3 Thursday
July 2025
2025 July 3
1447 Mouharrem 7

കോടതിയില്‍ നിന്ന് പ്രതീക്ഷയുടെ പുതുവെട്ടം

പൗരത്വ പ്രതിഷേധക്കാര്‍ക്കു നേരെ ഡല്‍ഹിയിലുണ്ടായ വംശീയാതിക്രമങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ജെ എന്‍ യുവിലേയും ജാമിഅ മില്ലിയ്യയിലേയും മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. യു എ പി എ എന്ന കരിനിയമം നിക്ഷിപ്ത താല്‍പര്യങ്ങളോടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതു കൂടിയാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍.
വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ പൗരന് മൗലികമായി അവകാശമുണ്ടെന്നും ഇതിനെ നിയമവിരുദ്ധ നടപടിയായി കാണാനാവില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. സമീപ കാലത്ത്, പ്രത്യേകിച്ച് ബി ജെ പി രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം ചുമത്തപ്പെട്ട യു എ പി എ കേസുകള്‍ 90 ശതമാനവും ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് എന്നതിനോടു ചേര്‍ത്തു വായിക്കുമ്പോഴാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ പ്രസക്തി ബോധ്യപ്പെടുന്നത്. വിയോജിക്കാനും പ്രതിഷേധിക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനുമുള്ള പൗരന്റെ മൗലികാവകാശങ്ങളെ കരിനിയമത്തിന്റെ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചമര്‍ത്തുകയാണ് ഭരണകൂടങ്ങള്‍. ഇതിന് ഉദാഹരണമാണ് ജെ എന്‍ യു വിദ്യാര്‍ഥികളായ ദേവാംഗന കലിത, നടാഷാ നര്‍വാള്‍, ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കെതിരെ ചുമത്തപ്പെട്ട യു എ പി എ കേസ്. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് മൂവര്‍ക്കും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരെ ചുമത്തിയ യു എ പി എ നിയമം കോടതി റദ്ദാക്കുകയും ചെയ്തു.
ഡല്‍ഹി പൊലീസിനും പൊലീസ് വാദം തൊണ്ട തൊടാതെ വിഴുങ്ങിയ കീഴ്‌ക്കോടതിക്കുമെതിരെ രൂക്ഷ വിമര്‍ശനവും ഹൈക്കോടതി ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാദത്തമായി പൗരന് കല്‍പ്പിച്ചു നല്‍കിയിട്ടുള്ള അവകാശങ്ങളുടെ സീമകള്‍ ലംഘിക്കുന്നതാണ് പൊലീസ് നടപടിയെന്നാണ് കോടതി കുറ്റപ്പെടുത്തുന്നത്. ഇത്തരം പ്രതിഷേധങ്ങളെ ഭീകര പ്രവര്‍ത്തനമായി കണക്കാക്കി നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യത്തിന് കറുത്ത ദിനമായിരിക്കും അതെന്നും കോടതി ഓര്‍മ്മപ്പെടുത്തുന്നു. നിയമവിരുദ്ധ പ്രവര്‍ത്തം തടയല്‍ നിയമം (യു എ പി എ) അങ്ങേയറ്റം ഗൗരവമുള്ള കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനുള്ളതാണ്. അതുകൊണ്ടുതന്നെ യു എ പി എ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും കോടതികള്‍ ഇതേ ഗൗരവം കാണിക്കണം. മൂന്നു വിദ്യാര്‍ഥികള്‍ക്കും ജാമ്യം നിഷേധിക്കാന്‍ കീഴ്‌ക്കോടതി കണ്ടെത്തിയ ന്യായം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് യു എ പി എ ചുമത്തിയിട്ടുള്ളത് എന്നാണ്. യു എ പി എ കേസ് നിലനില്‍ക്കാനുള്ള വ്യവസ്ഥകളില്‍ ഒന്നാണ് കേന്ദ്രാനുമതി വേണം എന്നത്. യു എ പി എ ചുമത്താനുള്ള കാരണമല്ല. യു എ പി എ പ്രകാരം കേസ് നിലനില്‍ക്കുമോ എന്ന് കോടതി പരിശോധിക്കേണ്ടത് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റേയും ലഭ്യമായ തെളിവുകളുടേയും ആധികാരികതയും കോടതിയുടെ വിവേചനാധികാരവും ഉപയോഗപ്പെടുത്തിയാണെന്നണ് ഹൈക്കോടതി വ്യക്തമാക്കുന്നു. ഈ കേസില്‍ കീഴ്‌ക്കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു ശ്രമം ഉണ്ടായില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കുകയായിരുന്നുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തുന്നു.
കനയ്യ കുമാര്‍ വിവാദം മുതലിങ്ങോട്ടുണ്ടായ യു എ പി എ കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതിന് സമാനമായ വീഴ്ചകള്‍ നീതിപീഠങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകും. സഫൂറ സര്‍ഗാറും മുനവ്വര്‍ ഫാറൂഖിയും അടക്കം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ മാത്രം യു എ പി എ ചുമത്തി വേട്ടയാടപ്പെട്ട വിദ്യാര്‍ഥികള്‍ അനവധിയാണ്. രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും തകര്‍ക്കുന്ന രാജ്യത്തിനകത്തുനിന്നുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ഥത്തില്‍ യു എ പി എ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. കേവലം സംശയത്തിന്റെ പേരില്‍ പോലും തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ പൗരനെ വര്‍ഷങ്ങളോളം തടവില്‍ വെക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ അന്വേണഷണ ഏജന്‍സികള്‍ക്ക് അനിയന്ത്രിതമായ അധികാരം നല്‍കുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന വിമര്‍ശനം നിയമനിര്‍മ്മാണ വേളയില്‍ തന്നെ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. നേരത്തെ നിലനിന്നിരുന്ന പോട്ട പോലുള്ള കരിനിയമങ്ങള്‍ കോടതി റദ്ദാക്കിയതും ഇതേ കാരണങ്ങള്‍ കൊണ്ടായിരുന്നു. സമാന സാഹചര്യമാണ് യു എ പി എയുടെ കാര്യത്തിലും നിലനില്‍ക്കുന്നത്. ഏറ്റവും ഒടുവില്‍ ലക്ഷദ്വീപ് വിഷയത്തില്‍ സംഘ്പരിവാറിന്റേയും കേന്ദ്രസര്‍ക്കാറിന്റേയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കതിരെ നിലയുറപ്പിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താന അടക്കമുള്ളവരുടെ കാര്യങ്ങള്‍ ഇതിന് തെളിവാണ്. ഭീകര പ്രവര്‍ത്തനം തടയാനുള്ള നിയമം ഭരണകൂട ഭീകരത നടപ്പാക്കുന്നതിനുള്ള ആയുധമായി മാറുമ്പോള്‍ നീതിപീഠങ്ങളും പ്രതിപക്ഷ കക്ഷികളും പൗരാവകാശ സംഘടനകളുമെല്ലാം കൂടുതല്‍ ജാഗ്രതയോടെ നിലകൊള്ളേണ്ടിയിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഇത്തരം കരിനിയമങ്ങളില്‍ പുനപ്പരിശോധന നടത്തുന്നതിന് നിയമ നിര്‍മ്മാണസഭകളും പരമോന്നത നീതിപീഠവും തയ്യാറാവേണ്ടിയിരിക്കുന്നു.

Back to Top