സംഘി- നാസ്തിക- ക്രൈസ്തവ സഹകരണ സംഘത്തെക്കുറിച്ച്
ഖാദര്‍ പാലാഴി
വിചിത്രമായ ഒരു ലൗവ് ക്രൂസേഡിനെക്കുറിച്ച് പറഞ്ഞ് തുടങ്ങാം. ഇക്കഴിഞ്ഞ ജനുവരി 9-ന് മലപ്പുറത്ത് എം എം അക്ബറും ഇ എ ജബ്ബാറും തമ്മില്‍ സംവാദം നടക്കുന്നു. ജബ്ബാര്‍ മാഷിന് കുറച്ചു കൂടി നന്നായി പെര്‍ഫോം ചെയ്യാമായിരുന്നുവെന്ന് നാസ്തികര്‍ തന്നെ അടക്കം പറയുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സുവിശേഷകര്‍ കോറസായി പറഞ്ഞത് മറ്റൊന്നായിരുന്നു. ജബ്ബാര്‍ മാഷ് രണ്ടര മിനുട്ട് കൊണ്ട് അക്ബറിനെ നിലംപരിശാക്കിയെന്നായിരുന്നു അവര്‍ കട്ടായം പറഞ്ഞത്. അയര്‍ലന്റില്‍ നിന്ന് അര്‍ണബ് ഗോസ്വാമി നിലവാരത്തില്‍ വീഡിയോ ചെയ്യുന്ന സെബാസ്റ്റ്യന്‍ പുന്നക്കല്‍, തറനിലവാര സുവിശേഷകന്‍ അനില്‍കുമാര്‍ അയ്യപ്പന്‍, അത്യാവശ്യം മാന്യത പുലര്‍ത്തുന്ന അനില്‍ കൊടിത്തോട്ടം എന്നിവരാണ് അക്ബറിന്റെ ‘പരാജയം’ ആഘോഷിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത്.
മുമ്പും ഇസ്‌ലാം- നാസ്തിക സംവാദങ്ങള്‍ പേജിലും സ്റ്റേജിലും നടന്നിട്ടുണ്ട്. എ ടി കോവൂര്‍, ഇടമറുക്, യു കലാനാഥന്‍ തുടങ്ങിയവരുമായി. എന്നാല്‍ അതിന്റെ വിജയമോ പരാജയമോ അന്നൊന്നും ക്രിസ്ത്യന്‍ മത നേതൃത്വം ശ്രദ്ധിക്കുക പോലും ചെയ്യാറില്ലായിരുന്നു. സോഷ്യല്‍ മീഡിയയുടെ തുടക്ക കാലത്തും ഇതായിരുന്നു സ്ഥിതി.
അടുത്ത കാലത്ത് പക്ഷേ കൗതുകകരവും വിചിത്രവുമായ ഒരു ഐക്യമുന്നണി രൂപപ്പെടുന്നത് വളരെ പ്രകടമാണ്. നാസ്തിക- സംഘി- ക്രൈസ്തവ അവിശുദ്ധ മുന്നണിയാണത്. അതിന്റെ ഭാഗമാണ് ജനുവരി 9-ലെ സംവാദത്തില്‍ ഇ എ ജബ്ബാര്‍ അക്ബറിനെ രണ്ടര മിനുട്ടിനകം തോല്‍പ്പിച്ചുവെന്ന് പ്രചരിപ്പിക്കാന്‍ മൂവര്‍ക്കുമിടയില്‍ അന്തര്‍ധാരയുണ്ടായത്.
ഈ ധാര എത്രത്തോളം പ്രകടമായിരുന്നു എന്നറിയാന്‍ ഇ എ ജബ്ബാറിന്റെ ഒരു പരാമര്‍ശം ധാരാളം മതി. ജബ്ബാര്‍ പറയുകയാണ്: ”ഖുര്‍ആന്‍ വള്ളി പുള്ളി മാറ്റമില്ലാതെ നിലനില്‍ക്കുന്നുവെന്ന മുസ്‌ലിംകളുടെ വാദം ക്രിസ്ത്യന്‍ സുവിശേഷകര്‍ പൊളിച്ചടക്കുന്നുണ്ട്. പുരാതന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ ലൈബ്രറികള്‍ കയറിയിറങ്ങി വിവിധ ഖുര്‍ആന്‍ പ്രതികള്‍ അവര്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.”
