30 Monday
June 2025
2025 June 30
1447 Mouharrem 4

‘ഭരണകൂടത്തിനെതിരിലുള്ള പ്രതിഷേധം രാജ്യദ്രോഹമല്ല’ പ്രതീക്ഷ നല്‍കുന്ന കോടതി വിധികള്‍

എ പി അന്‍ഷിദ്‌


പൗരത്വ പ്രക്ഷോഭക്കാര്‍ക്കു നേരെയുണ്ടായ വംശീയാക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യു എ പി എ ചുമത്തി ജയിലില്‍ അടച്ച വിദ്യാര്‍ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ രാജ്യവ്യാപകമായി പുതിയ ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിരിക്കുകയാണ്. ഒരു നിയമം എത്ര അപകടകരമായ രീതിയില്‍ ദുരുപയോഗിക്കപ്പെടാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം അഥവാ യു എ പി എ. ഡല്‍ഹി ഹൈക്കോടതി വിധിയുടെ ആകെത്തുകയും വര്‍ഷങ്ങളായി ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇതേ ആശങ്കകളാണ്.
യു എ പി എ സംബന്ധിച്ച ഹൈക്കോടതി നിരീക്ഷണങ്ങള്‍ കൂടുതല്‍ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ അന്തിമ തീര്‍പ്പുണ്ടാകും വരെ മറ്റു കേസുകള്‍ക്ക് കീഴ്‌വഴക്കമാക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും പൂര്‍ണമായി റദ്ദാക്കപ്പെടാത്തിടത്തോളം കാലം ഹൈക്കോടതി നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. വിദ്യാര്‍ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി റദ്ദാക്കാന്‍ സുപ്രീംകോടതി മുതിര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ ഭരണ, രാഷ്ട്രീയ സംവിധാനങ്ങളെ ഫാസിസം മുച്ചൂടൂം വിഴുങ്ങുന്ന കാലത്ത് സാധാരണക്കാരന്റെ അവസാന പ്രതീക്ഷയും അത്താണിയുമാണ് നീതിപീഠങ്ങള്‍. ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും പരസ്പര പൂരകങ്ങളാകുന്ന ഇന്ത്യന്‍ ജനാധിപത്യ പശ്ചാത്തലത്തില്‍ ഇവ ഓരോന്നിനേയും തിരുത്താനുള്ള ഉത്തരവാദിത്തം കൂടി മറ്റുള്ളവക്കുണ്ട്. മാറി മാറി വരുന്ന ലെജിസ്ലേറ്റീവിനും എക്‌സിക്യൂട്ടീവിനും നിശ്ചിതമായ താല്‍പര്യങ്ങളുണ്ടാകാം. ആ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പല കാലത്തും ഉണ്ടായിട്ടുമുണ്ട്.
സമീപകാലത്ത് അതിന്റെ അളവ് കൂടിയിട്ടുണ്ട് എന്നത് മറ്റൊരു വസ്തുത. എന്നാല്‍ അത്തരം താല്‍പര്യങ്ങള്‍ രാജ്യവിരുദ്ധമോ ജനവിരുദ്ധമോ ആകാതിരിക്കുക എന്നത് സാമാന്യ മര്യാദയാണ്. അങ്ങനെ ജനവിരുദ്ധവും രാജ്യവിരുദ്ധവുമാകുമ്പോള്‍ അതിനെ തിരുത്താനുള്ള വേദിയായി ജുഡീഷ്യറി മാറും. അല്ലെങ്കില്‍ മാറണം. കഴിഞ്ഞ ഒരു ഇടവേളയിലേക്ക് ജുഡീഷ്യറിക്ക് തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നോ എന്നത് സംശയമാണ്.
എന്നാല്‍ വളരെ അടുത്ത കാലത്ത് സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും അടക്കമുള്ള രാജ്യത്തെ നീതിപീഠങ്ങളില്‍ നിന്ന് പുറത്തുവന്ന വിധികളും നിരീക്ഷണങ്ങളും നേര്‍ത്ത പ്രതീക്ഷയുടെ കിളിവാതിലുകള്‍ തുറന്നുവെക്കുന്നുണ്ട്. പ്രത്യാശയുടെ അവസാന കനലും കെട്ടുപോയിട്ടില്ലെന്നും ഊതിക്കാച്ചിയാല്‍ ഇരുളു നിറഞ്ഞ കാലത്തിനു മേല്‍ വീണ്ടും വെളിച്ചം വിടരുമെന്നുമുള്ള വിശ്വാസത്തിലേക്കാണ് അത് നമ്മെ നയിക്കുന്നത്. അത്തരത്തില്‍ ഒന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുള്ള ഇടപെടല്‍. ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമാണെന്ന് പരമോന്നത നിതിപീഠം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിലൂടെ തുറന്നിടുന്ന ചര്‍ച്ചയുടെ വാതിലുകളാണ് പ്രതീക്ഷക്ക് ആധാരം.
