3 Thursday
July 2025
2025 July 3
1447 Mouharrem 7

സ്ത്രീ നവോത്ഥാന വഴിയിലെ സമര്‍പ്പിത ജീവിതം

പി സുഹൈല്‍ സാബിര്‍


ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വനിതാ വിഭാഗം എം ജി എമ്മിന്റെ സ്ഥാപക സാരഥികളിലൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എം കുഞ്ഞിബീവി ടീച്ചര്‍ രണ്ടത്താണി. പണ്ഡിതയും പ്രഭാഷകയും മതാധ്യാപികയുമായി അര നൂറ്റാണ്ട് ആദര്‍ശവഴിയില്‍ സമര്‍പ്പിത ജീവിതം നയിച്ച ടീച്ചര്‍ രണ്ടത്താണി ഇര്‍ശാദുല്‍ അനാം മദ്‌റസയില്‍ പ്രധാനാധ്യാപികയായിരുന്നു. 1955-ല്‍ മണാട്ടില്‍ കുഞ്ഞിക്കോയ തങ്ങളുടെയും മുത്തുബീവിയുടെയും മകളായാണ് ജനനം. ഏഴാം ക്ലാസ് വരെ ഭൗതികപഠനവും അഫ്ദലുല്‍ ഉലമ മതപഠനവും കഴിഞ്ഞ് 17-ാം വയസ്സില്‍ ടീച്ചര്‍ രണ്ടത്താണി മദ്‌റസയില്‍ അധ്യാപികയായി ചേര്‍ന്നു.
സ്ത്രീകള്‍ മദ്‌റസാധ്യാപികമാരായി നിയമിക്കപ്പെടുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു കാലഘട്ടത്തില്‍ വിപ്ലവകരമായ ഒരു ദൗത്യത്തിനാണ് ടീച്ചര്‍ തുടക്കംകുറിച്ചത്. തുടര്‍ന്ന് അര നൂറ്റാണ്ടു കാലം ആയിരക്കണക്കിന് ശിഷ്യഗണങ്ങളിലൂടെ തലമുറകളുടെ മതാധ്യാപികയാകുകയായിരുന്നു ടീച്ചര്‍. 1995-ല്‍ മികച്ച അധ്യാപികക്കുള്ള കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡിന്റെ സംസ്ഥാന അവാര്‍ഡ് ടീച്ചര്‍ക്ക് ലഭിച്ചു.
കര്‍മനിരതമായിരുന്നു ടീച്ചറുടെ ജീവിതം. തൊട്ടടുത്ത പള്ളിയില്‍ സുബ്ഹ് ജമാഅത്തില്‍ പങ്കെടുത്ത്, കുടുംബനാഥ എന്ന നിലയില്‍ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് ഏഴ് മണിക്ക് മുമ്പ് ടീച്ചര്‍ മദ്‌റസയിലെത്തും. പലപ്പോഴും പ്രഭാത ഭക്ഷണം പോലും കഴിക്കാതെയാവും വരുന്നത്. പത്ത് മണിയോടെ മദ്‌റസ വിട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഖുര്‍ആന്‍ പഠനക്ലാസുകളിലേക്ക് പുറപ്പെടും. പല ദിവസങ്ങളിലും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന വനിതാസംഗമങ്ങളില്‍ പ്രഭാഷകയായും പങ്കെടുക്കും. വൈകിട്ട് മാത്രമായിരിക്കും വീട്ടില്‍ തിരിച്ചെത്തുക. കുടുംബനാഥ എന്ന നിലയിലും പ്രസ്ഥാന പ്രവര്‍ത്തനരംഗത്തും ടീച്ചര്‍ക്ക് കൂട്ടായി ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു.
