1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഹജറുല്‍ അസ്‌വദ് എന്ന സ്വര്‍ഗീയശില

എന്‍ജി. പി മമ്മദ് കോയ


വിശുദ്ധ മന്ദിരത്തിന്റെ തെക്ക് കിഴക്കെ മൂലയില്‍ ഏതാണ്ട് നാലടി ഉയരത്തിലാണ് ഹജറുല്‍ അസ്‌വദ് സ്ഥാപിച്ചിരിക്കുന്നത്. ഈ സ്വര്‍ഗീയ ശിലയാണ് പ്രദക്ഷിണാരംഭത്തിന്റെ അടയാളം. ഇത് ചുംബിച്ചു കൊണ്ടായിരുന്നു തിരുനബി ത്വവാഫ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ അത് ചുംബിക്കാനും സ്പര്‍ശിക്കാനും ആവേശത്തോടെ തിരക്കുകൂട്ടുകയാണ് വിശ്വാസികള്‍. അവരെ നിയന്ത്രിക്കാന്‍ പോലീസുകാര്‍ പാടുപെടുന്നതും കാണാം.
ഈ ശില സ്വര്‍ഗത്തില്‍ നിന്ന് ആദം നബിയോടൊപ്പം ഭൂമിയില്‍ വന്നതാണെന്നും കഅ്ബ പുനര്‍നിര്‍മാണ സമയത്ത് ഇബ്‌റാഹീം നബിയാണ് അത് കഅ്ബയില്‍ സ്ഥാപിച്ചതെന്നും പറയപ്പെടുന്നു. സ്വര്‍ഗത്തില്‍ നിന്ന് വരുന്ന സമയത്ത് ഈ ശില പാലുപോലെ വെളുത്തതായിരുന്നുവെന്നും ഭൂമിയിലെ ജനങ്ങളുടെ പാപം കാരണമാണ് അത് കറുത്തുപോയതെന്നും തിരുനബി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കാലാന്തരങ്ങളില്‍ മാറിമാറി വരുന്ന ഋതുക്കള്‍ കഅ്ബ കെട്ടിടത്തിന് വരുത്തുന്ന കേടുപാടുകള്‍ അതാതു കാലഘട്ടത്തില്‍ അറ്റകുറ്റ പണികള്‍ നടത്തി ശരിയാക്കുകയും ആവശ്യമുള്ളപ്പോള്‍ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അതിനുപയോഗിച്ചിരുന്ന കല്ലുകളും മര ഉരുപ്പടികളും മാറ്റാറുണ്ടെങ്കിലും ഹജറുല്‍ അസ്‌വദ് തല്‍സ്ഥാനത്തു തന്നെ നിലനിര്‍ത്തിയിരുന്നു.
ഖുറൈശികള്‍ കഅ്ബ പുനര്‍ നിര്‍മിച്ചപ്പോള്‍ ഈ സ്വര്‍ഗീയ ശില തല്‍സ്ഥാനത്ത് വെക്കുന്നത് ആര് എന്നതിനെകുറിച്ച് ഗോത്രങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും അവകാശവാദങ്ങളുണ്ടാകുകയും ചെയ്തു. അവസാനം അവരുടെ ഏകോപിച്ച തീരുമാനപ്രകാരം മുഹമ്മദ് നബി(സ)യാണ് ഇന്ന് കാണുന്ന സ്ഥാനത്ത് ഹജറുല്‍ അസ്‌വദ് സ്ഥാപിച്ചത്. പത്ത് ഇഞ്ച് നീളവും ആറര ഇഞ്ച് വീതിയുമുണ്ടായിരുന്ന കറുത്ത നിറമുളള ചാരുതയാര്‍ന്ന ആ ശില ഒരു വിരിപ്പില്‍ വെച്ച് എല്ലാ ഗോത്രത്തലവന്മാരെ കൊണ്ടും ആ വിരിപ്പ് പിടിപ്പിച്ച് ഉയര്‍ത്തി തല്‍സ്ഥാനത്ത് വെച്ചാണ് നബി(സ) ആ കര്‍മം നിര്‍വഹിച്ചത്.
ഇന്ന് നാം കാണുന്ന ഹജറുല്‍ അസ്‌വദ് ഒറ്റ കല്ലായിട്ടല്ല. എട്ടു കഷ്ണങ്ങള്‍ നല്ല ബൈന്റിങ്ങ് മെറ്റീരിയലുപയോഗിച്ച് കൂട്ടിച്ചേര്‍ത്ത നിലയിലാണ്. ചില അനിഷ്ട സംഭവങ്ങളുടെ ഫലമായി ആ ശില പൊട്ടിപ്പോകുകയും അവ മറ്റൊരു കല്ലില്‍ ഒട്ടിച്ചു ചേര്‍ത്തു വെള്ളി കൊണ്ടുള്ള ഒരു കവചത്തിലാക്കുകയും ചെയ്ത സ്ഥിതിയിലാണ് ഇന്നുള്ളത്. മാറി മാറി വരുന്ന ഭരണാധികാരികള്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയും ഇടക്കിടക്ക് വൃത്തിയാക്കിയും സുഗന്ധ ദ്രവ്യങ്ങള്‍ പൂശിയും ഇത് സംരക്ഷിച്ചു വരുന്നു.
ഇബ്‌റാഹീം നബിയുടെ കാലം മുതലുള്ള ഒരു ചരിത്ര അടയാളം എന്ന നിലക്കാണ് ഹജറുല്‍ അസ്‌വദ് ആദരിക്കപ്പെടുന്നത്. നബി അതില്‍ മുത്തം നല്‍കിയത് കഅ്ബയോടുള്ള ഹൃദയബന്ധത്തിന്റെ ഭാഗമായിട്ടാണ്. ഇതില്‍ കവിഞ്ഞു ആരാധന പരിവേഷമൊന്നും ഹജറുല്‍ അസ്‌വദിന് കല്പിക്കേണ്ടതില്ല. ഇത് ചുംബിക്കുക എന്നത് ത്വവാഫിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമോ ഹജ്ജുകര്‍മങ്ങളുടെ അവിഭാജ്യ ഘടകമോ അല്ല.
”ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത ഒരു സാധാരണ കല്ല് മാത്രമാണ് നീ എന്ന് എനിക്കറിയാം. റസൂല്‍(സ) ചുംബിക്കുന്നത് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല” -രണ്ടാം ഖലീഫ ഉ മറിന്റെ(റ) വാക്കുകളാണിവ.
ത്വവാഫ് പൂര്‍ത്തീകരിച്ച് ആ ചാലകവലയത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ അല്പം ബുദ്ധിമുട്ടി. ജന സാഗരത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങി നീങ്ങി മെല്ലെ ആ വലയത്തില്‍ നിന്ന് പുറത്ത് കടന്നു. നേരെ ഇബ്‌റാഹിം മഖാമിന്റെ പിന്‍ഭാഗത്തേക്ക് നടന്നു. അവിടെ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കേണ്ടതുണ്ട്. കഅ്ബയുടെ നിര്‍മാണ സമയത്ത് ഉയരമുള്ള മതിലുകള്‍ പടവ് ചെയ്യേണ്ടതിന് കയറി നില്‍ക്കാന്‍ ഇബ്‌റാഹിം നബി ഉപയോഗിച്ച കല്ല് സഹസ്രാബ്ദങ്ങളായി സുരക്ഷിതമായി സൂക്ഷിച്ച പേടകമാണ് ഇബ്‌റാഹീം മഖാം. ആ കല്ലില്‍ പ്രവാചകന്റെ കാല്‍പ്പാടുകള്‍ ഉണ്ടെന്നാണ് പറയുന്നത്. ഞങ്ങള്‍ക്കതിന്റടുത്തേക്ക് എത്താന്‍ പറ്റിയില്ല. കാരണം തിരക്കു തന്നെ!
‘പോളിഗണ്‍’ രൂപത്തില്‍ മിനാരത്തിന്റെ ഖുബ്ബ പോലുള്ള പ്രസ്തുത ചില്ലു പേടകം സ്വ ര്‍ണം പൂശി ആകര്‍ഷകമാക്കിയിട്ടുണ്ട്. അതില്‍ തൊട്ടുമുത്തുന്നവരും തുണികള്‍ കൊണ്ട് തുടച്ചും ചുംബിച്ചും കൊ ണ്ട് സൃഷ്ടിക്കുന്ന തിരക്ക് കാരണമാണ് അതിനടുത്തേക്കെത്താന്‍ കഴിയാതിരുന്നത്.
തിരക്കില്‍ നിന്ന് ദൂരെ ഇബ്‌റാഹീം മഖാം വീക്ഷിക്കുകയും അതിന്റെ പിന്നില്‍ കുറച്ച് അകലെ കിട്ടിയ സ്ഥലത്ത് വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു. ഹറമിന്റെ ഏത് ഭാഗത്തു നിന്നും ഈ നമസ്‌കാരം നിര്‍വഹിക്കാം. ആദ്യ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തേതില്‍ ഇഖ്‌ലാസുമാണ് പാരായണം ചെയ്യേണ്ടത്.
ശേഷം അല്പം സംസം കുടിച്ച് ഉംറയുടെ മറ്റൊരു പ്രധാന കര്‍മമായ സഅ്‌യ് ചെയ്യാന്‍ സഫായിലേക്ക് പോകണം. മസ്ജിദുല്‍ ഹറമിന്റെ പല ഭാഗങ്ങളിലും സംസം നിറച്ച് നിരനിരയായി വെച്ച ജാറുകളുണ്ട്. വിശ്വാസികള്‍ക്ക് സംസം വിതരണം ചെയ്യുന്നതിന് അതി വിപുലമായ സൗകര്യങ്ങളാണ് ഇരു ഹറമിലും ഒരുക്കിയിട്ടുള്ളത്.
മുമ്പ് ഇബ്‌റാഹിം മഖാമിന്റെ പിന്‍ഭാഗത്ത് നിന്ന് പടികളിറങ്ങി ബേസ്‌മെന്റ് ഫ്‌ളോറിലേക്ക് പ്രവേശനമുണ്ടായിരുന്നു. അവിടെ സംസം കിണറിനടുത്ത് തന്നെയായിരുന്നു വെള്ളമെടുക്കാനും ഇരുന്നു കുടിക്കുവാനുമുള്ള സൗകര്യങ്ങള്‍ ചെയ്തിരുന്നത്. അന്ന് തീര്‍ഥാടകര്‍ക്ക് ആ പവിത്രമായ നീരുറവിന്റെ സ്രോതസ്സ് കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.
ഒരു രാജ്യത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയേയും വികസനത്തേയും അറേബ്യന്‍ ഗോത്ര വര്‍ഗങ്ങളുടെ സംസ്‌കാരത്തേയും സ്വാധീനിച്ച അത്ഭുതകരമായ നീരുറവിന്റെ പേരാണ് സംസം.

Back to Top