ജബ്ബാര്‍ പ്രതിനിധീകരിക്കുന്നത് കേരള യുക്തിവാദ സംഘത്തെയാണെങ്കില്‍ നവനാസ്തികരുടെ വേദിയായ എസന്‍സ് ഗ്ലോബലിനെ നയിക്കുന്ന സി രവിചന്ദ്രനാവട്ടെ ലോകത്ത് ഏറ്റവുമധികം ചെറുത്തു തോല്‍പ്പിക്കേണ്ടത് ഇസ്‌ലാം ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. മലയാളി ഓഡിയന്‍സിന് മുന്നില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ഇംഗ്ലീഷ് ഉദ്ധരണികളധികവും ഇസ്‌ലാം വിമര്‍ശകരായ ക്രൈസ്തവരുടേതാവുന്നത് സ്വാഭാവികമാകുന്നത് അതുകൊണ്ടാണ്.
സംഘി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇസ്‌ലാം വിമര്‍ശനം മാത്രമാകുന്നത് സ്വാഭാവികം മാത്രം? ഇന്ത്യയില്‍ മുസ്‌ലിംകളുള്ളത് കൊണ്ടാണല്ലോ ആര്‍ എസ് എസ് നിലനില്‍ക്കുന്നത്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്കെങ്ങനെ ആര്‍ എസ് എസിനേക്കാള്‍ വലിയ മുസ്‌ലിം വിരോധമുണ്ടായി? എല്ലാ മതങ്ങളേയും എതിര്‍ക്കേണ്ട നാസ്തികതയെങ്ങനെ ഇസ്‌ലാമിനെ ഒറ്റതിരിഞ്ഞാക്രമിക്കുന്നു?
ഈ ചോദ്യങ്ങള്‍ക്ക് ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ക്ക് വ്യത്യസ്ത ഉത്തരങ്ങളാണുള്ളത്. ക്ലബ്ബ്ഹൗസില്‍ നടന്ന ചില ചര്‍ച്ചകളില്‍ കേട്ടത് തുര്‍ക്കി ഭരണാധികാരി ഉര്‍ദുഗാന്‍ ഹാഗിയ സോഫിയ വീണ്ടും മസ്ജിദാക്കിയതിനെ അനുകൂലിച്ച് ചന്ദ്രികയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ലേഖനമെഴുതിയത് മുതലാണ് കേരളത്തിലെ മുസ്‌ലിം- ക്രിസ്ത്യന്‍ ബന്ധങ്ങള്‍ ശിഥിലമാവാന്‍ തുടങ്ങിയത് എന്നാണ്. തിരുവമ്പാടിയില്‍ സി പി ചെറിയ മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയേയും ഇതുമായി ബന്ധപ്പെടുത്തി പറയുകയുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും അവിടെ യു ഡി എഫ് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നത് വിസ്മരിച്ചുകൊണ്ടാണ് ഈ തോല്‍വിയെ ബന്ധപ്പെടുത്തുന്നതെന്നത് മറ്റൊരു കാര്യം.
