ന്യൂനപക്ഷ പദ്ധതികളും മുസ്്‌ലിംകളും കണക്കുകള്‍ സംസാരിക്കട്ടെ
ഡോ. കെ ടി അന്‍വര്‍ സാദത്ത്
ചരിത്രപരമായ കാരണങ്ങളാല്‍ രാജ്യത്ത് പിന്നാക്കം നില്ക്കുന്ന മതവിഭാഗമാണ് മുസ്‌ലിംകള്‍. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സച്ചാര്‍ കമ്മിഷന്‍ പഠനത്തിലൂടെ അവസാനമായി പുറത്തുവന്നത്. വിദ്യാഭ്യാസ പുരോഗതിയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ പോലും ഉന്നതവിദ്യാഭ്യാസ രംഗത്ത് മറ്റു മത-സാമൂഹിക വിഭാഗങ്ങളേക്കാള്‍ മുസ്‌ലിംകള്‍ പിന്നില്‍ നില്ക്കുന്നുവെന്നാണ് സച്ചാര്‍ കമ്മിഷന്റെ പഠനം വെളിവാക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി, 2007 ഒക്‌ടോബര്‍ 15ന് ഇറക്കിയ ഉത്തരവിലൂടെ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ ഒരു സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.
പാലോളി സമിതിയുടെ റിപ്പോര്‍ട്ടില്‍ ‘സച്ചാര്‍ റിപ്പോര്‍ട്ടില്‍ തെളിയുന്ന ഇന്ത്യയിലെ മുസ്‌ലിംകള്‍’ എന്നൊരു ശീര്‍ഷകമുണ്ട്. അതില്‍ പാലോളി കമ്മിറ്റി നിരൂപിക്കുന്നത് ഇങ്ങനെയാണ്: ”രാഷ്ട്രത്തോട് യഥാര്‍ഥത്തില്‍ കൂറുള്ള ഏതു വ്യക്തിയും അംഗീകരിക്കേണ്ടുന്ന രണ്ട് യാഥാര്‍ഥ്യങ്ങളുണ്ട്. ഒന്ന്, ജനാധിപത്യത്തിന്റെ അര്‍ഥപൂര്‍ണമായ നിലനില്‍പ്പ് സാമൂഹിക നീതിയുമായി ഇഴചേര്‍ന്നിരിക്കുന്നു. രണ്ട്, വലിയൊരു ജനസമൂഹം വികസനത്തില്‍ പിന്നോട്ടടിച്ചാല്‍ രാജ്യപുരോഗതി തന്നെ അത് അവതാളത്തിലാക്കും. ഇക്കാരണത്താല്‍ മുസ്‌ലിം പ്രശ്‌നം ഒരു ദേശീയ പ്രശ്‌നമായിത്തന്നെ തിരിച്ചറിയേണ്ടതുണ്ട്.”
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം പിന്നാക്കാവസ്ഥക്ക് പരിഹാരമായി പൊതുവിദ്യാഭ്യാസം, സാമൂഹ്യസുരക്ഷിതത്വം, വിദ്യാഭ്യാസ-ഉദ്യോഗ സംവരണം, തൊഴിലും സാമ്പത്തിക വളര്‍ച്ചയും, കാര്യപ്രാപ്തി ആര്‍ജിക്കല്‍, സ്‌കോളര്‍ഷിപ്പ്, പശ്ചാത്തല സൗകര്യങ്ങള്‍, വഖഫ് എന്നിങ്ങനെ എട്ട് ഭാഗങ്ങളായി പാലോളി സമിതി നിര്‍ദേശങ്ങള്‍ തയ്യാറാക്കി നല്കിയത്. ഈ നിര്‍ദേശങ്ങളില്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതായ പത്ത് നിര്‍ദേശങ്ങള്‍ പ്രത്യേകമായും എടുത്തുദ്ധരിക്കുകയും ചെയ്തു. ഇവ സത്വരം പരിഗണിക്കുകയും മറ്റുനിര്‍ദേശങ്ങള്‍ വിശദമായ വിലയിരുത്തലിന് വിധേയമാക്കുകയും ചെയ്യണമെന്നും സമിതി ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്‌സ്, മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്റ്റൈപ്പെന്‍ഡ് എന്നിവ പ്രാബല്യത്തില്‍ വരുന്നത്.
പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും 1921-ലെ മലബാര്‍ സമരങ്ങളിലും കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രക്ഷോഭങ്ങളിലും ശക്തമായി പങ്കുചേരുകയും നയിക്കുകയും അതിന്റെ തിക്തഫലമായി സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം പോകുകയും ചെയ്ത് ഒരു സമൂഹമാണ് കേരളത്തിലെ മുസ്‌ലിംകള്‍. പാശ്ചാത്യ-കൊളോണിയല്‍ വിദ്യാഭ്യാസ പ്രക്രിയകളോട് അധിനിവേശ വിരുദ്ധ സമീപനത്തിന്റെ ഭാഗമായി അകലം പാലിച്ച മുസ്‌ലിംകള്‍ അതിന്റെ പരിണിത ഫലമായി വിദ്യാഭ്യാസ മേഖലയില്‍ വളരെയേറെ പിറകോട്ടുപോയി. മാത്രമല്ല, മത യാഥാസ്ഥിതികത സമുദായത്തെ പിന്നോട്ടുവലിക്കുക കൂടി ചെയ്തതോടെ ദുരന്തചിത്രം പൂര്‍ണമാകുകയായിരുന്നു. വര്‍ഷങ്ങളെടുത്ത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നുവെങ്കിലും മറ്റു മതവിഭാഗങ്ങളോട് തുലനം ചെയ്യുമ്പോള്‍ ഇപ്പോഴും പുരോഗതിയുടെ/വികസനത്തിന്റെ എല്ലാ മാനകങ്ങളിലും അവര്‍ പിന്നില്‍ തന്നെ നില്ക്കുന്നതായാണ് കാണുന്നത്. സാക്ഷരതയിലും സ്‌കൂള്‍ എന്റോള്‍മെന്റുകളിലും മെച്ചപ്പെട്ട നിലവാരം പ്രകടിപ്പിക്കുന്ന മുസ്‌ലിംകള്‍ ഉന്നത/ഉപരി വിദ്യാഭ്യാസ മേഖലയില്‍ വളരെ പിന്നില്‍ നില്ക്കുന്നതായാണ് എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത്.
മുസ്‌ലിം പെണ്‍കുട്ടികളുടെ ഉപരി വിദ്യാഭ്യാസത്തിലെ അവസ്ഥയും മുസ്‌ലിംസ്ത്രീകളുടെ തൊഴില്‍ രംഗത്തെ പങ്കും പരമ ദയനീയമാണെന്ന് പാലോളി കമ്മിറ്റി നിരീക്ഷിക്കുന്നുണ്ട്. അതിന്ന് പരിഹാരമായി സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ദേശിക്കുകയാണ് പാലോളി സമിതി ചെയ്തിട്ടുള്ളത്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍ എസ് എസ് ഒ) 66-ാമത് സര്‍വേ മതാടിസ്ഥാനത്തിലുള്ള തൊഴില്‍ മേഖലയിലെ സാന്നിധ്യത്തെ കുറിച്ചുള്ള പഠനമാണ്. 1000 പേരെ അടിസ്ഥാനമാക്കിയ വിവരങ്ങളാണ് സര്‍വേയിലൂടെ പുറത്ത് വിട്ടത്. 2009-10 കാലത്ത് നടന്നിട്ടുള്ള പഠനം സൂചിപ്പിക്കുന്നത് ബിരുദാനന്തര കോഴ്‌സുകളില്‍ 1000 പേരില്‍ ഹിന്ദു വിഭാഗത്തില്‍ നിന്ന് 23, മുസ്‌ലികളില്‍ നിന്ന് ആറ്, ക്രിസ്ത്യാനികളില്‍ നിന്ന് 32 എന്ന നിലയിലാണ് ഉള്ളത്. ഇത് ബിരുദ കോഴ്‌സുകളില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍ യഥാക്രമം 1000ല്‍ 76, 43, 99 എന്ന വിധത്തിലാണ്.
