8 Tuesday
July 2025
2025 July 8
1447 Mouharrem 12

നടവഴിയിലെ കരിങ്കല്‍ കഷ്ണം

സി കെ റജീഷ്‌


ഗ്രീക്ക് തത്വചിന്തകനായ ഡയോഡനീസ് വഴിയിലേക്ക് നോക്കി ചിരിക്കുകയായിരുന്നു. അതുകണ്ട ഒരാള്‍ കാരണം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ”വഴിയുടെ നടുവില്‍ കിടക്കുന്ന ആ കരിങ്കല്‍ കഷ്ണം കണ്ടോ? ഒട്ടേറെ പേര്‍ അതില്‍ തട്ടി വീഴുകയും അവര്‍ക്കെല്ലാം മുറിവേല്ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരാള്‍ പോലും ആ കല്ല് മാറ്റാന്‍ മനസ്സ് കാണിച്ചില്ല. ആളുകളുടെ സ്വാര്‍ഥത ഓര്‍ത്താണ് എനിക്ക് ചിരി വന്നത്.”
സ്വാര്‍ഥത മനസ്സില്‍ നാമ്പിട്ടാല്‍ സേവനം അന്യമാകും. തനിക്കുണ്ടായ ദുരനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതേ എന്ന സദ്ചിന്തയാണ് കടമ നിര്‍വഹിക്കാനുള്ള പ്രേരണ. വേദന അനുഭവിച്ചവന് മറ്റൊരാള്‍ക്കും മുറിവേല്‍ക്കാതിരിക്കാനുള്ള കരുതലാണുണ്ടാവേണ്ടത്. എന്നാല്‍ മറ്റൊരാളുടെ വേദന ‘തന്റേതല്ല’ എന്ന മനോഭാവം രൂപപ്പെട്ടാലോ? ദുരന്തങ്ങള്‍ തുടര്‍ക്കഥകളാവാനുള്ള കാരണം ഇത്തരം സങ്കുചിത ചിന്തയാണ്.
എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങളിലേ ഞാന്‍ ഇടപെടൂ എന്ന വികല ചിന്തയ്ക്കാണ് ആദ്യം തിരുത്ത് വേണ്ടത്. എല്ലാവരെയും ബാധിക്കുന്ന കാര്യങ്ങളില്‍ മറ്റാരെങ്കിലും ചെയ്യുമെന്ന് നാം കരുതരുത്. നാം തന്നെയാണ് അത്തരം നന്മകളില്‍ തുടക്കക്കാരാകേണ്ടത്. എല്ലാവര്‍ക്കും നന്മ ഭവിക്കുന്ന കാര്യങ്ങളില്‍ എനിക്കും കടമ നിര്‍വഹിക്കാനുണ്ടെന്ന ആത്മ പ്രേരണയാണ് വേണ്ടത്. പ്രതിബന്ധങ്ങള്‍ മറ്റാരെങ്കിലും നീക്കുമെന്ന് കരുതുന്നവര്‍ കടമ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം മറ്റൊരാളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് ചെയ്യുന്നത്. ഇവര്‍ എന്നും തടസ്സങ്ങളുടെ കാവല്‍ക്കാരായി നിലകൊള്ളുന്നവരായിരിക്കും. കണ്ണീരും വേദനയും കാരുണ്യത്തിന്റെ കരുതല്‍ ചരട് കൊണ്ട് മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണികളാണ്. നിപയും പ്രളയവും കോവിഡുമൊക്കെ നമുക്ക് നല്‍കുന്ന അതിജീവന പാഠമതാണ്. ഒരാളും കണ്ണീര്‍ പൊഴിക്കാതിരിക്കാന്‍ ഓരോരുത്തര്‍ക്കും കരുതലുണ്ടാവണമെന്ന് ഈ മഹാമാരി കാലത്ത് നാം മറന്നുപോകരുത്.
ആരോടും കടപ്പാടുകളില്ലാതെ ആര്‍ക്കും ജീവിക്കാനാകില്ല. ആര്‍ക്കും മുറിപ്പാടുകള്‍ ഉണ്ടാക്കാതെയായിരിക്കണം നമ്മുടെ മടക്കം. വാക്കും നോക്കും മറ്റൊരാള്‍ക്കു നന്മയായേ ഭവിക്കാവൂ എന്ന നിര്‍ബന്ധ ബുദ്ധിയാണ് വേണ്ടത്. നിശ്ചലമായ ജലാശയത്തില്‍ പ്രകമ്പനമുണ്ടാകാന്‍ ഒരു കല്ല് വീണാല്‍ മതി. ഉപകാരമായി ഒന്നും ചെയ്യാനായില്ലെങ്കിലും ഉപദ്രവമില്ലാതിരിക്കുകയെന്നത് ഉള്‍ക്കനമുള്ള നന്മ തന്നെയാണ്. മറ്റൊരാള്‍ക്ക് ഉപദ്രവമാകുന്നതിനെ തടയിടാന്‍ നമ്മുടെ എളിയ പ്രവര്‍ത്തനങ്ങള്‍ നിമിത്തമാവണം. അത് മരണത്തിനപ്പുറവും സല്‍കീര്‍ത്തി ബാക്കിയാവുന്ന വ്യാപ്തിയുള്ള സുകൃതമായിരിക്കും. വഴിയില്‍ നിന്ന് ഉപദ്രവത്തെ നീക്കം ചെയ്യുകയെന്നത് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലുള്ള ശാഖയായി നബി(സ) പഠിപ്പിച്ചു.
ഓരോ നിദ്രയും ഓരോ മരണമാണ്. ദൈവത്തിന് സ്തുതി പറഞ്ഞാവണം ഓരോ ദിനത്തിന്റെയും ശുഭാരംഭം. ഉറങ്ങുന്നതിന് മുമ്പെ ഹൃദയത്തില്‍ കൈവെച്ച് നാം ഉറക്കെ ചോദിക്കേണ്ടത് ഇത്രയേ ഉള്ളൂ. ആരുടെയും മനസ്സിന് മുറിപ്പാടുണ്ടാക്കാതെ എനിക്ക് ജീവിക്കാനായോ? ബുദ്ധമതസ്ഥര്‍ക്കിടയില്‍ മരണവിചാരം ഉണര്‍ത്തുന്ന പ്രാര്‍ഥനാ രീതിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഓരോ രാത്രിയും ഉറക്കിന് മുമ്പ് ഒരു പക്ഷി തോളില്‍ വന്നിരിക്കുന്നതായി സങ്കല്പിക്കുന്നു. മൂന്ന് കാര്യങ്ങളാണ് ആ പക്ഷി ചെവിയില്‍ ചോദിക്കുന്നത്. ഇന്നാണോ ആ ദിവസം? ആ യാത്രയ്ക്ക് ഒരുങ്ങിയോ? ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതിന് പ്രായശ്ചിത്തം നല്‍കിയോ? നന്മയുടെ വഴിയില്‍ നിലയുറപ്പിക്കാന്‍ ഈ ഉള്‍വിചാരം ഉറപ്പായും ഉപകരിക്കും.

Back to Top