2020 ഫെബ്രുവരി അവസാനത്തോടെയാണ് ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപമായി പ്രക്ഷോഭം നടത്തി വന്നവര്‍ക്കു നേരെ തീവ്ര വലതുപക്ഷ സംഘടനകള്‍ വംശീയാക്രമണം അഴിച്ചുവിട്ടത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയും എടുത്തു ചാടിയും സമരക്കാരുടെ ടെന്റുകള്‍ക്ക് നേരെയും മുസ്‌ലിം ആരാധനാലയങ്ങള്‍ക്കു നേരെയും ആസൂത്രിതമായ ആക്രമണമാണ് അന്നുണ്ടായത്. കല്ലും വടിയും മാരകായുധങ്ങളും ഉപയോഗിച്ചും ബോംബെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിക്കുക വഴി ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് പരീക്ഷിക്കപ്പെട്ടത്.
എന്നാല്‍ ഫലം നേരെ മറിച്ചായിരുന്നു. കീഴടങ്ങാന്‍ മനസ്സു വന്നിട്ടില്ലാത്ത ജനത ഒറ്റ മനസ്സോടെ തെരുവിലിറങ്ങി. കേന്ദ്രസര്‍ക്കാറിനും ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിച്ചു. വിദ്യാര്‍ഥികളും യുവജന സംഘടനകളും കൂട്ടത്തോടെ സമരരംഗത്ത് പ്രത്യക്ഷപ്പെട്ടു. പൗരത്വ പ്രക്ഷോഭത്തിന് ഉറച്ച പിന്തുണയുമായി നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്ന ജെ എന്‍ യുവിലേയും ജാമിഅ മില്ലിയ്യയിലേയും അലീഗഡിലേയും വിദ്യാര്‍ഥി സമൂഹം വര്‍ധിത വീര്യത്തോടെ സമരമുഖത്ത് അണി നിരന്നു. പ്രതിഷേധം ഏറ്റവും കൂടുതല്‍ ആളിക്കത്തിയത് സി എ എ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ ഡല്‍ഹിയില്‍ തന്നെയായിരുന്നു. ഇത് ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനു വഴിമാറി.

ഭരണകൂട ഭീകരതയുടെ അടുത്ത ഘട്ടമായിരുന്നു പിന്നീട്. ജനാധിപത്യ മാര്‍ഗത്തില്‍ സമധാനപരമായി പ്രക്ഷോഭം നടത്തുന്നവര്‍ക്കു സംരക്ഷണം ഒരുക്കുന്നതില്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ആസൂത്രിതമായ ഈ ആക്രമണങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയവരേയോ പിന്നിലിരുന്ന് ചരടുവലിച്ചവരേയോ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനേക്കാള്‍ ഉപരി, ഡല്‍ഹി പൊലീസ് ആവേശം കാണിച്ചത് സംഘ്പരിവാര്‍ ഭീകരതക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ വേട്ടയാടാനായിരുന്നു.
ഇക്കൂട്ടത്തിലാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ച ജെ എന്‍ യു വിദ്യാര്‍ഥികളായ ദേവാംഗന കലിത, നടാഷാ നര്‍വാള്‍, ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരും അറസ്റ്റിലായത്. ഒരു വര്‍ഷം തികയുമ്പോഴാണ് മൂവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതും യു എ പി എ ചുമത്താന്‍ തക്ക കുറ്റം മൂവരും ചെയ്തിട്ടില്ലെന്ന കണ്ടെത്തലോടെ.
അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചതിനേക്കാള്‍ ഉപരി വിധിയില്‍ വേറിട്ടു നിന്നത് മൂവരേയും തടവില്‍ പാര്‍പ്പിക്കുന്നതിന് ആധാരമായ യു എ പി എ സംബന്ധിച്ചും പൗരാവകാശങ്ങള്‍ സംബന്ധിച്ചും ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളായിരുന്നു. ഭരണകൂടത്തിനെതിരായ പ്രതിഷേധം രാജ്യദ്രോഹമല്ല എന്നതാണ് ഇതില്‍ ഏറ്റവും സുപ്രധാനം. യു എ പി എ എന്ന കരിനിയമം ഇന്ന് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ്.
ഭരണകൂടം കൈക്കൊള്ളുന്ന ഏതു തീരുമാനത്തേയും തിരുവായ്ക്ക് എതിയാര്‍വായില്ലാതെ സ്വീകരിച്ചു കൊള്ളണമെന്ന ധാര്‍ഷ്ട്യം. അതിനെതിരെ ചെറുവിരലനക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇത്തരം കരിനിയമങ്ങള്‍ ചുമത്തി ജയിലില്‍ അടക്കും. അടിയന്തരാവസ്ഥയെ എതിര്‍ത്തവര്‍ അതിനേക്കാള്‍ വലിയ അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അടിയന്തരാവസ്ഥ മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് പൗരാവകാശങ്ങള്‍ ഹനിക്കുന്നതെങ്കില്‍ ഇത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കാളികളാകുന്നവര്‍ ഏതു നിമിഷവും ജയിലിലടക്കപ്പെടാമെന്ന പ്രതീതി. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ മൗലികമാണ്. അതില്ലെങ്കില്‍ ജനാധിപത്യം അര്‍ഥശൂന്യവും.
ജനായത്ത ക്രമത്തിലൂടെ അധികാരത്തില്‍ വരുന്ന ഒരു ഭരണകൂടം പോലും യഥാര്‍ഥത്തില്‍ വിയോജിപ്പിന്റെ സൃഷ്ടിയാണ്. കാരണം എതിരില്ലാതെയല്ല രാജ്യത്തെ നിയമ നിര്‍മാണ സഭകളില്‍ എത്തുന്നവരൊന്നും തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരുടെ പിന്തുണ മാത്രമാണ് അവകാശപ്പെടാനുള്ളത്. ന്യൂനപക്ഷമെങ്കിലും തങ്ങളോട് വിയോജിക്കുന്ന ഒരു വിഭാഗം മറുപുറത്തുണ്ട് എന്ന കാര്യം ഇക്കൂട്ടരില്‍ ചിലര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ തുടര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍, നടപടികള്‍, നയങ്ങള്‍, നിലപാടുകള്‍, അഭിപ്രായങ്ങള്‍ എന്നിവയെല്ലാം നേരത്തെ പറഞ്ഞ വിയോജിപ്പ് പ്രകടിപ്പിച്ച ന്യൂനപക്ഷത്തിന് വേണ്ടി കൂടിയുള്ളതാണ്. അല്ലെങ്കില്‍ അവരെക്കൂടി ഉള്‍കൊള്ളുന്നതാവണം. അല്ലാത്ത പക്ഷം വിയോജിപ്പ് ഉയര്‍ന്നു വരിക സ്വാഭാവികമാണ്. അത് ഒരുപക്ഷേ ന്യൂനപക്ഷത്തില്‍ നിന്നാകാം, അല്ലെങ്കില്‍ ഭൂരിപക്ഷത്തില്‍ നിന്നാകാം. ആ വിയോജിപ്പുകളെ ഉള്‍കൊണ്ട് മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്. അതിന് ഭരണാധികാരികള്‍ തയ്യാറാവാതെ വരുമ്പോഴാണ് എതിര്‍പ്പിന്റേയും പ്രതിഷേധത്തിന്റേയും രൂപത്തിലേക്ക് വഴിമാറുന്നത്.
