22 Sunday
December 2024
2024 December 22
1446 Joumada II 20

ലക്ഷദ്വീപില്‍ നടക്കുന്നത് ഭരണഘടനക്ക് നിരക്കാത്ത നടപടികള്‍: ജി സി സി പ്രതിഷേധ സംഗമം

ദോഹ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജി സി സി ഇസ്‌ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ലക്ഷദ്വീപ് അരക്ഷിതമാക്കരുത്, പ്രവാസികള്‍ പ്രതികരിക്കുന്നു’ ഓണ്‍ലൈന്‍ പരിപാടി അഭിപ്രായപ്പെട്ടു.
ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപപ്പെടുന്നത് സാംസ്‌കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകളെന്ന നിലയിലാണ്. ഭരണഘടന നല്‍കുന്ന ഈ പരിരക്ഷയാണ് ദ്വീപില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാംസാഹാരം നിരോധിക്കുന്നതിലൂടെയും മദ്യം സാര്‍വത്രികമാക്കുന്നതിലൂടെയും ദ്വീപ് ജനതയുടെ സംസ്‌കാരം തകര്‍ക്കുകയാണ്. ലക്ഷദ്വീപ് റെഗുലേഷന്‍ അഥോറിറ്റി ആക്ട് നടപ്പാക്കുക വഴി ദ്വീപ് ജനതയുടെ ഭൂമി യാതൊരു നിയമ പരിരക്ഷയും കിട്ടാതെ കോര്‍പ്പറേറ്റുകള്‍ക്ക് കയ്യേറാനുള്ള വാതിലുകള്‍ തുറക്കുകയാണെന്ന് ലക്ഷദ്വീപ് പാര്‍ലമെന്റ് അംഗം പി പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുണ്ട ആക്ട് പോലെ കരിനിയമം അടിച്ചേല്പിച്ചു കൊണ്ട് ദ്വീപ് ജനതയെ നിശബ്ദമാക്കാമെന്നു കരുതുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു പഞ്ചശീല തത്വങ്ങളിലൂടെ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു നല്‍കിയ രാഷ്ട്ര സങ്കല്‍പ്പങ്ങളെ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നതെന്ന് മുന്‍ എം എല്‍ എ വി ടി ബല്‍റാം പറഞ്ഞു. മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട്, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രഭാഷണം നടത്തി. ജി സി സി ഇസ്‌ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ വള്ളിക്കുന്ന് (സഊദി അറേബ്യ), സുരേഷ് വല്ലത്ത് (ഓസ്‌ട്രേലിയ), കെ ടി നൗഷാദ് (ബഹ്‌റൈന്‍), ടി വി ഹിക്മത്ത് (കുവൈത്ത്), കെ എന്‍ സുലൈമാന്‍ മദനി, മുജീബ് മദനി പ്രസംഗിച്ചു.

Back to Top