20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാന്‍ നിങ്ങള്‍ക്ക് അവകാശമില്ല

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

People who blame


അല്ലാഹുവിന്റെ ബഹുമതിക്കും ആദരവിനും അര്‍ഹനായ ഭൂമുഖത്തെ ഏക ജീവിയാണ് മനുഷ്യന്‍. അവനെ ഏല്‍പിച്ചിരിക്കുന്ന ചുമതലകള്‍, നിര്‍വഹിക്കേണ്ട ബാധ്യതകള്‍ തുടങ്ങിയവയാണ് ഈ അംഗീകാരത്തിന്റെ അടിസ്ഥാനം. സൃഷ്ടിപരമായി തന്നെ അവന് ലഭിച്ച ധൈഷണിക മികവും ഇതില്‍പ്പെടുന്നു. മനുഷ്യന്, അവന്റെ വ്യക്തിത്വത്തിന്റെ അലങ്കാരമായിട്ടാണ് ഈ ദൈവിക അംഗീകാരത്തെ മതം കാണുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നമ്മുടെ അഭിമാന ബോധം രൂപപ്പെടുന്നത്.
ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ (മഖാസ്വിദു ശരീഅ) പ്രധാനപ്പെട്ടതും വ്യക്തിയുടെ അഭിമാന സംരക്ഷണമാണ്. ജീവന്‍, സമ്പത്ത് എന്നിവക്കുള്ള പരിരക്ഷ തന്നെയാണ് അഭിമാനത്തിനും നബി(സ) നിശ്ചയിച്ചിരിക്കുന്നത്. അതിന് നേരെയുള്ള വാക്കുകളും പ്രവൃത്തികളും ഗൗരവമേറിയതാണ്. മറ്റു പുണ്യങ്ങള്‍ പോലും നിഷ്ഫലമാവാന്‍ അത് കാരണമാകുന്നു.
സംസാരം
പവിത്രമായിരിക്കണം
മറ്റുള്ളവരുടെ അഭിമാനത്തെ ക്ഷതമേല്‍പ്പിക്കുന്നതില്‍ മുഖ്യവില്ലന്‍ നാവ് തന്നെയാണ്. ”ഹൃദയം നേരെയാവാതെ ഈമാന്‍ ശരിയാവുകയില്ല. നാവ് നേരെയാവാതെ ഹൃദയവും ശരിയാവില്ല” എന്ന നബി വചനം ശ്രദ്ധേയമാണ് (തര്‍ഗീബ്). ഖുര്‍ആനില്‍ രണ്ടു അധ്യായങ്ങളിലാണ് വയില്‍ എന്ന തുടക്കമുള്ളത്. നാശഹേതുവായ കാര്യങ്ങളാണ് തുടര്‍ന്ന് വിശദീകരിക്കുന്നത്. വാക്കിലും പ്രവൃത്തിയിലുമുണ്ടാകുന്ന വൈകല്യങ്ങളാണവ. കുത്തുവാക്കുകളിലൂടെ മറ്റുള്ളവരെ അവഹേളിക്കുന്നതാണ് നാശത്തിന്റെ തുടക്കമായി ഹുമസ അധ്യായം (104) പറയുന്നത്.
അളവില്‍ കുറവ് വരുത്തുന്നതാണ് മറ്റൊരു നാശത്തിന്റെ തുടക്കം (അധ്യായം 83). നാവിന്റെ ദുഷിച്ച സംസാരത്തെ നബി (സ) വിശേഷിപ്പിച്ചതും വയില്‍ എന്ന് തന്നെയാണ്. ”ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കള്ളം സംസാരിക്കുന്നവന് നാശം” (തിര്‍മിദി) എന്ന ഹദീസ് ഇത് വ്യക്തമാക്കുന്നു.
വ്യക്തിയുടെ അഭിമാനത്തിന് മതം നിശ്ചയിച്ചിരിക്കുന്ന പരിരക്ഷയുടെ ദൈവിക ആഹ്വാനമാണ് ഹുജറാത്ത് അധ്യായത്തിലെ ഏതാനും വചനങ്ങള്‍. ”വിശ്വാസികളേ, ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്, ഇവരായിരിക്കാം അവരെക്കാള്‍ നല്ലവര്‍. സ്ത്രീകളും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്. അവരെക്കാള്‍ നല്ലവര്‍ പരിഹസിക്കപ്പെടുന്നവരായിരിക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്കുകള്‍ പറയരുത്. പരിഹാസ പേര് വിളിച്ചു പരസ്പരം അപമാനിക്കുകയും ചെയ്യരുത്. ഈമാനിന് ശേഷം ധര്‍മ മുക്ത പേരുകള്‍ വളരെ മോശമാണ്. തൗബ ചെയ്യാത്തവര്‍ തന്നെയാണ് അതിക്രമികള്‍. സത്യവിശ്വാസികളേ, മിക്ക ഊഹങ്ങളെയും നിങ്ങള്‍ വെടിയുക. ചില ഊഹങ്ങള്‍ കുറ്റകരമായിരിക്കും. ചാരവൃത്തി നടത്താനും പാടില്ല. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചു പറയുകയും ചെയ്യരുത്. തന്റെ മരിച്ച സഹോദരന്റെ മാംസം തിന്നുന്നത് നിങ്ങള്‍ക്കിഷ്ടമാണോ? അത് നിങ്ങള്‍ വെറുക്കുന്നതല്ലേ?” (49:11,12)
മനസ്സ് നിര്‍മലമാകണം

