഴിഞ്ഞു പോയ എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട സന്ദേശം അതാണ് ദൈവ വിശ്വാസത്തിന്റെ അടിത്തറയായി മുഹമ്മദ് നബിക്കും ലഭിച്ചത്. ഖുര്‍ആന്‍ അതിനെ പറ്റി ഇങ്ങനെ പറയുന്നു: ”ഞാന്‍ അല്ലാതെ യാതൊരു ആരാധ്യനുമില്ല, അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍ എന്ന ബോധനം നല്‍കി കൊണ്ടല്ലാതെ ഒരു ദൂതനെയും ഞാന്‍ നിയോഗിച്ചിട്ടില്ല.” (വി.ഖു 21:25 )
”അതിനാല്‍ തീര്‍ച്ചയായും അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്ന് നീ അറിയുക. നിന്റെ പാപത്തില്‍ നിന്ന് നീ പാപമോചനം നേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്ക് വേണ്ടിയും പാപമോചനം തേടുക. നിങ്ങളുടെ പോക്ക് വരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്.” (വി.ഖു. 47:19)
ഇങ്ങനെയുള്ള സന്ദേശങ്ങള്‍ അല്ലാഹുവില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചു. ആ അല്ലാഹുവിനോട് നീ പങ്ക് ചേര്‍ക്കുകയാണെങ്കില്‍ നിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിഷ്ഫലമായി തീരുകയും നീ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായി തീരുകയും ചെയ്യും (വി.ഖു. 39:65). ഇങ്ങനെയുള്ള സന്ദേശങ്ങള്‍ നബി(സ)ക്ക് അല്ലാഹുവില്‍ നിന്ന് ലഭിച്ചു. അത് കൊണ്ട് കഅബാലയത്തിന്റെ സമീപത്തുള്ള വിഗ്രഹങ്ങളില്‍ നിന്നെല്ലാം മാറി നിന്ന് ഒരു ഒഴിഞ്ഞ സ്ഥലത്ത് അല്ലാഹുവിനെ മാത്രം സാഷ്ടാഗം ചെയ്ത് പ്രാര്‍ഥനാ നിരതനായി ഇരിക്കും. ഇത് കണ്ട് സഹിക്കാന്‍ കഴിയാത്ത ഖുറൈശികള്‍ അവര്‍ ചത്ത ഒട്ടകത്തിന്റെ കുടല്‍മാലകള്‍ അദ്ദേഹത്തിന്റെ തിരുഘണ്ഡത്തില്‍ ചാര്‍ത്തി. മാത്രമല്ല ഈ സന്ദേശത്തിന്റെ പ്രബോധനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും അവര്‍ നടത്തി.
മര്‍ദനം ഭയപ്പെട്ട് മൂന്ന് വര്‍ഷം വളരെ സ്വകാര്യമായിട്ടാണ് അദ്ദേഹം പ്രബോധനം ചെയ്ത് വന്നത്. പിന്നീട് ഇത് പരസ്യമായി തന്നെ പ്രബോധനം ചെയ്യണമെന്ന് അല്ലാഹുവില്‍ നിന്ന് കല്‍പന ലഭിച്ചപ്പോള്‍ അദ്ദേഹം പരസ്യമായി പ്രബോധനം ചെയ്യാന്‍ തുടങ്ങി. മര്‍ദനത്തിന്റെ കാഠിന്യം കൊണ്ട് നാട് വിട്ട് അഭയാര്‍ഥിയായി പോവുന്നതിനെ പറ്റി അദ്ദേഹം ചിന്തിച്ചു.
അങ്ങനെ ഈ ദിവ്യസന്ദേശം ലഭിച്ച് പതിമൂന്ന് വര്‍ഷമായി അദ്ദേഹത്തിന്റെ അമ്പത്തിമൂന്നാം വയസ്സില്‍ അദ്ദേഹം ഈ സന്ദേശത്തിന്റെ പ്രബോധനത്തിന് വേണ്ടി മദീനയിലേക്ക് അഭയാര്‍ഥിയായി. മദീനക്കാര്‍ അദ്ദേഹത്തെയും ഇതേ ആദര്‍ശത്തിന്റെ പേരില്‍ അഭയാര്‍ഥിയായി പോവുന്ന എല്ലാവരെയും സ്വീകരിക്കാന്‍ സന്നദ്ധരായിരുന്നു. അവിടെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്ത ഒരു അവസ്ഥ ഉണ്ടാവുകയും മദീനയില്‍ കുറച്ച് അനുയായികള്‍ കൂടുകയും ചെയ്തപ്പോള്‍ തിരിച്ചടിക്കാനുള്ള അനുവാദവും അല്ലാഹുവില്‍ നിന്ന് ലഭിച്ചു. അങ്ങനെ പിന്നെ യുദ്ധങ്ങളായിരുന്നു നടന്നത്. ബദറും ഉഹ്ദും അഹ്‌സാബും പോലെയുള്ള ചെറുതും വലുതുമായ യുദ്ധങ്ങള്‍ നടന്നു. അല്ലാഹുവിന്റെ സഹായത്താല്‍ സത്യം ശക്തിപെട്ടു വന്നു. അവസാനം ബഹുദൈവാരാധകരുമായി ഒരു സമാധാന സന്ധിയില്‍ എത്തി ചേരേണ്ട സാഹചര്യം ഉണ്ടായി. അധികം താമസിയാതെ സന്ധിയുടെ കരാര്‍ ലംഘനവും ബഹുദൈവാരാധകരുടെ ഭാഗത്ത് നിന്നുണ്ടായി. അല്ലാഹുവിന്റെ സഹായം നബി(സ)ക്ക് ലഭിച്ചു.
