വീണ്ടും മക്കയില്‍
എന്‍ജി. പി മമ്മദ് കോയ
 ഉംറ ചെയ്യാനുദ്ദേശിച്ച് ഇഹ്റാം വസ്ത്രമണിഞ്ഞാണ് മദീനയില്‍ നിന്ന് ഹാജിമാര്‍ മക്കയിലെത്തിയത്. കെ എം സി സി സഹോദരന്മാരുടെ ‘ഹദ്യ’ കഴിച്ച് അല്പം വിശ്രമിച്ചതിന് ശേഷം എല്ലാവരും ഉംറക്ക് പുറപ്പെടാനായി പ്രാര്‍ഥനാ ഹാളില്‍ ഒരുമിച്ചു കൂടി. സര്‍ക്കാര്‍ നിയോഗിച്ച ഹജ്ജ് വളണ്ടിയര്‍മാര്‍ ഹറം ശരീഫിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതും കഅ്ബ തവാഫ് ചെയ്യുമ്പോഴും ഉംറയുടെ മറ്റു കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അനുവര്‍ത്തിക്കേണ്ടതുമായ മര്യാദകളെകുറിച്ചു സാമാന്യ വിവരണം തന്നു.
ഉംറ ചെയ്യാനുദ്ദേശിച്ച് ഇഹ്റാം വസ്ത്രമണിഞ്ഞാണ് മദീനയില്‍ നിന്ന് ഹാജിമാര്‍ മക്കയിലെത്തിയത്. കെ എം സി സി സഹോദരന്മാരുടെ ‘ഹദ്യ’ കഴിച്ച് അല്പം വിശ്രമിച്ചതിന് ശേഷം എല്ലാവരും ഉംറക്ക് പുറപ്പെടാനായി പ്രാര്‍ഥനാ ഹാളില്‍ ഒരുമിച്ചു കൂടി. സര്‍ക്കാര്‍ നിയോഗിച്ച ഹജ്ജ് വളണ്ടിയര്‍മാര്‍ ഹറം ശരീഫിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതും കഅ്ബ തവാഫ് ചെയ്യുമ്പോഴും ഉംറയുടെ മറ്റു കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അനുവര്‍ത്തിക്കേണ്ടതുമായ മര്യാദകളെകുറിച്ചു സാമാന്യ വിവരണം തന്നു.
അവരുടെ സംസാരം കഴിഞ്ഞയുടനെ ഹാജിമാരുടെ കൂട്ടത്തില്‍ തന്നെയുള്ള ഒരു മധ്യവയസ്കന് എഴുന്നേറ്റു നിന്നു സംസാരിച്ചു. ഉംറയുടെ കര്‍മങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ്. കര്‍മ്മശാസ്ത്രങ്ങളില്‍ ഇതുവരെ ഞങ്ങളൊക്കെ മനസ്സിലാക്കിയതില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളാണ് അയാള്‍ പറയുന്നത്.
കൂട്ടത്തില്‍ അംഗശുദ്ധിയെ കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. ത്വവാഫിന് അംഗശുദ്ധി നിര്‍ബന്ധമാണ്. തിരക്ക് കാരണം ത്വവാഫിനിടയില്‍ അന്യ സ്ത്രീകളെ സ്പര്‍ശിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല കൂട്ടം തെറ്റുന്നത് ഒഴിവാക്കാന്‍ സ്വന്തം പത്നിയുടെ കൈപിടിക്കേണ്ടി വരും. അപ്പോഴൊക്ക വുദൂ നഷ്ടപ്പെടും. അയാള്‍ ഹാജിമാര്‍ക്ക് കണ്‍ഫ്യൂഷനുണ്ടാക്കുകയാണ്. അതിന്റെ പരിഹാരവും അദ്ദേഹം തന്നെ വിവരിച്ചു: അംഗ ശുദ്ധി വരുത്തുമ്പോള്‍ ഹനഫി ഇമാമിനെ തഖ്ലീദ് ചെയ്ത് അവയവങ്ങള്‍ ഉരച്ചു കഴുകുകയും തലമുഴുവന്‍ തടവുകയും ചെയ്താല്‍ മതി.
