തുര്‍ക്കി- ഫലസ്തീന്‍ സുരക്ഷാ സഹകരണ കരാര്‍ പ്രാബല്യത്തില്‍

തുര്‍ക്കിയും ഫലസ്തീനും തമ്മിലുള്ള സുരക്ഷാ സഹകരണ കരാര്‍ പ്രാബല്യത്തില്‍ വരുന്നു. അടുത്തിടെ തുര്‍ക്കിയും ലിബിയയും തമ്മില്‍ നടപ്പിലാക്കിയ സുരക്ഷാ സഹകരണ കരാര്‍ മാതൃകയില്‍ ഫലസ്തീനുമായുള്ള കരാറിന്റെ ആദ്യ നടപടികള്‍ തുര്‍ക്കി സ്വീകരിച്ചതായി തുര്‍ക്കി ദിനപത്രമായി യെനി സഫക് റിപ്പോര്‍ട്ട് ചെയ്തു. 2018-ലാണ് ഫലസ്തീന്‍ ഭരണകൂടമായ ഫലസ്തീന്‍ അതോറിറ്റിയുമായി തുര്‍ക്കി സുരക്ഷാ കരാറില്‍ ഒപ്പുവെച്ചത്. ഇതാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ലിബിയയുമായി തുര്‍ക്കി ഒപ്പുവച്ച സമുദ്ര അതിര്‍ത്തി ഉടമ്പടിക്ക് സമാനമായ ഒരു മാതൃക നടപ്പാക്കുന്നതിനുള്ള ആദ്യപടിയായി ഈ തീരുമാനം കണക്കാക്കപ്പെടുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാബല്യത്തില്‍ വന്ന ഉടമ്പടി പ്രകാരം ഫലസ്തീന്‍ നിയമ നിര്‍വ്വഹണ സേനയെ തുര്‍ക്കിയിലെ ജെന്‍ഡര്‍മേരി, കോസ്റ്റ് ഗാര്‍ഡ് അക്കാദമിയില്‍ പരിശീലിപ്പിക്കും. ഗസ്സ മുനമ്പില്‍ അടുത്തിടെ നടന്ന ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ ശക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച രാജ്യമാണ് തുര്‍ക്കി. അതിനാല്‍ തന്നെ ഈ സന്ദര്‍ഭത്തില്‍ തുര്‍ക്കിയുടെ സഹായം ഫലസ്തീന് ലഭിക്കുന്നത് കൂടുതല്‍ പ്രസക്തിയുണ്ട്.
