ലക്ഷദ്വീപ്: പ്രതിഷേധത്തില്‍ കണ്ണിചേരണം
വി പി സാനു

കേരളത്തിനോട് അടുത്തുകിടക്കുന്ന മുപ്പതിലധികം ദ്വീപുകളില്‍ പത്തോ പതിനഞ്ചോ മാത്രം ജനവാസമുള്ള, 2021-ലെ സെന്‍സസ് അനുസരിച്ച് 65000-ത്തിനടുത്ത് ജനസംഖ്യയുള്ള ലക്ഷദ്വീപിനെക്കുറിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്ന് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത ഒരിക്കലും ആശാവഹമല്ല.
കോവിഡ് എത്താത്ത ലോകത്തിലെ അത്യപൂര്‍വ സ്ഥലങ്ങളില്‍ ഒന്നായിരുന്നു ലക്ഷദ്വീപ്. കഴിഞ്ഞ വര്‍ഷം ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ ഇന്ന് ഏകദേശം 7000 ത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് അവിടത്തെ ജനസംഖ്യയുടെ 10 ശതമാനത്തിലധികം. ചില ദിവസങ്ങളില്‍ അവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 62 വരെ ഉയരുകയും ചെയ്തു. ഈ ഒരവസ്ഥയിലേക്ക് ലക്ഷദ്വീപ് എത്തിയത് കഴിഞ്ഞ ഡിസംബറിന് ശേഷമാണ്. അതിനു മുന്‍പ് വരെ അവര്‍ കോവിഡിനെ പിടിച്ചുനിര്‍ത്തിയത് കൃത്യമായ കോറന്റൈന്‍ സംവിധാനങ്ങളിലൂടെയായിരുന്നു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ കരയിലും ദ്വീപിലും ക്വാറന്റൈന്‍. ആ സംവിധാനം അവര്‍ കൃത്യമായി പാലിച്ചു. അതുകൊണ്ട് തന്നെ അവിടെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ എന്ന പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നതിനു ശേഷം ഈ സംവിധാനമെല്ലാം തകിടം മറിഞ്ഞു.
കോവിഡിന്റെ കാര്യത്തില്‍ മാത്രമല്ല, ദ്വീപിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ തെങ്ങു കൃഷിയും മത്സ്യബന്ധനവും ഗവണ്‍മെന്റ് ജോലിയുമാണ്. തീരസംരക്ഷണ നിയമത്തിന്റെ പേര് പറഞ്ഞ് ദ്വീപുവാസികളുടെ പ്രധാന വരുമാനമാര്‍ഗമായ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റി, മിക്ക ദ്വീപുകളുടെയും ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് എത്താന്‍ പരമാവധി അര മണിക്കൂര്‍ നടന്നാല്‍ മതിയാകും. അതായത് അവിടെ വാഹന സൗകര്യം നിര്‍ബന്ധമില്ല. അങ്ങനെയുള്ള സ്ഥലത്ത് ഏഴ് മീറ്റര്‍ വീതിയുള്ള റോഡ് നിര്‍മിക്കാന്‍ വീടുകള്‍ പൊളിച്ച് മാറ്റണം എന്നാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ്. അതിനു പുറമെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 190 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്‌കൂള്‍ കായികാധ്യാപകര്‍, സ്‌കൂളുകളില്‍ ഭക്ഷണം തയ്യാറാക്കുന്നവര്‍, അംഗനവാടി ജീവനക്കാര്‍ എല്ലാം ഇതില്‍ ഉള്‍പ്പെടന്നു.
ജില്ലാ കൗണ്‍സില്‍ കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ഇനി അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിനൊത്ത് പ്രവര്‍ത്തിക്കണം എന്നും പുതിയ ഉത്തരവില്‍ പെടുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. മദ്യരഹിത ദ്വീപായിരുന്ന ലക്ഷദ്വീപിലേക്ക് മദ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നു.
രണ്ടു കുട്ടികളില്‍ അധികമുള്ളവര്‍ക്ക് ഇനി ജില്ലാ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ പാടില്ല. കുറ്റനിരക്ക് വളരെ കുറഞ്ഞ ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുക. ബേപ്പൂരും എറണാകുളവുമായി കച്ചവടബന്ധവും ഹൃദയബന്ധവുമുള്ള ലക്ഷദ്വീപിനെ കര്‍ണാടകയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം അവരുടെ സംസ്‌കാരത്തിനു മേല്‍ ഉള്ള കടന്നുകയറ്റമാണ്.