അങ്ങനെ താന്‍ അഭയാര്‍ഥിയായി ഏത് നാട്ടില്‍ നിന്ന് പോന്നോ ആ നാട് അഥവാ മക്ക അദ്ദേഹത്തിന്റെ അധീനതയിലായി തീര്‍ന്നു. അതാണ് പ്രസിദ്ധമായ മക്കാ വിജയം. മക്കാ വിജയത്തോട് കൂടി കഅബാലയത്തിലേക്ക് പ്രവേശിക്കാന്‍ വേണ്ടി മുന്നോട്ട് വന്നു. പക്ഷെ അവിടെ ആ പ്രതിഷ്ഠിക്കപെട്ട മുന്നൂറ്ററുപതോളം വിഗ്രഹങ്ങള്‍ നിലനില്‍ക്കുന്ന ഒരു അവസ്ഥയില്‍ കഅ്ബയില്‍ പ്രവേശിക്കാന്‍ മനസ്സ് വന്നില്ല. അതെല്ലാം അവിടെ നിന്ന് നീക്കം ചെയ്യാന്‍ അദ്ദേഹം ആജ്ഞാപിച്ചു. ആ സംഭവം സ്വഹീഹുല്‍ ബുഖാരി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
”മക്കാ വിജയത്തിന്റെ ദിവസം നബി മക്കയിലേക്ക് പ്രവേശിച്ചു. കഅബയുടെ ചുറ്റും മുന്നൂറ്റിയറുപത് വിഗ്രഹങ്ങളുണ്ടായിരുന്നു ഓരോന്നിനെയും കൈയിലുള്ള ഒരുവടി കൊണ്ട് കുത്തി തള്ളിയിട്ടു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തിരുന്നു. സത്യം വന്ന് കഴിഞ്ഞു, അസത്യം പരാജയപ്പെട്ടു. അസത്യം ആവര്‍ത്തിക്കുകയോ മടങ്ങി വരികയോ ഇല്ല. അദ്ദേഹം കഅബയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ നിന്നപ്പോള്‍ അവിടെയും പ്രതിമകളുണ്ട്. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും വിഗ്രഹങ്ങള്‍ അതിലുണ്ടായിരുന്നു. ഭാഗ്യ നിര്‍ഭാഗ്യം നോക്കുന്ന അസ്ത്രങ്ങള്‍ കൈയ്യില്‍ പ്രതിഷ്ഠിക്കപ്പെട്ട രൂപത്തിലായിരുന്നു അത്. അതെല്ലാം തട്ടി തകര്‍ക്കുവാന്‍ നബി(സ) കല്‍പിച്ചു. മുമ്പ് വിഗ്രഹങ്ങളെ തകര്‍ത്ത ഇബ്‌റാഹീം (അ)ന്റെ പേരിലുള്ള പ്രതിഷ്ഠ അദ്ദേഹത്തിന്റെ പൗത്രന്‍ ആദര്‍ശവാദിയായ അന്ത്യപ്രവാചകന്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തു. ആ പ്രതിഷ്ഠ സ്ഥാപിച്ചവരെല്ലാം ഇബ്‌റാഹീം നബിയുടെ മതക്കാരാണെന്നാണ് പറയുന്നത്. അങ്ങനെയാണ് ഒരു മതക്കാര്‍ ആ മതത്തിന്റെ ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ച് പോവുന്നതിന്റെ വ്യക്തമായ ഉദാഹരണം. ഇന്നത്തെ മുസ്‌ലിംകളും ഈ പാഠം ഉള്‍കൊള്ളേണ്ടതാണ്. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും പ്രതിമകള്‍ വലിച്ചെറിയുമ്പോള്‍ നബി ഇങ്ങനെ പറഞ്ഞു ‘അല്ലാഹു ഇത് പ്രതിഷ്ഠിച്ചവരെ ശപിക്കുമാറാവട്ടെ, ഇവര്‍ക്ക് അറിയില്ലേ ഇവര്‍ രണ്ട് പേരും അസ്ത്രങ്ങള്‍ കൊണ്ട് ഭാഗ്യ നിര്‍ഭാഗ്യം നോക്കിയവരായിരുന്നില്ല എന്ന്.” (ബുഖാരി 4287, 4288)

Back to Top