യഥാര്‍ഥത്തില്‍ ഈ സ്പര്‍ധയുടെ വേരുകള്‍ ഹാഗിയ സോഫിയ ലേഖനത്തില്‍ ഒതുങ്ങുന്നതാണോ? ഒരിക്കലുമല്ല. കുരിശു യുദ്ധകാലം മുതല്‍ ബി ജെ പി ഭരണം വരെ ആഴ്ന്നിറങ്ങിയതാണ് അതിന്റെ വേരുകള്‍. കുരിശുയുദ്ധകാല ശത്രുതക്ക് ശേഷം അത് വീണ്ടും തുടങ്ങിയത് ക്രൈസ്തവ പശ്ചാത്തലമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഒത്താശയോടെ 1948-ല്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഇസ്‌റാഈല്‍ രാഷ്ട്രം രൂപീകരിച്ചതോടെയാണ്. 1960-കളുടെ അവസാനത്തോടെ പോപ്പിന്റെ ആശീര്‍വാദങ്ങളോടെ യൂറോപ്പില്‍ നടന്ന വിവിധ ഉന്നതതല ക്രൈസ്തവ കൂടിയാലോചനകളില്‍ ക്രിസ്തുവിന്റെ കുരിശുമരണം മുതല്‍ നിലനില്‍ക്കുന്ന ക്രൈസ്തവരുടെ ജൂതവിരോധം അവസാനിപ്പിക്കാനും ഇസ്‌റാഈലിന് സമ്പൂര്‍ണ പിന്തുണ നല്‍കാനും തത്വത്തില്‍ ധാരണയാവുകയുണ്ടായി. 1967-ലെ ആറ് ദിവസത്തെ അറബ്- ഇസ്‌റാഈല്‍ യുദ്ധത്തില്‍ അറബികള്‍ തോറ്റമ്പിയത് ക്രൈസ്തവരുടെ ജൂതരാഷ്ട്ര സ്‌നേഹത്തിന് ഊര്‍ജം പകരുന്നതായിരുന്നു. അതിന് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ – ജൂത കൂട്ടായ്മക്കെതിരെ പൊതുവായ ഒരു വികാരം മുസ്‌ലിം ലോകത്തുടനീളം പ്രകടമായിരുന്നു.
മറ്റ് ചില സംഭവങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഫലസ്തീനിലും അഫ്ഗാനിലും മറ്റും അമേരിക്കന്‍ സാമ്രാജ്യത്വം നേരിട്ടും പ്രോക്‌സിയായും നടത്തുന്ന ഇടപെടലുകളുടെ പ്രതിഷേധമെന്നോണമാണ് 2001 സപ്തംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമുണ്ടായത്. ഇതോടെ ഇസ്‌ലാമിനെ പ്രതിയാക്കിക്കൊണ്ടുള്ള പ്രചണ്ഡമായ പ്രചാരണം തുടങ്ങി. ഇസ്‌ലാമിന് ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള പാശ്ചാത്യ മുതലാളിത്ത സംസ്‌കാരവുമായി യോജിച്ച് പോകാനാവില്ലെന്ന രീതിയില്‍ പുസ്തക പരമ്പരകള്‍ വന്നു. സിനിമകളിലും കോമിക്കുകളിലും മുസ്‌ലിം പ്രാതിനിധ്യം അപരിഷ്‌കൃതന്റേയും തീവ്രവാദിയുടേതുമായി. മാധ്യമങ്ങള്‍ കുക്ക്ഡപ്പ് സ്റ്റോറികളുണ്ടാക്കി. മുസ്‌ലിം സ്ത്രീ പരിഹാസ കഥാപാത്രങ്ങളായി. ഭരണ- ധൈഷണിക- ഇവാഞ്ചലിക്കല്‍ തലങ്ങളില്‍ നടന്ന ഈ സംഘടിത ആക്രമണത്തെ ചെറുക്കാന്‍ മുസ്‌ലിം- അമുസ്‌ലിം വ്യത്യാസമില്ലാതെ ബുദ്ധിജീവികള്‍ രംഗത്തു വന്നു. ദുര്‍ബലമെങ്കിലും ഈ കൂട്ടായ്മയാണ് ‘ഇസ്‌ലാമോഫോബിയ’ എന്ന ടേം ഉയര്‍ത്തിക്കൊണ്ടുവന്നത്.
ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നതില്‍ വിമോചനപ്പോരാട്ടങ്ങളുടെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ഐ എസ്, അല്‍ഖാഇദ പോലുള്ള ഭീകരസംഘങ്ങളും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. 2011-ല്‍ തുനീഷ്യയില്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഈജിപ്ത്, സിറിയ, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളിലുണ്ടായ പലായനങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും അമേരിക്കക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും വ്യക്തമായ പങ്കുണ്ടായിട്ടും ചോരച്ചാലുകള്‍ ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ മാത്രമാണ് എഴുതിച്ചേര്‍ത്തത്.
