ഇസ്‌റാഈലിലെ ഭരണമാറ്റം ഗുണം ചെയ്യില്ലെന്ന് ഫലസ്തീന്‍

ഇസ്‌റാഈലില്‍ നെതന്യാഹു യുഗം അവസാനിപ്പിച്ച് ഭരണത്തിലേറുന്ന ദേശീയ നേതാവ് വലതുപക്ഷ അജണ്ട തന്നെയാണ് പിന്തുടരുകയെന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ പറഞ്ഞു. അതേസമയം, രാജ്യത്തെ 21 ശതമാനം ഫലസ്തീന്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു അറബ് പാര്‍ട്ടി സഖ്യ സര്‍ക്കാറിന്റെ ഭാഗമാകുന്നുണ്ട്. ഇസ്‌റാഈലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പാര്‍ട്ടി അധികാരം പങ്കിടുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായ വേളയിലാണ് ഇസ്‌റാഈലില്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡിന്റെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കരാറായത്. എട്ട് പാര്‍ട്ടികളുടെ സഖ്യത്തിന് രൂപം നല്‍കിയതായി യെഷ് അതീദ് പാര്‍ട്ടി നേതാവ് യായര്‍ ലാപിഡാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭ രുപീകരിക്കാന്‍ പ്രസിഡന്റ് നല്‍കിയ സമയപരിധി അവസാനിക്കെയാണ് പ്രതിപക്ഷത്തിന്റെ നിര്‍ണായക നീക്കം വിജയം കണ്ടത്. സഖ്യസര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് പ്രസിഡന്റ് റുവെന്‍ റിവ്‌ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. നെതന്യാഹുവിന്റെ സഖ്യകക്ഷി സര്‍ക്കാറില്‍ പ്രതിരോധ മന്ത്രിയായിരുന്ന നാഫ്റ്റലി ബെനറ്റി പുതിയ ധാരണപ്രകാരം ആദ്യ രണ്ടു വര്‍ഷം പ്രധാനമന്ത്രിയാകും. തുടര്‍ന്ന് ലാപിഡിന് അധികാരം കൈമാറും.