ഒരു ഹാജി ഇടക്ക് നിഷ്കളങ്കമായി ചോദിച്ചു: എന്നാല്‍ പിന്നെ എപ്പോഴും അങ്ങനെ വുദൂ എടുത്താല്‍ പോരേ ഉസ്താദേ. ആരെ തൊട്ടാലും വുദൂ മുറിയുകയില്ലല്ലോ?
കര്‍മശാസ്ത്ര നൂലാമാലകളില്‍ ഹജ്ജ് കര്‍മത്തെ കുരുക്കി വിശ്വാസികള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ആളുകള്‍ ചെയ്യുന്നത് അക്ഷന്തവ്യമായ പാതകമാണ്. ലോകരാജ്യങ്ങളിലെ വ്യത്യസ്ത സരണികളില്‍ പെട്ട മുസ്ലിംകള് ഹജ്ജ് കര്മത്തിനെത്തുന്നുണ്ട്. ഏക മദ്ഹബീ പക്ഷക്കാരും എല്ലാ മദ്ഹബുകളില്‍ നിന്നും ശരി സ്വീകരിക്കുന്നവരും ശീഅകളും ഇബാദികളും സുന്നികളും സലഫികളും മറ്റെല്ലാ അവാന്തര വിഭാഗങ്ങളും ഇക്കൂട്ടത്തിലുമുണ്ട്. എല്ലാവരും അവരവരുടെ രീതിയില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും അതാണ് ശരി എന്ന് ധരിക്കുകയുമാണ്. ആരും ആരെയും വിമര്‍ശിക്കുകയോ തിരുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.
പക്ഷെ നമ്മുടെ ആളുകളില്‍ ചിലര്‍ അവരുടേത് മാത്രമാണ് ശരി എന്ന് ധരിക്കുകയും ഇരു ഹറമുകളിലെയും ആരാധനാ രീതികളെ പോലും വിമര്‍ശിക്കുകയും കൂടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്നു വരുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളും ആശയങ്ങളുമുണ്ടാകുന്ന സമയത്ത് റസൂല്‍(സ) സ്വീകരിച്ച നിലപാടുകള്‍ എത്രമാത്രം മാതൃകാ യോഗ്യമായിരുന്നു.
ഒരിക്കല്‍ ഒരു ദൗത്യ സംഘം പോകുന്ന സമയത്ത് റസൂല്‍ കൊടുത്ത നിര്‍ദേശങ്ങളില്‍ അസര്‍ നമസ്കാരം ഇന്ന സ്ഥലത്തെത്തിയ ശേഷം നിര്‍വ്വഹിച്ചാല്‍ മതി എന്നു പറഞ്ഞിരുന്നു. ദൗത്യ സംഘം ആ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ പ്രസ്തുത നമസ്കാരത്തിന്റെ സമയമായി. നമസ്കാരം സമയത്തിന് നിര്‍വഹിക്കേണ്ടതാണെന്ന് റസൂല്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് ഒരു കൂട്ടര് നമസ്കരിച്ചു. മറ്റുള്ളവര്‍ നിശ്ചിത സ്ഥലത്തെത്തിയാല്‍ നമസ്കരിക്കുക എന്ന് പ്രവാചകന് പറഞ്ഞത് കൊണ്ട് ആ സ്ഥലത്തെത്തിയപ്പോഴാണ് നമസ്കരിച്ചത്. ദൗത്യ നിര്‍വഹണം കഴിഞ്ഞു തിരിച്ചെത്തിയ സ്വഹാബികള്‍ ഈ തര്‍ക്കം റസൂലിന്റെ ശ്രദ്ധയില്‍ പെടുത്തി. റസൂല്‍ അതിന് കൊടുത്ത മറുപടി നമുക്ക് മാതൃകയാകേണ്ടതാണ്: ‘രണ്ട് കൂട്ടര് ചെയ്തതും ശരിയാണ്’! തര്‍ക്കം അവിടെ അവസാനിച്ചു.
