മുറ്റത്തെ മൈന
യൂസഫ് നടുവണ്ണൂര്‍
അതാ മുറ്റത്തൊരു മൈന
പഴയ മൂന്നാംക്ലാസിലെ
വെളുത്ത പാഠപുസ്തകത്തിലെ
കറുത്ത മൈന!
ഇപ്പോള്‍ ശരിക്കും
കറുപ്പുകലര്‍ന്ന തവിട്ടുനിറമാണ്
മഞ്ഞക്കൊക്കും മഞ്ഞക്കാലും
ഒച്ചയ്ക്ക് പോലുമുണ്ട് മാറ്റം!
തനിച്ചു നടന്നുപോയ ഇടവഴികളില്‍
കൂട്ടംകൂട്ടമായ്പ്പടര്‍ന്ന രാജവീഥികളില്‍
ഒറ്റയ്ക്കു മുന്നില്‍ വരാതെ
നീയെന്നെ
എത്ര തല്ലുകളില്‍ നിന്ന് കാത്തുരക്ഷിച്ചു!
നിന്നെ കണികണ്ട കരുത്തിലാണ്
ചേരലിന്റെ കുറുകലും
പിരിയലിന്റെ ചിറകടിയും
ഞാനീയാകാശത്തില്‍ വരച്ചത്!
പണ്ടത്തെ പാഠത്തില്‍
നീ കാക്കയെപ്പോലെ
എന്തും തിന്നുമായിരുന്നു!
എന്നാലിപ്പോള്‍
ഭക്ഷണകാര്യത്തിലുള്ള നിഷ്ഠ
ചൂഴ്ന്നുള്ള നോട്ടം
കൊക്കിന്റെ മഞ്ഞക്കൂര്‍പ്പ്
എന്റെ അടുക്കളപ്പുറത്തുള്ള നില്പ്
പാഠഭേദങ്ങളാലെന്റെ രുചിമുറിക്കുന്നു!
ഇപ്പോള്‍
എവിടുന്നാണീ ശബ്ദമെന്ന്
തിരിഞ്ഞു നോക്കേണ്ടതില്ല
അകത്തെത്തിയല്ലോ!