കോവാക്‌സിനും സ്പുട്‌നികും കുത്തിവെച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റീവാക്‌സിനേറ്റ് ചെയ്യണമെന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍
ഇന്ത്യയില്‍ നിന്ന് കോവാക്‌സിനോ റഷ്യയുടെ സ്പുട്‌നിക് വാക്‌സിനോ എടുത്ത വിദ്യാര്‍ഥികളോട് വീണ്ടും വാക്‌സിനെടുക്കാനാവശ്യപ്പെട്ട് അമേരിക്കയിലെ കോളേജുകളും സര്‍വകലാശാലകളും. ഈ രണ്ട് വാക്‌സിനുകളും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതുവരെ അംഗീകരിച്ചിട്ടില്ല, അതിനാലാണ് യു എസ് കോളജുകളിലും സര്‍വകലാശാലകളിലും ശരത്കാല സെമസ്റ്റര്‍ ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത വാക്‌സിനുകള്‍ കുത്തിവയ്ക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. ഇതിനകം രണ്ട് ഡോസ് കോവാക്‌സിന്‍ കുത്തിവെച്ച തന്നോട് കാംപസിലേക്ക് പ്രവേശിപ്പിക്കണമെങ്കില്‍ മറ്റേതെങ്കിലും വാക്‌സിനെടുക്കാനാവശ്യപ്പെട്ടതായി കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്‌സില്‍ പഠിക്കുന്ന 25 വയസുകാരിയായ മില്ലോണി ദോഷി പറഞ്ഞു. രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ എടുക്കുന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക് ടൈംസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിക്കാത്ത വാക്‌സിനുകളായ സ്പുട്‌നിക് വി, കോവാക്‌സിന്‍ എന്നിവ കുത്തിവെച്ചവരോട് റീവാക്‌സിനേറ്റ് ചെയ്യാനാവശ്യപ്പെടുന്ന നിരവധി കോളേജുകളും സര്‍വ്വകലാശാലകളും യുഎസിലുണ്ട്. ഈ വാക്‌സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച വിവരങ്ങളുടെ അഭാവം ഇത്തരം കോളേജുകളും സര്‍വകലാശാലകളും ചൂണ്ടിക്കാട്ടുന്നു.