പ്രതിഷേധം ഒരിക്കലും നിയമ വിരുദ്ധമല്ല. നിയമത്തിന് അതീതനായി നിന്നുകൊണ്ട് തനിക്കുള്ള വിയോജിപ്പുകള്‍ ഭരണകൂടത്തെ, അല്ലെങ്കില്‍ ഭരണാധികാരിയെ ധരിപ്പിക്കുന്നതിന് പൗരനു മുന്നിലുള്ള മാര്‍ഗമാണ് പ്രതിഷേധം. അതിനെ സഹിഷ്ണുതയോടെ ഉള്‍കൊള്ളാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. തീരുമാനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോവണം. ഒരു ബഹുസ്വര സമൂഹത്തിന്റെ സ്വസ്ഥമായ അതിജീവനത്തിന് ഇത് അനിവാര്യമാണ്. അതിനു പകരം അടിച്ചമര്‍ത്തലിന്റെ പാത ഭരണകൂടം തെരഞ്ഞെടുക്കുന്നത് ഏകാധിപത്യത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും ലക്ഷണമാണ്. രാജ്യം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സമീപ വര്‍ഷങ്ങളിലുണ്ടായ നിലപാടുകളെല്ലാം പരിശോധിച്ചാല്‍ ഇത്തരമൊരു സ്വേഛാധിപത്യ സ്വഭാവം കാണാനാകും.
ജമ്മുകശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞത്, പൗരത്വ നിയമ ഭേദഗി, തൊഴില്‍ നിയമ ഭേദഗതി, കര്‍ഷക നിയമ ഭേദഗതി, ഫെഡറല്‍ സംസ്ഥാനങ്ങളോടുള്ള പെരുമാറ്റം എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ഭരണകൂടത്തിന്റെ ഈ സ്വേഛാധിപത്യ നിലപാടുകളാണ് യഥാര്‍ഥത്തില്‍ ഡല്‍ഹി ഹൈക്കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മോദി ഭരണകൂടം കോടതി വിധിക്കെതിരെ വിറളി പൂണ്ട് നില്‍ക്കുന്നതും.

മോദി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം മര്‍മത്ത് ലഭിച്ച അടിയാണ് ഹൈക്കോടതി വിധി. നിയമപരമായ മാര്‍ഗത്തിലൂടെ വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കാനുള്ള പൗരന്റെ അവകാശം മൗലികമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. കോടതി നിരീക്ഷണം ഇത്തരം അടിച്ചമര്‍ത്തല്‍ രീതികള്‍ നയമായി തെരഞ്ഞെടുത്ത ഒരു സര്‍ക്കാറിന് മോഹഭംഗമുണ്ടാക്കുക സ്വാഭാവികമാണ്. ഡല്‍ഹി ഹൈക്കോടതി വിധി രാജ്യത്തെ മറ്റു നീതിപീഠങ്ങള്‍ കീഴ്‌വഴക്കമായി സ്വീകരിച്ചാല്‍ രാജ്യത്ത് ഇന്ന് ചുമത്തപ്പെട്ടിരിക്കുന്ന 80 ശതമാനം യു എ പി എ കേസുകളും റദ്ദാക്കപ്പെട്ടേക്കാം.
സമീപകാല സംഭവ വികാസങ്ങളില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഒറ്റപ്പെട്ടതല്ലെന്ന് വാര്‍ത്തകള്‍ നിരീക്ഷിച്ചാല്‍ ബോധ്യം വരും. പക്ഷേ ഹൈക്കോടതി പരാമര്‍ശങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ളതാണെന്ന് മാത്രം. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യു എ പി എ ചുമത്തി ജയിലിലടച്ച സംഭവത്തിലും ലക്ഷദ്വീപ് പ്രതിഷേധത്തിന്റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനക്കെതിരെ യു എ പി എ ചുമത്തിയതിലുമെല്ലാം ഭരണകൂടം സമാനമായ രീതിയിലുള്ള തിരിച്ചടികള്‍ നീതിപീഠത്തില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ്.
യു പി സര്‍ക്കാറിന്റെ എല്ലാ വാദങ്ങളും തള്ളി സുപ്രീംകോടതി നേരത്തെ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഉത്തരവിട്ടിരുന്നു. ഏറ്റവും ഒടുവില്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റു ചെയ്യാന്‍ കാരണമായി ഉത്തര്‍പ്രദേശ് പൊലീസ് ഉന്നയിച്ച സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കൂടി മഥുര കോടതി കണ്ടെത്തിയിരിക്കുന്നു. ഹാഥ്‌റസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് വാര്‍ത്ത തയ്യാറാക്കാനുള്ള യാത്രക്കിടെയാണ് നോയ്ഡയില്‍ നിന്ന് സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജയിലില്‍ അടച്ച ശേഷമാണ് യു എ പി എ ചുമത്തിയത്.
