നമ്മുടെ കയ്യിലടിച്ച് ശബ്ദമുണ്ടാക്കാന്‍ സമ്മതിക്കരുത്
അബൂനിലാ
ഇസ്ലാമോഫോബിയ രൂപഭേദങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്നും പടരുന്നുണ്ട്. ഇടയ്ക്കിടക്ക് രൂപവും താളവും മാറ്റുകയും പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയും ചെയ്യുന്നുണ്ടെന്നു മാത്രം. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇസ്ലാമോഫോബിക് പ്രവര്‍ത്തനങ്ങള്‍ ക്ലബ്ഹൗസിലേക്ക് കടന്നതോടെ ശക്തി പ്രാപിച്ചിരിക്കുന്നു. ഇസ്ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യാനുള്ള ഒരു ത്വര പ്രകടമായിരുന്നു. ഇസ്ലാം എന്ന് ഏതെങ്കിലും ചര്‍ച്ചാ മുറിയുടെ തലക്കെട്ടു കണ്ടാല്‍ അവിടെ ആളുകള്‍ കുമിഞ്ഞുകൂടുന്ന അവസ്ഥ. ആധുനിക സമൂഹത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇസ്‌ലാം എന്ന ദര്‍ശനമാണെന്നും ഖുര്‍ആനും ഹദീസും കാലാനുസൃതമായി തിരുത്തപ്പെടേണ്ടതുണ്ടെന്നും മുസ്‌ലിംകള്‍ കൊണ്ടുനടക്കുന്ന ജീവിതരീതികള്‍ പൊതുസമൂഹത്തിന് അപകടമാണെന്നും തുടങ്ങിയ നിരീക്ഷണങ്ങളും വിധിപ്രസ്താവങ്ങളുമായിരുന്നു ഇത്തരം ചര്‍ച്ചകളുടെ ആകെത്തുക.
എന്നാല്‍ ഇതിന്റെ യഥാര്‍ഥ വിശകലനവും സന്ദര്‍ഭവും സമയവും വിശദീകരണവും നല്‍കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതൊന്നും കേള്‍ക്കാന്‍ തയാറാകാതെ വിറളിപൂണ്ട് വിഷയത്തില്‍ നിന്നും തെന്നിമാറുന്ന സമീപനങ്ങളാണ് ചര്‍ച്ചകള്‍ക്കകത്ത് കണ്ടുവരുന്നത്. അവരതു തുടരട്ടെ, വികാരം കൊണ്ട് അബദ്ധത്തില്‍ ചാടാതിരിക്കുക എന്നതാണ് വിശ്വാസികള്‍ക്ക് ചെയ്യാനുള്ളത്. വിവേകപൂര്‍വം നിശബ്ദരായിരിക്കുക. രണ്ട് കൈ പരസ്പരം സ്പര്‍ശിക്കുമ്പോള്‍ മാത്രമേ ശബ്ദമുണ്ടാകൂ, അല്ലാത്തപക്ഷം അത് അവിടെ തീര്‍ന്നു കൊള്ളും.