1 Tuesday
July 2025
2025 July 1
1447 Mouharrem 5

കളിക്കളത്തിലെ കരുതല്‍

സി കെ റജീഷ്‌


ഫുട്‌ബോള്‍ ഹരമുള്ള കളിയാണ്. ചിലര്‍ക്കെങ്കിലും അതൊരു ലഹരിയാണ്. കളിയാരവങ്ങള്‍ മുഴങ്ങിയാല്‍ കണ്ണുമിഴിച്ച് ഉറക്കമിളച്ച് എല്ലാവരും ഒരു പന്തിന്റെ പുറകിലാണ്. ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി വന്ന ഒരാള്‍- മൈതാനത്ത് ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന കളിക്കാരെല്ലാം അയാളെയാണ് ഉറ്റുനോക്കുന്നത്.
പരിശീലകന്റെ കൈയില്‍ പന്തില്ല. കളിക്കാര്‍ക്ക് സംശയം. പന്തില്ലാതെ എങ്ങനെ ഇയാള്‍ കളി പരിശീലിപ്പിക്കും? പരിശീലകന്‍ പറഞ്ഞു: ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഒരു ടീമില്‍ 11 വീതം കളിക്കാര്‍. മൊത്തം 22 പേര്‍. ഒരു സമയത്ത് എത്ര പേരാണ് പന്തില്‍ തൊടുന്നത്. ആര്‍ക്കും സംശയമില്ല. ഒരാള്‍ മാത്രം. ബാക്കി ഇരുപത്തൊന്ന് പേര്‍ ഒരു പന്തിന് പിന്നാലെ ഓടുകയാണ്. ഓരോരുത്തരും മുന്നേറാനുള്ള ചുവടുവയ്പുകളാണ് നടത്തുന്നത്. ആരും തനിച്ച് കളിക്കുന്നില്ല. അധിക നേരം നോക്കിനില്‍ക്കാന്‍ ആര്‍ക്കുമാവുന്നുമില്ല. പ്രതിരോധവും കരുതലും മുന്നേറ്റവുമായി കളത്തില്‍ എല്ലാവരും നിലയുറപ്പിക്കുന്നു. ഒരുമയുടെ ബലത്തില്‍ കരുതലോടെ മുന്നേറിയവര്‍ ജയാരവങ്ങള്‍ മുഴക്കുന്നു.
കാല്‍പന്തുകളിയിലെ കളത്തിലുള്ള കരുതല്‍ പോലെ ജീവിതത്തിലും ജാഗ്രതയാണ് വേണ്ടത്. കളത്തില്‍ കൂടെ നില്‍ക്കുന്നവന്റെ കാല്‍പെരുമാറ്റം കളിയില്‍ ജയിച്ചു കയറാനുള്ള ആത്മവിശ്വാസമാണ്. അല്പം അകലെയാണെങ്കിലും ഒപ്പം ചേരാന്‍ ആളുണ്ടെന്ന ഉറപ്പാണ് ഓരോ നീക്കത്തിന്റെയും പ്രചോദനം. കാലിടറാതെയുള്ള ഈ കുതിപ്പില്‍ ജയം കാണുമ്പോള്‍ അത് ഒപ്പമുള്ളവരുടെയെല്ലാം ജാഗ്രതയുടെ ജയമാണ്. കരുതലിന്റെ നേട്ടമാണ്. പന്ത് എപ്പോഴും എന്റെ കാല്‍ച്ചുവട്ടില്‍ വേണമെന്ന് നമുക്ക് ശഠിക്കാം. എന്നാല്‍ തനിച്ച് കളി ജയിപ്പിക്കാം എന്ന തെറ്റിദ്ധാരണയരുത്. ജീവിതത്തിലെ ഓരോ നേട്ടത്തിന്റെയും നാള്‍വഴികളില്‍ അതിന്റെ നേരവകാശികളായി നിരവധി പേരുണ്ടാവും. മുന്നില്‍ നില്‍ക്കുന്നതുപോലെ ഒപ്പം നില്‍ക്കാനുള്ള നല്ല മനസ്സ് നമുക്ക് വേണം. പ്രതിരോധവും കരുതലും കൂടിച്ചേരുമ്പോഴാണ് കളിയില്‍ മുന്നേറ്റം സാധ്യമാവുന്നത്. ജയിച്ച് മുന്നേറിക്കഴിയുമ്പോള്‍ പിന്നില്‍ നിന്നവരുടെ പ്രയത്‌നങ്ങളെ കാണാതെ പോകരുത്. ജീവിതമെന്നത് ഒരുമിച്ച് നിന്നാല്‍ മാത്രം ജയിക്കാവുന്ന കളിയാണ്. കരുതലും ജാഗ്രതയും മുന്നേറ്റവുമായി ഒരുമിച്ച് കളത്തില്‍ നിലയുറപ്പിച്ചാല്‍ വിജയകിരീടമണിയും.
ജയമെന്നത് ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്. പാതിവഴിയില്‍ കാലിടറിയേക്കാം. പക്ഷേ അത് പുതിയ കുതിപ്പിനുള്ള ഊര്‍ജമാവണം. പരാജയം അന്തിമമല്ല എന്ന് മനസ്സിലുറപ്പിച്ച് ഒപ്പം ചേരുന്നവരാണ് ലക്ഷ്യത്തിലേക്ക് വഴി നടത്തുന്നത്. ലക്ഷ്യം കാണാന്‍ ചിലതിനോടെല്ലാം ഒന്നിച്ചുനിന്ന് പൊരുതേണ്ടതായി വരും. ഈ പോരാട്ട വീഥിയിലെ സംഘ ബലമാണ് അസാധ്യമായതിനെപ്പോലും സാധ്യമാക്കുന്നത്. വഴികാട്ടിയാവുന്നതുപോലെ പ്രധാനം തന്നെയാണ് വഴിമുടക്കമെങ്കില്‍ മറ്റൊരാള്‍ തോല്‍ക്കണമെന്നില്ല. പക്ഷേ ലക്ഷ്യം നേടാന്‍ സാഹസപ്പെടുമ്പോള്‍ ചില ചെറുത്തുനില്പുകള്‍ കൂടിയേ തീരു. ലക്ഷ്യമുള്ളവര്‍ വഴി തേടിപ്പിടിക്കും. ആ വഴിയുള്ള സഞ്ചാരത്തിന് പരസ്പരം വിശ്വാസമര്‍പ്പിച്ചുള്ള പരിശ്രമമാണ് വേണ്ടത്. അതിന്റെ ഫലമാകട്ടെ പ്രവചനാതീതമാവും.
ജീവിതം ചെസ്സ് കളി പോലെയാണ് എന്ന് കേട്ടിട്ടില്ലേ? ശരിയാണ്. ചെസ്സ് കളിയില്‍ നീക്കങ്ങള്‍ മുമ്പോട്ട് മാത്രമല്ല, പിറകോട്ടുമുണ്ട്. മുമ്പോട്ട് മാത്രം മതിയെന്ന് വാശിപിടിച്ചാലോ? കളിപൂര്‍ത്തിയാക്കാന്‍ പറ്റില്ല. കയറ്റവും ഇറക്കവുമൊന്നുമല്ല, കളിയുടെ ഭാഗം മാത്രമാണ്. ‘വിജയത്തിന് ഒരു നിയമമുണ്ട്. അത് കാത്തിരിപ്പാണ്. പരാജയമെന്ന് അതിനെ വിളിക്കരുതെന്ന്’ പറഞ്ഞത് തത്വചിന്തകനായ റോബര്‍ട്ട് ഷിള്ളറാണ്.

Back to Top