ലോകത്തിനൊപ്പം കേരളത്തിലുമുണ്ടായ ക്രിസ്ത്യന്‍ – മുസ്‌ലിം വിടവിന് മറ്റ് ചിലത് കൂടി രാസത്വരകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും ക്രിസ്ത്യാനികള്‍ വന്‍തോതില്‍ ചര്‍ച്ചില്‍ നിന്ന് അകലുകയാണ്. അവരില്‍ ചിലര്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. മുസ്‌ലിം ജനസംഖ്യയില്‍ സ്വാഭാവിക വര്‍ധനവുണ്ടാവുമ്പോള്‍ ക്രിസ്ത്യാനികളുടേത് അതിവേഗം താഴോട്ട് വരുന്നു. ഇതിനൊപ്പമാണ് തുര്‍ക്കിയില്‍ ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റുന്നത്. എ ഡി 300-കളില്‍ ക്രിസ്ത്യാനികള്‍ അവിടെ ചര്‍ച്ച് പണിതത് അതുവരെ അവിടെയുണ്ടായിരുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ മാറ്റിയായിരുന്നു. പിന്നീടത് മുസ്‌ലിം കൈവശം വരികയും പള്ളിയാക്കപ്പെട്ട ചര്‍ച്ച് കമാല്‍ അത്താതുര്‍ക്ക് മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ഇത്രയും ബഹുവിശ്വാസ ചരിത്രമുള്ളതിനാല്‍ തന്നെ ഉറുദുഗാന്‍ അത് മസ്ജിദാക്കുന്നതിന് പകരം ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും അവിശ്വാസികള്‍ക്കുമുള്ള പ്രാര്‍ഥനാ – സന്ദര്‍ശന ഗേഹമാക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ആ സംഭവത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ളവര്‍ അപലപിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംലീഗ് ഔദ്യോഗികമായി ഉര്‍ദുഗാന്‍ നടപടിയെ അനുകൂലിച്ചിട്ടുമില്ല. അവിടെ സന്ദര്‍ശിച്ചതിന്റെ ഓര്‍മയില്‍ പുതിയ സംഭവ വികാസ പശ്ചാത്തലത്തില്‍ എഴുതിയ കുറിപ്പ് മാത്രമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് അക്കാലത്ത് വിവിധ മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളിലും ചര്‍ച്ചകളിലും ഹാഗിയ സോഫിയ ചര്‍ച്ച ചെയ്യുമ്പോള്‍ യൂറോപ്യര്‍ പിടിച്ചെടുത്തതും പിന്നീട് മാറ്റപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തതുമായ മസ്ജിദുകളുമുണ്ടെന്നും അത് ആരും വൈകാരിക വിഷയമാക്കുന്നില്ലെന്നും പറയാന്‍ ശ്രമിച്ചിരുന്നു.
ഏതായാലും നടേ പറഞ്ഞ ലോക സാഹചര്യങ്ങള്‍ക്കപ്പുറം മറ്റ് ചിലത് കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ ക്രൈസ്തവര്‍ എക്കാലവും ഭരണകൂടത്തിന്റെ പക്ഷം ചേര്‍ന്ന് ശീലിച്ചവരാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഓരം ചേര്‍ന്നാണ് സഭകള്‍ വളര്‍ന്ന് വലുതായത്. ഇന്ത്യയിലെ ഏത് നഗരങ്ങളിലും കണ്ണായ സ്ഥലങ്ങളില്‍ ശതകോടികള്‍ വിലമതിക്കുന്ന സ്ഥാവര ജംഗമ സ്വത്തുകള്‍ വിവിധ സഭകളുടെ കൈവശം ഇപ്പോഴുമുള്ളത് അതുകൊണ്ടാണ്. ബ്രിട്ടീഷ് തണലിലാണ് രാജ്യത്ത് പൊതുവായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകമായും കൂട്ട മതപരിവര്‍ത്തനങ്ങള്‍ നടന്നത്. സ്വാതന്ത്ര്യ സമരകാലത്ത് സഭകള്‍ സ്വീകരിച്ച രണ്ട് തോണിയിലോ ഒറ്റത്തോണിയിലോ കാല്‍വെച്ച നിലപാടുകള്‍ ഇതുവരെ ഏറെയൊന്നും ചര്‍ച്ചയില്‍ കൊണ്ടുവന്നിട്ടില്ല.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആറ് ദശകങ്ങളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ മടിയിലാണ് സഭ പ്രവര്‍ത്തിച്ചത്. പാശ്ചാത്യ വികസിത മുതലാളിത്ത രാജ്യങ്ങളുമായി സഭക്കുള്ള നാഭീനാള ബന്ധം തീര്‍ച്ചയായും കോണ്‍ഗ്രസ് ഭരണകൂടങ്ങളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സഭകള്‍ക്ക് കീഴില്‍ രാജ്യത്തുടനീളമുള്ള നിലവാരമുള്ള വിദ്യാലയങ്ങളിലൂടെ പഠിച്ചു വളര്‍ന്ന സഭാവിശ്വാസികള്‍ക്ക് സ്വാഭാവികമായും സംസ്ഥാന തലസ്ഥാനങ്ങളിലും കേന്ദ്ര സെക്രട്ടറിയേറ്റിലും കുഞ്ചിക സ്ഥാനങ്ങളില്‍ വിരാജിക്കാന്‍ കഴിഞ്ഞു.
വിഭജനപൂര്‍വ ഇന്ത്യയിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷ് വിരോധത്തിന്റെ പേരിലും സമുദായ നേതാക്കളുടെ ഭൗതിക വിദ്യാഭ്യാസ വിരക്തിയുടെ പേരിലും ഭരണകൂട ഇടനാഴികളില്‍ പ്രവേശിക്കാനാവാതെ നിന്നു. വിഭജനാനന്തര ഇന്ത്യയിലാവട്ടെ ബ്രിട്ടീഷുകാര്‍ പോയിട്ടും ഭൗതിക വിദ്യാഭ്യാസ മുരടിപ്പ് തുടരുകയും ഒപ്പം വിഭജനത്തിന്റെ ഭാരം പേറേണ്ട സമുദായമായി മാറേണ്ടിയും വന്നു. കേരളത്തില്‍ സ്ഥിതിഗതികള്‍ കുറേക്കൂടി വ്യത്യസ്തമായിരുന്നു. ജനാധിപത്യ- മതേതര- ഇടതു മുന്നണി രാഷ്ട്രീയവുമായി സമുദായത്തിന്റെ സംഘടിത രാഷ്ട്രീയ ശക്തിക്ക് ഇഴുകിച്ചേരാന്‍ കഴിഞ്ഞതിനാലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന മധ്യത്തില്‍ വന്‍തോതില്‍ പ്രവാസ ജീവിതം തുടങ്ങാന്‍ കഴിഞ്ഞതും മുസ്‌ലിം ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. എന്നിട്ടും ഈ 2021-ലും അവര്‍ക്ക് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ല. അടുത്ത കാലത്തൊന്നും കഴിയുകയുമില്ല. ഏതാണ്ടെല്ലാ പാര്‍ട്ടിയിലുമുള്ള പ്രാതിനിധ്യവും ക്ലാര്‍ക്ക് മുതല്‍ ചീഫ് സെക്രട്ടറി വരേയുള്ള ഉദ്യോഗ പങ്കാളിത്തവും വിദ്യാഭ്യാസത്തിലും കൃഷിയിലും ഭൂ ഉടമസ്ഥതയിലുമുള്ള അധീശത്വവുമാണ് ക്രിസ്ത്യാനികളെ മുന്‍നിരയില്‍ നിര്‍ത്തിയത്.
