3 Thursday
July 2025
2025 July 3
1447 Mouharrem 7

അടച്ചിടല്‍ കാലത്തെ അധ്യയനം

കോവിഡ് മഹാമാരി തീര്‍ത്ത അടച്ചിടല്‍ കാലത്ത് ഒരു അധ്യയനക്കാലത്തിന് കൂടി തുടക്കം കുറിച്ചിരിക്കുന്നു. കുരുന്നുബാല്യങ്ങളുടെ ഓടിക്കളികളും കളിചിരികളുമില്ലാതെ സ്‌കൂള്‍ മുറ്റം. അധ്യാപകരുടെ വായ്ത്താരികളും ശാസനകളുമില്ലാതെ ക്ലാസ് മുറികള്‍. മാനവരാശിക്കുമേല്‍ ഭയാശങ്കകളുടെ കരിനിഴല്‍ പടര്‍ത്തിയ പകര്‍ച്ചവ്യാധിയില്‍ വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ക്ക് മാത്രമായി ഇടക്കാലത്ത് ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ മാത്രമേ തുടരാനായുള്ളൂ. എസ് എസ് എല്‍ സി പരീക്ഷ ഒരു വിധം ഒപ്പിച്ചു പൂര്‍ത്തിയാക്കിയപ്പോള്‍, പ്ലസ് ടു, സി ബി എസ് ഇ പത്ത്, പന്ത്രണ്ട്, ഐ സി എസ് ഇ അടക്കം വിവിധ ക്ലാസുകളില്‍ പരീക്ഷ എഴുതാനുള്ള സാഹചര്യം പോലും നഷ്ടമായി.
കോവിഡ് അടച്ചിടല്‍ കാലത്തെ മറികടക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകളിലാണ് സര്‍ക്കാറും രക്ഷിതാക്കളും ആശ്രയം കണ്ടെത്തുന്നത്. എന്നാല്‍ ഓഫ്‌ലൈന്‍ ക്ലാസുകളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പരിമിതികള്‍ ഏറെയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്. സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ഏതൊരു പുരോഗമന കാഴ്ചപ്പാടുള്ള രാജ്യത്തിന്റേയും സ്വപ്‌നങ്ങളോട് ഇന്നത്തെ നിലയിലുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്രത്തോളം പൊരുത്തപ്പെടുന്നുണ്ട് എന്ന് പരിശോധിക്കണം. ക്ലാസ്മുറികളിലെത്തി പഠനം നടത്തുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥിയുടേയും നിലവാരം നേരിട്ട് മനസ്സിലാക്കാനും അതിലൂടെ പോരായ്മകള്‍ മറികടക്കാന്‍ ആ കുട്ടിയെ പ്രാപ്തമാക്കാനും ഒരു അധ്യാപകന് കഴിയും. എന്നാല്‍ ഓണ്‍ലൈന്‍ കാലത്ത് ഇതിനുള്ള സാധ്യത പരിമിതമാണ്. എത്ര കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കുന്നുണ്ട് എന്നോ, പഠന പ്രവര്‍ത്തനങ്ങളില്‍സജീവമായി ഇടപെടുന്നുണ്ട് എന്നോ മനസ്സിലാക്കാന്‍ അധ്യാപകനു മുന്നിലെ വഴികള്‍ പരിമിതമാണ്. നല്ലൊരു ശതമാനം വിദ്യാര്‍ഥികളും ഈ ഓണ്‍ലൈന്‍ വിദ്യാലയങ്ങളുടെ പരിധിക്ക് പുറത്താണ്. പേരിന് ക്ലാസുകള്‍ കാണുന്നുണ്ടെങ്കിലും പഠനം എന്നതിനെ ഗൗരവമായി എടുക്കുന്നില്ല എന്നതാണ് വസ്തുത. വാട്‌സ് ആപ് പോലുള്ള ആപ്ലിക്കേഷനുകള്‍ വഴിയാണ് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 50 വരെ കുട്ടികളുള്ള ഒരു ക്ലാസിന്റെ പഠന പ്രവര്‍ത്തനങ്ങള്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ എല്ലാ ദിവസവും നിരീക്ഷിക്കുക എന്നത് അപ്രായോഗികമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയുടെ മൊത്തത്തിലുള്ള മൂല്യത്തകര്‍ച്ചയെന്ന വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. വരും തലമുറയുടെ ഭാവിയെ അത് എങ്ങനെ ബാധിക്കും എന്നതു സംബന്ധിച്ച് ഇപ്പോഴും കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. മറ്റൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തില്‍ കിട്ടിയ പിടിവള്ളിയില്‍ തൂങ്ങുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ഒരിക്കലും ആ ക്ലാസുകള്‍ കേള്‍ക്കുന്ന വിദ്യാര്‍ഥികളെ നേരില്‍ കാണുന്നില്ല. വിദ്യാര്‍ഥികള്‍ അധ്യാപകരേയും. അതുകൊണ്ടുന്നെ ആശയസംവേദനത്തിന്റെ വലിയ വിടവ് ഇരുവര്‍ക്കുമിടയില്‍ സ്വാഭാവികമായി രൂപപ്പെടുന്നുണ്ട്. അനിതര സാധാരണ മികവുള്ള അധ്യാപകര്‍ക്കു മാത്രമേ ഈ പരിമിതികളെ മറികടക്കാന്‍ കഴിയൂ. മാത്രമല്ല, ‘ക്ലാസ് മുറികളിലെത്താതെ’ മുങ്ങി നടക്കുന്നവരെ കണ്ടെത്തുകയും എളുപ്പമല്ല. ഈ തലമുറയിലെ ഒരു വിഭാഗം സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. പരീക്ഷാ നടത്തിപ്പുതന്നെയാണ് മറ്റൊരു പ്രധാന പരിമിതി. ഇത് മുന്നില്‍ കണ്ടാണ് ഒമ്പതാംക്ലാസ് വരെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓള്‍പാസ് നല്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.
താഴ്ന്ന ക്ലാസുകളില്‍ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലും സമാനമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷകള്‍ രണ്ടുതവണ ഇതിനകംതന്നെ മാറ്റിവെച്ചു. ഇനിയും എപ്പോള്‍ നടക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. കോവിഡിന്റെ രണ്ടാംതരംഗം നിയന്ത്രണ വിധേയമാകുന്ന മുറക്ക് സപ്തംബറില്‍ പ്രവേശന പരീക്ഷകള്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ മഹാരാഷ്ട്രയിലെ ചില ജില്ലകളില്‍ കോവിഡിന്റെ മൂന്നാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇക്കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജനിതക വ്യതിയാനം വന്ന വൈറസുകള്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കൂടുതല്‍ അപകടപ്പെടുത്തുകയെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബദല്‍ വഴികളെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പ്രായോഗികമായ പോംവഴി. പരമ്പരാഗതമായി നടത്തിവരുന്ന പരീക്ഷാ രീതികളില്‍ നിന്ന് മാറി ഇന്റര്‍നെറ്റിന്റേയും കമ്പ്യൂട്ടറിന്റേയും സഹായത്തോടെ നടപ്പാക്കാന്‍ കഴിയുന്ന നൂതന മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കണം. ഓണ്‍ലൈന്‍ പഠനം തട്ടിക്കൂട്ട് മാത്രമായാല്‍ ഒരു തലമുറയോടു ചെയ്യുന്ന വലിയ അനീതിയായിരിക്കും അതെന്ന ബോധ്യം തീര്‍ച്ചയായും ഉണ്ടായിരിക്കണം.

Back to Top