1 Tuesday
July 2025
2025 July 1
1447 Mouharrem 5

ജ്ഞാനം സ്വർഗത്തിലേക്കുള്ള വഴിത്താര

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. ആരെങ്കിലും അറിവ് തേടിക്കൊണ്ട് ഒരു വഴിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവന് അതുകൊണ്ട് സ്വര്‍ഗത്തിലേക്കുള്ള പാത എളുപ്പമാക്കിക്കൊടുക്കും. (മുസ്്‌ലിം)

അറിവ് പ്രകാശമാണ്. ഉല്‍കൃഷ്ടതയുടെ ഉറവിടമാണ് ഉപകാരപ്രദമായ വിജ്ഞാനം. ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും സാംസ്‌കാരിക വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും അറിവ് നിമിത്തമാകുന്നു. ഒരു വ്യക്തിയുടെ സ്വഭാവ സംസ്‌കരണത്തിലും പെരുമാറ്റ മര്യാദകള്‍ ശീലിക്കുന്നതിലും വലിയ സ്വാധീനമാണ് വിജ്ഞാന സമ്പാദനത്തിനുള്ളത്.
ഇസ്‌ലാം അറിവ് നേടുന്നതിന് അതീവപ്രാധാന്യം നല്‍കുന്ന മതമാണ്. അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ (39:9) എന്ന വിശുദ്ധ ഖുര്‍ആന്റെ ചോദ്യം ഈ ചിന്തയിലേക്ക് വെളിച്ചം വീശുന്നു. യഥാര്‍ഥ അറിവ് നേടിയവരില്‍ നിന്നുണ്ടാകുന്ന കീഴ്‌വണക്കവും അനുസരണശീലവും അര്‍പ്പണബോധവും ആത്മാര്‍ഥത നിറഞ്ഞതായിരിക്കും. അതുകൊണ്ടു തന്നെ എല്ലാ വിധ പ്രശംസക്കും പ്രകീര്‍ത്തനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ കാരണക്കാരാകും.
പ്രപഞ്ചത്തെക്കുറിച്ചും പ്രാപഞ്ചിക വസ്തുതകളെക്കുറിച്ചുമുള്ള പഠനം അതിന്റെ സംവിധായകനെക്കുറിച്ച് ചിന്തിക്കാനും പ്രപഞ്ച സ്രഷ്ടാവിന് മുന്നില്‍ സര്‍വവും സമര്‍പ്പിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു. അത്തരം അറിവ് നേടുന്ന ഒരു വ്യക്തിയുടെ വിശ്വാസ കര്‍മ ധര്‍മങ്ങളില്‍ ഉണ്ടാവുന്ന ഉദാത്തമായ മാതൃകയാണ് പ്രവാചകന്മാരെ അനന്തരമെടുക്കുന്നവര്‍ എന്ന വിശേഷണത്തിന് അവരെ അര്‍ഹരാക്കുന്നത്. യാതൊരു പ്രകടനപരതയോ പ്രശസ്തിയോ ആഗ്രഹിക്കാതെ അറിവിന്റെ മാര്‍ഗത്തില്‍ മുന്നേറുന്നതും അറിവ് തേടുന്നതും അതിന്റെ പ്രചാരണവും വിശ്വാസികള്‍ക്ക് ബാധ്യതയാണെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
പ്രവാചകരെ അനന്തരമെടുത്ത സ്വഹാബിവര്യന്മാരും സാത്വികരായ പണ്ഡിതരും നിര്‍വഹിച്ച ദൗത്യം വിജ്ഞാന സമ്പാദനവും അതിന്റെ പ്രസരണവുമായിരുന്നു. അറിവിന്റെ ആഴങ്ങളിലേക്കവര്‍ ഇറങ്ങിച്ചെന്നു. വിവിധങ്ങളായ വൈജ്ഞാനിക നാഗരികതകളുടെ നേരവകാശികളായി അവര്‍ മാറി. ലോകം അന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത വൈജ്ഞാനിക ശേഖരം അവര്‍ക്കുണ്ടായി. അവരതിന്റെ പ്രചാരകരും പ്രയോക്താക്കളുമായി നിലകൊണ്ടു. പ്രവാചക വചനത്തിന്റെ ആശയം അടുത്തറിഞ്ഞ അവരുടെ വഴി വെളിച്ചം നിറഞ്ഞതായിരുന്നു.
വിവരസാങ്കേതിക വിദ്യയിലൂടെ വിജ്ഞാന വിസ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന സമകാലിക ചുറ്റുപാടില്‍ വിരല്‍ത്തുമ്പിലെ വിജ്ഞാനമേഖലകള്‍ നന്മയ്ക്കായി ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്നതിലാണ് വിജയം. അതാണ് സ്വര്‍ഗത്തിലേക്കുള്ള പാത എളുപ്പമാക്കിക്കൊടുക്കുമെന്ന പ്രവാചകവചനത്തിന്റെ പൊരുളും.

Back to Top