ലാളിത്യമായിരുന്നു ടീച്ചറുടെ മുഖമുദ്ര. സംഘാടകര്‍ വാഹനം അയച്ചുകൊടുക്കാമെന്നു പറഞ്ഞാല്‍ ടീച്ചര്‍ അത് നിരസിക്കും. മണിക്കൂറുകള്‍ ബസില്‍ യാത്ര ചെയ്ത് ടീച്ചര്‍ പ്രഭാഷണങ്ങള്‍ക്കെത്തും. സ്വന്തം പണമെടുത്ത് പലപ്പോഴും പരിപാടികള്‍ സംഘടിപ്പിക്കുന്ന സംഘാടകരുടെ പ്രയാസങ്ങള്‍ ടീച്ചര്‍ക്ക് അറിയാമായിരുന്നു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ഒട്ടേറെ സ്ഥലങ്ങളില്‍ ടീച്ചര്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ഭര്‍ത്താവ് അബ്ദുല്ലക്കോയ തങ്ങളോടൊപ്പമാകും യാത്ര. ഒരിക്കല്‍ കോയമ്പത്തൂരില്‍ ഒരു വനിതാപ്രഭാഷണത്തിന് ഏറ്റ ദിവസം തങ്ങള്‍ക്ക് കൂടെ പോകാന്‍ സാധിച്ചില്ല. മാറ്റിവെക്കാന്‍ സാധിക്കാത്തതിനാല്‍ ബസുകള്‍ മാറിക്കയറി വളരെ ബുദ്ധിമുട്ടി ടീച്ചര്‍ കോയമ്പത്തൂരിലെത്തി.
രണ്ടത്താണിയിലും പരിസര പ്രദേശങ്ങളിലും ഏത് കുടുംബങ്ങളിലും സ്ത്രീകള്‍ മരണപ്പെട്ടാല്‍ മയ്യിത്ത് കുളിപ്പിക്കാന്‍ തേടിയെത്തുന്നത് ടീച്ചറെ ആയിരിക്കും. കുടുംബാംഗങ്ങളെ കൂടെ നിര്‍ത്തി മയ്യിത്ത് കുളിപ്പിക്കുന്നതിന്റെ മതപരമായ രീതി ടീച്ചര്‍ അവര്‍ക്ക് പഠിപ്പിച്ച് കൊടുക്കും. മഹല്ലിലെ കുടുംബ പ്രശ്‌നങ്ങളില്‍ ഒരു കൗണ്‍സിലറുടെ റോളും നിര്‍വഹിച്ചിരുന്നു ടീച്ചര്‍.
കടുത്ത ദാരിദ്ര്യത്തിലൂടെയും രോഗങ്ങളിലൂടെയും കടന്നുപോയ ടീച്ചര്‍ ക്ഷമയോടും പുഞ്ചിരിയോടും അവയെ നേരിട്ടു. ഇരുപത് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരമുള്ള മദ്‌റസയിലേക്ക് രോഗത്തിന്റെ കടുത്ത അവശതയില്‍ ഒരു മണിക്കൂര്‍ സമയമെടുത്ത് നടന്നുചെന്നാണ് ടീച്ചര്‍ തന്റെ അധ്യാപന ദൗത്യം നിര്‍വഹിച്ചത്. സമ്പന്നരായ ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ടായിട്ടും തന്റെ വ്യക്തിപരമായ ഒരാവശ്യവും അവരോട് ടീച്ചര്‍ ഒരിക്കലും ചോദിച്ചിരുന്നില്ല. എന്നാല്‍ പുടവ വരിചേര്‍ക്കുവാനും സംഘടനാപരമായ ആവശ്യങ്ങള്‍ക്കും അവരുടെ സാമ്പത്തിക സേവനം ടീച്ചര്‍ തേടുമായിരുന്നു.
അധ്യാപിക എന്ന നിലയില്‍ മഹല്ലിലെ ഓരോ ഇസ്‌ലാഹി കുടുംബത്തിലും ടീച്ചര്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. ആഭരണ ഭ്രമം, ധൂര്‍ത്ത്, അനിസ്‌ലാമിക വസ്ത്രധാരണം തുടങ്ങി തെറ്റുകള്‍ കണ്ടാല്‍ ടീച്ചര്‍ ശാസിക്കും. എത്ര കടുത്ത ഭാഷയില്‍ ശാസിച്ചാല്‍ പോലും ടീച്ചറോട് ആര്‍ക്കും ഒരു പരിഭവവും തോന്നാറില്ല. കാരണം, ടീച്ചറുടെ ആത്മാര്‍ഥതയും സത്യസന്ധതയും മാതൃസവിശേഷമായ സ്‌നേഹലാളനയും അനുഭവിച്ച് ടീച്ചറുടെ പ്രിയശിഷ്യരായി വളര്‍ന്നു വന്നവരായിരുന്നു അവര്‍ ഓരോരുത്തരും.
ആദര്‍ശവും പ്രസ്ഥാനവും തന്നെയായിരുന്നു ടീച്ചറുടെ ഊര്‍ജം. രോഗശയ്യയില്‍ ടീച്ചറെ തേടിയെത്തിയ അസംഖ്യം ഫോണ്‍ വിളികളില്‍ ആ ആത്മബന്ധം നിഴലിച്ചിരുന്നു. കുഞ്ഞിബീവി ടീച്ചറെയും നമ്മെയും നാഥന്‍ സ്വര്‍ഗത്തില്‍ ഒരുമിച്ച് ചേര്‍ക്കട്ടെ. (ആമീന്‍)

Back to Top