ക്രിമിനല്‍ കേസ് ചുമത്തിയാണ് കാപ്പനെ ആദ്യം അറസ്റ്റു ചെയ്യുന്നത്. സ്വാഭാവികമായും ഈ കേസില്‍ ആറ് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. അല്ലാത്ത പക്ഷം ജാമ്യം ലഭിക്കാന്‍ അറസ്റ്റിലായ ആള്‍ക്ക് അവകാശമുണ്ട്. കാപ്പനെ ജയിലിലടച്ച് എട്ടുമാസമായിട്ടും യു പി പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഒരു തെളിവു പോലും ഹാജരാക്കാനും യു പി പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ കോടതി റദ്ദാക്കിയത്. ഈ കേസില്‍ അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിലാണ് കാപ്പനെതിരെ യു എ പി എ ചുമത്തിയിരുന്നത്. അതുകൊണ്ടുതന്നെ മഥുര കോടതി വിധിയോടെ യു എ പി എ കേസിന്റെ ഭാവിയും തുലാസിലാണ്. മുന്‍കാല ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ല എന്നതു കൊണ്ടുതന്നെ അത്തരമൊരു കാരണം പറഞ്ഞും യു പി പൊലീസിന് കാപ്പന്റെ കസ്റ്റഡി ന്യായീകരിക്കാനാവില്ല. തന്റെ ജോലി നിര്‍വഹിക്കാന്‍ ശ്രമിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ ഭരണകൂടം നോട്ടപ്പുള്ളിയാക്കി വേട്ടയാടിയതിന്റെ ഫലമാണ് സിദ്ദീഖ് കാപ്പന്‍ കേസ്.
ഫോര്‍ത്ത് എസ്‌റ്റേറ്റിനുള്ള എല്ലാ പ്രത്യേക പരിഗണനകളും ചവിട്ടിമെതിക്കപ്പെട്ട കേസ്. ഒരു പക്ഷേ കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കിയേക്കാം. അല്ലെങ്കില്‍ ജയിലില്‍ തന്നെ തുടരാന്‍ ഉത്തരവിട്ടേക്കാം. ഏതെങ്കിലുമൊരു കാലത്ത് നിരപരാധിയെന്ന് തെളിഞ്ഞ് വെറുതെ വിട്ടേക്കാം. രണ്ടായാലും ഭരണകൂട വേട്ടയില്‍ അയാള്‍ക്കുണ്ടായ നഷ്ടം ആരു നികത്തും എന്ന ചോദ്യം മാത്രം ബാക്കിയാകും. അല്ലെങ്കില്‍ ആര് അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കും. പ്രമേഹം മൂര്‍ച്ഛിച്ച് കണ്ണിന്റെ കാഴ്ചയെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാപ്പന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇടയ്ക്ക് ജയിലിലെ ശുചിമുറിയില്‍ വീണ് എല്ലുപൊട്ടി. കോവിഡ് വന്നു. പ്രായാധിക്യം തളര്‍ത്തിയ മാതാവിന്റെ ജീവിതം മകന്റെ ജയില്‍ വാസത്തോടെ നരകതുല്യമായി. ഒടുവില്‍ മകനെയോര്‍ത്ത് വിങ്ങുന്ന മനസ്സുമായി ആ മാതാവ് ഈ ലോകത്തു നിന്നു തന്നെ പടിയിറങ്ങിപ്പോയി. ഈ വേദനകള്‍ക്ക് ആരാണ് മറുപടി പറയുക. എന്ത് പ്രായശ്ചിത്തമായിരിക്കും ഭരണകൂടം ചെയ്യാന്‍ പോകുന്നത്.
യുട്യൂബ് ചാനലിലൂടെ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ഹിമാചല്‍പ്രദേശ് പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കിയതും ഈയടുത്താണ്. അഭിപ്രായ പ്രകടത്തിനുള്ള മൗലികാവകാശം ഹനിക്കുന്നതാണ് പൊലീസ് നടപടിയെന്നാണ് വിനോദ് ദുവക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നു തന്നെയാണ് വിനോദ് ദുവ കേസിലെ വിധിയിലൂടെ പരമോന്നത നീതിപീഠവും വ്യക്തമാക്കുന്നത്.