മേല്‍ പറഞ്ഞ സ്വഭാവ ദൂഷ്യങ്ങള്‍ ഉണ്ടാകുന്നത് മനസ്സ് ചീത്തയാകുമ്പോഴാണ്. എപ്പോഴും ആരെ കുറിച്ചും നല്ലത് വിചാരിക്കുവാന്‍ മനസിനെ പാകപ്പെടുത്തുകയാണ് ആവശ്യം. ”നല്ല വിചാരങ്ങള്‍ തന്നെ ആരാധനയാകുന്നു” (അഹ്മദ്) എന്ന നബി വചനം ഇതാണ് പഠിപ്പിക്കുന്നത്. കാര്യങ്ങളില്‍ ഇടപെട്ട് സംസാരിക്കുന്നതിന് മുമ്പായി വ്യക്തത വരുത്തണമെന്നതും ഖുര്‍ആന്റെ കല്‍പനയാണ്. ”അധര്‍മി കൊണ്ടുവരുന്ന വാര്‍ത്തകള്‍ അന്വേഷിച്ച് ഉറപ്പ് വരുത്തുക” (49:06) എന്ന കല്‍പ്പനക്ക് ശേഷം ഖുര്‍ആന്‍ പറയുന്നത് ”ആര്‍ക്കെങ്കിലും അറിയാതെ അപകടം പിണയാന്‍ അത് കാരണമായേക്കും” എന്നാണ്. ഒരാളുടെയും അഭിമാനത്തിന് ഒരിക്കലും ക്ഷതമേല്‍പ്പിക്കരുത് എന്ന മുന്നറിയിപ്പ് കൂടിയാണിത്. നാവില്‍ നിന്ന് നാവുകളിലേക്ക് പങ്ക് വെക്കുന്ന കാര്യങ്ങള്‍ നിസ്സാരമാണെന്ന് തോന്നിയേക്കാം. എന്നാല്‍ അവ അല്ലാഹുവിന്റെ പക്കല്‍ ഗുരുതരമായിരിക്കും (24:15) എന്ന വചനവും ഇതിനോട് ചേര്‍ത്ത് വായിക്കണം.
സ്വകാര്യത ചികയരുത്
മറ്റുള്ളവരുടെ സ്വകാര്യത ചികഞ്ഞെടുക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ധിക്കുകയാണ് ഇന്ന്. വ്യക്തികളുടെ അഭിമാനത്തെ ഇത് മുറിവേല്‍പ്പിക്കുന്നതിനോടൊപ്പം ജീര്‍ണിത സംസ്‌കാരം സമൂഹത്തില്‍ വ്യാപിക്കുകയും ചെയുന്നു. ഒരു കാര്യത്തില്‍ ആധികാരികതയും വ്യക്തതയും ഉറപ്പ് വരുത്താനുള്ള അന്വേഷണം കുറ്റകരമല്ല. തഹസ്സുസ് എന്നാണതിന്റെ ഖുര്‍ആന്‍ ഭാഷ്യം. (12:87). സ്വകാര്യത ചികഞ്ഞെടുക്കുന്നതാണ് ഖുര്‍ആന്‍ വിലക്കിയിരിക്കുന്ന തജസ്സുസ് (49:12) വ്യക്തി ബന്ധങ്ങള്‍ ഉലയാനും ദൂഷ്യങ്ങള്‍ പ്രചരിക്കാനും അത് കാരണമാകുന്നു.
വ്യക്തികളുടെ കുറ്റങ്ങളും കുറവുകളും മറച്ച് പിടിക്കണമെന്നാണ് മതത്തിന്റെ നിര്‍ദേശം. ”തന്റെ സഹോദരന്റെ അഭിമാനം ക്ഷതമേല്‍ക്കാതെ സൂക്ഷിക്കുന്നവനെ അന്ത്യനാളില്‍ നരകമുക്തനാക്കും” (ഇമാം അഹ്മദ്) എന്ന നബിവചനം ശ്രദ്ധേയമാണ്. നിങ്ങള്‍ ഒരാളുടെ കുറവുകള്‍ ചികഞ്ഞെടുത്താല്‍ അയാളെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (അബൂദാവൂദ്)
പല രൂപത്തിലാണ് അന്യന്റെ സ്വകാര്യതയില്‍ മനുഷ്യര്‍ ഇടപെടുന്നത്. സംസാരത്തില്‍ വെളിപ്പെടുത്താത്ത കാര്യങ്ങള്‍ വീണ്ടും ചോദിച്ചറിയുന്ന സമീപനക്കാരുണ്ട്. സംസാരിക്കുന്നവര്‍ അറിയാതെ അവരുടെ സംസാരം റിക്കാര്‍ഡ് ചെയ്യുകയും പിന്നീട് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. വ്യക്തിഗത സംഭാഷണങ്ങളില്‍ സ്വകാര്യതകള്‍ കേള്‍ക്കാന്‍ മാത്രം കാത് കൂര്‍പ്പിക്കുന്നവരുമുണ്ട്. അത് പിന്നീട് അത്യുക്തി കലര്‍ത്തി മറ്റുള്ളവരുമായി പങ്ക്‌വെക്കുന്നു.