ഈ പതിതാവസ്ഥയുടെ കാരണത്താലാണ് മുഖ്യധാരാ ജോലികളില്‍ എത്തിപ്പെടാന്‍ മുസ്‌ലിംകള്‍ക്ക് കഴിയാതെ പോയത്. പിന്നാക്ക സമുദായാംഗങ്ങളുടെ ഗവണ്‍മെന്റ് ജോലികളിലെ പ്രാതിനിധ്യം മനസ്സിലാക്കാന്‍ 2001-ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്റെ കണ്ടെത്തലുകളില്‍ മുസ്‌ലിം സമുദായത്തിന്റെ ദയനീയത വ്യക്തമാണ്. സംവരണാനുകൂല്യത്തില്‍ നിയമിക്കേണ്ടുന്ന സര്‍ക്കാര്‍ ജോലികളില്‍ 7383 പോസ്റ്റുകളില്‍ മുസ്‌ലിം പ്രതിനിധികളെ നിയമിക്കാന്‍ സാധിച്ചിട്ടില്ലായെന്ന ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്റെ കണ്ടെത്തല്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയുടെ സാമൂഹിക ചിത്രമാണ് അനാവരണം ചെയ്യുന്നത്. 2004ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ കേരള പഠനത്തില്‍ സര്‍ക്കാര്‍ ജോലിയിലെ മുസ്‌ലികളുടെയും മറ്റു മതവിഭാഗങ്ങളുടെയും പ്രാതിനിധ്യത്തിലെ അന്തരം കൊടുത്തിട്ടുണ്ട്. ജനസംഖ്യയില്‍ 18.3 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗം 20.6 ശതമാനം സര്‍ക്കാര്‍ ജോലികളിലുണ്ടെന്ന് കേരള പഠനത്തില്‍ പറയുന്നു. 12.5 ശതമാനമുള്ള ഹിന്ദു നായര്‍ വിഭാഗം 21 ശതമാനവും 1.3 ശതമാനമുള്ള മറ്റു മുന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ 3.1 ശതമാനവും സര്‍ക്കാര്‍ ജോലികളില്‍ നിയമിതരാണ്. എന്നാല്‍ ജനസംഖ്യയില്‍ 26.9 ശതമാനമുള്ള മുസ്‌ലിംകള്‍ 11.4 ശതമാനം മാത്രം സര്‍ക്കാര്‍ ജോലികളിലേ ഉള്ളൂ. ക്രിസ്ത്യന്‍, നായര്‍, മറ്റു മുന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ എന്നിവര്‍ യഥാക്രമം 11%, 40.5%, 56.5% എന്നിങ്ങിനെ ജനസംഖ്യാനുപാതിക തോതില്‍ അധികമായി സര്‍ക്കാര്‍ ജോലികളില്‍ ഉള്ളതായി കാണാം. മുസ്‌ലിം, എസ് സി, എസ് ടി വിഭാഗങ്ങള്‍ യഥാക്രമം 136%, 22.6%, 49.5% എന്നിങ്ങനെ ജനസംഖ്യാനുപാതികമായി പിന്നാക്കം നില്ക്കുന്നു. എസ് സി, എസ് ടി വിഭാഗങ്ങളേക്കാള്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതെ പോയ ഒരു സമൂഹമാണ് മുസ്‌ലിംകള്‍ എന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കാന്‍ സര്‍ക്കാറും മറ്റു മതവിഭാഗങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
നാളിതുവരെ അര്‍ഹമായ പലതും ലഭിക്കാതിരുന്ന ഒരു സമൂഹത്തെയാണ് ജാതീയതയുടെയും വര്‍ഗീയതയുടെയും താല്‍പര്യങ്ങള്‍ക്കായി ഒറ്റുകൊടുക്കാന്‍ മറ്റു മതവിഭാഗങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. സര്‍ക്കാറില്‍ നിന്നും മറ്റു സംവിധാനങ്ങളില്‍ നിന്നും ആനുപാതിക പ്രാതിനിധ്യത്തേക്കാള്‍ ധാരാളമായി നേടിയെടുത്ത സഹോദര മതവിഭാഗങ്ങള്‍ ചരിത്രപരമായി തന്നെ പിന്നാക്കം പോയ മുസ്‌ലിം വിഭാഗത്തെ കൈപിടിച്ചുയര്‍ത്താനാണ് ശ്രദ്ധിക്കേണ്ടത്. കേരളത്തില്‍ പതിറ്റാണ്ടുകളായി പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്‍പറേഷന്‍, നായര്‍-നമ്പൂതിരി-മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി മുന്നാക്ക വികസന കോര്‍പറേഷന്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മാത്രമല്ല എസ് സി/ എസ് ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി വകുപ്പുകളും കോര്‍പറേഷനുകളും ഉണ്ട്. ഈ വകുപ്പുകളിലൂടെയും കോര്‍പ്പറേഷനുകളിലൂടെയും ഗ്രാന്‍ഡുകളും എയ്ഡുകളുമായി ആവശ്യക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അതിലൊന്നും ആര്‍ക്കും ആക്ഷേപവുമില്ല. മുസ്‌ലിംകള്‍ക്ക് അവരുടെ പതിതാവസ്ഥ മുന്‍ നിര്‍ത്തി നല്കുന്ന സ്‌കോളര്‍ഷിപ്പുകളെ ഉയര്‍ത്തിക്കാണിച്ച് കേരളീയ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയെടുക്കാനുള്ള സംഘ്പരിവാറിന്റെ ഇംഗിതങ്ങളെയാണ് കൂട്ടുനിന്ന് ഇവിടെ വിജയിപ്പിച്ചുകൊടുക്കുന്നത്.
