കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ജറൂസലമില്‍ ഇസ്‌റാഈല്‍ മാര്‍ച്ച്

പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടെ ഇസ്‌റാഈലിലെ തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഫ്‌ളാഗ് മാര്‍ച്ച് ജറൂസലമില്‍ പ്രവേശിച്ചു. നേരത്തെ മാര്‍ച്ചിന് ഇസ്‌റാഈല്‍ ഭരണകൂടം സുരക്ഷാ പ്രശ്‌നങ്ങളാല്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പിന്നീട് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ സമ്മര്‍ദ്ദം ശക്തമാക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ച കിഴക്കന്‍ ജറൂസലമിലെ ബാഗ്ദാദ് ഗേറ്റ് ലക്ഷ്യമാക്കിയാണ് ഇസ്‌റാഈലികള്‍ മാര്‍ച്ച് നടത്തിയത്. അയ്യായിരത്തോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇസ്‌റാഈലിലെ തീവ്ര വംശീയവലതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ‘അറബികളുടെ അന്ത്യമാണ്’ എന്ന രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മാര്‍ച്ചില്‍ ഉയര്‍ത്തിയത്. ഫലസ്തീനെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ച്ചെന്നും അടുത്ത ഏറ്റുമുട്ടലിന് കോപ്പുകൂട്ടുകയാണ് ഇസ്രായേല്‍ വംശീയവാദികള്‍ എന്നും വ്യാപക വിമര്‍ശനവും ആശങ്കയുമുണ്ടായിരുന്നു.