ലക്ഷദ്വീപ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയുടെ അവസ്ഥയും മറിച്ചല്ല. യു എ പി എ ചുമത്തിയ കേസില്‍ അന്തിമ തീര്‍പ്പ് വരും വരെ അറസ്റ്റ് വിലക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയും പ്രതീക്ഷകള്‍ പകരുന്നതാണ്. ലക്ഷദ്വീപ്് ജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികളെ ചാനല്‍ ചര്‍ച്ചകളില്‍ ജൈവായുധ പ്രയോഗം എന്ന് വിശേഷിപ്പിച്ചതാണ് ഇവര്‍ക്കെതിരെ യു എ പി എ ചുമത്താന്‍ കാരണമായി പറയുന്നത്.
ഭരണകൂടം എടുക്കുന്ന ഒരു തീരുമാനം സ്വന്തം ജനതയുടെ ജീവിതത്തെ എത്രമേല്‍ ദുഷ്‌കരമാക്കി മാറ്റുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രയോഗിച്ച ഒരു വാക്കിനെപ്പോലും ഭരണകൂടം എത്രമേല്‍ ഭയപ്പെടുന്നു എന്നതിന്റെ തെളിവ് കൂടിയാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന വിധിന്യായം അംഗീകരിക്കപ്പെട്ടാല്‍ അയിഷ സുല്‍ത്താനക്കെതിരെ ചുമത്തപ്പെട്ട കേസും ആവിയാകുമെന്ന് ചുരുക്കം. ഭയമാണ് യഥാര്‍ഥത്തില്‍ ഫാസിസത്തിന്റെ അന്തര്‍ധാര. ചുറ്റുമുള്ളതിനെ സര്‍വതിനേയും ഭയക്കുന്ന, സ്വയം അരക്ഷിത ബോധത്തിലേക്ക് ചുരുങ്ങുന്ന വല്ലാത്തൊരു അവസ്ഥ. അതിനെ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സ്വന്തം ജനതക്കുമേല്‍ പ്രയോഗിക്കുന്ന മര്‍ദന മുറകളും കരിനിയമങ്ങളും.
കാപ്പനും വിനോദ് ദുവേയും അയിഷ സുല്‍ത്താനയുമൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. പ്രതിഷേധിക്കാനും കേസു നടത്താനും ആളുണ്ടായതു തൊണ്ട് മുഖ്യധാരാ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടെന്ന് മാത്രം. അബ്ദുന്നാസര്‍ മഅദ്‌നിയുടെ ജയില്‍ ജീവിതം തുടങ്ങിയിട്ട് എത്ര വര്‍ഷങ്ങളായി. ആദ്യം ബംഗളൂരു സ്‌ഫോടനക്കേസില്‍. പിന്നെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍. ഒരാളുടെ ആയുസ്സ് മുഴുവന്‍ ജയിലഴിക്കുള്ളില്‍ ഹോമിക്കപ്പെട്ട ശേഷം ലഭിക്കുന്ന നിരപരാധി പട്ടം എത്രമേല്‍ അര്‍ഥശൂന്യമാണ്. അക്കാലയളവില്‍ അയാളുടെ ജീവിതത്തില്‍ നേരിട്ട നഷ്ടങ്ങള്‍ക്ക് എന്ത് പരിഹാരമായിരിക്കും ഭരണകൂടത്തിന് നല്‍കാനുണ്ടാവുക.
ഒച്ചിഴയുന്ന വേഗം പോലുമില്ലാത്ത നീതിന്യായ സംവിധാനങ്ങള്‍ ആത്യന്തികമായി മനുഷ്യന്റെ നിസ്സാഹയാവസ്ഥക്കു നേരെ കൊഞ്ഞനം കുത്തുകയല്ലേ. ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സകരിയയുടെ ജീവിതം മറ്റൊരു ഉദാഹരണമാണ്. ഇങ്ങനെ എത്ര മനുഷ്യര്‍, എത്ര ജീവിതങ്ങള്‍…, ചെയ്ത തെറ്റ് എന്തെന്നുപോലുമറിയാതെ ജയിലറകളില്‍ കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ടവര്‍. മലേഗാവ് സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്്‌ലിം യുവാക്കളെ എത്ര വര്‍ഷങ്ങള്‍ നീണ്ട തടവറ വാസത്തിനു ശേഷമാണ് നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കപ്പെട്ടത്. മനുഷ്യാവകാശത്തിന്റെ പ്രാഥമിക ഘടകങ്ങള്‍പോലും നിഷേധിക്കപ്പെടുന്നുവെന്ന കോടതി കണ്ടെത്തലുകളെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട ടാഡ (1985-95), പോട്ട (2002 – 2004) എന്നിവയുടെ തുടര്‍ച്ചയായിയുരുന്നു യു എ പി എ.
രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും നേരെ ഉയരുന്ന ആഭ്യന്തര വെല്ലുവിളികളെ നേരിടുന്നതിന് എന്ന ന്യായീകരണത്തോടെയാണ് ഈ നിയമങ്ങളെല്ലാം നടപ്പാക്കപ്പെട്ടത്. എന്നാല്‍ എല്ലായ്‌പ്പോഴും യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് തെന്നിമാറി ഭരണകൂട വേട്ടക്കുള്ള ആയുധങ്ങളായി ഈ നിയമങ്ങള്‍ മാറുന്നതാണ് കണ്ടത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു എ പി എ). രൂപീകരണ ഘട്ടത്തില്‍ തന്നെ നിയമത്തിന്റെ ദുരുപയോഗ സാധ്യത സംബന്ധിച്ച് പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ചകള്‍ ഉയര്‍ന്നതാണ്. എന്നാല്‍ ആഭ്യന്തര ഭീകരവാദത്തെ നേരിടാന്‍ കര്‍ശന നിയമങ്ങള്‍ കൂടിയേ തീരൂവെന്ന വാദത്തിനു മുന്നില്‍ ഈ വിമര്‍ശനങ്ങള്‍ മുങ്ങിപ്പോയി. മുംബൈ ഭീകരാക്രമണത്തിന്റെയും പാര്‍ലമെന്റ് ആക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ദൂരവ്യാപക ഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ലഭിക്കാതെ പോയി. അതിന്റെ തിക്തഫലമാണ് ഇന്ന് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്.
യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് മാറി സ്വന്തം നിലനില്‍പ്പ് സുരക്ഷിതമാക്കാനും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുമുള്ള ആയുധം മാത്രമായി യു എ പി എ മാറി. അനന്ത കാലത്തേക്ക് വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാമെന്നത് ഉള്‍പ്പെടെ വ്യവസ്ഥകള്‍ എത്രമേല്‍ ഭീതിതമാണെന്ന വസ്തുത വിസ്മരിക്കപ്പെട്ടു പോയ കാലത്തുനിന്നുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളുടെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. യു എ പി എ എന്നത് ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമമാണെന്ന് ഹൈക്കോടതി അടിയവരിയിടുന്നു. അതായത് സി ആര്‍ പി സി പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഒതുങ്ങി നില്‍ക്കാത്തതും രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതുമായ കാര്യങ്ങള്‍. ന്യൂജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതുക്കും മേലെ. അത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികളും അതേ ഗൗരവത്തോടെ കേസിനെ സമീപിക്കണം എന്നാണ് ഹൈക്കോടതി പറഞ്ഞത്.
വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ കേസില്‍ വിചാരണക്കോടതിയുടെ ഭാഗത്തുനിന്ന് അത്തരമൊരു ജാഗ്രത ഉണ്ടായില്ലെന്നും. പൊലീസ് റിപ്പോര്‍ട്ട് തൊണ്ട തൊടാതെ വിഴുങ്ങുകയല്ല കോടതികള്‍ ചെയ്യേണ്ടതെന്ന ഓര്‍മ്മപ്പെടുത്തലാണത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുണ്ട് എന്ന പൊലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ഇവര്‍ക്കെതിരെ ചുമത്തിയ യു എ പി എ ശരിവെക്കാന്‍ വിചാരണക്കോടതി കണ്ടെത്തിയ ന്യായീകരണം. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി എന്നത് യു എ പി എ ചുമത്താന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വ്യവസ്ഥകളില്‍ ഒന്നാണ്. അല്ലാതെ കേന്ദ്രാനുമതിയുണ്ടെങ്കില്‍ യു എ പി എ നിലനില്‍ക്കും എന്ന് അര്‍ഥമില്ല. ഇക്കാര്യം വിചാരണക്കോടതി പരിഗണിക്കാതെ പോയി. യു എ പി എ എന്ന നിയമത്തിന്റെ ഭരണഘടനാ സാധുതയിലേക്ക് തന്നെയാണ് യഥാര്‍ഥത്തില്‍ ഹൈക്കോടതി വിധി വിരല്‍ ചൂണ്ടുന്നത്. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Back to Top