കഴിഞ്ഞ കുറേ കാലമായി ആര്‍ക്കും എപ്പോഴും കയറി കൊട്ടാവുന്ന ചെണ്ടയായി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ മാറ്റിയിരിക്കുന്നു ചിലര്‍. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമാക്കി സംഘ്പരിവാരത്തിന്റെ മര്‍ദന മുറകള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടക്കൊലകള്‍, ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റങ്ങള്‍, പൗരത്വ പ്രതിസന്ധിയിലേക്കുള്ള തള്ളിവിടലുകള്‍ തുടങ്ങി ഈ സമുദായത്തെ ഭയപ്പെടുത്തി അരികുവല്‍കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഭീകരവാദികളും തീവ്രവാദികളും പുറത്തുനിന്ന് വന്നവരുമായി ചാപ്പകുത്തി ഇന്ത്യയില്‍ മുസ്‌ലിം വംശീയ ഉന്‍മൂലനത്തിന് കോപ്പുകൂട്ടുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ മുസ്‌ലിം മതവിഭാഗത്തോടുള്ള കടുത്ത വിദ്വേഷമാണ്. അതുകൊണ്ടുതന്നെ അവസരത്തിലും അനവസരത്തിലും ധാരാളമായി അവര്‍ സമുദായത്തിന്റെ മേല്‍ കൊട്ടിക്കൊണ്ടിരിക്കുകയാണ്.
ഈ വര്‍ഗീയ കോമരങ്ങളുടെ മതവിദ്വേഷ തുള്ളലുകളുടെ പുതിയ വകഭേദങ്ങളില്‍ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മുസ്‌ലിം സമുദായത്തിനകത്തേക്കാണ് അനര്‍ഹമായ പലതും നേടുന്നവരെന്ന പരികല്‍പന കൂടി കടന്നുവരുന്നത്. അതും മതസൗഹാര്‍ദത്തിന് പുകള്‍പെറ്റ കേരളമണ്ണില്‍ നിന്ന്. സര്‍ക്കാറില്‍ നിന്നും കാലങ്ങളായി പലതും സമുദായം നേടികൊണ്ടിരിക്കുന്നുവെന്നാണല്ലോ പ്രചണ്ഡമായ പ്രചാരണം. വസ്തുതകള്‍ പുറത്തുവിടേണ്ടുന്ന സര്‍ക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം കണ്ണുവെച്ച് കുല്‍സിത ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നുകൊടുക്കുന്നുവെന്നതാണ് ഖേദകരം. വര്‍ഗീയ പ്രീണനങ്ങളില്‍ അധികാര തുടര്‍ച്ച ഊട്ടിയുറപ്പിക്കാനുള്ള തത്രപ്പാടുകളാണ് നടന്നിട്ടുള്ളത്.
സാമൂഹിക നീതിക്കും വര്‍ഗമുന്നേറ്റങ്ങള്‍ക്കും കണ്ഠം പൊട്ടുമാറ് ഉച്ചത്തില്‍ ഗര്‍ജിക്കുന്ന ഇടതുപക്ഷം തന്നെ വോട്ടിനായി ഈ സമുദായത്തെ ഒറ്റുകൊടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ കോടതിയില്‍ നന്നായി പറഞ്ഞുവല്ലോ എന്നാണ് മറുചോദ്യം. ഇത് ശക്തമായി ഉയര്‍ന്നുവന്ന തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ‘കടക്കു പുറത്ത്’ എന്ന് ഇരട്ട ചങ്കുറപ്പോടെ പറഞ്ഞ് അടക്കിനിര്‍ത്താമായിരുന്നു.