പക്ഷേ ക്രിസ്ത്യന്‍ സഭകളുടെ കേന്ദ്ര സര്‍ക്കാര്‍ സ്വാധീനത്തിന് ബി ജെ പിയുടെ മൃഗീയാധിപത്യം വല്ലാത്ത പരിക്കുണ്ടാക്കി. രാജ്യത്തെ കുഗ്രാമങ്ങള്‍ മുതല്‍ വന്‍നഗരങ്ങള്‍ വരെ വ്യാപിച്ചുകിടന്ന ഇവാഞ്ചലിക്കല്‍ ശൃംഖലക്ക് ആര്‍ എസ് എസും അനുബന്ധ സംഘടനകളും വലിയ വെല്ലുവിളികളുയര്‍ത്തി. പലവിധ പേരുകളില്‍ വ്യത്യസ്ത മുഖങ്ങളോടെ പ്രവര്‍ത്തിച്ച എന്‍ ജി ഒകള്‍ക്ക് പാശ്ചാത്യ രാഷ്ട്രങ്ങളില്‍നിന്നുള്ള പണത്തിന്റെ കുത്തൊഴുക്ക് സ്വിച്ചിട്ട പോലെ നിലച്ചുപോയി. നിലയ്ക്കാത്ത ഫണ്ടുകളുടെ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടു. ചാരിറ്റി വര്‍ക്കുകളുടെ പേരിലുള്ള മതപരിവര്‍ത്തനം ഏതാണ്ട് അസാധ്യമായി.
എക്കാലവും ഭരിക്കുന്നവരോട് ഒട്ടി നിന്ന് സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് വിരാജിച്ച സഭകള്‍ക്ക് കേന്ദ്ര സര്‍ക്കാറിനോടും സംഘ്പരിവാറിനോടും പ്രണയം തോന്നാന്‍ കാരണം ഈ രാഷ്ട്രീയ പശ്ചാത്തലമാണ്. കോണ്‍ഗ്രസിന് അടുത്ത കാലത്തൊന്നും കേന്ദ്രത്തില്‍ തിരിച്ചെത്താനാവില്ലെന്ന് അവര്‍ വിലയിരുത്തുന്നു. ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ മുസ്‌ലിംകളോട് ഐക്യപ്പെട്ടത് കൊണ്ട് യാതൊന്നും ലഭിക്കാനില്ലെന്ന് മാത്രമല്ല പലതും നഷ്ടപ്പെടുമെന്നും അവര്‍ കൂട്ടിക്കിഴിച്ച് നോക്കി. സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ പദാവലികളായ മതപരിവര്‍ത്തനം, പെറ്റുകൂട്ടല്‍, ലൗജിഹാദ്, തീവ്രവാദികള്‍, സര്‍ക്കാറിന്റെ മുസ്‌ലിം പ്രീണനം, സ്ത്രീകളെ ചാക്കില്‍ മൂടുന്നവര്‍, ജിഹാദികള്‍ തുടങ്ങിയവ അവര്‍ അതേപടി ഏറ്റെടുത്തത് ഇക്കാരണം കൊണ്ടാണ്. അല്ലാതെ ഒരു ഹാഗിയ സോഫിയ ലേഖനമല്ല ഈ മുസ്‌ലിം വിരുദ്ധതക്ക് കാരണമാക്കിയത്.
ഏതായാലും ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ തന്ത്രം കുറഞ്ഞ കാലം കൊണ്ട് തന്നെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് മനസിലാക്കേണ്ടത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്‌ലിം പേരുള്ള സ്ഥാനാര്‍ഥികള്‍ക്കെതിരെ അവര്‍ ഭയാനകരമാം വിധം മര്‍മറിംഗ് കാമ്പയിന്‍ നടത്തി. കല്‍പ്പറ്റയില്‍ ഒരു കാലത്തും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടില്ലെന്ന ചരിത്രം വോട്ടര്‍മാരെ ഓര്‍മപ്പെടുത്താന്‍ ദീപികയില്‍ പ്രത്യേക വാര്‍ത്ത തന്നെ പടച്ചുണ്ടാക്കി. ഈ വാര്‍ത്ത പക്ഷേ യു ഡി എഫുകാര്‍ മുസ്‌ലിം കേന്ദ്രങ്ങളിലെത്തിച്ച് ശരിയായി പണിയെടുക്കുകയും ചെയ്തു. ക്രിസ്ത്യന്‍ യുവാക്കളില്‍ എത്രത്തോളം മുസ്‌ലിം വെറുപ്പ് പടര്‍ത്താന്‍ കഴിഞ്ഞുവെന്നത് ക്ലബ്ബ്ഹൗസ് ചര്‍ച്ചകളില്‍ കേരളം നേരില്‍ കണ്ടതാണ്.