അവിടെയുള്ള ഡയറിഫാമുകള്‍ എല്ലാം അടച്ചുപൂട്ടി മൃഗങ്ങളെയെല്ലാം ലേലം ചെയ്യാന്‍ ഉത്തരവിറക്കി. അതിന്റെ മൂന്നാം നാള്‍ അമൂല്‍ ഉല്പന്നങ്ങള്‍ കുത്തിനിറച്ച കപ്പല്‍ അവിടേക്ക് എത്തിയ വാര്‍ത്ത അറിയുമ്പോള്‍ അതിനു പിറകിലുള്ള സാമ്പത്തിക താല്പര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ദ്വീപ് നിവാസികള്‍ അമൂല്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുകയാണ്. അവരുടെ കൂടെ നമ്മളും കണ്ണിചേരേണ്ടതുണ്ട്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്ത് ആദ്യത്തേതല്ല, അവസാനത്തേതുമല്ല. ജമ്മു കാശ്മീരിനെ രണ്ടായി മുറിച്ച്, കേന്ദ്രഭരണ പ്രദേശമാക്കി, അവര്‍ മോശം മനുഷ്യരാണ് എന്ന് ലോകത്തിനു മുന്നില്‍ പറഞ്ഞു.
ദ്വീപില്‍ തന്നെ എന്‍ ആര്‍ സി, സി എ എ ക്ക് എതിരായ ബോര്‍ഡുകള്‍ സ്ഥാപിച്ചത് ഒരു പാതകമാക്കി അത് നീക്കം ചെയ്യുന്നു. കശ്മീര്‍ കഴിഞ്ഞാല്‍ അവര്‍ ലക്ഷ്യം വെച്ചിരുന്ന മറ്റൊരു സ്ഥലമായിരുന്നു ലക്ഷദ്വീപ്.
2016 വരെ ഐ എ എസ് ഉദ്യോഗസ്ഥന്മാര്‍ കൈകാര്യം ചെയ്തിരുന്ന ദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററ്റര്‍ പദവി പി ജി ഡിപ്ലോമക്കാരനായ ഒരു കോണ്‍ട്രാക്ടര്‍ക്ക് കൈമാറുകയാണ് ഇവിടെ ചെയ്തത്. ഇയാളുടെ ഭൂതകാലത്തേക്ക് സഞ്ചരിക്കുമ്പോള്‍ വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല ഇയാള്‍ക്ക്. അമിത്ഷാ കേസിലകപ്പെട്ട് തന്റെ ആഭ്യന്തര മന്ത്രി പദം രാജിവെച്ചപ്പോള്‍ പകരം മോദി അവരോധിച്ചത് ഈ പ്രഫുല്‍ പട്ടേലിനെ ആയിരുന്നു. പിന്നീട് ദാദേ ഹവേലിയുടെ അഡ്മിനിസ്ട്രേറ്ററായി. ഗുണ്ടാ ആക്ട്, പി എ എസ് ആക്ട് തുടങ്ങിയ നിയമങ്ങള്‍ അവിടെയും അയാള്‍ നടപ്പിലാക്കാനൊരുങ്ങി. ഏഴ് തവണ അവിടെ നിന്നും എംപി യായി തെരഞ്ഞെടുക്കപ്പെട്ട മോഹന്‍ ദന്‍കര്‍ പി എസ് ആക്ട് മുന്‍നിര്‍ത്തി പ്രഫുല്‍ പട്ടേല്‍ മുഴക്കിയ ഭീഷണിയുടെ കാരണത്താല്‍ ആത്മഹത്യ ചെയ്തു.
ആ കാരണങ്ങളാല്‍ തന്നെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് പ്രഫുല്‍ പട്ടേല്‍. കശ്മീര്‍ വന്നപ്പോള്‍ പലരും സംശയിച്ചു. ഇപ്പോള്‍ അവര്‍ മുറവിളി കൂട്ടുന്നത് ലക്ഷദ്വീപിനു വേണ്ടിയാണ്. ഇനിയും മൗനമവലംബിച്ചാല്‍ നാളെ എന്നു പറയുന്നതിന് മുമ്പ് അവര്‍ നമ്മുടെ വീട്ടുപടിക്കല്‍ എത്തും. അതിനാല്‍ ദ്വീപ് നിവാസികളുടെ കൂടെ നമ്മളും കണ്ണിചേരണം.

