22 Wednesday
October 2025
2025 October 22
1447 Joumada I 0

പ്രകൃതിയെ ഇനിയെങ്കിലും അലങ്കോലപ്പെടുത്തരുത്‌

ശമീം കീഴുപറമ്പ്

മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ക്കു പ്രേരകശക്തിയായത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. ലോക ജനതയ്ക്കിടയില്‍ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായ ബോധവല്‍കരണം നടത്തുക, ലോക ഭരണകൂടങ്ങളുടെ ശ്രദ്ധ ഈ മേഖലയിലേക്കു തിരിച്ചുവിടുക, അവരെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുക എന്നിവയാണ് പരിസ്ഥിതി ദിനാചരണത്തിലൂടെ യുഎന്‍ ലക്ഷ്യമിടുന്നത്.
‘പ്രകൃതിയുമായി ഒന്നിക്കൂ’ എന്ന സന്ദേശവുമായി ഒരു കോടി വൃക്ഷതൈ നട്ട് കേരളവും ആഗോള പരിസ്ഥിതി ദിനത്തിന്റെ ഭാഗമാവുകയാണ്. ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പതിവു പോലെ ചര്‍ച്ചകളും സെമിനാറുകളും നടക്കും. നാളെ മുതല്‍ നാം നമ്മുടെ പതിവു രീതി തുടരുകയും ചെയ്യും. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവത്തെക്കുറിച്ച് നാം ആഴത്തില്‍ ചിന്തിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്നാല്‍ മരം വെട്ടാതിരിക്കലും വൃക്ഷത്തൈ വച്ചു പിടിപ്പിക്കലും മാത്രമാണെന്ന ധാരണ ഇനിയെങ്കിലും നാം തിരുത്തേണ്ടതുണ്ട്. വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം? ഭൗതികമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വീണ്ടെടുക്കാനാവാത്ത വിധം വന്‍ പ്രതിസന്ധികളാണ് ഭാവിയില്‍ നമ്മള്‍ നേരിടാന്‍ പോവുന്നത്.
മാനവരാശിയുടെ തുടക്കം തൊട്ടെ മനുഷ്യന്‍ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. പക്ഷേ പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണം ചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി. മറ്റു ജീവികളുടെ ആവാസമേഖലകളിലേക്കുളള മനുഷ്യന്റെ അനാരോഗ്യകരമായ കടന്നുകയറ്റം ഒട്ടേറെ സ്പീഷിസുകളുടെ വംശനാശത്തിനു കാരണമായി. ജനപ്പെരുപ്പത്തിന്റെയും വ്യവസായ വളര്‍ച്ചയുടെയും ഫലമായി കാടുകള്‍ നശിക്കുകയാണ്. പ്രകൃതിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ നശിപ്പിക്കുമ്പോള്‍ നമ്മുടെ നിലനില്‍പു തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശുദ്ധജല ദൗര്‍ലഭ്യവും ജലമലിനീകരണവും ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളാണ്. ജീവജലം മലിനമാകുന്നതു മൂലം മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജീവനും ആരോഗ്യവും അപകടത്തിലാകുന്നു.
ഇന്ന് ലോകം നേരിടുന്ന വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം. ബാഗുകള്‍, കപ്പുകള്‍, ഷീറ്റുകള്‍ എന്നുവേണ്ട നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു കണക്കില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്‌കരണം മണ്ണിനെയും ജലത്തെയും വായുവിനെയും ഒരുപോലെ വിഷമയമാക്കുന്നു. യുക്തിരഹിതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളും രാസവസ്തുക്കളുടെ അശാസ്ത്രീയമായ ഉപയോഗവും വ്യവസായ ശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളും എല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവ മണ്ണിനെ നശിപ്പിക്കുന്നു, കൃഷിയെ ബാധിക്കുന്നു. ഇനിയും നമ്മള്‍ മുന്നോട്ടു ഇറങ്ങിയില്ലെങ്കില്‍ വരുംതലമുറക്ക് ജീവിക്കാന്‍ തന്നെ ഇവിടെ ഒരു ഇടം ഉണ്ടാവില്ല.

Back to Top