22 Sunday
December 2024
2024 December 22
1446 Joumada II 20

എം എ ബേബിയുടേത് ചരിത്രപരമായ ദൗത്യനിര്‍വഹണം – സി പി ഉമര്‍ സുല്ലമി

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി വിഹിതം വെക്കണമെന്ന ഹൈക്കോടതി വിധിയെ അടിസ്ഥാനപ്പെടുത്തി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി നടത്തിയ തുറന്നുപറച്ചില്‍ ചരിത്രപരമായ ദൗത്യ നിര്‍വ്വഹണമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങളെ തമ്മിടലിപ്പിച്ച് മുതലെടുപ്പ് നടത്താനിറങ്ങിത്തിരിച്ച ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കും സ്വാര്‍ഥ താല്‍പര്യക്കാരായ മതനേതാക്കള്‍ക്കുമുള്ള ശക്തമായ താക്കീതാണ് എം എ ബേബിയുടെ പ്രസ്താവന. ബേബിയുടെ പ്രസ്താവനയിലെ രാഷ്ട്രീയം ചികയാതെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ അതുണ്ടാക്കിയ ഗുണപരമായ സാധ്യതകളെ മുന്നില്‍ കാണാന്‍ സമുദായ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവെച്ച് മുസ്‌ലിം- ക്രൈസ്തവ സഹോദരങ്ങളെ തമ്മിടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ദുഷ്ട ശക്തികള്‍ക്കെതിരെ ഒന്നിക്കാന്‍ കേരളത്തിലെ മതേതര രാഷ്ട്രീയ നേതൃത്വങ്ങളും സമുദായ നേതൃത്വങ്ങളും മുന്നോട്ട് വരണം. ലക്ഷദ്വീപിലെ സംഘ്പരിവാര്‍ ഭീകരതക്കെതിരെ കേരള നിയമസഭയില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുക വഴി കേരളത്തിന്റെ സാസ്‌കാരികവും രാഷ്ട്രീയവുമായ പ്രബുദ്ധത ഒരിക്കല്‍ കൂടി ലോകത്തിനു മുമ്പില്‍ അഭിമാനപൂര്‍വം പ്രകടിപ്പിക്കപ്പെട്ടിരിക്കുകയാണ്. പ്രമേയം പാസാക്കാന്‍ വിശാലത കാണിച്ച ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളെ സി പി ഉമര്‍ സുല്ലമി അഭിനന്ദിച്ചു.

Back to Top