മുസ്‌ലിം- ക്രിസ്ത്യന്‍ മനസുകളെ അകറ്റി നിര്‍ത്തുകയും ഹിന്ദുക്കളില്‍ മുസ്‌ലിം ഭരണഭീതി പടര്‍ത്തുന്നതിലും സി പി എം മുന്നണി ചെയ്ത തന്ത്രങ്ങള്‍ കേരള ചരിത്രത്തിലെ ചീഞ്ഞുനാറുന്ന അധ്യായമായി വായിക്കപ്പെടുക തന്നെ ചെയ്യും. ഹസന്‍- അമീര്‍- കുഞ്ഞാലിക്കുട്ടി പ്രയോഗവും ഉപമുഖ്യമന്ത്രി മുന്നറിയിപ്പും യു ഡി എഫ് നേതാക്കള്‍ പാണക്കാട്ട് പോകുന്നതിന്റെ അപകട പ്രസ്താവനയും മാത്രമല്ല ആ അധ്യായത്തിലുണ്ടാവുക. മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടിയെന്നും മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നുവെന്ന് പറഞ്ഞപ്പോഴും ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ചപ്പോഴും കേരള മന്ത്രിസഭയൊന്നടങ്കം ക്രൂരമായ മൗനത്തോടെ അതിന്റെ അനുകൂലപ്രത്യാഘാതങ്ങളില്‍ അഭിരമിക്കുകയായിരുന്നു.
മുസ്‌ലിം സംഘടനകള്‍ അജണ്ട റീസെറ്റ് ചെയ്യണമെന്നാണ് ഈ സംഭവ വികാസങ്ങള്‍ കാണിക്കുന്നത്. ഓരോ വിഷയങ്ങള്‍ വീണ് കിട്ടുമ്പോള്‍ മാത്രം അതില്‍ പ്രമേയം പാസാക്കുകയും അതിന്‍മേല്‍ കെട്ടിമറിയുകയും ചെയ്യുന്നതില്‍ മാത്രമൊതുങ്ങുന്നതാണ് ഇപ്പോഴത്തെ സമുദായ പ്രവര്‍ത്തനം. സി എ എ, സാമ്പത്തിക സംവരണം, ലക്ഷദ്വീപ്, ഫലസ്തീന്‍, 80:20 വിധി തുടങ്ങിയവ ഉദാഹരണം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തോടൊപ്പമെത്താന്‍ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന ചര്‍ച്ച അപൂര്‍വമായേ നടക്കുന്നുള്ളൂവെന്ന് വേണം പറയാന്‍. സമുദായത്തിലേക്ക് എറിഞ്ഞ് കൊടുക്കുന്ന ഗൂഢ അജണ്ടകള്‍ തിരിച്ചറിയുകയും സ്വന്തം സമുദായത്തിനും പൊതുസമൂഹത്തിനും വേണ്ട പോസിറ്റീവ് അജണ്ടകള്‍ നിര്‍മിക്കാനും കൂടിയാലോചനകള്‍ നടക്കേണ്ടതുണ്ട്. ഇത്തരം കൂടിയാലോചനകള്‍ സമുദായ പ്രമാണികള്‍ മാത്രം നടത്തുന്നതിന് പകരം മുസ്‌ലിംകളും അമുസ്‌ലിംകളുമായ വിദഗ്ധരുടെ അറിവുകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. ഭരണകൂടങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ ഗ്രൂപ്പുകളായി വര്‍ത്തിക്കാന്‍ കഴിയണം. കോടതികളും വിവരാകാശ നിയമവും ഒഫന്‍സീവ് മെക്കാനിസമായി പ്രയോജനപ്പെടുത്താന്‍ കഴിയണം. നാസ്തിക-സംഘി- ക്രിസ്ത്യന്‍ സഹകരണ സംഘം അടുത്ത കാലത്തൊന്നും പിരിച്ചുവിടുമെന്ന് തോന്നുന്നില്ല. പുതിയ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള വഴിയന്വേഷിക്കുകയാണ് വേണ്ടത്.