മുസ്ലിം വിരോധമാണ് സംഘപരിവാറിന്റെ ജീവശ്വാസം
കെ അബ്ദുല്‍ഹസീബ് മണ്ണാര്‍ക്കാട്
സംഘപരിവാറിന്റെയും മോദി സര്‍ക്കാറിന്റെയും എക്കാലത്തെയും ലക്ഷ്യം മുസ്ലിംകള്‍ തന്നെയാണ്. ഏതു മഹാമാരിക്കാലത്തും ഈ ലക്ഷ്യം തന്നെയായിരിക്കും അവര്‍ക്ക് ഒന്നാമതായിട്ടുണ്ടാവുക. എന്‍ ആര്‍ സി മുതല്‍ ലക്ഷദ്വീപ് വരെയുള്ള സംഭവഗതികള്‍ ഓര്‍ത്താല്‍ അതു വ്യക്തമാവും. രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് വീര്‍പ്പു മുട്ടിയിരിക്കുമ്പോഴും എന്‍ ആര്‍ സിയും സി എ എയുമെല്ലാം നടപ്പിലാക്കാനുള്ള വ്യഗ്രതയിലാണ് മോദി സര്‍ക്കാര്‍.
ഒരു നാട്ടിലെ ജനതയെ അവരുടെ മതം നോക്കി തീരുമാനിക്കുക എന്നതാണ് ഒറ്റവാക്കില്‍ പൗരത്വ നിയമം. ആ വിഭാഗം മുസ്ലിം സമൂഹമായി എന്നത് ഒരു യാദൃശ്ചികതയായി കാണാന്‍ കഴിയില്ല. സംഘ പരിവാര്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഒന്ന് അവസരം ഒത്തു വന്നപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.
ഈ വിഷയത്തില്‍ നാട്ടില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. അത് ഒരു കലാപത്തിലേക്ക് പോലും തിരിച്ചു വിടാന്‍ സംഘ പരിവാരിനു കഴിഞ്ഞു. സമരത്തില്‍ നിന്നും മതേതര സമൂഹം പിറകോട്ടു പോയില്ല. പക്ഷെ മഹാമാരി എല്ലാം തലകീഴായി മറിച്ചു. എല്ലാവരുടേയും ശ്രദ്ധ പിന്നെ അതിലേക്കായി. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സംഘ പരിവാര്‍ മുഖ്യ അജണ്ടയായി പറഞ്ഞില്ലെങ്കിലും സമയം കിട്ടുമ്പോള്‍ അമിത് ഷാ വിഷയത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. ബി ജെ പി യുടെ വര്‍ഗീയതയെ ജനം പടിക്ക് പുറത്തു നിര്‍ത്തിയ കാഴ്ചയാണ് പിന്നീട് നാം കണ്ടത്.
തങ്ങളുടെ അജണ്ടകള്‍ കിട്ടിയ സമയം കൊണ്ട് നടപ്പാക്കി തീര്‍ക്കുക എന്നതാണ് സംഘ പരിവാര്‍ ഉദ്ദേശിക്കുന്നത് എന്നുവേണം മനസ്സിലാക്കാന്‍. രാജ്യത്ത് കൊറോണ ബാധിതരായ ആയിരങ്ങള്‍ ദിനേന മരിച്ചു തീരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ സി എ എ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാണു വാര്‍ത്തകള്‍ പറയുന്നത്.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ എന്നീ മതക്കാരായ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് , ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്ന മുസ്ലിം ഇതരരായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്രം വെള്ളിയാഴ്ച ക്ഷണിച്ചു. 2019 ല്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) ചട്ടങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെങ്കിലും പൗരത്വ നിയമം 1955, 2009 നിയമപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ പ്രകാരം ഉത്തരവ് ഉടനടി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രസ്തുത അപേക്ഷകള്‍ പരിശോധിച്ച് വേണ്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാ കലക്ടര്‍ അല്ലെങ്കില്‍ ചുമതലുള്ള സിക്രട്ടറി എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കിയതായാണ് വിവരം. ഔദ്യോഗിക ഗസറ്റില്‍ അടുത്ത് തന്നെ ഈ വിജ്ഞാപനം വരുന്നതാണ് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫാസിസ്റ്റ് സര്‍ക്കാര്‍ എക്കാലത്തെയും ജനാധിപത്യ വിരുദ്ധ നിയമവുമായി മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ്. മഹാമാരിയും പ്രളയവും ചുഴലിക്കാറ്റുമൊന്നും അവര്‍ക്ക് ഇത്തരം മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന്‍ കാരണമല്ല. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുക എന്നത് നല്ല കാര്യമാണ്. പക്ഷെ അതിനു മതവും ജാതിയും മാനദണ്ഡമാകുന്ന രീതി ജനാധിപത്യ മതേതരത്വ സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല. മഹാമാരി കാലത്ത് സര്‍ക്കാര്‍ ഇത്തരം ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ടു പോയാല്‍ മഹാമാരി കാലത്ത് തന്നെ ജനത്തിന് പ്രതിഷേധിക്കേണ്ടി വരും. പിറന്ന മണ്ണില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശം ഓരോ മനുഷ്യനുമുള്ളതാണ്.
ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ മറ്റൊരു പതിപ്പാണ്. അവരുടെ ഭൂമിയെ സര്‍ക്കാറിന്റേതാക്കുകയും സ്വന്തം വീടിന് വാടക കൊടുക്കാന്‍ നിര്‍ബന്ധം ചെലുത്തുകയും അപ്രാപ്യമായ വാടക ഭയന്ന് ദ്വീപ് നിവാസികളെ ഓടിപ്പോകാന്‍ പ്രേരിപ്പിക്കുകയുമാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടു പദ്ധതികളിലും മുസ്ലിംകള്‍ ഇരയാക്കപ്പെടുന്നു എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല. മുസ്ലിം വിരുദ്ധത തന്നെയാണവരുടെ ആശയം എന്നതിന് വ്യക്തത നല്കുന്നുണ്ട് ഇത്തരം നീക്കങ്ങള്‍