സംസാര മധ്യേ വ്യക്തിഗത ദൂഷ്യങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാവാതിരിക്കാന്‍ ഭാഷ മാറ്റുന്ന പ്രവണതയുമുണ്ട്. ഇബ്‌നു അബ്ബാസിന്റെ ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ വായിക്കാം: ”ഒരു വിഭാഗം ആളുകളുടെ സംസാരം, അവര്‍ക്ക് ഇഷ്ടമില്ലാതെ, ആരെങ്കിലും കേള്‍ക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍, അന്ത്യനാളില്‍ അവരുടെ കാതുകളില്‍ ലോഹം ഉരുക്കിയൊഴിക്കുന്നതാണ്.” (ബുഖാരി)
വ്യക്തികളുടെ സ്വകാര്യതകള്‍ പുറത്തെടുത്ത് ട്രോള്‍ ചെയ്തു അവഹേളിക്കുന്ന നവ സാമൂഹ്യ മാധ്യമങ്ങളും ഈ രംഗത്ത് പാപക്കറ പേറുന്നവരാണ്.
നീണ്ടുനില്‍ക്കുന്ന സ്വഭാവ വൈകൃതങ്ങളാണ് ഇത് മൂലം സമൂഹം അനുഭവിക്കേണ്ടി വരുന്ന ദുരന്തം. നമുക്ക് സംഭവിക്കുന്ന പല വീഴ്ചകളും അല്ലാഹു മറച്ചുപിടിക്കുന്നുണ്ട്. അത് അവന്‍ നമ്മോട് കാണിക്കുന്ന കരുണയാണ്. അല്ലാഹു മൂടി വെച്ചത് പുറത്തെടുക്കുകയെന്നത് വലിയ പാതകമാണ്. നബി പറയുന്നതിങ്ങനെ: ”ഹൃദയത്തില്‍ ഈമാന്‍ ഇല്ലാതെ, നാവ് കൊണ്ട് മാത്രം വിശ്വാസം സ്വീകരിച്ചിരിക്കുന്ന സമൂഹമേ, നിങ്ങള്‍ മുസ്ലിംകളെ ദുഷിച്ച് പറയരുത്, അവരുടെ കുറവുകള്‍ ചികയുകയും ചെയ്യരുത്. ആരുടെയെങ്കിലും കുറവുകള്‍ക്ക് പിന്നാലെ പോയാല്‍ അല്ലാഹു അവന്റെ കുറവുകളും പുറത്തെടുക്കും. അവനെ അപമാനിക്കുകയും ചെയ്യും. അവന്‍ സ്വന്തം വീട്ടിനകത്ത് തന്നെയാണെങ്കിലും.” (അഹ്മദ്)

Back to Top