ക്ഷേമ പദ്ധതികളിലെ 80:20 അനുപാതത്തിന്റെ സത്യാവസ്ഥ എന്താണ്? ഒരു ധവള പത്രമിറക്കി തീര്‍ക്കാവുന്ന പ്രശ്‌നത്തെ വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കാന്‍ കൂട്ടു നിന്നുവെന്നതാണ് ഇവിടെയുള്ള പ്രശ്‌നം. ചില മൗനങ്ങള്‍ കുറ്റകരമാകുന്നതിന്റെ നേരടയാളങ്ങള്‍. ആരോപണം ഉന്നയിച്ചവരുടെ വാക്കുകള്‍ക്ക് സത്യത്തിന്റെ മുഖം നല്‍കുകയാണിവിടെ ചെയ്തിട്ടുള്ളത്. മാത്രമല്ല അതിന് സാധുത കല്‍പ്പിക്കുന്ന വിധത്തില്‍ വകുപ്പുമാറ്റ നടപടികളും. വര്‍ഗീയതയെ പടിക്കു പുറത്ത് നിര്‍ത്തിയതിനും മത-സാമുദായിക സൗഹാര്‍ദത്തിനും അടുപ്പത്തിനും കാരണം കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യമാണെന്ന് നാളിതുവരെ പറഞ്ഞുനടന്നവര്‍ രാഷ്ട്രീയ നൈതികത കയ്യൊഴിയുന്നുവെന്നതാണ് അനുഭവസാക്ഷ്യം.
മറുപുറത്ത്, സമുദായത്തിന്റെ രാഷ്ട്രീയ പ്രതീകമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ കുറ്റകരമായ മൗനവും നിഷ്‌ക്രിയത്വവും സമയോചിത ഇടപെടലുകളുടെ അപര്യാപ്തതയും ഈ വിഷയത്തില്‍ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ദല്‍ഹിയിലെ കസേരയോ കേരളത്തിലെ കസേരയോ വലിയതെന്ന് തീരുമാനിക്കാന്‍ കഴിയാതെ ഉഴലുന്ന സമുദായ നേതൃത്വം. എത്ര ദയനീയമാണ് കാര്യങ്ങള്‍. സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍ സമുദായ രാഷ്ട്രീയത്തെ കച്ചവട ചരക്ക് ആക്കാനുള്ള ശ്രമങ്ങളിലാണ്.
കുറ്റകരമായ അനാസ്ഥയാണ് മാറിമാറി വന്ന ഇടത്-വലതു രാഷ്ട്രീയ കക്ഷികള്‍ ഈ വിഷയത്തില്‍ കാണിച്ചിട്ടുള്ളത്. മുസ്‌ലിം പിന്നാക്കാവസ്ഥ പുറത്തുകൊണ്ടുവന്ന സച്ചാര്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിയമിച്ച പാലോളി സമിതിയുടെ നിര്‍ദേശങ്ങള്‍, മുസ്‌ലിം മതവിഭാഗത്തിന് മാത്രമായി ലഭിക്കേണ്ടതില്‍ മറ്റു വിഭാഗങ്ങളെക്കൂടി കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ ഒരു മതവിഭാഗത്തെ, അസ്തിത്വ പ്രതിസന്ധിയും പൗരത്വഭീതിയും അനുഭവിക്കുന്ന ഒരു ജനതയെ, അനര്‍ഹമായ പലതും നേടുന്നവരെന്ന് തെരുവില്‍ അധിക്ഷേപിക്കാന്‍ തുറന്നുവിട്ടുകൊടുത്തിരിക്കുന്നു. ഈ ചര്‍ച്ച ഉയര്‍ന്നു വന്നപ്പോഴൊക്കെ സത്യസന്ധമായി പ്രതിരോധിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയവര്‍ കാലത്തോടും ചരിത്രത്തോടും കടുത്ത വഞ്ചനയും അനീതിയുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. സി എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞതു പോലെ ‘അന്യ സമുദായക്കാര്‍ക്ക് അര്‍ഹതപ്പെട്ട യാതൊന്നും എന്റെ സമുദായത്തിന് ആവശ്യമില്ല; പക്ഷേ എന്റെ സമുദായത്തിന് അര്‍ഹതപെട്ടതില്‍ നിന്ന് ഒരു മുടിനാരിഴ പോലും വിട്ടുകൊടുകയും ഇല്ല’ എന്ന് പ്രഖ്യാപിക്കാന്‍ കെല്‍പ്പുള്ള സി എച്ചിനെ പോലുള്ള ഒരു സമുദായ രാഷ്ട്രീയ പാര്‍ട്ടി നേതാവിനായി കേരള മുസ്‌ലിംകള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.