മഴ അനുഗ്രഹ വര്‍ഷം
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍ (സ) പറഞ്ഞു: അല്ലാഹു ആകാശത്തുനിന്ന് ഏതൊരനുഗ്രഹം ഇറക്കുമ്പോഴും ജനങ്ങളില്‍ ഒരു വിഭാഗം അതില്‍ അവിശ്വസിക്കുന്നവരാകാതിരുന്നിട്ടില്ല. അല്ലാഹു മഴ വര്‍ഷിപ്പിക്കുമ്പോള്‍ അവര്‍ പറയും: ”ഇന്നയിന്ന നക്ഷത്രമാണ് അതിന് നിമിത്തമെന്ന്” (മുസ്്‌ലിം, നസാഈ, അഹ്മദ്)
മഴ അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്പിന് അനിവാര്യമായ ജലകണങ്ങള്‍ പെയ്തിറങ്ങുന്നതിന്നാവശ്യമായ സംവിധാനമാണ് ഈ പ്രപഞ്ചത്തില്‍ അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. ജലസ്രോതസുകളിലെ വെള്ളം ബാഷ്പീകരിക്കപ്പെടുകയോ ഒഴുകിപ്പോവുകയോ ചെയ്യുമ്പോള്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടാതിരിക്കാന്‍ വേണ്ടി അവയില്‍ വീണ്ടും വെള്ളം നിറക്കാന്‍ സര്‍വശക്തന്‍ സംവിധാനിച്ച അത്ഭുതപ്രതിഭാസമാണ് മഴ.
ജലകണങ്ങള്‍ നിറഞ്ഞുകിടക്കുന്ന മേഘക്കൂട്ടങ്ങളെ ആവശ്യാനുസരണം തെളിച്ചുകൊണ്ടുപോകുന്നതിനായി കാറ്റിനെയും, പെയ്തിറങ്ങുന്ന വെള്ളത്തെ സംഭരിക്കാനുള്ള സൗകര്യങ്ങളും സംവിധാനിച്ചത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമത്രെ.
മനുഷ്യജീവിതത്തിന്റെ സുഗമമായ കുതിപ്പിന് അനുഗുണമായ കാര്യങ്ങള്‍ ഓരോന്നും കുറ്റമറ്റ രീതിയില്‍ സംവിധാനിച്ചുവെച്ചിട്ടുള്ള സംവിധായകനിലേക്കാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നവരുടെ മനസ്സ് ചായുന്നത്. അല്ലാഹു നല്‍കുന്ന ഓരോ അനുഗ്രഹവും മനുഷ്യര്‍ക്കുള്ള പരീക്ഷണമായിട്ടാണ് വിശ്വാസി കണക്കാക്കേണ്ടത്. ഇത് എന്റെ റബ്ബില്‍ നിന്നുള്ള അനുഗ്രഹമാണ്. ”ഞാന്‍ നന്ദി കാണിക്കുമോ അതോ നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാന്‍ വേണ്ടി” (27:40) എന്ന സുലൈമാന്‍ നബി(സ)യുടെ വാക്ക് ശ്രദ്ധേയമാകുന്നു.
മഴ നല്‍കിയ അല്ലാഹുവിനെ സ്തുതിക്കുന്നത് അവനോടുള്ള നന്ദിപ്രകടനമാണ്. അനുഗ്രഹദാതാവിന്റെ കല്പനകളനുസരിച്ചുകൊണ്ടും അവന് സാഷ്ടാംഗം ചെയ്തുകൊണ്ടും അവനുമായി കൂടുതലടുക്കുവാന്‍ വിശ്വാസിക്ക് കഴിയേണ്ടതുണ്ട്. എന്നാല്‍ മഴ അല്പം ശക്തമാവുമ്പോഴേക്കും അതിന്റെ കെടുതികളില്‍ നിന്ന് രക്ഷ തേടുന്നതിനു പകരം അതിനെ ശപിച്ചുകൊണ്ടുള്ള വാക്കുകള്‍ ഉരുവിടുന്നത് നന്ദികേടാകുന്നു.
മഴ പെയ്യിക്കുന്നത് അല്ലാഹുവാണ് എന്ന് അംഗീകരിക്കുകയും അവനെ വണങ്ങുകയും ചെയ്യുന്നത് മനുഷ്യന്റെ വിശ്വാസത്തിന്റെ അടയാളമത്രെ. എന്നാല്‍ അല്ലാഹുവല്ലാത്ത ഏതെങ്കിലും വ്യക്തികളുടെയോ ശക്തികളുടെയോ ഫലമോ ഏതെങ്കിലും നക്ഷത്രങ്ങളോ മറ്റോ ആണ് മഴയ്ക്ക് കാരണമെന്ന് പറയുന്നതും വിശ്വസിക്കുന്നതും അവിശ്വാസത്തിന്റെയും നന്ദികേടിന്റെയും വര്‍ത്തമാനമാണെന്ന് ഈ തിരുവചനത്തിലൂടെ നബിതിരുമേനി നമ്മെ പഠിപ്പിക്കുന്നു.