മുആദിബ്നു ജബലിനെ(റ) ഗവര്‍ണറായി അയക്കുന്ന സമയത്ത് ചോദിക്കപ്പെട്ടു: താങ്കള്‍ എങ്ങനെയാണ് ഒരു കാര്യത്തിന് വിധി നിര്‍ണയിക്കുക? മുആദ് പറഞ്ഞു: ഞാന്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ച് വിധിക്കും. അവയില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ? ഞാന്‍ ഗവേഷണം നടത്തുകയും മനനം നടത്തുകയും ചെയ്തു വിധിക്കും.
അതാത് കാലഘട്ടത്തിനനുസരിച്ച് ഖുര്‍ആനും സുന്നത്തും അക്ഷര വായനയിലൂടെയല്ലാതെ പഠിക്കുകയും മനനം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്ത് പ്രശ്നങ്ങളെ സമീപിക്കാമെന്നതിന് ഇത്പോലെ അനേകം ഉദാഹരണങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ കാണാവുന്നതാണ്.
സഊദി സര്‍ക്കാറിന്റെ ആഡംബര ബസ്സുകളാണ് ഞങ്ങള്‍ക്കുവേണ്ടി പുറത്തു കാത്തു നില്‍ക്കുന്നത്. ഞങ്ങളുടെ കെട്ടിടത്തിന്റെ നേരെ മുന്നില്‍ തന്നെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. അസീസിയയിലെ പല ഭാഗങ്ങളിലും ഇതുപോലുള്ള താത്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവയ്ക്കൊക്കെ തിരിച്ചറിയല്‍ നമ്പറുകളുമുണ്ട്. 1, 2, 3 എന്നിങ്ങനെ ബസ്സുകള്‍ക്ക് മുന്നിലും പാര്‍ശ്വഭാഗങ്ങളിലും വലിയ അക്ഷരത്തില്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും പതാകയുടെ പശ്ചാത്തലത്തില്‍ ആ രാജ്യത്തിന്റെ പേരെഴുതിയ പോസ്റ്ററുകളും ബസ്സിന്റെ ഇരുവശത്തും പതിച്ചിട്ടുണ്ട്. ഓരോ ഹാജിക്കും അവരുടെ ഫ്ളാറ്റിനടുത്തെത്തുന്ന ബസ്സിന്റെ നമ്പറെഴുതിയ ബാഡ്ജും നല്‍കിയിട്ടുണ്ട്.
നമ്പര്‍ പ്രകാരമുളള ബസ്സില്‍ കയറിയാല്‍ ഹറമിലെത്തുകയും തിരിച്ചു താമസിക്കുന്ന ഫ്ളാറ്റിനടുത്തുള്ള ബസ് സ്റ്റേഷനിലെത്തുകയും ചെയ്യും. അസീസിയയില്‍ ഒരേ പോലുള്ള റോഡുകളും ഒരേ നിറവും എലിവേഷനുള്ള കെട്ടിടങ്ങളുമാണ് ഭൂരിപക്ഷവും. അതുകൊണ്ടു തന്നെ സാധാരണ ഹാജിമാര്‍ക്ക് തെറ്റിപ്പോകാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ബുദ്ധിപൂര്‍വവും സഹായകരവുമായ ഈ സംവിധാനമൊരുക്കിയത്. ഏതു സമയത്തും രാത്രിയും പകലും പുലര്‍ച്ചെ മൂന്ന് മണിക്കു പോലും സ്റ്റേഷനുകളില്‍ ഒരു ബസ്സെങ്കിലും കാത്തുനില്പുണ്ടാകും.
ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. അവിടേക്കൊക്കെ വ്യത്യസ്ത നിറങ്ങളിലുള്ള ബസ്സുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാഷയറിയാത്ത ഹാജിമാര്‍ക്ക് ഒരു തരത്തിലുമുള്ള പ്രയാസമുണ്ടാകരുത് എന്നു കരുതി സഊദി ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പ്രശംസാര്‍ഹം തന്നെ.

